ഹശ്ര്‍ (തുരത്തിയോടിക്കല്‍), ഭാഗം: 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 നവംബര്‍ 28 1442 റബീഉല്‍ ആഖിര്‍ 13

അധ്യായം: 59, ഭാഗം: 1

വിവ: ഹാരിസ് ബിന്‍ സലീം

ആമുഖം

സൂറതു ബനുന്നളീര്‍ എന്നും ഈ അധ്യായത്തിന് പേരുണ്ട്. നബി ﷺ യുടെ നിയോഗസമയത്ത് മദീനയിലുണ്ടായിരുന്ന ഏറ്റവുംവലിയ ജൂതവിഭാഗമാണ് ഇവര്‍. നബി ﷺ  നിയോഗിക്കപ്പെടുകയും മദീനയിലേക്ക് പലായനം ചെയ്യുകയും ചെയ്തപ്പോള്‍ ജൂതന്മാരില്‍ നിന്നും അവിശ്വസിച്ചവരുടെ കൂട്ടത്തില്‍ ഇവരും അവിശ്വസിച്ചു. മദീനയില്‍ തന്റെ അയല്‍വാസികളായ ജൂതഗോത്രങ്ങളുമായി നബി ﷺ  സന്ധിയുണ്ടാക്കി. ബദ്ര്‍യുദ്ധം കഴിഞ്ഞ് ആറു മാസത്തിനുശേഷം നബി ﷺ  അവരുടെ അടുത്ത് ചെല്ലുകയും അംറുബ്‌നു ഉമയ്യതുള്ളംരിയെ കൊലചെയ്ത കുലാബികള്‍ക്കുള്ള പ്രായച്ഛിത്തം നല്‍കാന്‍ സഹായിക്കണമെന്ന് അവരോട് സംസാരിക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു: 'അബുല്‍ക്വാസിമേ, ഞങ്ങളങ്ങനെ ചെയ്യാം. നിന്റെ ആവശ്യം ഞങ്ങള്‍ നിര്‍വഹിച്ചുതരുന്നതുവരെ നീ ഇവിടെയിരിക്കുക.'

അങ്ങനെ അവര്‍ പരസ്പരം മാറിയിരുന്നു. അവരുടെ ദുഷ്ടത അവര്‍ക്ക് പിശാച് അലങ്കാരമായി കാണിച്ചുകൊടുത്തു. നബി ﷺ യെ വധിക്കാന്‍ അവര്‍ ഗൂഢാലോചന നടത്തി. അവര്‍ ചോദിച്ചു: 'ഈ ആട്ടുകല്ലെടുത്ത് മുകളില്‍ കയറി അത് മുഹമ്മദിന്റെ തലയിലിട്ട് അതുകൊണ്ട് തല ചതക്കാന്‍ നിങ്ങളിലാരുണ്ട്?' അവരിലേറ്റവും ദുഷ്ടനായ അംറുബിന്‍ ജഹാഷ് പറഞ്ഞു: 'ഞാന്‍ ചെയ്യാം.' അപ്പോള്‍ സലാമിബ്‌നു മിഷ്‌കം അവരോട് പറഞ്ഞു: 'നിങ്ങളങ്ങനെ ചെയ്യരുത്. നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യം അല്ലാഹു അദ്ദേഹത്തെ അറിയിക്കുകതന്നെ ചെയ്യും. തീര്‍ച്ചയായും അത് അദ്ദേഹത്തിന്റെയും നമ്മുടെയും ഇടയിലുള്ള കരാര്‍ലംഘനം കൂടിയാണ്.'

