ഖലം (പേന)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ജനുവരി 04 1441 ജുമാദല്‍ അവ്വല്‍ 09

അധ്യായം: 68, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِينَ (١٧) وَلَا يَسْتَثْنُونَ (١٨) فَطَافَ عَلَيْهَا طَائِفٌ مِنْ رَبِّكَ وَهُمْ نَائِمُونَ (١٩) فَأَصْبَحَتْ كَالصَّرِيمِ (٢٠) فَتَنَادَوْا مُصْبِحِينَ (٢١) أَنِ اغْدُوا عَلَىٰ حَرْثِكُمْ إِنْ كُنْتُمْ صَارِمِينَ (٢٢) فَانْطَلَقُوا وَهُمْ يَتَخَافَتُونَ (٢٣) أَنْ لَا يَدْخُلَنَّهَا الْيَوْمَ عَلَيْكُمْ مِسْكِينٌ (٢٤) وَغَدَوْا عَلَىٰ حَرْدٍ قَادِرِينَ (٢٥) فَلَمَّا رَأَوْهَا قَالُوا إِنَّا لَضَالُّونَ (٢٦) بَلْ نَحْنُ مَحْرُومُونَ (٢٧) قَالَ أَوْسَطُهُمْ أَلَمْ أَقُلْ لَكُمْ لَوْلَا تُسَبِّحُونَ (٢٨‬) قَالُوا سُبْحَانَ رَبِّنَا إِنَّا كُنَّا ظَالِمِينَ (٢٩) فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَلَاوَمُونَ (٣٠) قَالُوا يَا وَيْلَنَا إِنَّا كُنَّا طَاغِينَ (٣١) عَسَىٰ رَبُّنَا أَنْ يُبْدِلَنَا خَيْرًا مِنْهَا إِنَّا إِلَىٰ رَبِّنَا رَاغِبُونَ (٣٢) كَذَٰلِكَ الْعَذَابُ ۖ وَلَعَذَابُ الْآخِرَةِ أَكْبَرُ ۚ لَوْ كَانُوا يَعْلَمُونَ (٣٣) إِنَّ لِلْمُتَّقِينَ عِنْدَ رَبِّهِمْ جَنَّاتِ النَّعِيمِ (٣٤) أَفَنَجْعَلُ الْمُسْلِمِينَ كَالْمُجْرِمِينَ (٣٥)
(17) ആ തോട്ടക്കാരെ നാം പരീക്ഷിച്ചത് പോലെ തീര്‍ച്ചയായും അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്. പ്രഭാതവേളയില്‍ ആ തോട്ടത്തിലെ പഴങ്ങള്‍ അവര്‍ പറിച്ചെടുക്കുമെന്ന് അവര്‍ സത്യം ചെയ്ത സന്ദര്‍ഭം. (18) അവര്‍ (യാതൊന്നും) ഒഴിവാക്കി പറഞ്ഞിരുന്നില്ല. (19) എന്നിട്ട് അവര്‍ ഉറങ്ങിക്കൊണ്ടിരിക്കെ നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ശിക്ഷ ആ തോട്ടത്തെ ബാധിച്ചു. (20) അങ്ങനെ അത് മുറിച്ചെടുക്കപ്പെട്ടത് പോലെ ആയിത്തീര്‍ന്നു. (21) അങ്ങനെ പ്രഭാതവേളയില്‍ അവര്‍ പരസ്പരം വിളിച്ചുപറഞ്ഞു: (22) നിങ്ങള്‍ പറിച്ചെടുക്കാന്‍ പോകുകയാണെങ്കില്‍ നിങ്ങളുടെ കൃഷിസ്ഥലത്തേക്ക് നിങ്ങള്‍ കാലത്തുതന്നെ പുറപ്പെടുക. (23) അവര്‍ അന്യോന്യം മന്ത്രിച്ചുകൊണ്ട് പോയി; (24) ഇന്ന് ആ തോട്ടത്തില്‍ നിങ്ങളുടെ അടുത്ത് ഒരു സാധുവും കടന്നുവരാന്‍ ഇടയാവരുത് എന്ന്. (25) അവര്‍ (സാധുക്കളെ) തടസ്സപ്പെടുത്താന്‍ കഴിവുള്ളവരായിക്കൊണ്ടു തന്നെ കാലത്ത് പുറപ്പെടുകയും ചെയ്തു. (26) അങ്ങനെ അത് (തോട്ടം) കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിഴവു പറ്റിയവരാകുന്നു. (27) അല്ല, നാം നഷ്ടം നേരിട്ടവരാകുന്നു. (28) അവരുടെ കൂട്ടത്തില്‍ മധ്യനിലപാടുകാരനായ ഒരാള്‍ പറഞ്ഞു: ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ; എന്താണ് നിങ്ങള്‍ അല്ലാഹുവെ പ്രകീര്‍ത്തിക്കാതിരുന്നത്? (29) അവര്‍ പറഞ്ഞു: നമ്മുടെ രക്ഷിതാവ് എത്രയോ പരിശുദ്ധന്‍! തീര്‍ച്ചയായും നാം അക്രമികളായിരിക്കുന്നു. (30) അങ്ങനെ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് അവരില്‍ ചിലര്‍ ചിലരുടെ നേര്‍ക്ക് തിരിഞ്ഞു. (31) അവര്‍ പറഞ്ഞു: നമ്മുടെ നാശമേ! തീര്‍ച്ചയായും നാം അതിക്രമകാരികളായിരിക്കുന്നു. (32) നമ്മുടെ രക്ഷിതാവ് അതിനെക്കാള്‍ ഉത്തമമായത് നമുക്ക് പകരം തന്നേക്കാം. തീര്‍ച്ചയായും നാം നമ്മുടെ രക്ഷിതാവിങ്കലേക്ക് ആഗ്രഹിച്ചു ചെല്ലുന്നവരാകുന്നു. (33) അപ്രകാരമാകുന്നു ശിക്ഷ. പരലോകശിക്ഷയാവട്ടെ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. അവര്‍ അറിഞ്ഞിരുന്നെങ്കില്‍! (34) തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അനുഗ്രഹങ്ങളുടെ സ്വര്‍ഗത്തോപ്പുകളുണ്ട്. (35) അപ്പോള്‍ മുസ്‌ലിംകളെ നാം കുറ്റവാളികളെപ്പോലെ ആക്കുമോ?

17). അല്ലാഹു പറയുന്നു: നന്മയെ നല്‍കി, കളവാക്കിയവരെ നാം പരീക്ഷിച്ചു. അവര്‍ക്ക് സാവകാശം നല്‍കുകയും ചെയ്തു. ദീര്‍ഘായുസ്സ്, സന്താനങ്ങള്‍, സമ്പത്ത് തുടങ്ങിയ; നാം ഉദ്ദേശിക്കുന്നത് അവര്‍ക്ക് നല്‍കി സഹായിച്ചു. അവര്‍ താല്‍പര്യപ്പെടുന്നത് നല്‍കിയത് അവരോടുള്ള ആദരവുകൊണ്ടല്ല, മറിച്ച് അവരരിയാതെ പടിപടിയായി അവരെ ശിക്ഷിക്കാന്‍. അവര്‍ അതില്‍ വഞ്ചിതരായി. തോട്ടക്കാര്‍ വഞ്ചിതരായതുപോലെ. അവര്‍ അതില്‍ പങ്കാളികളായിരുന്നു. അങ്ങനെ അതിലെ മരങ്ങള്‍ ഫലമുള്ളതാവുകയും പഴങ്ങള്‍ വിളയുകയും പറിച്ചെടുക്കേണ്ട സമയമെത്തുകയും ചെയ്തപ്പോള്‍ അതെല്ലാം അവരുടെ നിയന്ത്രണത്തിലാണെന്നവര്‍ ധരിച്ചു. അതു കൈവശപ്പെടുത്താന്‍ ഒരു തടസ്സവും അവര്‍ കണ്ടില്ല.

