ജീവിതത്തെ ക്രിയാത്മകമാക്കുക

അബൂഅമീന്‍

2020 ജൂണ്‍ 27 1441 ദുല്‍ക്വഅദ് 06
''എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അധ്വാനിക്കുക. നിന്റെ രക്ഷിതാവിലേക്ക് തന്നെ നിന്റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 94:5-8)

ജീവിതത്തിന്റെ ഏതേത് മേഖലകളില്‍ പ്രഗത്ഭരും പ്രശസ്തരുമായവരുണ്ടോ അവരുടെയൊക്കെ കഴി ഞ്ഞകാല ചരിത്രത്തില്‍ അധ്വാനങ്ങളുടെയും ത്യാഗപരിശ്രമങ്ങളുടെയും വിയര്‍പ്പുതുള്ളികള്‍ കാണാവുന്നതാണ്. അങ്ങനെ അധ്വാനിക്കേണ്ടവിധത്തിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ക്വുര്‍ആന്‍ പറയുന്നു: 'തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു'(90:4).

മനുഷ്യരിലധികപേരും അലസതയുടെ മടിത്തട്ടില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നവരാണ്. ഉദ്യോഗസ്ഥര്‍ മുതല്‍ വിദ്യാര്‍ഥികളിലും കൂലിവേല ചെയ്യുന്നവരിലുമൊക്കെയുമുണ്ട് ഇത്തരം മടിയന്മാര്‍. ഏത് മേഖലയിലും ശരിയായ നിലയില്‍ ക്രിയാത്മാകമായ പ്രവര്‍ത്തനങ്ങളുടെ നാലിലൊന്ന് പോലും നടക്കുന്നില്ല എന്നു പറയുമ്പോള്‍ അലസതയുടെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളു.

ജീവിതത്തിന് കൃത്യമായ ഒരു ലക്ഷ്യവും ദിശാബോധവുമുള്ള വിശ്വാസികളിലും അലസത പരക്കുന്നത് ആശാവഹമല്ല. നന്മയുടെ വക്താക്കള്‍ അലസരായി കോട്ടുവായിടുന്നത് പിശാചിനെയും തിന്മയുടെ വക്താക്കളെയുമായിരിക്കും സന്തോഷിപ്പിക്കുക. അതിനാല്‍ നന്മയുടെ മാര്‍ഗത്തില്‍ ഉന്മേഷവാന്മാരായി പ്രവര്‍ത്തിക്കാന്‍ മാനസികവും ശാരീരികവുമായി തയ്യാറെടുക്കേണ്ടതുണ്ട്.

പലതരത്തിലുള്ള ദുശ്ശീലങ്ങളും നമ്മെ അലസന്മാരാക്കുന്നുണ്ട്. സമയത്തിന്റെ വിലയറിയാത്തവന് ജീവിതത്തിന്റെ മഹത്ത്വമറിയാന്‍ കഴിയില്ല. അവരുടേത് നാല്‍കാലികളുടെ ജീവിതത്തിന് തുല്യമാണ്. ക്വുര്‍ആന്‍ പറയുന്നു:

''സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്) സുഖമനുഭവിക്കുകയും നാല്‍കാലികള്‍ തിന്നുന്നത് പോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ് അവര്‍ക്കുള്ള വാസസ്ഥലം''(47:12).

'സമയം കൊല്ലി'കളായ ഒട്ടനവധി ദുശ്ശീലങ്ങള്‍ക്ക് അടിമകളാണ് നമ്മിലധികപേരും. വിനോദങ്ങളും കളിതമാശകളും സകലസീമകളും ലംഘിച്ച് ജീവിതം തന്നെ അതിന് വേണ്ടി എന്ന അവസ്ഥ വരെ എത്തിയിരിക്കുന്നു!

ജീവിതവീഥിയിലെ പോരാട്ടത്തില്‍ ഇത്തരം അലസന്മാര്‍ക്ക് കാര്യമായൊന്നും നേടിയെടുക്കാനാവില്ല. ജീവിതത്തിലെ പ്രതികൂലസാഹചര്യങ്ങളും അനിഷ്ടകരമായ അനുഭവങ്ങളും അലസതക്ക് കാരണമാകാന്‍ അനുവദിക്കരുത്. അവ അനുകൂലങ്ങളായ നാളെയുടെ ചവിട്ടുപടിയാക്കി മാറ്റാന്‍ നമുക്ക് കഴിയുമ്പോഴാണ് നാം ജീവിതത്തില്‍ വിജയം വരിക്കുക. ചരിത്രത്തില്‍ ഇതിന് നിരവധി ഉദാഹരണങ്ങള്‍ കാണാവുന്നതാണ്.

ഏറ്റവും പ്രധാനങ്ങളായ കാര്യങ്ങള്‍ ആദ്യമാദ്യം ചെയ്യത്തക്കവിധം ഒരു പ്ലാനിംങോടു കൂടി കാര്യങ്ങള്‍ ചെയ്യുകയും 'നാളെയാകട്ടെ' എന്ന മനോഭാവം മാറ്റുകയും വേണം. ചെയ്യേണ്ടത് ചെയ്യാതെ പിന്നേക്ക് മാറ്റിവെക്കല്‍ അലസതയുടെ വിത്താണ്. ഇന്നത്തെ ആരോഗ്യവും സമയവും ശേഷിയുമൊക്കെ നാളെ അനാരോഗ്യവും തിരക്കും ദാരിദ്ര്യവുമൊക്കെയായി വന്നേക്കാമെന്ന ചിന്തയോടെ ഒന്നും തന്നെ പാഴാക്കാതെ ഉപയോഗിക്കുക എന്ന നബി ﷺ യുടെ ഉപദേശത്തിന്റെ സാരാംശം ഉള്‍ക്കൊള്ളുക.

നബി ﷺ  പഠിപ്പിച്ച ഒരു പ്രാര്‍ഥന ഇവിടെ പ്രസക്തമാണ്. ''അല്ലാഹുവേ, അശക്തതയില്‍നിന്നും അലസതയില്‍നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു'' (ബുഖാരി).

ജീവിതത്തിന്റെ ഓരോ നിമിഷവും കണക്ക് ബോധിപ്പിക്കേണ്ട അധ്വാനത്തിന്റെതാണെന്നും അവയുടെ പ്രതിഫലവേദി വരാനിരിക്കുന്നുണ്ടെന്നും മനസ്സിലാക്കി ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുക. സര്‍വശക്തനായ അല്ലാഹു അനുഗ്രഹിക്കട്ടെ.