തഗാബുന്‍ (നഷ്ടം വെളിപ്പെടല്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ജൂണ്‍ 06 1441 ശവ്വാല്‍ 14

അധ്യായം: 64, ഭാഗം: 1

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

يُسَبِّحُ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ لَهُ الْمُلْكُ وَلَهُ الْحَمْدُ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ (١) هُوَ الَّذِي خَلَقَكُمْ فَمِنْكُمْ كَافِرٌ وَمِنْكُمْ مُؤْمِنٌ ۚ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ (٢) خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ ۖ وَإِلَيْهِ الْمَصِيرُ (٣) يَعْلَمُ مَا فِي السَّمَاوَاتِ وَالْأَرْضِ وَيَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ ۚ وَاللَّهُ عَلِيمٌ بِذَاتِ الصُّدُورِ (٤) أَلَمْ يَأْتِكُمْ نَبَأُ الَّذِينَ كَفَرُوا مِنْ قَبْلُ فَذَاقُوا وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ (٥)
(1). ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹുവെ പ്രകീര്‍ത്തിക്കുന്നു. അവന്നാണ് ആധിപത്യം. അവന്നാണ് സ്തുതി. അവന്‍ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു. (2). അവനാണ് നിങ്ങളെ സൃഷ്ടിച്ചവന്‍. എന്നിട്ട് നിങ്ങളുടെ കൂട്ടത്തില്‍ സത്യനിഷേധിയുണ്ട്. നിങ്ങളുടെ കൂട്ടത്തില്‍ വിശ്വാസിയുമുണ്ട്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി കണ്ടറിയുന്നവനാകുന്നു. (3). ആകാശങ്ങളും ഭൂമിയും അവന്‍ മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്കവന്‍ രൂപം നല്‍കുകയും നിങ്ങളുടെ രൂപങ്ങള്‍ അവന്‍ നന്നാക്കുകയും ചെയ്തിരിക്കുന്നു. അവങ്കലേക്കാകുന്നു തിരിച്ചുപോക്ക്. (4). ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവന്‍ അറിയുന്നു. നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. അല്ലാഹു ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു. (5). മുമ്പ് അവിശ്വസിച്ചവരുടെ വൃത്താന്തം നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടില്ലേ? അങ്ങനെ അവരുടെ നിലപാടിന്റെ ഭവിഷ്യത്ത് അവര്‍ അനുഭവിച്ചു. അവര്‍ക്കു (പരലോകത്ത്) വേദനയേറിയ ശിക്ഷയുമുണ്ട്.

1). ഈ പരിശുദ്ധ വചനങ്ങള്‍ മഹാനായ സ്രഷ്ടാവിന്റെ വിശാലമായ ഒട്ടേറെ വിശേഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. പരിശുദ്ധനായവന്റെ ആരാധ്യതയുടെ പൂര്‍ണതെയക്കുറിച്ചും ഐശ്വര്യത്തിന്റെ വിശാലതയെക്കുറിച്ചും എല്ലാ സൃഷ്ടികള്‍ക്കും അവനിലേക്കുള്ള ആവശ്യകതയെക്കുറിച്ചും പരാമര്‍ശിക്കുന്നു. തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം ആകാശ ഭൂമികളിലുള്ളവയെല്ലാം അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. ആധിപത്യമെല്ലാം അല്ലാഹുവിനുള്ളതാണ്. അവന്റെ പരിപൂര്‍ണ വിശേഷണങ്ങളില്‍ സ്തുതി. അവനുണ്ടാക്കിയ വസ്തുക്കളുടെ മേലും അവന് സ്തുതി. അവന്‍ തന്ന അനുഗ്രഹങ്ങള്‍ക്കും അവന്‍ നിയമമാക്കിയ മതവിധികള്‍ക്കും അവന് സ്തുതി. അവന്റെ കഴിവ് സമ്പൂര്‍ണമാണ്. ഒന്നും അതില്‍ നിന്ന് പുറത്തല്ല. അവനുദ്ദേശിക്കുന്ന ഒരു കാര്യത്തിലും അവന്‍ അശക്തനാകുകയില്ല.

2). അല്ലാഹു പറയുന്നു: അവനാണ് മനുഷ്യരെ സൃഷ്ടിച്ചത്. അവരില്‍ നിന്ന് വിശ്വാസിയെയും അവിശ്വാസിയെയും അവനുണ്ടാക്കി. അവരുടെ വിശ്വാസവും അവിശ്വാസവുമെല്ലാം തന്നെ അല്ലാഹുവിന്റെ വിധി നിര്‍ണയമനുസരിച്ചാണ്. അവരില്‍ നിന്നും അവനുദ്ദേശിച്ചവര്‍ക്ക് അവന്റെ കല്‍പനാ വിരോധങ്ങളില്‍ നിന്ന് അവരുദ്ദേശിക്കുന്നത് ചെയ്യാന്‍ സൗകര്യപ്പെടുന്ന വിധം ഉദ്ദേശ്യശക്തിയും കഴിവും അവര്‍ക്കവന്‍ ഏര്‍പ്പെടുത്തി. (നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു).

3). വിധിവിലക്കുകള്‍ ബാധകമാകുന്ന മനുഷ്യന്റെ സൃഷ്ടിപ്പിനെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ മറ്റു സൃഷ്ടികളെക്കുറിച്ച് അല്ലാഹു പറയുന്നു (ആകാശങ്ങളെയും ഭൂമിയെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു). അതിന്റെ രണ്ടിന്റെയും ആകാരരൂപത്തെയും അവ രണ്ടിലുമുള്ള സര്‍വതിനെയും അതിന്റെ സൃഷ്ടിപ്പിനെയും അവന്‍ നന്നാക്കുകയും ചെയ്തു. (മുറപ്രകാരം) അല്ലാഹുവിന്റെ ഉദ്ദേശ്യലക്ഷ്യമനുസരിച്ചും യുക്തിഭദ്രമായും.

(നിങ്ങള്‍ക്കവന്‍ രൂപം നല്‍കുകയും നിങ്ങളുടെ രൂപങ്ങള്‍ അവന്‍ നന്നാക്കുകയും ചെയ്തു). മറ്റൊരിടത്ത് അല്ലാഹു പറയുന്നു:

لَقَدْ خَلَقْنَا الْإِنْسَانَ فِي أَحْسَنِ تَقْوِيمٍ

''തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു'' (95:4).

അപ്പോള്‍ രൂപത്തില്‍ സൃഷ്ടികളില്‍ ഏറ്റവും നല്ലത് മനുഷ്യനാണ്. കാഴ്ചയില്‍ ഏറ്റവും സുന്ദരനും.

(അവങ്കലേക്കാകുന്നു തിരിച്ചുപോക്ക്). അതായത് അന്ത്യനാളില്‍- ഉയിര്‍ത്തെഴുന്നേല്‍പുനാളിലുള്ള മടക്കം. അന്ന് അവന്‍ നിങ്ങളുടെ വിശ്വാസത്തിനും അവിശ്വാസത്തിനും പ്രതിഫലം നല്‍കും. അവിടെ വെച്ച് നിങ്ങള്‍ക്ക് പ്രത്യേകം നല്‍കിയ അനുഗ്രഹങ്ങളെയും സുഖങ്ങളെയും കുറിച്ചവന്‍ ചോദ്യം ചെയ്യും; നിങ്ങള്‍ അവന് ശരിയായ വിധം നന്ദി ചെയ്‌തോ ഇല്ലയോ എന്ന്.

4). തുടര്‍ന്ന് അവന്റെ അറിവിന്റെ സമഗ്രതയെ കുറിച്ചാണ് പറയുന്നത്. (ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും അവന്‍ അറിയുന്നു). അതായത് രഹസ്യ,പരസ്യങ്ങളും ദൃശ്യ,അദൃശ്യങ്ങളും. (നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. അല്ലാഹു ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു). ഹൃദയങ്ങളിലുള്ള രഹസ്യങ്ങളും നല്ലതും ചീത്തയുമായ ഉദ്ദേശ്യങ്ങളും. അവന്‍ ഹൃദയത്തിലുള്ളത് അറിയുന്നവനാണ് എന്നത് ഉള്‍ക്കാഴ്ചയുള്ള ബുദ്ധിമാന്മാര്‍ക്ക് മോശമായ സ്വഭാവങ്ങള്‍ തന്റെയുള്ളിലുണ്ടാകുന്നതിനെ സൂക്ഷിക്കാനും മനോഹരമായ സ്വഭാവങ്ങളെ സ്വീകരിക്കാനും സഹായിക്കുന്നു.

5). അറിയുകയും ആരാധിക്കുകയും അവന്റെ തൃപ്തിക്കായി പരിശ്രമിക്കുകയും അവന്റെ കോപങ്ങളെ ഉപേക്ഷിക്കുകയും ചെയ്യാന്‍ ഉതകുന്നു അവന്റെ മഹത്തായ സമ്പൂര്‍ണ വിശേഷണങ്ങളെക്കുറിച്ചുള്ള പരാമര്‍ശം. ആ സന്ദര്‍ഭത്തില്‍ അവനുണര്‍ത്തുന്നത് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ കടന്നുപോയ പൂര്‍വ സമുദായങ്ങളുടെ ചെയ്തികളാണ്. പില്‍ക്കാലക്കാര്‍ അവരെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കും. സത്യസന്ധര്‍ അതിനെക്കുറിച്ച് പറഞ്ഞുതരുന്നു. സത്യവുമായി അവര്‍ക്ക് ദൂതന്മാര്‍ വന്നപ്പോള്‍ അവര്‍ അവരെ വ്യാജമാക്കി. അനുസരണക്കേട് കാണിച്ചു. അപ്പോള്‍ ഇഹലോകത്ത് അവരുടെ നിലപാടിന്റെ ഭവിഷ്യത്ത് അവരെ അവന്‍ അനുഭവിപ്പിച്ചു. ഇവിടെ അവരെ നിന്ദ്യരാക്കി. (അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ട്) പരലോകത്ത്.