അവരുടെ ഉദ്ദേശ്യത്തെക്കുറിച്ച് പെട്ടെന്നു തന്നെ തന്റെ രക്ഷിതാവിങ്കല്‍നിന്ന് നബി ﷺ ക്ക് വഹ്‌യ് വന്നു. നബി ﷺ  എഴുന്നേറ്റ് പെട്ടെന്ന് മദീനയിലേക്ക് തിരിക്കുകയും ചെയ്തു. നബി ﷺ യുടെ അനുചരന്മാരും കൂടെ ചേര്‍ന്നു. അവര്‍ പറഞ്ഞു: 'താങ്കള്‍ എഴുന്നേറ്റുപോന്നത് ഞങ്ങളറിഞ്ഞില്ല.' അപ്പോള്‍ ജൂതന്മാരുടെ ഉദ്ദേശ്യത്തെക്കുറിച്ച് നബി ﷺ  അവരെ അറിയിച്ചു. തുടര്‍ന്ന് നബി ﷺ  അവരിലേക്ക് ആളെ അയക്കുകയും തന്റെ കൂടെ താമസിക്കേണ്ടതില്ലെന്നും മദീന വിട്ട് പുറത്തുപോകണമെന്നും അറിയിക്കുകയും ചെയ്തു. പത്തുദിവസത്തെ അവധി ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും അതിനുശേഷം ആരെയെങ്കിലും മദീനയില്‍ കണ്ടാല്‍ അവനെ വധിച്ചുകളയുമെന്നും അറിയിച്ചു.

അങ്ങനെ അവര്‍ ആ ദിവസങ്ങളില്‍ തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്നു. ആ സന്ദര്‍ഭത്തില്‍ കപടവിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സുലൂല്‍ അവരോട് വീടുവിട്ട് പുറത്തുപോകേണ്ടിതില്ലെന്നും തന്റെ കൂടെ രണ്ടായിരം പേരുണ്ടെന്നും അവര്‍ നിങ്ങളോടൊപ്പം കോട്ടയില്‍ പ്രവേശിക്കുമെന്നും നിങ്ങളോടൊപ്പം മരിക്കാന്‍ അവരും കൂടി ഉണ്ടായിരിക്കുമെന്നും പറഞ്ഞു. മാത്രവുമല്ല, ബനൂക്വുറൈളയും ഗത്ഫാന്‍കാരില്‍നിന്നുള്ള സഖ്യകക്ഷികളും നിങ്ങളെ സഹായിക്കുമെന്നുംപറഞ്ഞു.

ജൂതനേതാവായ ഹുയയ്യിബ്‌നു അഖ്തബിന് ഈ വാക്കുകളില്‍ പ്രതീക്ഷയുണ്ടായി. അയാള്‍ നബി ﷺ യുടെ അടുത്തേക്ക് ആളെ അയച്ചുകൊണ്ട് പറഞ്ഞു: 'ഞങ്ങള്‍ ഞങ്ങളുടെ വീടുകളില്‍നിന്ന് പുറത്തുപോകുകയില്ല. നീ നിനക്കിഷ്ടമുള്ളത് ചെയ്തുകൊള്ളുക.' അപ്പോള്‍ നബി ﷺ യും അനുചരന്മാരും അല്ലാഹുവിനെ മഹത്ത്വപ്പെടുത്തി അവരിലേക്ക് പുറപ്പെട്ടു. നേതൃത്വം അലിയ്യിബ്‌നു അബീത്വാലിബി(റ)നായിരുന്നു. കല്ലുകൊണ്ടും അമ്പുകൊണ്ടും എറിഞ്ഞുകൊണ്ട് കോട്ടകള്‍ക്കെതിരെ അവര്‍ നിലകൊണ്ടു. ബനൂക്വുറൈളക്കാര്‍ അവരെ കൈവിട്ടു. ഇബ്‌നുഉബയ്യും ഗത്ഫാന്‍ സഖ്യകക്ഷികളും അവരെ വഞ്ചിച്ചു. പ്രവാചകന്‍ ﷺ  അവരെ ഉപരോധിച്ചു. അവരുടെ ഈന്തപ്പനകള്‍ മുറിക്കുകയും കത്തിച്ചുകളയുകയും ചെയ്തു. അപ്പോള്‍ അവര്‍ നബിയിലേക്ക് ആളെ അയച്ചു. ഞങ്ങള്‍ മദീനയില്‍ നിന്ന് പുറത്തുപോകാമെന്ന് അറിയിച്ചു. അവര്‍ക്കും അവരുടെ മക്കള്‍ക്കും ആയുധമൊഴികെ ഒരു ഒട്ടകത്തിനു വഹിക്കാവുന്ന വസ്തുക്കളുമായി അവരെ പോകാനനുവദിച്ചു. സ്വത്തുക്കളും ആയുധങ്ങളും നബി ﷺ  പിടിച്ചുവെച്ചു.