18). അതുകൊണ്ട് (إن شاء الله) അല്ലാഹു ഉദ്ദേശിച്ചാല്‍ എന്ന് പോലും പറയാതെ അവരെല്ലാം പറിച്ചെടുക്കുമെന്ന് സത്യം ചെയ്തു പറഞ്ഞു. അതായത്, പ്രഭാതത്തില്‍ പറിച്ചെടുക്കുമെന്ന്. അല്ലാഹു അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും വഴിയെ ശിക്ഷ വന്നെത്തുമെന്നും അത് വേഗത്തിലാവുമെന്നും അവരറിഞ്ഞില്ല.

19). (എന്നിട്ട് അവര്‍ ഉറങ്ങിക്കൊണ്ടിരിക്കെ, നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ശിക്ഷ ആ തോട്ടത്തെ ബാധിച്ചു) രാത്രിയില്‍ അതിനു മേല്‍ ഇറങ്ങിയ ശിക്ഷ. (അവര്‍ ഉറങ്ങിക്കൊണ്ടിരിക്കെ) അതിനെ നശിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്തു. (അങ്ങനെ അത് മുറിച്ചെടുക്കപ്പെട്ടതു പോലെ ആയിത്തീര്‍ന്നു) ഇരുട്ടിയ രാത്രി പോലെ. മരങ്ങളും ഫലങ്ങളും എല്ലാം നശിച്ചു. ഈ ശിക്ഷ സംഭവിക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് അറിവില്ലായിരുന്നു. അതുകൊണ്ട് രാവിലെ അവര്‍ പരസ്പരം വിളിച്ചുപറഞ്ഞു.

22-24). (നിങ്ങള്‍ പറിച്ചെടുക്കാന്‍ പോകുകയാണെങ്കില്‍ നിങ്ങളുടെ കൃഷിസ്ഥലത്തേക്ക് നിങ്ങള്‍ കാലത്ത് തന്നെ പുറപ്പെടുക). (അവര്‍ പോയി) അതിനെ ഉദ്ദേശിച്ചുകൊണ്ട്. (അവരന്യോന്യം മന്ത്രിച്ചുകൊണ്ട്) അല്ലാഹുവിന് നല്‍കേണ്ട അവകാശത്തെ തടസ്സപ്പെടുത്താനുള്ള ചര്‍ച്ചകളുമായി. അവര്‍ പറയുന്നു: (ഇന്ന് ആ തോട്ടത്തില്‍ നിങ്ങളുടെ അടുക്കല്‍ ഒരു സാധുവും കടന്നുവരാന്‍ ഇടയാവരുത്) ജനങ്ങള്‍ ഉണര്‍ന്നെഴുന്നേറ്റ് വരുന്നതിനു മുമ്പ് നിങ്ങള്‍ നേരത്തെപ്പോവുക. അതോടൊപ്പം ദരിദ്രര്‍ക്കും സാധുക്കള്‍ക്കും നല്‍കാതിരിക്കാനും അവര്‍ പരസ്പരം ഉപദേശിച്ചു. ആരെങ്കിലും കേള്‍ക്കുകയും എന്നിട്ട് പാവപ്പെട്ടവരെ അറിയിക്കുകയും ചെയ്യുമോ എന്ന് ഭയപ്പെട്ടാണ് അവര്‍ പതുക്കെപ്പറഞ്ഞത്. ഇത് അവരുടെ പിശുക്കിന്റെയും സമ്പത്തിനോടുള്ള ആര്‍ത്തിയുടെയും തീവ്രതയെ അറിയിക്കുന്നു.

20). (അവര്‍ കാലത്ത് പുറപ്പെട്ടു) കരുണയില്ലാത്ത, കഠിനവും നീചവുമായ ഈ അവസ്ഥയില്‍. (അവര്‍ സാധുക്കളെ) തടസ്സപ്പെടുത്താന്‍ കഴിവുള്ളവരായിക്കൊണ്ടു തന്നെ. തങ്ങളുടെ കഴിവുകളില്‍ ഉറച്ചുവിശ്വസിച്ച് അല്ലാഹുവിനുള്ള അവകാശത്തെ തടയാന്‍.

