ഇസ്‌ലാമിന്റെ സമഗ്രത

സിറാജുല്‍ðഇസ്‌ലാം ബാലുശ്ശേരി

2020 ഫെബ്രുവരി 01 1441 ജുമാദല്‍ ആഖിറ 02

മതം എന്താണ് എന്നതിനെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും നിലവിലുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. ചില മതങ്ങള്‍ അല്ലെങ്കില്‍ ദര്‍ശനങ്ങള്‍ വിശ്വാസ മേഖലയില്‍ മാത്രം ഒതുങ്ങുകയും സാമൂഹിക, സാംസ്‌കാരിക രംഗത്ത് ഇടപെടേണ്ടതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാതിരിക്കുകയും ചെയ്യുന്നത് നമുക്ക് കാണാന്‍ സാധിക്കും. വേറെ ചില മതങ്ങള്‍ അല്ലെങ്കില്‍ ദര്‍ശനങ്ങള്‍ സാമൂഹികമേഖലയെ മാത്രം പരിഗണിക്കുകയും വിശ്വാസ മേഖലയെ തള്ളുകയും ചെയ്യുന്നു.ഇത് രണ്ടും പരിഗണിക്കുകയും എന്നാല്‍ സ്വഭാവ, സാംസ്‌കാരിക മേഖലയെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുകയും ചെയ്യുന്ന മതങ്ങളും ദര്‍ശനങ്ങളുമുണ്ട്.

എന്നാല്‍ ഇതില്‍നിന്നെല്ലാം വിഭിന്നമായി സമഗ്രവും സമ്പൂര്‍ണവുമായ ഒരു കാഴ്ചപ്പാടാണ് ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്നത്. ഈ വിഷയത്തില്‍ ക്വുര്‍ആന്‍ നല്‍കുന്ന പാഠം എന്താണ് എന്ന് നമുക്ക് പരിശുദ്ധ ക്വുര്‍ആനിലെ 2ാം അധ്യായം 177ാം വചനത്തിലൂടെ മനസ്സിലാക്കാം:

 ''നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കന്നും ചോദിച്ചു വരുന്നവര്‍ക്കും അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ഥന (നമസ്‌കാരം) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍.''

കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖംതിരിക്കുക എന്നതിലല്ല പുണ്യമുള്ളത്. പിന്നെ എന്തിലാണ്?  ഒരു മനുഷ്യന്‍ വിശ്വസിക്കേണ്ട മര്‍മപ്രധാനമായ വിശ്വാസകാര്യങ്ങള്‍ എണ്ണിപ്പറയുന്നു: 'ശരിയായ ദൈവവിശ്വാസം, മരണാനന്തരജീവിതത്തിലുള്ള വിശ്വാസം, വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം, പ്രവാചകന്മാരിലും മലക്കുകളിലുമുള്ള വിശ്വാസം.' പുണ്യമെന്നത് ഈ വിശ്വാസ കാര്യങ്ങളില്‍ മാത്രംഒതുങ്ങുന്നതാണോ? അല്ല! വീണ്ടും അല്ലാഹു പറയുന്നു:

'തങ്ങളുടെ സ്വത്തുക്കള്‍, അതിനോട് ഏറെ ഇഷ്ടം ഉണ്ടായിട്ടും കുടുംബബന്ധം ഉള്ളവര്‍ക്കും അനാഥര്‍ക്കും പാവങ്ങള്‍ക്കും നല്‍കുക. അടിമമോചനത്തിനും ചോദിച്ചുവരുന്നവര്‍ക്കും വഴിപോക്കന്മാര്‍ക്കും നല്‍കുക.' എന്നു പറഞ്ഞാല്‍ അവശതയും പ്രയാസവുമനുഭവിക്കുന്ന, സമൂഹത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ആളുകളെ സാമ്പത്തികമായി സഹായിക്കുക. അവര്‍ക്ക് ഒരുകൈത്താങ്ങായി മാറുക. ഇതും പുണ്യമാണെന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നു.

