മനുഷ്യന്‍ മൃഗമാകുമ്പോള്‍

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

2020 ജനുവരി 18 1441 ജുമാദല്‍ അവ്വല്‍ 23

''ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍'' (ക്വുര്‍ആന്‍ 7:179).

ഈ വചനം എന്ത് ആശയമാണ് നമുക്ക് പകര്‍ന്നുനല്‍കുന്നതെന്ന് പരിശോധിക്കാം. മനുഷ്യന് ഒരുപാട് പ്രത്യേകതകളുണ്ട്. മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത ചിന്താശേഷിയാണ്. നാം കാണുന്നു. ഇതര ജീവജാലങ്ങളും കാണുന്നു. പക്ഷേ, മറ്റുജീവികള്‍ കാണുന്നതുപോലെയല്ല നാം കാണുന്നത്. നമ്മുടെ കാഴ്ചക്ക് പ്രത്യേകതയുണ്ട്. കാരണം നാം കണ്ടതിനെ കുറിച്ച് നാം ചിന്തിക്കുന്നു. നാം കേള്‍ക്കുന്നു. മറ്റു ജീവികളും കേള്‍ക്കുന്നു. പക്ഷേ, നമ്മുടെ കേള്‍വിക്ക് പ്രത്യേകതയുണ്ട്. കാരണം നാം കേട്ട കാര്യങ്ങളെ കുറിച്ച് നാം ചിന്തിക്കുന്നു. നമുക്ക് ഒരു ഹൃദയമുണ്ട്. ആ ഹൃദയം കൊണ്ട് കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെ അപഗ്രഥിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മനുഷ്യന്‍ ഇതര ജീവജാലങ്ങളില്‍നിന്നും വ്യത്യസ്തനായി നിലകൊള്ളുന്നു.

എന്നാല്‍ പലപ്പോഴും മനുഷ്യന്‍ മൃഗങ്ങളെക്കാള്‍ മോശമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമുക്ക് കാണുവാന്‍ സാധിക്കും. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നതിനുള്ള വിശദീകരണമാണ് ഉപരിസൂചിത ക്വുര്‍ആന്‍ വചനം. മനുഷ്യരിലും ജിന്നുകളിലും പെട്ട വലിയൊരു വിഭാഗം  നരകത്തില്‍ പ്രവേശിക്കപ്പെടാനുള്ള കാരണമായി പറഞ്ഞതിലേക്ക് ഒന്ന് കണ്ണോടിക്കുക.

കാണേണ്ടത് കാണാനും കേള്‍ക്കേണ്ടത് കേള്‍ക്കാനും ചിന്തിക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കാനും തയ്യാറാകാത്തവരാണവര്‍. അതുകൊണ്ട്തന്നെ അവരെ ഉപമിക്കാവുന്നത് കന്നുകാലികളോടാണ്.  പലപ്പോഴും അവര്‍ കന്നുകാലികളെക്കാള്‍ മോശമായി മാറുന്നു. എന്താണ് കാരണം? കന്നുകാലികള്‍ക്ക് ചിന്തിക്കുവാനും ആലോചിക്കുവാനും ഉള്ള കഴിവ് നല്‍കപ്പെട്ടിട്ടില്ല. എന്നാല്‍ മനുഷ്യന്‍ ഈ കഴിവുകളെല്ലാം നല്‍കപ്പെട്ടിട്ടും യഥാര്‍ഥത്തില്‍ ഇതൊന്നും വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ല.

കാതുകള്‍കൊണ്ട് കേള്‍ക്കേണ്ടത് കേള്‍ക്കാതെയും കണ്ണുകള്‍കൊണ്ട് കാണേണ്ടത് കാണാതെയുമാണ് അവര്‍ ജീവിക്കുന്നത്. ചിന്തിക്കേണ്ടതല്ല അവര്‍ ചിന്തിക്കുന്നതും. അതുകൊണ്ട്തന്നെ അവര്‍ നരകാവകാശികളായിത്തീരുന്നു എന്നാണ് ഈ വചനത്തിലൂടെ അല്ലാഹു പറയുന്ന്.

 മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുന്നത് അവന്റെ ചിന്താശേഷിയാണ്. അവന്റെ കണ്ണുകളെയും കാതുകളെയും ശരിയായ രൂപത്തില്‍ അവന്‍ ഉപയോഗപ്പെടുത്തണം. അവന്റെ ചുറ്റിലും കാണുന്ന മഹാപ്രതിഭാസങ്ങളെ കുറിച്ച് അവന്‍ ചിന്തിക്കേണ്ടതുണ്ട്. ദൈവിക വചനങ്ങളും പ്രവാചക സന്ദേശങ്ങളും കേള്‍ക്കുമ്പോള്‍ അവന്‍ ചിന്തിക്കേണ്ടതുണ്ട്. എന്നാല്‍ സത്യത്തെ കണ്ടെത്താനോ സത്യത്തെ കുറിച്ച്  കേള്‍ക്കാനോ തയ്യാറാകാതെ കന്നുകാലികളെപ്പോലെ ജീവിക്കുന്ന അവസ്ഥ മുനുഷ്യന് ഒരിക്കലും ഉണ്ടായിക്കൂടാ.