26). (അങ്ങനെ അത് (തോട്ടം) കണ്ടപ്പോള്‍) അല്ലാഹു വിശേഷിപ്പിച്ചതുപോലെ കൊയ്‌തെടുക്കപ്പെട്ട നിയില്‍. (അവര്‍ പറഞ്ഞു) പരിഭ്രമിച്ചും ഭയന്നും. (തീര്‍ച്ചയായും നാം പിഴവ് പറ്റിയവരാകുന്നു) ആ തോട്ടത്തില്‍ നിന്ന് നാം തെറ്റിപ്പോയിരിക്കുന്നു. ഒരുപക്ഷേ, ഇത് മറ്റൊരു തോട്ടമായിരിക്കാം.

27). അത് തന്നെയാണെന്ന് സ്ഥിരീകരിച്ചപ്പോള്‍ അവര്‍ക്ക് വീണ്ടുവിചാരമുണ്ടായി. അവര്‍ പറഞ്ഞു: (അല്ല, നാം നഷ്ടം നേരിട്ടവരാകുന്നു) അത് ശിക്ഷയാണെന്ന് അവര്‍ക്ക് ബോധ്യമായി.

28). (അവരുടെ കൂട്ടത്തില്‍ മധ്യമ നിലപാടുകാരനായ ഒരാള്‍ പറഞ്ഞു) അതായത്, നീതിമാനും ഏറ്റവും നല്ല മാര്‍ഗം സ്വീകരിച്ചവനുമായവന്‍. (ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ, എന്താണ് നിങ്ങള്‍ അല്ലാഹുവെ പ്രകീര്‍ത്തിക്കാതിരുന്നത്?). അല്ലാഹുവിനെക്കുറിച്ച് പാടില്ലാത്ത കാര്യങ്ങളില്‍ നിന്ന് നിങ്ങളെന്താണ് അവനെ പരിശുദ്ധനാക്കാതിരുന്നത്? അവന്റെ സഹായമില്ലാതെ തന്നെ കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സ്വതന്ത്രമായി കഴിയുമെന്ന് നിങ്ങള്‍ വിചാരിച്ചു. നിങ്ങള്‍ ഒഴിവാക്കിപ്പറഞ്ഞിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു. നിങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍; 'അല്ലാഹു ഉദ്ദേശിച്ചാല്‍' എന്ന്. നിങ്ങളുടെ ഉദ്ദേശ്യം നടക്കാന്‍ അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടി വേണം എന്ന് വിചാരിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ക്കിപ്പോള്‍ സംഭവിച്ചത് സംഭവിക്കുമായിരുന്നില്ല.

29). (അവര്‍ പറഞ്ഞു: നമ്മുടെ രക്ഷിതാവ് പരിശുദ്ധന്‍. തീര്‍ച്ചയായും നാം അക്രമികളായിരിക്കുന്നു) പിന്നീടവര്‍ തിരിച്ചറിഞ്ഞു. പക്ഷേ, അവരുടെ തോട്ടത്തിന് ബാധിച്ചു കഴിഞ്ഞ ശിക്ഷ ഉയര്‍ത്തപ്പെടുകയില്ല. എന്നാല്‍ അവരുടെ ഈ തസ്ബീഹുകളും തങ്ങള്‍ക്ക് സംഭവിച്ച തെറ്റ് ഏറ്റുപറയലുമെല്ലാം ഒരുപക്ഷേ, കുറ്റത്തിന് ലഘൂകരണവും പശ്ചാത്താപവും ലഭിക്കാന്‍ ഉപകരിച്ചേക്കാം. അതിനാല്‍ അവര്‍ വളരെയധികം ഖേദിച്ചു.

30-31). (അങ്ങനെ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് അവരില്‍ ചിലര്‍ ചിലരുടെ നേര്‍ക്ക് തിരിഞ്ഞു) അവര്‍ ചെയ്തതും പ്രവര്‍ത്തിച്ചതുമായ കാര്യത്തില്‍. (അവര്‍ പറഞ്ഞു: നമ്മുടെ നാശമേ, തീര്‍ച്ചയായും നാം അതിക്രമകാരികളായിരിക്കുന്നു). അല്ലാഹുവിന്റെയും അവന്റെ അടിമകളുടെയും ബാധ്യതകളില്‍ പരിധി ലംഘിച്ചവന്‍.