ബനുന്നളീര്‍ ഗോത്രം പ്രവാചകന് ആപത്ത് വരുത്താനും മുസ്‌ലിംകളുടെ ഗുണത്തിനെതിരായും മാത്രം നിലകൊണ്ടവരുമായിരുന്നു. ഈ സ്വത്തുക്കള്‍ നബി ﷺ  വീതിച്ചില്ല. കാരണം അത് യുദ്ധം ചെയ്യാതെ ലഭിച്ച യുദ്ധമുതലാണ്. മുസ്‌ലിംകള്‍ക്ക് അതിന് വേണ്ടി കുതിരകളോ വാഹനങ്ങളോ അധ്വാനങ്ങളോ വേണ്ടിവന്നിട്ടില്ല. ഖൈബറിലേക്ക് അവരെ നാടുകടത്തുകയും ചെയ്തു. അവരില്‍ അവരുടെ നേതാവായ ഹുയയ്യിബ്‌നു അഖ്തബ് ഉണ്ടായിരുന്നു. അവരുടെ വീടുകളും സ്ഥലങ്ങളും അധീനപ്പെടുത്തി. ആയുധങ്ങള്‍ പിടിച്ചെടുത്തു.  അന്‍പതോളം അങ്കികളും അന്‍പത് യുദ്ധത്തൊപ്പികളും മുന്നൂറ്റി നാല്‍പത് വാളുകളും ലഭിച്ചു. ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ അവരുടെ ചരിത്രത്തിന്റെ ഒരു ചുരുക്കമിതാണ്.

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ (١) هُوَ الَّذِي أَخْرَجَ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ مِنْ دِيَارِهِمْ لِأَوَّلِ الْحَشْرِ ۚ مَا ظَنَنْتُمْ أَنْ يَخْرُجُوا ۖ وَظَنُّوا أَنَّهُمْ مَانِعَتُهُمْ حُصُونُهُمْ مِنَ اللَّهِ فَأَتَاهُمُ اللَّهُ مِنْ حَيْثُ لَمْ يَحْتَسِبُوا ۖ وَقَذَفَ فِي قُلُوبِهِمُ الرُّعْبَ ۚ يُخْرِبُونَ بُيُوتَهُمْ بِأَيْدِيهِمْ وَأَيْدِي الْمُؤْمِنِينَ فَاعْتَبِرُوا يَا أُولِي الْأَبْصَارِ (٢) وَلَوْلَا أَنْ كَتَبَ اللَّهُ عَلَيْهِمُ الْجَلَاءَ لَعَذَّبَهُمْ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابُ النَّارِ (٣) ذَٰلِكَ بِأَنَّهُمْ شَاقُّوا اللَّهَ وَرَسُولَهُ ۖ وَمَنْ يُشَاقِّ اللَّهَ فَإِنَّ اللَّهَ شَدِيدُ الْعِقَابِ (٤)