നേരം വെളുക്കുന്നു; വൈകുന്നേരമാകുന്നു. ഭക്ഷണം കഴിക്കുന്നു, വസ്ത്രം ധരിക്കുന്നു, സുഖസൗകര്യങ്ങള്‍ ആസ്വദിക്കുന്നു... ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനപ്പുറം ജീവിതത്തെ സംബന്ധിച്ച് ഗൗരവപ്പെട്ട ഒരു ചിന്തയേ പലര്‍ക്കുമില്ല.

എണ്ണമറ്റ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും സൃഷ്ടിച്ച് സംവിധാനിച്ചവന്‍ ആരാണ്? പൂക്കള്‍,  പൂമ്പാറ്റകള്‍, നദികള്‍, അരുവികള്‍, സമുദ്രങ്ങള്‍, കാടുകള്‍, മരുഭൂമികള്‍... എണ്ണമറ്റ സൃഷ്ടിജാലങ്ങളെ ആരാണ് ഈ ഭൂമിയില്‍ സംവിധാനിച്ചത്? സൃഷ്ടിപ്രപഞ്ചത്തെ മുഴുവന്‍ ജോഡികളായി സൃഷ്ടിച്ചവന്‍ ആരാണ്? നിസ്സാരമായ ഒരു ബീജകണികയെ മനോഹരമായ ഒരു മനുഷ്യരൂപമാക്കി മാറ്റുന്നവന്‍ ആരാണ്? വേദഗ്രന്ഥങ്ങള്‍ സത്യസന്ധമാണോ? പ്രവാചകന്മാര്‍ പറഞ്ഞതെല്ലാം സത്യമായിരുന്നോ? മരണശേഷം എന്ത് സംഭവിക്കുന്നു? സ്വര്‍ഗവും നരകവും യാഥാര്‍ഥ്യമാണോ? എന്താണ് ആത്മാവ്? എന്താണ് ജീവന്‍? ആരാണ് ജീവന്‍ നല്‍കുന്നത്? എന്തുകൊണ്ട് മരണം സംഭവിക്കുന്നു? ആരാണ് നമ്മെ മരിപ്പിക്കുന്നത്? ആരാണ് നമ്മോട് ചോദിക്കാതെ നമ്മെ സൃഷ്ടിച്ചത്? ആരാണ് നമ്മോട് ചോദിക്കാതെ നമ്മെ മരിപ്പിക്കുന്നത്? മഴവര്‍ഷിപ്പിക്കുന്നതും സസ്യലതാദികള്‍ മുളപ്പിക്കുന്നതും സൂര്യനെയും ചന്ദ്രനെയും നിയന്ത്രിക്കുന്നതും ആരാണ്? ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത ചോദ്യങ്ങള്‍ മനുഷ്യനു ചോദിക്കാനുണ്ട് . എന്നാല്‍ അത്തരം ചോദ്യങ്ങള്‍ ചോദിക്കുവാന്‍ അവന്‍ തയ്യാറാകുന്നില്ല. കന്നുകാലികളെപ്പോലെ തിന്നും കുടിച്ചും രമിച്ചും ജീവിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ അനന്തരഫലം എന്താണ്; നരകമല്ലാതെ?

മരണാനന്തര ജീവിതത്തില്‍ സത്യനിഷേധികളുടെ വിലാപം ക്വുര്‍ആന്‍ നമ്മുടെ മുന്നില്‍ വരച്ച് കാണിക്കുന്നുണ്ട്:

''അവര്‍ പറഞ്ഞു: ഞങ്ങള്‍ കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ഒരിക്കലും നരകാവകാശികളില്‍ ഉള്‍പ്പെടുമായിരുന്നില്ല'' (67:10).

അതുകൊണ്ട് അല്ലാഹു നമുക്ക് നല്‍കിയ കണ്ണിനെയും കാതിനെയും ചിന്താശേഷിയെയും യഥാവിധി ഉപയോഗപ്പെടുത്തി മനുഷ്യനായി ജീവിച്ച് വിജയംവരിക്കണം എന്ന ക്വുര്‍ആനിന്റെ ആഹ്വാനം നാം സ്വീകരിക്കുക.