32). (നമ്മുടെ രക്ഷിതാവ് അതിനെക്കാള്‍ ഉത്തമമായത് നമുക്ക് പകരം തന്നേക്കാം. തീര്‍ച്ചയായും നാം നമ്മുടെ രക്ഷിതാവിങ്കലേക്ക് ആഗ്രഹിച്ച് ചെല്ലുന്നവരാകുന്നു). ആ തോട്ടത്തെക്കാളും നല്ല മറ്റൊന്ന് പകരം ലഭിക്കാന്‍ അവരാഗ്രഹിച്ചു. തങ്ങള്‍ അല്ലാഹുവിലേക്ക് ആഗ്രഹിച്ച് ചെല്ലുമെന്ന് അവര്‍ കരാര്‍ ചെയ്തു. ഇഹലോകത്ത് അതിനവര്‍ നിര്‍ബന്ധം പിടിച്ചു.

അവര്‍ പറഞ്ഞതു പോലെ തന്നെയാണ് അവരെങ്കില്‍ ഇഹലോകത്ത് അവര്‍ക്ക് അതിനെക്കാളും ഉത്തമമായത് പകരം നല്‍കും. സത്യസന്ധമായി അല്ലാഹുവോട് ചോദിക്കുന്നവര്‍ക്കും അവനില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ക്കും ചോദിച്ചത് അവന്‍ നല്‍കും.

33). സംഭവിച്ചതിന്റെ ഗൗരവത്തെക്കുറിച്ച് അല്ലാഹു പറയുന്നു: (അപ്രകാരമാകുന്നു ശിക്ഷ). അവര്‍ അതിക്രമവും ധിക്കാരവും ചെയ്ത വസ്തു അവരില്‍ നിന്നും കവര്‍ന്നെടുത്ത് ശിക്ഷക്ക് കാരണമുണ്ടാക്കിയവര്‍ക്ക് അല്ലാഹു ഈ ലോകത്ത് ശിക്ഷ നല്‍കി. അവര്‍ ഇഹലോകത്തിനു പ്രാധാന്യം നല്‍കി. അതവന്‍ അവരില്‍ നിന്ന് നീക്കി. ഏറ്റവും ആവശ്യമുള്ള നല്ല സമയത്ത്.

(പരലോക ശിക്ഷയാകട്ടെ, കൂടുതല്‍ ഗൗരവമുള്ളതാകുന്നു). ഇഹലോക ശിക്ഷയെക്കാള്‍. (അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍) പ്രതിഫലം നഷ്ടപ്പെടുന്നതും ശിക്ഷ നിര്‍ബന്ധമാകുന്നതുമായ കാരണങ്ങിളില്‍ നിന്ന് ഭയന്ന് മാറിനില്‍ക്കല്‍ അതിനെക്കുറിച്ച് ബോധമുള്ളവര്‍ക്ക് നിര്‍ബന്ധമാണ്.

34-35). തെറ്റുകളില്‍ നിന്നും അവിശ്വാസത്തില്‍ നിന്നും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഏറ്റവും വലിയ ഔദാര്യവാന്റെയടുക്കല്‍ സുരക്ഷിത ജീവിതത്തില്‍ നിന്നും വിവിധ സുഖാനുഗ്രങ്ങളില്‍ നിന്നും ഒരുക്കിവെച്ചതിനെക്കുറിച്ച് അല്ലാഹു അറിയിക്കുന്നു. തങ്ങളുടെ രക്ഷിതാവിന്റെ കല്‍പനകള്‍ക്ക് കീഴൊതുങ്ങുന്നവരെയും അവന്റെ തൃപ്തിയെ പിന്‍പറ്റുന്ന ഭക്തരെയും ധര്‍മനിഷ്ഠയുള്ളവരെയും തെറ്റുകള്‍ പ്രവര്‍ത്തിക്കുന്നവരെ പോലെയും അവന്റെ വചനങ്ങളെ നിഷേധിക്കുന്ന പ്രവാചകന്മാരെ ധിക്കരിക്കുന്ന, അവന്റെ മിത്രങ്ങളോട് ഏറ്റുമുട്ടുന്നവരെപ്പോലെയും ആക്കുകയില്ല എന്നത് അല്ലാഹുവിന്റെ ഏറ്റവും വലിയൊരു യുക്തിയാണ്.