(1). ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹുവെ പ്രകീര്‍ത്തനം ചെയ്തിരിക്കുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു. (2). വേദക്കാരില്‍ പെട്ട സത്യനിഷേധികളെ ഒന്നാമത്തെ തുരത്തിയോടിക്കലില്‍ തന്നെ അവരുടെ വീടുകളില്‍നിന്നു പുറത്തിറക്കിയവന്‍ അവനാകുന്നു. അവര്‍ പുറത്തിറങ്ങുമെന്ന് നിങ്ങള്‍ വിചാരിച്ചിരുന്നില്ല. തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍നിന്ന് തങ്ങളെ പ്രതിരോധിക്കുമെന്ന് അവര്‍ വിചാരിച്ചിരുന്നു. എന്നാല്‍ അവര്‍ കണക്കാക്കാത്ത വിധത്തില്‍ അല്ലാഹു അവരുടെ അടുക്കല്‍ ചെല്ലുകയും അവരുടെ മനസ്സുകളില്‍ ഭയം ഇടുകയും ചെയ്തു. അവര്‍ സ്വന്തം കൈകള്‍കൊണ്ടും സത്യവിശ്വാസികളുടെ കൈകള്‍കൊണ്ടും അവരുടെ വീടുകള്‍ നശിപ്പിച്ചിരുന്നു. ആകയാല്‍ കണ്ണുകളുള്ളവരേ, നിങ്ങള്‍ ഗുണപാഠം ഉള്‍ക്കൊള്ളുക. (3). അല്ലാഹു അവരുടെമേല്‍ നാടുവിട്ടുപോക്ക് വിധിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഇഹലോകത്തുവെച്ച് അവന്‍ അവരെ ശിക്ഷിക്കുമായിരുന്നു. പരലോകത്ത് അവര്‍ക്കു നരകശിക്ഷയുമുണ്ട്. (4). അത് അല്ലാഹുവോടും അവന്റെ റസൂലിനോടും അവര്‍ മത്സരിച്ചു നിന്നതിന്റെ ഫലമത്രെ. വല്ലവനും അല്ലാഹുവുമായി മത്സരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.

1). അല്ലാഹു ഈ അധ്യായം ആരംഭിക്കുന്നത് ആകാശഭൂമികളിലുള്ളതെല്ലാം അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു എന്നറിയിച്ചുകൊണ്ടാണ്. അവന്റെ മഹത്ത്വത്തിന് യോജിക്കാത്തതില്‍നിന്ന് അവനെ പരിശുദ്ധപ്പെടുത്തുകയും ചെയ്യുന്നു. അവയെല്ലാം അവന്റെ മഹത്ത്വത്തിന് കീഴ്‌പെടുകയും അവനെ ആരാധിക്കുകയും ചെയ്യുന്നു. കാരണം അവന്‍ എല്ലാറ്റിനെയും അധീനപ്പെടുത്തുന്ന പ്രതാപശാലിയാണ്. അവന് യാതൊന്നും തടസ്സമുണ്ടാക്കുകയില്ല. ഒരു പ്രയാസമുണ്ടാക്കുന്നവനും അവന്റെമേല്‍ പ്രയാസമുണ്ടാക്കുകയില്ല. അവന്റെ ശാസനയിലും സൃഷ്ടിപ്പിലുമെല്ലാം അവന്‍ യുക്തിമാനാണ്. നന്മയില്ലാത്ത ഒന്നും അവന്‍ നിയമമാക്കുകയില്ല. അവന്റെ യുക്തി താല്‍പര്യപ്പെടാത്തതൊന്നും അവന്‍ പ്രവര്‍ത്തിക്കുകയില്ല.

