ക്വുര്‍ആന്‍ പാരായണവും പഠനവും റമദാനിനു ശേഷം?

ശമീര്‍ മദീനി

2020 മെയ് 30 1441 ശവ്വാല്‍ 06
''തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു'' (ക്വുര്‍ആന്‍ 17:9).

ലോകരക്ഷിതാവായ അല്ലാഹു സര്‍വമനുഷ്യര്‍ക്കും മാര്‍ഗദര്‍ശനവും സത്യാസത്യ വിവേചകവുമായി അവതരിപ്പിച്ച അവന്റെ മഹത്തായ ഗ്രന്ഥമത്രെ വിശുദ്ധക്വുര്‍ആന്‍. നാം എങ്ങനെ ജീവിക്കണമെന്നും എന്തായിരിക്കണം നമ്മുടെ ആദര്‍ശവും ലക്ഷ്യവുമെന്നുമൊക്കെ ക്വുര്‍ആന്‍ നമ്മോട് സംസാരിക്കുന്നുണ്ട്. നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന, നമുക്ക് വേണ്ടതൊക്കെയും ഇവിടെ സംവിധാനിച്ച പരമകാരുണികനായ പടച്ചറബ്ബിന്റെ വചനങ്ങള്‍ നമ്മുടെ മുമ്പിലുണ്ടായിട്ട് അതിനെയൊന്ന് അടുത്തറിയാനും മനസ്സിലാക്കുവാനും നാം ശ്രമിച്ചിട്ടുണ്ടോ?

ഇല്ലെങ്കില്‍ നാം ഖേദിക്കേണ്ടിവരുമെന്ന് ക്വുര്‍ആന്‍ തന്നെ നമ്മെ താക്കീത് ചെയ്യുന്നു. പരലോകത്തുവെച്ച് റസൂൽ ﷺ  അത്തരക്കാര്‍ക്കെതിരെ റബ്ബിനോട് സാക്ഷി പറയും. വിശുദ്ധ ക്വുര്‍ആന്‍ ഉണര്‍ത്തുന്നു: ''(അന്ന്) റസൂല്‍ പറയും: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത ഈ ക്വുര്‍ആനിനെ അഗണ്യമാക്കിതള്ളിക്കളഞ്ഞിരിക്കുന്നു'' (25:30).

ക്വുര്‍ആനില്‍ നിന്ന് നാം എത്രകണ്ട് അകലുന്നുവോ അത്രകണ്ട് പിശാചായിരിക്കും നമ്മോട് അടുക്കുക എന്നതോര്‍ക്കുക. അല്ലാഹു പറയുന്നു: ''പരമകാരുണികന്റെ ഉല്‍ബോധനത്തിന്റെ നേര്‍ക്ക് വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏര്‍പെടുത്തിക്കൊടുക്കും. എന്നിട്ട് അവന്‍ (പിശാച്) അവന്ന് കൂട്ടാളിയായിരിക്കും'' (43:36).

മുന്‍ വേദഗ്രന്ഥങ്ങളുടെ വക്താക്കള്‍ അത് പഠിക്കുവാനും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും സന്നദ്ധമാവാതിരുന്നപ്പോള്‍ അല്ലാഹു അതിനിശിതമായി അവരെ വിമര്‍ശിച്ചിട്ടുണ്ട്. 'അത്തരം ഗ്രന്ഥം ചുമക്കുന്ന കഴുതകളെപ്പോലെ' നാമാകാതിരിക്കാന്‍ റബ്ബിന്റെ വചനങ്ങളാകുന്ന ക്വുര്‍ആന്‍ നാം പഠിക്കുക. തീര്‍ച്ചയായും അത് നന്മയിലേക്ക് നമ്മെ വഴിനടത്തും.

സ്രഷ്ടാവിന്റെ കരുണനിറഞ്ഞ സന്ദേശങ്ങളാണ് ക്വുര്‍ആനിലെന്ന് തിരിച്ചറിഞ്ഞ് അതിനെ സമീപിക്കുമ്പോള്‍ തീര്‍ച്ചയായും ക്വുര്‍ആന്‍ നമ്മുടെ വേദനകള്‍ക്ക് ആശ്വാസവും വിഷമതകള്‍ക്ക് സാന്ത്വനവുമാകുമെന്നതില്‍ സംശയമില്ല. ''സത്യവിശ്വാസികള്‍ക്ക് ശമനവൂം കാരുണ്യവുമായിട്ടുുള്ളത് ക്വുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു...'' (17:82).

ക്വുര്‍ആനിന്റെ ചരിത്ര വിവരണവും സന്തോഷവാര്‍ത്തകളും ക്വുര്‍ആന്‍ വരച്ചുകാണിക്കുന്ന ആദര്‍ശവും വിശ്വാസികളുടെ മനംകുളിര്‍പ്പിക്കാതിരിക്കില്ല. ജീവിതത്തിലെ ഏത് പ്രതിസന്ധികളിലും ക്വുര്‍ആന്‍ തികഞ്ഞ ആശ്വാസവും പ്രകാശവുമായി വര്‍ത്തിക്കുെമന്നാണ് അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്.

ക്വുര്‍ആന്‍ പഠിക്കാനായി നാം ചെലവഴിക്കുന്ന യാതൊന്നും നമുക്ക് നഷ്ടമാകില്ലെന്ന് അറിയുക. മരണം വന്നെത്തുന്നതിനുമുമ്പ് നമ്മുടെ രക്ഷാമാര്‍ഗമായി റബ്ബ് അവതരിപ്പിച്ച ക്വുര്‍ആന്‍ പഠിക്കുവാന്‍ നാം തയ്യാറടെക്കുക. നബി ﷺ  പറഞ്ഞു: ''നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ ക്വുര്‍ആന്‍ പഠിക്കുന്നവരും അത് മറ്റുള്ളവരെ പഠിപ്പിക്കുന്നവരുമാകുന്നു'' (ബുഖാരി).

ക്വുര്‍ആന്‍ പാരായണവും പഠനവും റമദാനില്‍ മാത്രം ഒതുക്കാതിരിക്കുക. എന്നും അതിനായി ഒരു നിശ്ചിത സമയം കണ്ടെത്തുക.