മുംതഹിന (പരീക്ഷിക്കപ്പെടേണ്ടവള്‍), ഭാഗം: 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 സെപ്തംബര്‍ 26 1442 സഫര്‍ 09

അധ്യായം: 60, ഭാഗം: 1

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاءَ تُلْقُونَ إِلَيْهِمْ بِالْمَوَدَّةِ وَقَدْ كَفَرُوا بِمَا جَاءَكُمْ مِنَ الْحَقِّ يُخْرِجُونَ الرَّسُولَ وَإِيَّاكُمْ ۙ أَنْ تُؤْمِنُوا بِاللَّهِ رَبِّكُمْ إِنْ كُنْتُمْ خَرَجْتُمْ جِهَادًا فِي سَبِيلِي وَابْتِغَاءَ مَرْضَاتِي ۚ تُسِرُّونَ إِلَيْهِمْ بِالْمَوَدَّةِ وَأَنَا أَعْلَمُ بِمَا أَخْفَيْتُمْ وَمَا أَعْلَنْتُمْ ۚ وَمَنْ يَفْعَلْهُ مِنْكُمْ فَقَدْ ضَلَّ سَوَاءَ السَّبِيلِ (١)

(01). ഹേ; സത്യവിശ്വാസികളേ, എന്റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട് സ്‌നേഹബന്ധം സ്ഥാപിച്ചുകൊണ്ട് നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്. നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍ റസൂലിനെയും നിങ്ങളെയും അവര്‍ നാട്ടില്‍നിന്നു പുറത്താക്കുന്നു. എന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാനും എന്റെ പ്രീതിതേടുവാനും നിങ്ങള്‍ പുറപ്പെട്ടിരിക്കുകയാണെങ്കില്‍ (നിങ്ങള്‍ അപ്രകാരം മൈത്രീബന്ധം സ്ഥാപിക്കരുത്). നിങ്ങള്‍ അവരുമായി രഹസ്യമായി സ്‌നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്. നിങ്ങളില്‍നിന്ന് വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ നേര്‍മാര്‍ഗത്തില്‍നിന്ന് പിഴച്ചുപോയിരിക്കുന്നു.

ഹാത്വിബിബ്‌നു അബീബല്‍തഅയുടെ സംഭവമാണ് ഈ വിശുദ്ധ വചനങ്ങള്‍ ഇറങ്ങാന്‍ കാരണമെന്ന് ധാരാളം ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. നബി ﷺ യുടെ മക്കാവിജയം യുദ്ധം നടക്കുന്ന സന്ദര്‍ഭമാണിത്. നബി ﷺ യുടെ വരവിനെക്കുറിച്ച് ഹാത്വിബ് മുശ്‌രിക്കുകള്‍ക്ക് കത്തെഴുതി; അവര്‍ക്ക് അത് ഒരു സഹായമായിത്തീരാന്‍ വേണ്ടി. കാപട്യമോ സംശയമോ ഉള്ളതുകൊണ്ടല്ല. ആ കത്ത് ഒരു സ്ത്രീയുടെ അടുക്കല്‍ കൊടുത്തയച്ചു. ഇക്കാര്യം നബി ﷺ ക്ക് അറിയിക്കപ്പെട്ടു. അവള്‍ മക്കയില്‍ എത്തും മുമ്പ് അവളിലേക്ക് നബി ﷺ  ആളെ ആയച്ചു. ആ എഴുത്ത് അവളില്‍നിന്ന് പിടിച്ചെടുത്തു. ഹാത്വിബിനെ ശാസിച്ചു. നബി ﷺ യോട് അദ്ദേഹം കാരണം ബോധിപ്പിച്ചു.

മുശ്‌രിക്കുകളും അല്ലാത്തവരുമായ സത്യനിഷേധികളോട് അതിനെതിരായി മൈത്രീബന്ധം സ്ഥാപിക്കുന്നതിനെ ശക്തമായി ഈ വചനങ്ങള്‍ വിരോധിക്കുന്നു; അവരോട് സ്‌നേഹബന്ധം സ്ഥാപിക്കുന്നതിനെയും. അത് വിശ്വാസത്തെ നിരാകരിക്കുന്നതും ഖലീല്‍ ഇബ്‌റാഹിംൗയുടെ മാര്‍ഗത്തിന് വിരുദ്ധവുമാണ്. എല്ലാ നിലയ്ക്കും ശത്രുവിനെ സൂക്ഷിക്കല്‍ നിര്‍ബന്ധമാക്കുന്ന ബുദ്ധിക്കും ഇത് എതിരാണ്. ശത്രുതാപരമായ താല്‍പര്യങ്ങള്‍ വല്ലതുമുള്ള ശത്രു തന്റെ എതിരാളിക്ക് ഉപദ്രവം ചെയ്യാന്‍ എല്ലാ അവസരവും ഉപയോഗിക്കും. 

1). അല്ലാഹു പറയുന്നു: (ഹേ, സത്യവിശ്വാസികളേ). നിങ്ങള്‍ വിശ്വാസത്തിന്റെ താല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കണം.വിശ്വാസത്തില്‍ നിലകൊള്ളുന്നവരോട് മൈത്രിയിലും ശത്രുത കാണിക്കുന്നവരോട് ശത്രുതയിലുമാവണം. കാരണം അവന്‍ അല്ലാഹുവിന്റെയും സത്യവിശ്വാസികളുടെയും ശത്രുവാണ് (നിങ്ങള്‍ സ്വീകരിക്കരുത്). അല്ലാഹുവിന്റെശത്രുവിനെ (നിങ്ങളുടെ ശത്രുവെയും സ്‌നേഹബന്ധം സ്ഥാപിച്ചുകൊണ്ട് അവരെ മിത്രങ്ങളാക്കി വെക്കരുത്). അവരോടുള്ള സ്‌നേഹബന്ധങ്ങളില്‍ ധൃതികാണിക്കുകയും അതിനുള്ള വഴികളില്‍ പരിശ്രമിക്കുകയും ചെയ്യരുത്. കാരണം സ്‌നേഹബന്ധം ഉണ്ടായി കഴിഞ്ഞാല്‍ തുടര്‍ന്ന് സഹായവും ബന്ധവുംവേണ്ടിവരും. അപ്പോള്‍ അടിമ വിശ്വാസത്തില്‍ നിന്ന് പുറത്തുപോകും. അങ്ങനെ അവിശ്വാസികളുടെ കൂട്ടത്തില്‍ ആയിത്തീരുകയും ചെയ്യും. സത്യനിഷേധിയെ മിത്രമായി സ്വീകരിക്കുന്നവന് മനുഷ്യത്വവും ഇല്ലാതാകുന്നു.

തന്റെ ഏറ്റവും വലിയ ശത്രുവിനെ എങ്ങനെയാണ് മിത്രമാക്കുക, അവന് ദോഷം മാത്രമാണ് അവനുദ്ദേശിക്കുന്നത്.അവന്റെ രക്ഷിതാവിനും അവന് നന്മ ഉദ്ദേശിക്കുന്ന മിത്രങ്ങള്‍ക്കും അവനെതിരാണ്. അതിനവന്‍ പ്രേരിപ്പിക്കുകയും കല്‍പിക്കുകയും ചെയ്യുന്നു. അവിശ്വാസികളോടുള്ള ശത്രുതക്ക് വിശ്വാസികളോട് ആവശ്യപ്പെടുന്നതിന്റെ മറ്റൊരു കാരണം സത്യത്തില്‍ നിന്നും വിശ്വാസികള്‍ക്ക് വന്നതിനെ അവര്‍ നിഷേധിക്കുന്നു എന്നതും കൂടിയാണ്. ഇതിനെക്കാളും വിയോജിക്കേണ്ട മറ്റൊന്നില്ല. കാരണം അവര്‍ നിങ്ങളുടെ മതത്തിന്റെ അടിസ്ഥാനം നിഷേധിച്ചവരാണ്. നിങ്ങള്‍ സന്മാര്‍ഗം ലഭിക്കാതെ പിഴച്ചവരാണെന്നുമാണ്. സംശയത്തിനോ ശങ്കക്കോ ഇടയില്ലാത്ത വിധം അവര്‍ തന്നെയാണ് പിഴച്ചവര്‍. സത്യത്തെ തള്ളിക്കളഞ്ഞവരും. അവരുടെ വാദത്തിന്റെ സത്യത തെളിയിക്കാവുന്ന തെളിവോ പ്രമാണമോ കണ്ടെത്തുക അസാധ്യമാണ്. മറിച്ച് ഇത് തള്ളിക്കളയുന്നവരുടെ നിരര്‍ഥകത തെളിയിക്കാവുന്ന തെളിവ് മാത്രമേ ലഭിക്കൂ.

അവരുടെ ശക്തമായ ശത്രുതയില്‍ പെട്ടതാണ് അവര്‍ (റസൂലിനെയും നിങ്ങളെയും അവര്‍ നാട്ടില്‍ നിന്ന് പുറത്താക്കുന്നു). സത്യവിശ്വാസികളേ, നിങ്ങളെ അവര്‍ നിങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കുകയും നിങ്ങളുടെ സ്വദേശങ്ങളില്‍ നിന്ന് ആട്ടിയോടിക്കുകയും ചെയ്യുന്നു. നിങ്ങള്‍ വിശ്വസിക്കുന്നവരാണെന്ന തെറ്റല്ലാതെ അവരുടെ അടുക്കല്‍ നിങ്ങള്‍ക്കില്ല. (നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍) അവന് ആരാധന നിര്‍വഹിക്കണമെന്ന് എല്ലാ സൃഷ്ടികള്‍ക്കും അവന്‍ നിശ്ചയിച്ചുകൊടുത്തു. കാരണം അവനാണ് അവരെ വളര്‍ത്തിയത്. പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങള്‍ അവര്‍ക്ക് നല്‍കിയത്. ഏറ്റവും വലിയ ഈ ബാധ്യതയില്‍ നിന്ന് അവര്‍ തിരിഞ്ഞുകളഞ്ഞപ്പോള്‍ നിങ്ങളത് നിര്‍വഹിച്ചു. അക്കാരണത്താല്‍ അവര്‍ നിങ്ങളെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കുകയും നിങ്ങളോട് ശത്രുത കാണിക്കുകയും ചെയ്തു.

ഇത്തരത്തിലുള്ള സത്യനിഷേധികളോട് മൈത്രീബന്ധം സ്ഥാപിക്കുന്ന ഒരടിമക്ക് എന്ത് ബുദ്ധിയും അന്തസ്സും മതവുമാണവശേഷിക്കുന്നത്. അതില്‍ നിന്ന് അവരെ തടയുന്നത് ഭയവും ശക്തമായ ചില തടസ്സങ്ങളുമാണ്. (എന്റെ മാര്‍ഗത്തില്‍ സമരം ചെയ്യാനും എന്റെ പ്രീതി നേടാനും നിങ്ങള്‍ പുറപ്പെട്ടിരിക്കുകയാണെങ്കില്‍). നിങ്ങള്‍ പുറപ്പെടുന്നതിന്റെ ഉദ്ദേശ്യം അല്ലാഹുവിന്റെ വചനം ഉന്നതമാക്കാനും അവന്റെ തൃപ്തി ഉദ്ദേശിച്ചുമാണെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കണം അതിന്റെ താല്‍പര്യത്തില്‍ പെട്ടതാണ് അല്ലാഹുവിന്റെ മിത്രങ്ങളോട് ബന്ധംസ്ഥാപിക്കലും അവന്റെ ശത്രുക്കളോട് ശത്രുത പുലര്‍ത്തലും. ഇതാവട്ടെ, അവന്റെ മാര്‍ഗത്തിലുള്ള ഏറ്റവും വലിയ സമരമാണ്. അല്ലാഹുവിലേക്ക് അടുക്കുന്നവര്‍ക്കും അവന്റെ തൃപ്തി ആഗ്രഹിക്കുന്നവര്‍ക്കും ഏറ്റവുമധികം അവനിലേക്ക് അടുക്കാനുള്ള മാര്‍ഗം.

(നിങ്ങള്‍ അവരുമായി രഹസ്യമായി സ്‌നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്). സത്യനിഷേധികളോടുള്ള സ്‌നേഹബന്ധത്തെ നിങ്ങളെങ്ങനെ മറച്ചുവയ്ക്കും? നിങ്ങള്‍ മറച്ചുവയ്ക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്കറിയാം; തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അറിയുന്നവനാണെന്ന്. സത്യവിശ്വാസികള്‍ അത് അറിയുന്നില്ലെങ്കിലും അല്ലാഹുവില്‍നിന്ന് അത് രഹസ്യമാകുന്നില്ല. തന്റെ അടിമകളില്‍നിന്നും അവനറിയുന്ന നന്മകള്‍ക്കുംതിന്മകള്‍ക്കും അവന്‍ വഴിയെ പ്രതിഫലം നല്‍കും. (നിങ്ങളില്‍ നിന്ന് വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്ന പക്ഷം) അതായത് അല്ലാഹു താക്കീത് ചെയ്തിട്ടും സത്യനിഷേധികളോട് മൈത്രീബന്ധം സ്ഥാപിക്കല്‍. (അവന്‍ നേര്‍മാര്‍ഗത്തില്‍നിന്ന് പിഴച്ചുപോയിരിക്കുന്നു) കാരണം മതവിരുദ്ധവും മനുഷ്യത്വരഹിതവും ബുദ്ധിശൂന്യവുമായ ഒരു വഴിയിലാണ് അവന്‍ പ്രവേശിച്ചിരിക്കുന്നത്.