അതോടൊപ്പം തന്നെ നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുന്നവര്‍ കൂടിയാണ്  പുണ്യവാന്മാര്‍ എന്ന് ക്വുര്‍ആന്‍ പറയുന്നു. നമസ്‌കാരം നിലനിര്‍ത്തുക എന്നത് സ്രഷ്ടാവിനോടുള്ള ബാധ്യതയാണ്. അഞ്ച് നേരവും സ്രഷ്ടാവ് നിര്‍ബന്ധമാക്കിയ ഏറ്റവും മഹനീയമായ ഈ ആരാധന നിര്‍വഹിക്കുക. എന്നാല്‍ സൃഷ്ടികള്‍ സ്രഷ്ടാവിനോടുള്ള ബന്ധം മാത്രം പുലര്‍ത്തിയാല്‍ മതിയോ? പോരാ ഉടനെ തന്നെ അടുത്ത കാര്യം പറഞ്ഞു; സകാത്ത് നല്‍കണം. അത് സമൂഹത്തോടുള്ള ബാധ്യതയാണ്. അപ്പോള്‍ ഒരേസമയം സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധവും സൃഷ്ടിയും തന്റെ കൂടെയുള്ള മറ്റു സൃഷ്ടികളും തമ്മിലുള്ള ബന്ധവും ഊട്ടിയുറപ്പിക്കണം. അതിലാണ് പുണ്യം എന്ന് ഇസ്‌ലാം പഠിപ്പിക്കുകയാണ്. പിന്നീട് സാമൂഹ്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട സുപ്രധാനമായ മറ്റൊരു വിഷയം പറയുന്നു:

'കരാറുകള്‍ പാലിക്കണം.' സത്യസന്ധത എന്നത് പ്രധാനപ്പെട്ടതാണ്. സാമൂഹിക ജീവിതത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളില്‍ പെട്ടതാണ് കരാര്‍പാലനവും സത്യം പറയലും. അവയുടെഅഭാവമാണ് ലോകത്ത്  കാണപ്പെടുന്ന ഒട്ടനവധി പ്രതിസന്ധികള്‍ക്കും പിന്നിലുള്ള കാരണങ്ങളില്‍ ചിലതെന്ന് കാണാനാവും.

കഷ്ടപ്പാടുകള്‍ ഉണ്ടാകുമ്പോള്‍, രോഗങ്ങളും മറ്റു പ്രയാസങ്ങളും ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍, യുദ്ധഘട്ടങ്ങളില്‍ എല്ലാം തന്നെ അങ്ങേയറ്റം ക്ഷമയവലംബിക്കുന്ന ആളുകളും പുണ്യവാന്മാര്‍ തന്നെ. മതത്തെ ഇപ്രകാരം സമഗ്രമായി ഉള്‍ക്കൊണ്ട പുണ്യവാന്മാരെ സംബന്ധിച്ച് അല്ലാഹു പറയുന്നത് അവരാണ് സത്യസന്ധര്‍ എന്നും ധര്‍മനിഷ്ഠയുള്ളവര്‍ എന്നുമാണ്.

മതത്തെ സംബന്ധിച്ചുള്ള സമ്പൂര്‍ണമായ ഒരു കാഴ്ചപ്പാട് ഈ വചനം മുന്നോട്ടുവെക്കുന്നുണ്ട്. കേവലം ചില വിശ്വാസകാര്യങ്ങള്‍ മാത്രമല്ല മതം,  മറിച്ച് അതോടൊപ്പം ആരാധനാകര്‍മങ്ങളും  സമൂഹത്തിന്റെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞുകൊണ്ട് സഹായിക്കലും സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധവും സൃഷ്ടികളും സൃഷ്ടികളും തമ്മിലുള്ള ബന്ധവും ഊട്ടിയുറപ്പിക്കലും കരാര്‍പാലിക്കലും അതോടൊപ്പം പ്രയാസങ്ങളിലും പ്രതിസന്ധികളിലും ക്ഷമയവലംബിക്കലുമെല്ലാം മതത്തിന്റെ കാര്യങ്ങളാണ്. ഈ നന്മകളെല്ലാം ഉള്‍ക്കൊണ്ട് ജീവിക്കുന്നവനാണ് യഥാര്‍ഥ മതവിശ്വാസി എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഈ ഒരു തത്ത്വം നാം ഉള്‍ക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുക.