ഹശ്ര്‍ (തുരത്തിയോടിക്കല്‍), ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ഡിസംബര്‍ 05 1442 റബീഉല്‍ ആഖിര്‍ 20

അധ്യായം: 59, ഭാഗം: 2

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

مَا قَطَعْتُمْ مِنْ لِينَةٍ أَوْ تَرَكْتُمُوهَا قَائِمَةً عَلَىٰ أُصُولِهَا فَبِإِذْنِ اللَّهِ وَلِيُخْزِيَ الْفَاسِقِينَ (٥) وَمَا أَفَاءَ اللَّهُ عَلَىٰ رَسُولِهِ مِنْهُمْ فَمَا أَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَلَا رِكَابٍ وَلَٰكِنَّ اللَّهَ يُسَلِّطُ رُسُلَهُ عَلَىٰ مَنْ يَشَاءُ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ (٦) مَا أَفَاءَ اللَّهُ عَلَىٰ رَسُولِهِ مِنْ أَهْلِ الْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاءِ مِنْكُمْ ۚ وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا ۚ وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِ (٧)

(5). നിങ്ങള്‍ വല്ല ഈന്തപ്പനയും മുറിക്കുകയോ അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നില്‍ക്കാന്‍ വിടുകയോ ചെയ്യുന്ന പക്ഷം അത് അല്ലാഹുവിന്റെ അനുമതി പ്രകാരമാണ്. അധര്‍മകാരികളെ അപമാനപ്പെടുത്താന്‍ വേണ്ടിയുമാണ്. (6). അവരില്‍ നിന്ന് (യഹൂദരില്‍നിന്ന്) അല്ലാഹു അവന്റെ റസൂലിന് കൈവരുത്തി കൊടുത്തതെന്തോ അതിനായി നിങ്ങള്‍ കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കുകയുണ്ടായിട്ടില്ല. പക്ഷേ, അല്ലാഹു അവന്റെ ദൂതന്മാരെ അവന്‍ ഉദ്ദേശിക്കുന്നവരുടെ നേര്‍ക്ക് അധികാരപ്പെടുത്തി അയക്കുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. (7). അല്ലാഹു അവന്റെ റസൂലിന് വിവിധ രാജ്യക്കാരില്‍നിന്ന് കൈവരുത്തി കൊടുത്തതെന്തോ അത് അല്ലാഹുവിനും റസൂലിനും അടുത്ത കുടുംബങ്ങള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാകുന്നു. അത് (ധനം) നിങ്ങളില്‍നിന്നുള്ള ധനികന്‍മാര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാന്‍ വേണ്ടിയാണത്. നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.

5). മരങ്ങളും ഈത്തപ്പനകളും മുറിച്ചതില്‍ പ്രവാചകനെയും മുസ്‌ലിംകളെയും ബനുന്നളീറുകാര്‍ ആക്ഷേപിക്കുകയും അത് കുഴപ്പമുണ്ടാക്കലാണെന്ന് വാദിക്കുകയും മുസ്‌ലിംകളെ ആക്ഷേപിക്കാന്‍ ഒരു കാരണമാക്കുകയും ചെയ്തപ്പോള്‍ അല്ലാഹു പറഞ്ഞത് അവര്‍ അത് മുറിച്ചതും മുറിക്കാതിരുന്നതുമെല്ലാം അവന്റെ നിര്‍ദേശപ്രാകരം തന്നെയാണ് എന്നാണ്.

(അത് അല്ലാഹുവിന്റെ അനുമതി പ്രകാരമാണ്) അവന്റെ കല്‍പന പ്രകാരമാണ്. (അധര്‍മകാരികളെ അപമാനപ്പെടുത്താന്‍ വേണ്ടിയുമാണ്) അവരുടെ ഈന്തപ്പനകള്‍ മുറിക്കാനും അത് കരിച്ചുകളയാനും നിങ്ങള്‍ക്കവന്‍ അധികാരം തന്നത് അവരുടെ ശക്തിയുടെ അടിസ്ഥാനമായ ഈത്തപ്പനയെ രക്ഷപ്പെടുത്താന്‍ കഴിയാത്ത അവരുടെ തികഞ്ഞ അശക്തി മനസ്സിലാക്കി കൊടുക്കുന്നതിലൂടെ നിന്ദ്യതയും ഇഹലോകത്ത് അപമാനവും പാഠമുള്‍ക്കൊള്ളാവുന്ന ഒരു ശിക്ഷയും ആയിത്തീരാന്‍ വേണ്ടിയാണ്. ശരിയായ വീക്ഷണപ്രകാരം ലീനത്ത് (اللينة) എന്നതില്‍ മറ്റു ഈന്തപ്പനകളെല്ലാം ഉള്‍ക്കൊള്ളുന്നു. ഇതാണ് ബനുന്നളീറിന്റെ അവസ്ഥ. ഇഹലോകത്ത് അല്ലാഹു അവരെ ശിക്ഷിച്ചതിന്റെ ഒരവസ്ഥ.

6). പിന്നീട് അവരുടെ സ്വത്തും സാമഗ്രികളും ലഭിച്ചവരെ കുറിച്ചാണ് പരാമര്‍ശിക്കുന്നത്. അല്ലാഹു പറയുന്നു: (അവരില്‍ നിന്ന്-യഹൂദരില്‍ നിന്ന്-അല്ലാഹു അവന്റെ റസൂലിന് കൈവരുത്തി കൊടുത്തതെന്തോ) അതായത് ഈ ഗ്രാമക്കാരില്‍ നിന്ന്. അത് ബനുന്നളീര്‍കാരാണ്. അകയാല്‍ ഓ, മുസ്‌ലിം സമൂഹമേ, (അതിനായി നിങ്ങള്‍ കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കുകയുണ്ടായിട്ടില്ല). അതായത്, നിങ്ങള്‍ ഓടിക്കുകയോ സംഘടിപ്പിക്കുകയോ ചെയ്തിട്ടില്ല. അതെല്ലാം കൈവശപ്പെടുത്താന്‍ നിങ്ങളുടെ ശരീരങ്ങള്‍കൊണ്ടോ കന്നുകാലികളെക്കൊണ്ടോ നിങ്ങള്‍ പരിശ്രമിച്ചിട്ടില്ല. മറിച്ച് അല്ലാഹു അവരുടെ ഹൃദയങ്ങളില്‍ ഭയം ഇട്ടുകൊടുത്തു. അങ്ങനെ നിങ്ങള്‍ക്കത് വെറുതെ കിട്ടി. അതാണ് തുടര്‍ന്നു പറഞ്ഞത്: (പക്ഷേ, അല്ലാഹു അവന്റെ ദൂതന്മാരെ അവന്‍ ഉദ്ദേശിക്കുന്നവരുടെ നേര്‍ക്ക് അധികാരപ്പെടുത്തി അയക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു). അവന്റെ കഴിവിന്റെ പൂര്‍ണതയാല്‍ ഒരാള്‍ക്കും ഒരു തടസ്സവും ഉണ്ടാക്കാനാവില്ല. ഒരു ശക്തിയും അവന്റെമേല്‍ ആധിപത്യം ചെലുത്തുകയുമില്ല.

7). കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ അടുക്കല്‍ (الفيء) 'ഫൈഅ്' എന്നതിന്റെ സാങ്കേതിക നിര്‍വചനം സത്യനിഷേധികളുടെ ധനത്തില്‍നിന്നും ന്യായമായി എടുക്കുന്നത് എന്നാണ്; അവര്‍ ഉപേക്ഷിച്ച് ഓടിപ്പോയതിനാല്‍ ലഭിച്ച ധനം പോലെയുള്ളത്. അതിനാണ് ഫൈഅ് എന്ന് പറയുന്നത്.

അല്ലാഹു പറഞ്ഞതുപോലെയാണ് അതിന്റെ പൊതുവായ വിധി (അല്ലാഹു അവന്റെ റസൂലിന് വിവിധ രാജ്യക്കാരില്‍നിന്ന് കൈവരുത്തി കൊടുത്തതെന്തോ അത്). പൊതുവായ അര്‍ഥമാണിവിടെ. റസൂലിന്റെ കാലത്തായാലും അദ്ദേഹത്തിന്റെ കാലശേഷം അധികാരം ഏറ്റെടുക്കുന്നവര്‍ക്കായാലും സമമാണ്. (അത് അല്ലാഹുവിനും റസൂലിനും അടുത്ത കുടുംബങ്ങള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാകുന്നു). സൂറഃ അന്‍ഫാലിലുള്ള വചനത്തിന്റെ അതേ അര്‍ഥം തന്നെയാണ് ഈ വചനത്തിനും.

وَاعْلَمُوا أَنَّمَا غَنِمْتُمْ مِنْ شَيْءٍ فَأَنَّ لِلَّهِ خُمُسَهُ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ

''നിങ്ങള്‍ (യുദ്ധത്തില്‍) നേടിയെടുത്ത ഏതൊരു വസ്തുവില്‍നിന്നും അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും റസൂലിനും (റസൂലിന്റെ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കര്‍ക്കും ഉള്ളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കുവിന്‍'' (അന്‍ഫാല്‍: 41).

ഈ ഫൈഅ് (കൈവശപ്പെടുത്തിയത്) അഞ്ച് ഭാഗമായി ഓഹരി വെക്കപ്പെടും. അതിലൊന്ന് അല്ലാഹുവിനും റസൂലിനുമാണ്. അത് മുസ്‌ലിംകളുടെ പൊതുനന്മക്കു വേണ്ടി വിനിയോഗിക്കും. അഞ്ചിലൊന്ന് നബികുടുംബത്തിന്. ബനൂഹാശിം, ബനൂമുത്വലിബ് കുടുംബങ്ങളാണവര്‍. അവരിലെ സ്ത്രീപുരുഷന്മാര്‍ക്ക് തുല്യമായി ഭാഗിക്കപ്പെടും. അഞ്ചില്‍ ഒന്നിന്റെ അഞ്ചിലൊന്നില്‍ ബനൂഹാശിമിനോടൊപ്പം ബനൂമുത്വലിബും ഉള്‍പ്പെടും. മറ്റുള്ള ബനൂഅബ്ദുമനാഫ് അവരില്‍ പങ്കുചേരില്ല. ബനൂഹാശിമിനെതിരെ ശത്രുതയും ഉപരോധവുമായി ശഅ്ബ് അബൂത്വാലിബില്‍ ക്വുറൈശികള്‍ കരാറുണ്ടാക്കിയപ്പോള്‍ ബനൂമുത്വലിബ് ബനൂഹാശിമിനോടൊപ്പം ചേര്‍ന്നു. അവര്‍ മറ്റുള്ളവര്‍ക്കെതിരായി റസൂലിനെ സഹായിച്ചു. അതുകൊണ്ടാണ് നബി ﷺ  ബനൂ അബ്ദുല്‍ മുത്വലിബിനെ കുറിച്ച് ഇങ്ങനെ പറഞ്ഞത്: ''അവര്‍ ജാഹിലിയ്യത്തിലും ഇസ്‌ലാമിലും എന്നെ പിരിയാത്തവരാണ്.''

അഞ്ചിലൊന്ന് അനാഥകള്‍ക്കും ദരിദ്രര്‍ക്കും. അനാഥരെന്നാല്‍ പിതാവ് മരിച്ചവരും പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും. അഞ്ചിലൊന്ന് സാധുക്കള്‍ക്ക്. അഞ്ചിലൊന്ന് വഴിയാത്രക്കാര്‍ക്കും. അവര്‍ സ്വന്തം നാട്ടിലല്ലാതെ ഒറ്റപ്പെട്ടുപോയവരാണ്.

അല്ലാഹു ഇങ്ങനെ ഒരു കണക്ക് നിശ്ചയിക്കുകയും ഫൈഅ് സ്വത്ത് ഈ നിര്‍ണിത വിഭാഗങ്ങളില്‍ പരിമിതപ്പെടുത്തുകയും ചെയ്തു. (അത് -ധനം- നിങ്ങളില്‍ നിന്നുള്ള ധനികര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാന്‍ വേണ്ടിയാണത്) അതായത് കൈമാറ്റവും അവരില്‍ മാത്രമാകലും. (നിങ്ങളില്‍ നിന്നുള്ള ധനികന്മാരില്‍ മാത്രം) അതിനൊരു കണക്ക് നിശ്ചയിച്ചിട്ടില്ലെങ്കില്‍ അത് ശക്തിയുള്ളവരും സമ്പന്നരും മാത്രം കൈകാര്യം ചെയ്യുന്നു. അവരല്ലാത്ത ദുര്‍ബലര്‍ക്ക് യാതൊന്നും ലഭിക്കാതെ വരും. അല്ലാഹുവിന് മാത്രമറിയുന്ന ഒട്ടനവധി പ്രശ്‌നങ്ങളുണ്ടതില്‍. അല്ലാഹു നിര്‍ദേശിച്ച മതനിയമങ്ങളും കല്‍പനകളും പിന്തുടരുമ്പോള്‍ കണക്കാക്കാനാകാത്ത ഗുണങ്ങളുള്ളതു പോലെ തന്നെ. അതിനാല്‍ ഒരു പൊതു അടിസ്ഥാനവും പൊതുനിയമവും അല്ലാഹു ഇവിടെ നിര്‍ദേശിക്കുന്നു.

(നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക) മതത്തിന്റെ അടിസ്ഥാന നിയമങ്ങളും ശാഖകളും പ്രത്യക്ഷമായതും പരോക്ഷമായതുമെല്ലാം ഈ വചനം ഉള്‍ക്കൊള്ളുന്നുണ്ട്. റസൂല്‍ കൊണ്ടുവന്നത് സ്വീകരിക്കിലും പിന്‍പറ്റലും ദാസന്മാരുടെമേല്‍ നിശ്ചയിക്കപ്പെട്ടതാണ്. അതിന് എതിരു പ്രവര്‍ത്തിക്കല്‍ പാടില്ലാത്തതാണ്. ഒരു കാര്യത്തില്‍ റസൂലിന്റെ വിധി അല്ലാഹുവിന്റെ വിധിപോലെ തന്നെയാണ്. അത് ഉപേക്ഷിക്കാന്‍ ഒരാള്‍ക്കും ഒരു ന്യായമോ ഇളവോ ഇല്ല. റസൂലിന്റെ വാക്കിനെക്കാള്‍ ഒരാളുടെ വാക്കിനും മുന്‍ഗണന നല്‍കാവതല്ല. ഇഹപരജീവിതങ്ങളെയും ആത്മാവിനെയും ഹൃദയങ്ങളെയും സമ്പന്നമാക്കുന്ന സൂക്ഷ്മതാബോധത്തെയാണ് തുടര്‍ന്ന് ഉണര്‍ത്തുന്നത്. അതിലാണ് നിത്യസൗഭാഗ്യവും മഹത്തായ വിജയവുമുള്ളത്. അത് പാഴാക്കുന്നതിലൂടെ നിത്യമായ ദൗര്‍ഭാഗ്യവും അനശ്വരമായ ശിക്ഷയും ലഭിക്കുന്നു. (നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്) സൂക്ഷ്മത പാലിക്കാതിരിക്കുകയും ഇച്ഛകള്‍ക്ക് പ്രാമുഖ്യം നല്‍കുകയും ചെയ്തവരെ.