മതത്തെ തമാശയാക്കുന്നവരോട്

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

2020 ഫെബ്രുവരി 15 1441 ജുമാദല്‍ ആഖിറ 16

ചുറ്റുപാടുകളിലേക്ക് നോക്കിയാല്‍ നമുക്ക് കാണാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. ഒരുപാട് മതങ്ങള്‍, ഒരുപാട് ദര്‍ശനങ്ങള്‍, ഒരുപാട് ദൈവങ്ങള്‍, വിചിത്രങ്ങളായ ദൈവസങ്കല്‍പങ്ങള്‍, വിചിത്രങ്ങളായ ആചാരങ്ങള്‍ എന്നിവയാണവ. ഒരുവേള നാം ചിന്തിക്കുക, പ്രപഞ്ചത്തിന് പിന്നില്‍ ഒറ്റ സത്യമേയുള്ളൂ എങ്കില്‍ ഈയൊരു വൈവിധ്യത്തിന് വല്ല പ്രസക്തിയുമുണ്ടോ? മതം മുന്നോട്ടുവെയ്ക്കുന്ന അടിസ്ഥാനപരമായ ആശയം ശരിയാണെങ്കില്‍ വിചിത്രങ്ങളായ, വ്യത്യസ്തങ്ങളായ, പരസ്പരം ഏറ്റുമുട്ടുന്ന വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടാകുമോ?

മതത്തെ ഗൗരവതരമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ടത് ഇവിടെയാണ്. പലപ്പോഴും അത്തരം ഒരു ചര്‍ച്ചയും മതത്തിന്റെ പേരില്‍ ഉണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പലപ്പോഴും ആളുകള്‍ക്ക് മതം എന്നത് കളിയും തമാശയും മാത്രമാണ്. മതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അല്ലെങ്കില്‍ മതത്തോടുള്ള കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുമ്പോള്‍, മതത്തോടുള്ള മനുഷ്യന്റെ ഗൗരവമില്ലാത്ത ഈയൊരു സമീപനം നമുക്ക് കാണാന്‍ സാധിക്കും. മതങ്ങളെയും മതദര്‍ശനങ്ങളെയും മനുഷ്യന്റെ ചില വൈകാരിക ഭാഗങ്ങളായി തള്ളുകയും ഓരോരുത്തരും തോന്നിയതുപോലെ വിശ്വസിക്കട്ടെ, ആചരിക്കട്ടെ എന്നു പറഞ്ഞുകൊണ്ടുള്ള ഒരു അഴകൊഴമ്പന്‍ സമീപനം ആളുകള്‍ സ്വീകരിക്കുകയും ചെയ്യുന്നത് സര്‍വസാധാരണമായിരിക്കുന്നു. മാത്രമല്ല പലരും ഞങ്ങള്‍ ഇന്ന മതവിശ്വാസത്തിന്റെ ആളുകളാണ് എന്ന് പറയാറുണ്ടെങ്കിലും ആ മതത്തിന്റെ ദര്‍ശനമോ അതിന്റെ വേദഗ്രന്ഥമോ അതിന്റെ ആശയമോ അവരെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്‌നമേ ആകാറില്ല.

ഇവിടെ ഇസ്ലാം മുന്നോട്ട് വെക്കുന്ന ഒരു വലിയ ആശയമുണ്ട്. പരിശുദ്ധ ക്വുര്‍ആന്‍ നമുക്ക് മുന്നില്‍ വെക്കുന്ന വലിയൊരു പാഠമാണത്. മതത്തെ നിങ്ങള്‍ കളിയും തമാശയും ആയി എടുക്കരുത് എന്നതാണത്. ആത്മാവ് സത്യമാണെങ്കില്‍, മതം സത്യമാണെങ്കില്‍, ദൈവം സത്യമാണെങ്കില്‍, ജീവിതം സത്യമാണെങ്കില്‍, മരണാനന്തര ജീവിതം സത്യമാണെങ്കില്‍ നമുക്ക് അതിനെ കളിതമാശയായി കാണുക ഒരിക്കലും സാധ്യമല്ല. താഴെ പറയുന്ന ക്വുര്‍ആനിക വചനം ശ്രദ്ധിക്കുക.

''ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ നിന്ന് നിങ്ങളുടെ മതത്തെ പരിഹാസവും കളിയുമാക്കിത്തീര്‍ത്തവരെയും,(നിഷേധികളായ) അവിശ്വാസികളെയും നിങ്ങള്‍ ബന്ധുമിത്രങ്ങളാക്കി വെക്കരുത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍- നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍'' (ക്വുര്‍ആന്‍ 5:60)

ഇവിടെ ഗൗരവമുള്ള ഒരു ചിന്തയാണ് ക്വുര്‍ആന്‍ മുന്നോട്ട് വെക്കുന്നത്. മതത്തെ കളിയും തമാശയുമായി കരുതാന്‍ പാടില്ല. അത്തരം ആളുകളെ മിത്രങ്ങളാക്കി വെക്കുന്നത് പോലും നല്ലതല്ലെന്നാണ് ക്വുര്‍ആന്‍ വ്യക്തമാക്കുന്നത്. പക്ഷേ, ഇന്നത്തെ കാലഘട്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ ഒരല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കുന്ന കാര്യം മതം എന്നത് പലര്‍ക്കും അവരുടെ രാഷ്ട്രീയമായ താല്‍പര്യങ്ങളെ മുതലെടുക്കാന്‍ വേണ്ടിയുള്ള ഒരു ഉപകരണം മാത്രമാണ് എന്നതാണ്. വേറെ ചില ആളുകള്‍ക്ക് അവരുടെ സാമൂഹികമായ ചില വിഷയങ്ങള്‍ നിലനിര്‍ത്താനാവശ്യമായ മാധ്യമമാണ് മതം. ചില ആളുകള്‍ക്ക് പണം സമ്പാദിക്കാനും ഈ ലോകത്ത് വലിയ ആളുകള്‍ ആയിത്തീരാനും ഈ ലോകത്തിലുള്ള സുഖസൗകര്യങ്ങള്‍ നേടിയടുക്കാനുമുള്ള മറയാണ് മതം. ഇങ്ങനെ മതത്തെ പല താല്‍പര്യങ്ങള്‍ക്കും വേണ്ടി ഉപയോഗപ്പെടുത്തുന്ന ആളുകളെ നമുക്ക് കാണാന്‍ സാധിക്കുന്നു. ചിലയാളുകള്‍ക്ക് മതമെന്നത് അവരുടെ ബൗദ്ധികമായ വ്യായാമത്തിനുള്ള ഉപാധി മാത്രമാണ്. അനാവശ്യമായ ചര്‍ച്ചകളിലൂടെ തങ്ങളുടെ കഴിവും സമര്‍ഥനശേഷിയും തെളിയിക്കാന്‍ വേണ്ടി അവര്‍ മതത്തെ ഉപയോഗപ്പെടുത്തുന്നു.

''തങ്ങളുടെ മതത്തെ കളിയും, വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹിക ജീവിതം വഞ്ചിക്കുകയും ചെയ്തിട്ടുള്ളവരെ നീ (അവരുടെ പാട്ടിനു) വിട്ടേക്കുകയും ചെയ്യുക.'' (ക്വുര്‍ആന്‍ 6:70)

ഐഹിക ജീവിതത്തിന്റെ അലങ്കാരങ്ങളാല്‍ വഞ്ചിക്കപ്പെട്ട ആളുകളാണ് മതത്തെ ഭൗതിക താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തുക. മതവിശ്വാസമെന്നത് കളി തമാശയുടെ ലോകമല്ല. ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെങ്കില്‍ ആ സ്രഷ്ടാവിനെ ആരാധിക്കുക എന്നത് ഒരു തമാശയായി കാണേണ്ട കാര്യമാണോ? മരണാനന്തരം ഒരു ജീവിതമുണ്ടെങ്കില്‍ ആ മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ ഗൗരവമില്ലാത്ത ചില നേരംപോക്കുകളായി നാം കണ്ടാല്‍ മതിയോ? വേദഗ്രന്ഥങ്ങള്‍ സത്യമാണെങ്കില്‍ ആ വേദഗ്രന്ഥത്തിലെ ആശയത്തെ നാം പഠിക്കേണ്ടതില്ലേ? പ്രവാചകന്‍മാര്‍ സത്യമാണെങ്കില്‍ ആ പ്രവാചകന്‍മാരുടെ വാക്കുകള്‍ക്ക് നാം കാതോര്‍ക്കേണ്ടതില്ലേ? പക്ഷേ പലപ്പോഴും ആത്മാവ് നഷ്ടപ്പട്ട, ഗൗരവം നഷ്ടപ്പെട്ട കേവല അന്തിച്ചര്‍ച്ചകളായി മതവിഷയങ്ങള്‍ മാറുമ്പോള്‍ യഥാര്‍ഥത്തില്‍ നഷ്ടം സംഭവിക്കുന്നത് മാനവ സമൂഹത്തിന് തന്നെയാണ് എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.