ചെറുപ്പമംഗീകരിച്ച് വലിയവരാവുക
അബൂഅമീന്‍
2020 ആഗസ്ത് 01 1441 ദുല്‍ഹിജ്ജ 11
തനിക്ക് അല്ലാഹു നല്‍കിയ ശേഷികളൊക്കെയും ദൈവികദാനമാണെന്ന് തിരിച്ചറിയാതിരിക്കുമ്പോള്‍ മനുഷ്യന്‍ അഹങ്കാരിയും അക്രമിയുമായിത്തീരുന്നു. അതോടെ ആരെയും വകവെക്കാത്ത താന്തോന്നിയായി മാറുന്നു അവന്‍.
ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങളിലും ആഘോഷങ്ങളില്‍പോലും ഈയൊരു ബോധം വളര്‍ത്തിയെടുക്കുന്നതായി കാണാം. നിത്യേനയാവര്‍ത്തിക്കുന്ന നമസ്‌കാരങ്ങൡലും നമസ്‌കാരസമയം അറിയിച്ചുകൊണ്ടുള്ള ബാങ്കുവിളിയിലും 'അല്ലാഹു അക്ബര്‍' (അല്ലാഹുവാണ് ഏറ്റവും വലിയന്‍) എന്ന ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം കാണാം. താന്‍ സമ്പാദിച്ചുണ്ടാക്കിയ സമ്പത്തില്‍നിന്ന് ദൈവിക നിര്‍േദശപ്രകാരം നിശ്ചിതവിഹിതം സാധുക്കളും ദരിദ്രരുമടക്കമുള്ള അര്‍ഹര്‍ക്ക് മാന്യമായി നല്‍കുന്നതിലൂടെയും ഞാനോ എന്റെ സമ്പത്തോ അല്ല മറിച്ച് എനിക്കിതൊക്കെയും നല്‍കിയ അല്ലാഹുവാണ് വലിയന്‍ എന്നാണ് സമ്പന്നനായ വിശ്വാസിയും പ്രഖ്യാപിക്കുന്നത്.
വ്രതാനുഷ്ഠാനത്തിലൂടെയും ഹജ്ജ് കര്‍മങ്ങളിലൂടെയും ഇതിന്റെ ആവര്‍ത്തനപ്രഖ്യാപനമാണ് നടക്കുന്നത്. ശരീരത്തെയും മനസ്സിനെയും നിയന്ത്രിച്ച് ഇഛകള്‍ക്ക്, കടിഞ്ഞാണിട്ട് സ്രഷ്ടാവായ അല്ലാഹുവിന്റെ പ്രീതിനേടാനായി അധ്വാനിക്കുകയാണ് വ്രതാനുഷ്ഠാനത്തിലൂടെ സത്യവിശ്വാസികള്‍.
ത്യാഗത്തിന്റെയും സമര്‍ണപ്പണത്തിന്റെയും വ്രതത്തിനുശേഷം നന്ദിയുടെയും സന്തോഷത്തിന്റെയും മനസ്സുമായി പെരുന്നാള്‍ ആഘോഷിക്കുമ്പോഴും അല്ലാഹു അക്ബര്‍ എന്നാണ് വിശ്വാസികള്‍ക്ക് ഉരുവിടാനുള്ളത്.
ഈ പ്രഖ്യാപനത്തിന്റെ മഹത്ത്വവും ആശയഗാംഭീര്യവും ആത്മാര്‍ഥമായി ഉള്‍ക്കൊള്ളുവാന്‍ നമുക്കാകുന്നുവെങ്കില്‍ 'ഞാന്‍ എന്ന ഭാവം' നമ്മുടെ ബന്ധങ്ങളെ ശിഥിലമാക്കുകയില്ല. ഞാനല്ലാത്ത മറ്റെല്ലാവരും എന്റെ കാല്‍ക്കീഴില്‍ വരണമെന്ന ആധിപത്യചിന്തയും അബദ്ധങ്ങളും പിഴവുകളും പൊറുക്കാതിരിക്കാന്‍ മാത്രം സങ്കുചിതമായ ഇടുങ്ങിയ മനസ്സും നമുക്ക് ഉണ്ടാവുകയില്ല. തക്ബീറിന്റെ ആശയം ആദര്‍ശമായി സ്വീകരിക്കാന്‍ സാധിക്കുന്നെങ്കില്‍ ദേഹേഛയും വ്യക്തിതാല്‍പര്യങ്ങളുമൊക്കെ അല്ലാഹു അക്ബര്‍ എന്ന മഹത് പ്രഖ്യാപനത്തിന് എതിരു പ്രവര്‍ത്തിക്കാന്‍ നമ്മെ സമ്മതിക്കുകയില്ല.
അല്ലാഹുവാണ് ഏറ്റവും വലിയവന്‍ എന്ന പരമമായ സത്യം അംഗീകരിക്കുന്നതിലൂടെ അവന്റെ മുമ്പില്‍ ചെറിയവനാകുവാനും അല്ലാഹുവിന്റെ സ്‌നേഹത്തിനും പരിഗണനക്കും മറ്റെന്തിനെക്കാളും വിലകല്‍പിക്കുവാനും അവനുവേണ്ടി മറ്റുള്ളവരെ സ്‌നേഹിക്കുവാനും അവനുവേണ്ടി അവന്‍ വെറുക്കുന്നവരെ വെറുത്തകലുവാനും വിശ്വാസിക്ക് സാധിക്കും.
പരമപ്രധാനമായ പരിഗണന സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് നല്‍കി അവന്റെ വിധിവിലക്കുകള്‍ക്കനുസരിച്ച് ജീവിതം ക്രമീകരിച്ച് ഉന്നതരായി വിജയം വരിക്കുവാന്‍ നാം പരിശ്രമിക്കണം. അതിലാണ് നമ്മുടെ വിജയം.