2). അതില്‍പെട്ടതു തന്നെയാണ് തന്റെ പ്രവാചകന് അല്ലാഹു ചെയ്തുകൊടുത്ത സഹായവും; ബനുന്നളീറില്‍പെട്ട വേദക്കാരായ അവിശ്വാസികള്‍ക്കെതിരായി അവര്‍ തന്റെ ദൂതനോട് വഞ്ചന കാണിച്ചപ്പോള്‍. അങ്ങനെ അവരെ അവര്‍ക്ക് പരിചിതമായതും അവര്‍ ഇഷ്ടപ്പെട്ടതുമായ സ്വദേശങ്ങളില്‍നിന്നും ഭവനങ്ങളില്‍നിന്നും പുറത്താക്കി. തന്റെ ദൂതനായ, മുഹമ്മദ് നബി ﷺ യുടെ കൈകളിലൂടെ അല്ലാഹു നിശ്ചയിച്ച ആദ്യ നാടുകടത്തലും തുരത്തലുമായിരുന്നു അവരെ പുറത്താക്കല്‍. അങ്ങനെ അവരെ ഖൈബറിലേക്ക് നാടുകടത്തി. ഖൈബറില്‍നിന്നും വീണ്ടും നബി ﷺ  അവരെ നാടുകടത്തിയപ്പോള്‍ മറ്റൊരു തുരത്തിയോടിക്കലും നാടുകടത്തലും നടന്നിട്ടുണ്ടെന്ന് കൂടി ഈ ആയത്തില്‍ അറിയിക്കുന്നുണ്ട്. പിന്നീട് ഉമര്‍(റ) ആണ് ശേഷിക്കുന്നവരെ അവിടെ നിന്നും പുറത്താക്കിയത്.

മുസ്‌ലിംകളേ (നിങ്ങള്‍ വിചാരിച്ചിരുന്നില്ല അവര്‍ പുറത്തുപോകുമെന്ന്) അവരുടെ ഭവനങ്ങളില്‍ നിന്നും. അവയുടെ പ്രതിരോധശക്തിയും ഉറപ്പും അതിലവര്‍ക്കുള്ള ഔന്നത്യവും കാരണത്താല്‍.

(തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍നിന്ന് തങ്ങളെ പ്രതിരോധിക്കുമെന്ന് അവര്‍ വിചാരിച്ചിരുന്നു) അങ്ങനെ അതിലവര്‍ അഹങ്കരിച്ചു. അതവരെ വഞ്ചിച്ചു. അതിനാല്‍ അവര്‍ പിടിക്കപ്പെടില്ലെന്ന് അവര്‍ ധരിച്ചു; അതില്‍വെച്ച് അവരെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും. അതിനെല്ലാം അപ്പുറത്തായിരുന്നു അല്ലാഹുവിന്റെ നിശ്ചയം. ആ കോട്ടകള്‍ അവര്‍ക്ക് യാതൊരു പ്രയോജനവും ചെയ്തില്ല. പ്രതിരോധമോ ശക്തിയോ അതിലവര്‍ക്ക് ഉപകാരപ്പെട്ടില്ല. അതാണ് അല്ലാഹു പറഞ്ഞത്: (എന്നാലവര്‍ കണക്കാക്കാത്ത വിധത്തില്‍ അല്ലാഹു അവരുടെ അടുക്കല്‍ ചെല്ലുന്നു) അവരിലേക്ക് ചെല്ലുമെന്ന്; അവര്‍ കണക്കാക്കാത്ത വാതിലിലൂടെയും മാര്‍ഗത്തിലൂടെയും. (അവനും) അതായത് അല്ലാഹു. (അവരുടെ മനസ്സുകളില്‍ ഭയം ഇടുകയും ചെയ്തു). കഠിനമായ ഭയം. അത് അല്ലാഹുവിന്റെ ഏറ്റവും വലിയ സൈന്യമാണ്. എണ്ണമോ തയ്യാറെടുപ്പോ അവിടെ പ്രയോജനം ചെയ്യില്ല. ശക്തിയും ബലവും ഉപകരിക്കില്ല.

അവര്‍ വിചാരിച്ചു; പ്രവേശിക്കുകയാണെങ്കില്‍ വിടവിലൂടെയാണ് പ്രവേശിക്കുക. അതിനെ കോട്ട പ്രതിരോധിക്കും. അതിലവരുടെ മനസ്സുകള്‍ സമാധാനമടഞ്ഞു. എന്നാല്‍ അല്ലാഹു അല്ലാത്തതില്‍ വിശ്വാസമര്‍പ്പിക്കുന്നവന്‍ കയ്യൊഴിക്കപ്പെടും. അല്ലാഹുവല്ലാത്തവരില്‍ അവലംബിക്കുന്നവന്‍ നാശമടയും.

