ഖലം (പേന)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ജനുവരി 18 1441 ജുമാദല്‍ അവ്വല്‍ 23

അധ്യായം: 68, ഭാഗം: 5

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَذَرْنِي وَمَنْ يُكَذِّبُ بِهَٰذَا الْحَدِيثِ ۖ سَنَسْتَدْرِجُهُمْ مِنْ حَيْثُ لَا يَعْلَمُونَ (٤٤) وَأُمْلِي لَهُمْ ۚ إِنَّ كَيْدِي مَتِينٌ (٤٥) أَمْ تَسْأَلُهُمْ أَجْرًا فَهُمْ مِنْ مَغْرَمٍ مُثْقَلُونَ (٤٦) أَمْ عِنْدَهُمُ الْغَيْبُ فَهُمْ يَكْتُبُونَ (٤٧‬) فَاصْبِرْ لِحُكْمِ رَبِّكَ وَلَا تَكُنْ كَصَاحِبِ الْحُوتِ إِذْ نَادَىٰ وَهُوَ مَكْظُومٌ (٤٨) لَوْلَا أَنْ تَدَارَكَهُ نِعْمَةٌ مِنْ رَبِّهِ لَنُبِذَ بِالْعَرَاءِ وَهُوَ مَذْمُومٌ (٤٩) فَاجْتَبَاهُ رَبُّهُ فَجَعَلَهُ مِنَ الصَّالِحِينَ (٥٠) وَإِنْ يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ (٥١) وَمَا هُوَ إِلَّا ذِكْرٌ لِلْعَالَمِينَ (٥٢)
(44) ആകയാല്‍ എന്നെയും ഈ വര്‍ത്തമാനം നിഷേധിച്ചുകളയുന്നവരെയും കുടി വിട്ടേക്കുക. അവര്‍ അറിയാത്ത വിധത്തിലൂടെ നാം അവരെ പടിപടിയായി പിടികൂടിക്കൊള്ളാം. (45) ഞാന്‍ അവര്‍ക്ക് നീട്ടിയിട്ട് കൊടുക്കുകയും ചെയ്യും. തീര്‍ച്ചയായും എന്റെ തന്ത്രം ശക്തമാകുന്നു. (46) അതല്ല, നീ അവരോട് വല്ല പ്രതിഫലവും ചോദിച്ചിട്ട് അവര്‍ കടബാധയാല്‍ ഞെരുങ്ങിയിരിക്കുകയാണോ? (47) അതല്ല, അവരുടെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ട് അവര്‍ എഴുതി എടുത്തുകൊണ്ടിരിക്കുകയാണോ? (48) അതുകൊണ്ട് നിന്റെ രക്ഷിതാവിന്റെ വിധി കാത്ത് നീ ക്ഷമിച്ചുകൊള്ളുക. നീ മത്സ്യത്തിന്റെ ആളെപ്പോലെ (യൂനുസ് നബിയെപ്പോലെ) ആകരുത്. അദ്ദേഹം ദുഃഖനിമഗ്‌നനായിക്കൊണ്ട്വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം. (49) അദ്ദേഹത്തിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുത്തിട്ടില്ലായിരുന്നെങ്കില്‍ അദ്ദേഹം ആ പാഴ്ഭൂമിയില്‍ ആക്ഷേപാര്‍ഹനായിക്കൊണ്ട് പുറന്തള്ളപ്പെടുമായിരുന്നു. (50) അപ്പോള്‍ അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും എന്നിട്ട് അദ്ദേഹത്തെ സജ്ജനങ്ങളുടെ കൂട്ടത്തിലാക്കുകയും ചെയ്തു. (51) സത്യനിഷേധികള്‍ ഈ ഉല്‍ബോധനം കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകള്‍കൊണ്ട് നോക്കിയിട്ട് നീ ഇടറി വീഴുമാറാക്കുക തന്നെ ചെയ്യും. തീര്‍ച്ചയായും ഇവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ് എന്നവര്‍ പറയും. (52) ഇത് ലോകര്‍ക്കുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.

44-45). ക്വുര്‍ആനിനെ കളവാക്കുന്നവരെയും എന്നെയും വിട്ടേക്കുക. അവര്‍ക്കുള്ള പ്രതിഫലം എന്റെ ബാധ്യതയാണ്. അവര്‍ക്കുള്ള ശിക്ഷയെക്കുറിച്ച് നീ ധൃതിപ്പെടേണ്ടതില്ല. (അവരറിയാത്ത വിധത്തിലൂടെ നാം അവരെ പടിപടിയായി പിടികൂടിക്കൊള്ളാം. മക്കളും സമ്പത്തും നല്‍കി നാം അവരെ സഹായിച്ചുകൊണ്ടിരിക്കും. ആയുസ്സും ഭക്ഷണവും നാം അവര്‍ക്ക് നല്‍കും. അതിലവര്‍ വഞ്ചിതരാകാനും അവര്‍ക്കു ദോഷകരമായ ഈ അവസ്ഥ തുടരുവാനും ഇത് അവരോടുള്ള അല്ലാഹുവിന്റെ ഒരു തന്ത്രമാണ്. തന്റെ ശത്രുക്കളോടുള്ള അല്ലാഹുവിന്റെ തന്ത്രം ശക്തവും ബലിഷ്ഠവും തന്നെ. അതിന്റെ ദോഷവും ശിക്ഷയും എല്ലാ നിലയ്ക്കും അവരിലേക്കെത്തും.

46). (അതല്ല, നീ അവരോട് വല്ല പ്രതിഫലവും ചോദിച്ചിട്ട് അവര്‍ കടബാധ്യതയാല്‍ ഞെരുങ്ങിയിരിക്കുകയാണോ?) നിന്നെ വെറുക്കാനും നീ കൊണ്ടുവന്നതിനെ സത്യപ്പെടുത്താതിരിക്കാനും മാത്രമുള്ള കാരണങ്ങളൊന്നും അവര്‍ക്കില്ല. നീ അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതും അവര്‍ക്ക് അറിയിച്ചു കൊടുക്കുന്നതും തീര്‍ത്തും അവര്‍ക്ക് ഗുണകരമായ കാര്യങ്ങളാണ്. അവര്‍ക്ക് കടബാധ്യത വരുത്തുന്ന തരത്തില്‍ സാമ്പത്തികമായി ഒന്നും ആവശ്യപ്പെടാതെ തന്നെ.

47). (അതല്ല, അവരുടെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ട് അവര്‍ എഴുതിയെടുത്ത് കൊണ്ടിരിക്കുകയാണോ?) അവര്‍ക്ക് അദൃശ്യജ്ഞാനം ഉണ്ടാവുക, അതുമൂലം അവര്‍ക്ക് പ്രതിഫലമുണ്ടെന്നും അവര്‍ സത്യത്തിലാണെന്നും കണ്ടെത്തുകയും ചെയ്യുക- അങ്ങനെ ഉണ്ടായിട്ടില്ല. തീര്‍ച്ചയായും അവരുടെ അവസ്ഥ അക്രമിയുടെയും നിഷേധിയുടെയുമാണ്.

48-50). അവശേഷിക്കുന്നത് അവരുടെ ഉപദ്രവങ്ങളില്‍ ക്ഷമിക്കുകയും അവരില്‍ നിന്നുണ്ടാകുന്ന കാര്യങ്ങള്‍ സഹിക്കുകയും അവരോടുള്ള ബോധനം തുടരുകയും ചെയ്യുക എന്നത് മാത്രമാണ്. അതാണ് തുടര്‍ന്ന് പറയുന്നത്: (അതുകൊണ്ട് നിന്റെ രക്ഷിതാവിന്റെ വിധി കാത്ത് നീ ക്ഷമിച്ചുകൊള്ളുക) മതത്തിലും വിധിയിലുമുള്ള അവന്റെ തീരുമാനത്തില്‍. വിധിയിലുള്ള തീരുമാനമെന്നത് ക്ഷമകേടോ വെറുപ്പോ കൂടാതെ അല്ലാഹുവിന്റെ വിധികളില്‍ ക്ഷമിക്കുക എന്നതാണ്. മതപരമായ കാര്യത്തില്‍ അവന്റെ കല്‍പനകള്‍ക്ക് പൂര്‍ണമായും സമര്‍പ്പിച്ച് കീഴ്‌പ്പെട്ട് അതിനെ സ്വീകരിക്കുന്നതാണ്. (നീ മത്സ്യത്തിന്റെ ആളെപ്പോലെ ആകരുത്) അത് മത്തായിയുടെ മകന്‍ യൂനുസ്(അ) ആണ്. മത്സ്യത്തിന്റെ വയറ്റില്‍ അകപ്പെട്ട് പോകുന്നതിലേക്ക് അദ്ദേഹത്തെ എത്തിച്ച അവസ്ഥ നിനക്ക് ഉണ്ടാകരുത്. തന്റെ ജനതയുടെ ഉപദ്രവങ്ങളില്‍ ആവശ്യമായ ക്ഷമയില്ലാതെ തന്റെ രക്ഷിതാവിനോട് കോപിച്ചു പോയതാണ് അദ്ദേഹത്തില്‍ സംഭവിച്ചത്. അങ്ങനെ അദ്ദേഹം കടലില്‍ സഞ്ചരിച്ചു. കപ്പലില്‍ ഭാരം അധികമായപ്പോള്‍ ആരെ കടലിലെറിയണമെന്ന് തീരുമാനിക്കാന്‍ അവര്‍ നറുക്കിട്ടു; ഭാരം കുറക്കുന്നതിനു വേണ്ടി. ആ നറുക്ക് അദ്ദേഹത്തിന് വീണു. അങ്ങനെ കടലില്‍ എറിയപ്പെടുകയും മത്സ്യം വിഴുങ്ങുകയും ചെയ്തു. (അദ്ദേഹം ദുഃഖനിമഗ്നനായിക്കൊണ്ട് വിളിച്ച് പ്രാര്‍ഥിച്ച സന്ദര്‍ഭം) മത്സ്യത്തിന്റെ വയറ്റിലായിരിക്കെ അദ്ദേഹം കോപം അടക്കിവെച്ചു. ദുഃഖിതനായും മനപ്രയാസമുള്ളവനായും അദ്ദേഹം വിളിച്ചു പ്രാര്‍ഥിച്ചു:

لَا إِلَٰهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ

 ''നീയല്ലാതെ യാതൊരു ആരാധ്യനുമില്ല. നീ എത്ര പരിശുദ്ധന്‍. തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു'' (21:87).

ആ മത്സ്യം അതിന്റെ വയറ്റില്‍നിന്ന് അനാരോഗ്യവാനായ നിലയില്‍ തുറന്ന സ്ഥലത്തേക്ക് അദ്ദേഹത്തെ തള്ളിയിട്ടു. അദ്ദേഹത്തിന്റെ മേല്‍ യഖ്തീന്‍ വൃക്ഷം മുളപ്പിക്കുകയും ചെയ്തു. അതാണ് ഇവിടെ പറഞ്ഞത്: (അദ്ദേഹത്തിന്റെ രക്ഷിതാവിങ്കല്‍ നിന്നുളള അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുത്തില്ലായിരുന്നുവെങ്കില്‍ അദ്ദേഹം ആ പാഴ്ഭൂമിയില്‍ പുറന്തള്ളപ്പെടുമായിരുന്നു). ആ പാഴ്ഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ടു. അതായത് ഒഴിഞ്ഞ ഭൂമി. (ആക്ഷേപിക്കപ്പെട്ടവനായി) എന്നാല്‍ അല്ലാഹു കാരുണ്യത്താല്‍ അദ്ദേഹത്തെ പൊതിഞ്ഞു. അതിനാല്‍ പ്രശംസനീയമായ നിലയില്‍ ഉപേക്ഷിക്കപ്പെട്ടു. മുമ്പത്തെക്കാലും നല്ലൊരവസ്ഥ അദ്ദേഹത്തിന് കൈവന്നു. അതാണ് തുടര്‍ന്നു പറയുന്നത്. (അപ്പോള്‍ അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തെ തിരഞ്ഞെടുത്തു. അല്ലാഹു അദ്ദേഹത്തെ പരിഗണിക്കുയും തെരഞ്ഞെടുക്കുകയും എല്ലാ മലിനതകളില്‍ നിന്നും ശുദ്ധീകരിക്കുകയും ചെയ്തു. (എന്നിട്ട് അദ്ദേഹത്തെ സജ്ജനങ്ങളുടെ കൂട്ടത്തിലാക്കുകയും ചെയ്തു) അതായത് പ്രവര്‍ത്തനങ്ങളും വാക്കുകളും ഉദ്ദേശ്യങ്ങളും സാഹചര്യങ്ങളും നല്ലതായവരുടെ കൂട്ടത്തില്‍.

51-52). അല്ലാഹുവിന്റെ ഈ നിര്‍ദേശങ്ങള്‍ നബി ﷺ  തന്റെ ജീവിതത്തില്‍ അനുവര്‍ത്തിച്ചു. ലോകത്ത് മറ്റാര്‍ക്കും സാധിക്കാത്ത വിധം തന്റെ രക്ഷിതാവിന്റെ വിധികളില്‍ ക്ഷമിച്ചു. അതിന് അല്ലാഹു നല്ല പര്യവസാനം നല്‍കി. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് തന്നെയാണ് നല്ല പര്യവസാനം. അദ്ദേഹത്തിന്റെ ശത്രുക്കള്‍ക്കാകട്ടെ, അവര്‍ക്ക് തന്നെ പ്രതികൂലമായതേ നേടാനായുള്ളൂ. കണ്ണിട്ട് പേടിപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചു. (അവരുടെ കണ്ണുകള്‍ കൊണ്ട്) അതായത് അദ്ദേഹത്തിന് കണ്ണേല്‍പിക്കാന്‍; അസൂയയുടെയും വിദ്വേഷത്തിന്റെയും വിരോധത്തിന്റെയും. ചെയ്യാവുന്ന ഉപദ്രവങ്ങളില്‍ പരമാവധിയാണത്. അല്ലാഹുവാകട്ടെ, അദ്ദേഹത്തെ സംരക്ഷിക്കുന്നവനും സഹായിക്കുന്നവനുമാണ്. വാക്കിനാലുള്ള ഉപദ്രവങ്ങളില്‍ അവരുടെ ഹൃദയങ്ങള്‍ക്ക് തോന്നുന്നതെല്ലാം അവര്‍ പറയുകയും ചെയ്തു. ചിലപ്പോള്‍ ഭ്രാന്തനെന്നും മറ്റു ചിലപ്പോള്‍ കവിയെന്നും മാരണക്കാരനെന്നും. അല്ലാഹു പറയുന്നു: (ഇത് ലോകത്തിനുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല) ഈ മഹത്തായ ക്വുര്‍ആന്‍, വൈജ്ഞാനികമായ ഉല്‍ബോധനം, ലോകര്‍ക്കുള്ള ഓര്‍മപ്പെടുത്തലാണ്. അവരുടെ മതപരവും ഭൗതികവുമായ നന്മകളില്‍ അതുമൂലം അവര്‍ ഉല്‍ബുദ്ധരാകുന്നു. അല്ലാഹുവിന് സ്തുതി.