ക്വുര്‍ആന്‍ മാനവര്‍ക്ക് മാര്‍ഗദര്‍ശനം

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

2020 ജനുവരി 25 1441 ജുമാദല്‍ അവ്വല്‍ 30

എന്താണ് വിശുദ്ധ ക്വുര്‍ആന്‍ മാനവസമൂഹത്തില്‍ നിര്‍വഹിക്കുന്ന ദൗത്യം എന്നതിനെ സംബന്ധിച്ച് ക്വര്‍ആനിലെ 14ാം അധ്യായം 52ാം വചനത്തില്‍ അല്ലാഹു പറയുന്നു:

''ഇത് മനുഷ്യര്‍ക്ക് വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെടേണ്ടതിനും അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉല്‍ബോധനം)''.

അല്ലാഹുവില്‍ നിന്നുള്ള സന്ദേശങ്ങളും മുന്നറിയിപ്പുകളുമാണ് ഈ വേദഗ്രന്ഥത്തിന്റെ ഉള്ളടക്കം എന്നാണ് അല്ലാഹു നമ്മെ ഓര്‍മപ്പെടുത്തുന്നത്.

ഒരു രാജ്യം ഭരിക്കുന്ന രാജാവ് ആ നാട്ടിലെ ജനങ്ങളിലേക്ക് സന്ദേശങ്ങളുമായി ദൂതന്മാരെ അയച്ചാല്‍ ആ ജനത സാധാരണ ഗതിയില്‍ എന്താണ് ചെയ്യുക? തങ്ങള്‍ക്ക് ലഭിച്ച ആ സന്ദേശങ്ങളെ ഏറെ താല്‍പലര്യത്തോട് കൂടിയും ആകാംക്ഷയോടു കൂടിയും വായിക്കുകയും മനസ്സിലാക്കുകയും ചെയ്യും. ഒന്നുകില്‍ അവര്‍ക്കുള്ള വല്ല സന്തോഷവാര്‍ത്തുയുമായിരിക്കാം. അല്ലെങ്കില്‍ വല്ല താക്കീതുകളും ആയിരിക്കാം. രണ്ടാണെങ്കിലും പ്രതീക്ഷയോടുകൂടിയോ ഭയപ്പാടോടുകൂടിയോ അവര്‍ അത് വായിക്കും. തങ്ങളുടെ രാജാവിനെ പ്രീതിപ്പെടുത്താന്‍ അവര്‍ ഏറെ പരിശ്രമിക്കുകയും ചെയ്യും.

എന്നാല്‍ അതിനെല്ലാം അപ്പുറത്ത്, ഏതൊരു സ്രഷ്ടാവിന്റെ സൃഷ്ടിപ്രവൃത്തികൊണ്ടാണോ നാം ഇവിടെ ഉണ്ടായത്, ഈ കാണുന്ന പ്രപഞ്ചവും അനന്തകോടി ജീവജാലങ്ങളും സംവിധാനിച്ചവനാരോ അവനില്‍നിന്ന് അവന്‍ തിരഞ്ഞെടുത്തു പറഞ്ഞയച്ച ദൂതനായ മുഹമ്മദ് നബി ﷺ യിലൂടെ മനുഷ്യര്‍ക്ക് ലഭിച്ചിട്ടുള്ള സന്ദേശങ്ങളാണ് വിശുദ്ധ വേദഗ്രന്ഥമായ ക്വുര്‍ആന്‍. അങ്ങനെയെങ്കില്‍ മനുഷ്യരെന്ന നിലയില്‍ നമുക്ക് ലഭിച്ച ആ സന്ദേശങ്ങള്‍ എന്താണ് എന്നറിയാന്‍ നാം താല്‍പര്യം കാണിക്കുകയും അത് പഠിക്കാന്‍ നാം തയ്യാറാവുകയും ചെയ്യേണ്ടതില്ലേ?

'ഇത് മുഷ്യര്‍ക്ക് വേണ്ടിയുള്ള വ്യക്തമായ ഒരു ഉദ്‌ബോധനമാകുന്നു' എന്നാണ് ക്വുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. ഈ സന്ദേശം ഉള്‍കൊള്ളുന്ന പ്രഥമവും പ്രധാനവുമായ കാര്യം, ആരാധ്യനായ ദൈവം ഏകനായ അല്ലാഹു മാത്രമാണ് എന്നതാണ്. മനുഷ്യര്‍ അതറിയുകയും അത് മുഖേന അവര്‍ താക്കീത് ചെയ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്.

അപ്പോള്‍ സ്രഷ്ടാവില്‍നിന്ന് സൃഷ്ടികള്‍ക്കുള്ള സന്ദേശമാണ് ക്വുര്‍ആന്‍. അതില്‍ പ്രധാനപ്പെട്ടതാകട്ടെ ഏകദൈവാരാധനയെ സംബന്ധിച്ചുള്ള സന്ദേശവും.

ക്വുര്‍ആനിലെ 6ാം അധ്യായം19ാം വചനത്തില്‍ അല്ലാഹു പറയുന്നു:

''(നബിയേ,) ചോദിക്കുക: സാക്ഷ്യത്തില്‍ വെച്ച് ഏറ്റവും വലിയത് ഏതാകുന്നു? പറയുക: അല്ലാഹുവാണ് എനിക്കും നിങ്ങള്‍ക്കും ഇടയില്‍ സാക്ഷി. ഈ ക്വുര്‍ആന്‍ എനിക്ക് ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടുള്ളത്, അത് മുഖേന നിങ്ങള്‍ക്കും അത് (അതിന്റെ സന്ദേശം) ചെന്നെത്തുന്ന എല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാകുന്നു. അല്ലാഹുവോടൊപ്പം വേറെ ദൈവങ്ങളുണ്ടെന്നതിന് യഥാര്‍ഥത്തില്‍ നിങ്ങള്‍ സാക്ഷ്യം വഹിക്കുമോ? പറയുക: ഞാന്‍ സാക്ഷ്യം വഹിക്കുകയില്ല. പറയുക: അവന്‍ ഏകദൈവം മാത്രമാകുന്നു. നിങ്ങള്‍ അവനോട് പങ്കുചേര്‍ക്കുന്നതുമായി എനിക്ക് യാതൊരു ബന്ധവുമില്ല.''

അപ്പോള്‍ ഈ ക്വുര്‍ആന്‍, അത് ആരിലൊക്കെ എത്തിയിട്ടുണ്ടോ അവര്‍ക്കെല്ലാമുള്ള സന്ദേശവും താക്കീതുമാകുന്നു. ആ ഗ്രന്ഥത്തിലെ ഏറ്റവും വലിയ സന്ദേശം ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക എന്നതും അതിലെ ഏറ്റവും വലിയ താക്കീത് അതിനെ അവഗണിക്കുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷയെ സംബന്ധിച്ചുമാകുന്നു.

മനുഷ്യര്‍ ഈ മഹാസത്യം അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!

എന്നാല്‍ മനുഷ്യന്‍ ഉദ്‌ബോധനങ്ങളെ സംബന്ധിച്ച് ഏറെ അശ്രദ്ധനും താക്കീതുകളെ അവഗണിക്കുന്നവനുമാകുന്നു. എല്ലാ വഴികേടില്‍ നിന്നും സ്രഷ്ടാവില്‍ അഭയം.