ദൈവികമായ കല്‍പന അവരുടെമേലിറങ്ങി. അത് അവരുടെ ഹൃദയത്തിലെത്തി. അതാണല്ലോ ധൈര്യത്തിന്റെയും ക്ഷമയുടെയും കേന്ദ്രം. തളര്‍ച്ചയുടെയും അശക്തിയുടെയും കേന്ദ്രം. അതിന്റെ ശക്തിയെയും ബലത്തെയും അവന്‍ നീക്കി. പകരം ഭീരുത്വവും അശക്തിയും ക്ഷീണവും നല്‍കി. അത് തടയാന്‍ അവര്‍ക്ക് വഴികളില്ല. അത് അവര്‍ക്കെതിരായ സഹായമായി. അതാണ് അല്ലാഹു പറഞ്ഞത്: (അവര്‍ സ്വന്തം കൈകള്‍കൊണ്ടും സത്യവിശ്വാസികളുടെ കൈകള്‍കൊണ്ടും അവരുടെ വീടുകള്‍ നശിപ്പിച്ചിരിക്കുന്നു). കാരണം ഒട്ടകങ്ങള്‍ക്ക് വഹിക്കാവുന്നത് കൊണ്ടുപോകാന്‍ നബി ﷺ യുമായി അവര്‍ സന്ധിചെയ്തിരുന്നു.

അവരുടെ ധാരാളം മേല്‍ക്കൂരകളെ അവര്‍ തന്നെ തകര്‍ത്തു; നല്ലതായി അവര്‍ കണ്ടതെല്ലാം. സത്യവിശ്വാസികളുടെ സ്വന്തം വീടുകളെ അക്രമപരമായി നശിപ്പിച്ചതിലൂടെയും കോട്ടകള്‍ തകര്‍ത്തതിലൂടെയും വിശ്വാസികള്‍ക്കും അതിന്റെ അധികാരം അവര്‍ നല്‍കി. അങ്ങനെ അവര്‍ അവരോട് തന്നെ കുറ്റംചെയ്തു. അവര്‍ തന്നെ അവര്‍ക്കെതിരായ സഹായികളായിത്തീര്‍ന്നു.

(ആകയാല്‍ കണ്ണുള്ളവരേ, നിങ്ങള്‍ ഗുണപാഠം ഉള്‍ക്കൊള്ളുക) അതായത് പൂര്‍ണ ബുദ്ധിയും ശക്തമായ ഉള്‍ക്കാഴ്ചയും ഉള്ളവരും സത്യത്തോട് ധിക്കാരം കാണിക്കുകയും ചെയ്യുന്നവരില്‍. അല്ലാഹുവിന്റെ പ്രവൃത്തി മനസ്സിലാക്കാവുന്ന ഒരു പാഠം ഇതിലുണ്ട്. ദേഹേച്ഛകളെ പിന്‍പറ്റുന്നവരില്‍ തങ്ങള്‍ ചെയ്ത തെറ്റുകള്‍ക്കുള്ള മാതൃകാപരമായ ശിക്ഷ വന്നപ്പോഴും അല്ലാഹുവിന്റെ കല്‍പന വന്നപ്പോഴും അവരുടെ പ്രതാപം അവര്‍ക്ക് ഉപകാരപ്പെട്ടില്ല. അവരുടെ ശക്തി അവരെ തടുത്തില്ല. കോട്ടകള്‍ അവരെ പ്രതിരോധിച്ചതുമില്ല.

ഗുണപാഠം ഉള്‍ക്കൊള്ളണമെന്ന് ഇതില്‍ പറഞ്ഞത് ഈ പ്രത്യേക സംഭവവുമായി ബന്ധപ്പെട്ട് മാത്രമല്ല, പൊതുവായ പ്രയോഗമാണ്. ഈ വചനം ഗുണപാഠം ഉള്‍ക്കൊള്ളാന്‍ കല്‍പിക്കുന്നു. സമാനമായവ തമ്മില്‍ ബന്ധപ്പെടുത്തിയും പരസ്പര സാദൃശ്യമുള്ളവയെ തുലനം ചെയ്തും. ഈ ആയത്ത് ഉള്‍ക്കൊള്ളുന്ന ആശയങ്ങളില്‍നിന്ന് കിട്ടുന്ന വിധികളും ചിന്തിക്കണം. ചിന്തയില്‍നിന്നും ബുദ്ധിയില്‍നിന്നും ഉണ്ടാകുന്നതാണ് വിധികള്‍. അങ്ങനെ ബുദ്ധി പൂര്‍ണതയിലെത്തുന്നു. കാഴ്ചപ്പാടുകളുണ്ടാകുന്നു. വിശ്വാസം വര്‍ധിക്കുന്നു. ശരിയായ അറിവുകളുണ്ടാകുന്നു.

3). ശിക്ഷയില്‍നിന്നും അര്‍ഹമായതെല്ലാം ജൂതന്മാര്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് അല്ലാഹു തുടര്‍ന്ന് അറിയിക്കുന്നത്. അല്ലാഹു അവര്‍ക്ക് ശിക്ഷ ലഘൂകരിച്ചു. (അല്ലാഹു അവരുടെ മേല്‍ നാടുവിട്ട് പോക്ക് വിധിച്ചിട്ടില്ലായിരുന്നുവെങ്കില്‍) മാറ്റമോ വ്യത്യാസമോ വരാത്ത വിധിയില്‍. അവന്‍ അവരുടെമേല്‍ വിധിച്ചതും കണക്കാക്കിയതും അതാണ്; അവര്‍ക്ക് സംഭവിച്ച ആ നാടുകടത്തല്‍. ഇതു സംഭവിച്ചില്ലെങ്കില്‍ ഇഹലോക ശിക്ഷയില്‍നിന്നും മാതൃകാപരമായ മറ്റൊന്നിന് അവര്‍ വിധേയമാകുമായിരുന്നു.

എന്നാല്‍ ഇഹലോകത്തെ കഠിനമായ ഒരു ശിക്ഷ അവര്‍ക്ക് ഒഴിവാക്കുകയാണ് ചെയ്തത്. പരലോകത്താകട്ടെ, അല്ലാഹുവിന് മാത്രം അറിയാവുന്ന കഠിനമായ നരകശിക്ഷ അവര്‍ക്കുണ്ട്. അവര്‍ക്കുള്ള ശിക്ഷ അവസാനിച്ചുപോയെന്നോ അതില്‍നിന്നൊന്നും ഇനി ശേഷിക്കുന്നില്ലെന്നോ അവര്‍ മനസ്സിലാക്കേണ്ടതില്ല. വിനാശകരമായ വമ്പിച്ച ശിക്ഷയാണ് പരലോകത്ത് അല്ലാഹു അവര്‍ക്ക് തയ്യാറാക്കി വെച്ചിരിക്കുന്നത്.

4). (അത് അല്ലാഹുവോടും അവന്റെ റസൂലിനോടും അവര്‍ മത്സരിച്ചു എന്നതിന്റെ ഫലമത്രെ) അല്ലാഹുവിനോടും റസൂലിനോടും അനുസരണക്കേട് കാണിക്കുന്നതില്‍ അവര്‍ പരിശ്രമിക്കുകയും ഏറ്റുമുട്ടുകയും ശത്രുത കാണിക്കുകയും ചെയ്തു. അല്ലാഹുവുമായി മത്സരിക്കുന്നവരുടെ കാര്യത്തില്‍ അവന്റെ പതിവും ചര്യയും ഇതാണ്: (വല്ലവനും അല്ലാഹുവുമായി മത്സരിക്കുന്ന പക്ഷം, തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു).