നല്ലത് പറയുക

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

2020 ഫെബ്രുവരി 08 1441 ജുമാദല്‍ ആഖിറ 09

ഇതര ജീവജാലങ്ങളില്‍നിന്നുള്ള മനുഷ്യന്റെ പ്രധാനപ്പെട്ട ഒരു പ്രത്യേകത അവന്‍ സംസാരിക്കുന്നു എന്നതാണ്. മറ്റു ജീവജാലങ്ങള്‍ക്ക്  ആശയവിനിമയം നടത്താന്‍ അവയുടേതായ മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും മനുഷ്യരെ പോലെ സംസാരിക്കാന്‍ അവയ്ക്ക് സാധ്യമല്ല.

മനുഷ്യരുടെ കൂട്ടത്തില്‍ നല്ലതും ചീത്തയും സംസാരിക്കുന്നവരുണ്ട്. മാനവസമൂഹത്തിനു നന്മ പഠിപ്പിക്കാന്‍ അവതരിപ്പിക്കപ്പെട്ട പരിശുദ്ധ ക്വുര്‍ആന്‍ മനുഷ്യന്‍ എങ്ങനെ സംസാരിക്കണം എന്ന് പഠിപ്പിച്ചു തന്നിട്ടുണ്ട്. വിശുദ്ധ ക്വുര്‍ആനിലെ പതിനേഴാം അധ്യായം സൂറതുല്‍ ഇസ്‌റാഇലെ 53ാം വചനത്തില്‍ അല്ലാഹു പറയുന്നു:

''നീ എന്റെ ദാസന്‍മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യന്ന് പ്രത്യക്ഷ ശത്രുവാകുന്നു.''

ഈ വചനത്തിലൂടെ കടന്നുപോയാല്‍ നമുക്ക് കാണാന്‍ സാധിക്കുന്ന ചില കാര്യങ്ങളുണ്ട്. അവര്‍ നല്ലതു സംസാരിക്കട്ടെ എന്നല്ല അല്ലാഹു പറയുന്നത്. മറിച്ച് ഏറ്റവും നല്ലത് സംസാരിക്കട്ടെ എന്നാണ്. കാരണം നല്ലതല്ലാത്ത വാക്കുകള്‍ കാരണത്താല്‍ പിശാച് അവര്‍ക്കിടയില്‍ കുഴപ്പങ്ങളും പ്രശ്‌നങ്ങളും ഭിന്നതകളും ഉണ്ടാക്കും. പിശാചാകട്ടെ മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണ് താനും. അഥവാ സംസാരം  നല്ലതായിരിക്കണം. സംസാരം മോശമായാലോ? അവിടെ പിശാച് ഇടപെടും!

നാവ് കൊണ്ടുള്ള അക്രമം കാരണത്താല്‍ എത്രയെത്ര മനുഷ്യരാണിന്ന് കണ്ണീരില്‍ കുതിര്‍ന്ന ജീവിതം നയിച്ചുകൊണ്ടിരിക്കുന്നത്! എത്രയെത്ര കുടുംബബന്ധങ്ങളും സാഹോദര്യബന്ധങ്ങളും മുറിക്കപ്പെട്ടു. മാതാപിതാക്കളും മക്കളും തമ്മില്‍, ഭാര്യയും ഭര്‍ത്താവും തമ്മില്‍, സഹോദരങ്ങള്‍ തമ്മില്‍, അയല്‍വാസികള്‍ തമ്മില്‍... അങ്ങനെ ആരെല്ലാം തമ്മില്‍ പിണങ്ങിയും ബന്ധം മുറിച്ചും ജീവിക്കുന്നു!

മോശമായ സംസാരം നടത്തുമ്പോള്‍ അതിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ പിശാച് അവനെ പ്രേരിപ്പിക്കും. അങ്ങനെ മനുഷ്യസമൂഹത്തില്‍ വലിയ പ്രശ്‌നങ്ങള്‍ പിശാച് ഇളക്കിവിടുന്നു. ചിലരുടെ വാക്കുകള്‍ കേട്ട് പലരും ആത്മഹത്യചെയ്യുന്നു. ചിലരുടെ വര്‍ത്തമാനങ്ങള്‍ ചിലരെ കൊലയാളികളാക്കുന്നു. ദിനേനയെന്നോണം വാര്‍ത്താ മാധ്യമങ്ങളിലൂടെ നാം അറിയുന്ന ധാരാളം വാര്‍ത്തകള്‍ നാം നേരത്തെ പറഞ്ഞ യാഥാര്‍ഥ്യങ്ങളെ സത്യപ്പെടുത്തുന്നവയാണ്.

ഈ വചനം വിശദീകരിക്കുന്നിടത്ത് പണ്ഡിതന്മാര്‍ പറഞ്ഞു: 'ജനങ്ങളോട് സംസാരിക്കുമ്പോള്‍ അവരെ ആട്ടിയകറ്റുന്ന വാക്കുകള്‍ നിങ്ങള്‍ ഒഴിവാക്കുക. പകരം ജനങ്ങള്‍ക്കിടയില്‍ പരസ്പരസ്‌നേഹവും ഐക്യവും അടുപ്പവും ഉണ്ടാക്കുന്ന വാക്കുകള്‍ നിങ്ങള്‍ പറയുക.'

ക്വുര്‍ആനിലെ രണ്ടാം അധ്യായം സൂറതുല്‍ബക്വറയിലെ 83ാം വചനത്തില്‍ അല്ലാഹു പറഞ്ഞു: ''...ജനങ്ങളോട് നിങ്ങള്‍ നല്ലവാക്ക് പറയുക...'' ഇതിന്റെ വിശദീകരണത്തില്‍ നമുക്ക് പണ്ഡിതന്മാര്‍ ഇങ്ങനെ എഴുതിയതായി കാണാം: 'ജനങ്ങളോട് നിങ്ങള്‍ നല്ലവാക്കുകള്‍ സംസാരിക്കണം; നന്മകല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ആയിരുന്നാല്‍ പോലും. കടുത്തവാക്കുകളോ വെറുപ്പുളവാക്കുന്ന വാക്കുകളോ നിങ്ങള്‍ ഒരിക്കലും ഉപയോഗിക്കുകയും ചെയ്യരുത്.'

നമ്മുടെ സംസാരം അത് കേള്‍ക്കുന്നവരുടെ മനസ്സില്‍ സന്തോഷം ഉണര്‍ത്തുന്നതായിരിക്കണം. സത്യം തുറന്ന് പറയേണ്ടില്ല എന്ന് ഇതുകൊണ്ട് അര്‍ഥമാക്കരുത്. ആളുകളുടെ സന്തോഷത്തിനായി സത്യം മൂടിവെക്കാനോ കോട്ടിമാറ്റാനോ പാടില്ല. അവരിലെ തെറ്റുകള്‍ തിരുത്തുകയാണെങ്കില്‍ പോലും. ഏറ്റവും നല്ല രൂപത്തിലായിരിക്കണം ഇടപെടല്‍. ജനങ്ങളുടെ മനസ്സില്‍ സന്തോഷവും സമാധാനവും ഉണര്‍ത്തുന്ന വാക്കുകളായിരിക്കണം സംസാരങ്ങളില്‍ ഉണ്ടാകേണ്ടത്. അവരുടെ ദുഃഖവും പ്രയാസങ്ങളും വര്‍ധിക്കുന്നതിന് കാരണമാകുന്ന സംസാരം നാം ഒഴിവാക്കുകയും ചെയ്യുക. ആലോചിക്കുന്ന ജനങ്ങള്‍ക്ക് എത്രയോ മഹത്തരമായ ഉപദേശങ്ങളാണ് അല്ലാഹു നല്‍കുന്നത്. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ ആരെങ്കിലുമുണ്ടോ?!