ശ്രദ്ധിച്ചുകേള്‍ക്കുക

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

2020 ഫെബ്രുവരി 22 1441 ജുമാദല്‍ ആഖിറ 23

വിശുദ്ധ ക്വുര്‍ആനിലെ അന്‍പതാം അധ്യായമായ അല്‍ക്വാഫിലെ 37ാമത്തെ വചനത്തില്‍ അല്ലാഹു പറയുന്നു: ''ഹൃദയമുള്ളവനായിരിക്കുകയോ, മനസ്സാന്നിധ്യത്തോടെ ചെവികൊടുത്ത് കേള്‍ക്കുകയോ ചെയ്തവന്ന് തീര്‍ച്ചയായും അതില്‍ ഒരു ഉല്‍ബോധനമുണ്ട്.''

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളിയ മുന്‍കാല സമുദായങ്ങള്‍ക്ക് ലഭിച്ച ശിക്ഷയെ സംബന്ധിച്ച് ഉണര്‍ത്തിയതിനുശേഷം ഈ വചനത്തിലൂടെ ഗൗരവമേറിയ ചില കാര്യങ്ങളാണ് അല്ലാഹു മനുഷ്യരെ പഠിപ്പിക്കുന്നത്. ഉല്‍ബോധനങ്ങള്‍ ഒരു മനുഷ്യന് സ്വീകരിക്കുവാന്‍ കഴിയുന്നത് പ്രധാനമായും രണ്ടു ഗുണങ്ങള്‍ അവനില്‍ ഉണ്ടാകുമ്പോഴാണ്.

ഒന്നാമതായി 'ഹൃദയമുണ്ടാകണം.' എല്ലാവര്‍ക്കും ഹൃദയമുണ്ടല്ലോ? പിന്നെ ഈ വചനത്തില്‍ ഹൃദയമുള്ളവനായിരിക്കണം എന്നു പറയാനുള്ള കാരണം എന്താണ്? പണ്ഡിതന്മാര്‍ നമുക്കത് വിശദീകരിച്ച് നല്‍കുന്നുണ്ട്.

'ഹൃദയം ഉണ്ടാകണം എന്നാല്‍ ചിന്തിക്കുന്ന ഒരു ഹൃദയമുണ്ടാകണം എന്നാണ് അര്‍ഥം. അത്തരം ആളുകള്‍ക്ക് മാത്രമാണ് ഉല്‍ബോധനങ്ങളും പൂര്‍വികരുടെ ചരിത്രങ്ങളും ഉപകാരപ്പെടുന്നത്. വെറുമൊരു  ഹൃദയമുണ്ടായിട്ടു കാര്യമില്ല എന്നര്‍ഥം.

രണ്ടാമതായി 'ശ്രദ്ധിച്ചുകേള്‍ക്കണം.' നാമൊക്കെയും കേള്‍ക്കുന്നവരാണ്. എങ്കിലും എല്ലാവരുടെയും കേള്‍വി ഒരുപോലെയല്ല. കേള്‍ക്കുന്നതെല്ലാം ഒരു വ്യക്തിക്ക് ഉപകാരപ്പെടണമെന്നില്ല. എന്നാല്‍ മനഃസാന്നിധ്യത്തോടുകൂടി, ഞാന്‍ ആവശ്യക്കാരനാണ് എന്ന ചിന്തയോടുകൂടി കേള്‍ക്കുമ്പോഴാണ് ആ കേള്‍വി ഉപകാരപ്പെടുന്നത്. അഥവാ ഈ വചനം നമ്മോട് പറയുന്നത് കാര്യങ്ങള്‍ മനഃസാന്നിധ്യ ത്തോടുകൂടി ശ്രദ്ധിച്ചുകേള്‍ക്കുക എന്നതാണ്.

എന്നാല്‍ ചിലരെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ''അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് പുതുതായി ഏതൊരു ഉല്‍ബോധനം അവര്‍ക്ക് വന്നെത്തിയാലും കളിയാക്കുന്നവരായിക്കൊണ്ട് മാത്രമെ അവരത് കേള്‍ക്കുകയുള്ളൂ...'' (ക്വുര്‍ആന്‍ 21:2).

ദൈവിക വെളിപാടില്‍നിന്ന് ലഭിക്കുന്ന ഏതൊരു സന്ദേശത്തെയും അശ്രദ്ധമായ മനസ്സോടെ തമാശയായിക്കൊണ്ടാണ് അവര്‍ കേള്‍ക്കുന്നത്. അതുകൊണ്ട്തന്നെ ഇത്തരം കേള്‍വിക്കാര്‍ക്ക് ഉല്‍ബോധനങ്ങള്‍ ഒരിക്കലും ഉപകാരപ്പെടുകയില്ല. മനുഷ്യന് അല്ലാഹു കാതുകളും ഹൃദയവും നല്‍കിയിട്ടുണ്ട്. ആ  ഹൃദയം കൊണ്ട് അവന്‍ ചിന്തിക്കണം. മനുഷ്യന് ചിന്തിക്കാന്‍ കഴിയുന്നതാകട്ടെ ശ്രദ്ധയോടെ കേള്‍ക്കുമ്പോള്‍ മാത്രമാണ്. മനുഷ്യഹൃദയത്തിനു ചിന്തയുടെ വാതില്‍ തുറന്നുകൊടുക്കുന്ന മാധ്യമമാണ് കണ്ണുകളും കാതുകളും. മൂസാനബി(അ)യോട് അല്ലാഹു പറഞ്ഞതുപോലെ; 'നിനക്ക് ബോധനം നല്‍കപ്പെടുന്നത് ശ്രദ്ധിച്ച് കേള്‍ക്കുക.'

അതിനാല്‍ ശരിയായ വിജ്ഞാനങ്ങളിലേക്ക് മനുഷ്യന്റെ ശ്രദ്ധതിരിയേണ്ടതുണ്ട്. ക്വുര്‍ആനിലൂടെയും പ്രവാചകനിലൂടെയും നമുക്ക് ലഭിച്ച വിജ്ഞാനസാഗരത്തിനു മുന്നില്‍ മനഃസാന്നിധ്യത്തോടെ, ശ്രദ്ധയോടെ നമ്മുടെ കണ്ണുകളും കാതുകളും തുറന്നുവെക്കുക. അശ്രദ്ധയും അവഗണനയും തീരാദുഃഖത്തിലേക്ക് മനുഷ്യനെ തള്ളിവിടും. മനുഷ്യരില്‍നിന്നും ജിന്നുകളില്‍നിന്നും വലിയ ഒരു വിഭാഗം നരകത്തില്‍ പോകാനുള്ള കാരണം വിശുദ്ധ ക്വുര്‍ആനിന്‍ പറയുന്നത് കാണുക:

 ''ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍'' (ക്വുര്‍ആന്‍ 7:179).

ശ്രദ്ധിച്ചു കേള്‍ക്കുക, കാര്യം ഗ്രഹിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.