മഴ: അനുഗ്രഹവും ദൃഷ്ടാന്തവും

അബൂഅമീന്‍

2020 ജൂലൈ 04 1441 ദുല്‍ക്വഅദ് 13
''ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിന്‍ നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദി കാണിക്കാത്തതെന്താണ്?'' (ക്വുര്‍ആന്‍ 56:68-70)

വെള്ളം ജീവന്റെ അടിസ്ഥാന ഘടകമാണ്. വെള്ളത്തിന്റെ അഭാവത്തില്‍ സസ്യലതാദികള്‍ക്കോ ജന്തുജാലങ്ങള്‍ക്കോ നിലനില്‍പുണ്ടാവില്ല. നമ്മുടെ ഈ അടിസ്ഥാനാവശ്യത്തിന്റെ കാര്യമായ സ്രോതസ്സ് മഴയാണുതാനും. അതിനാല്‍ മഴയുടെ അഭാവത്തില്‍ വരള്‍ച്ചയുണ്ടാവുകയും അതോടനുബന്ധിച്ച് സസ്യലതാദികളും ജന്തുജാലങ്ങളും നശിക്കുകയും ചെയ്യുന്നു. കുടിക്കാനും കുളിക്കാനും മറ്റുമായി യഥേഷ്ടം നാം വെള്ളമുപയോഗിക്കുന്നു. എന്നാല്‍ ഈ തെളിനീര്‍ നമുക്ക് ആര് നല്‍കുന്നുവെന്ന് നമ്മില്‍ പലരും ചിന്തിക്കാറില്ല.

രണ്ടു ഹൈഡ്രജന്‍ തന്മാത്രകളും ഒരു ഓക്‌സിജന്‍ തന്മാത്രയും കൂടിച്ചേര്‍ന്നതാണ് വെള്ളമെന്ന് ശാസ്ത്രം വിശദീകരിക്കുമ്പോള്‍ ഒരിക്കലും ആ മഹാഅനുഗ്രഹത്തിന്റെ പിന്നിലുള്ള സംവിധായകനെ നിഷേധിക്കാനല്ല ബുദ്ധിയും വിനയവുമുള്ള വിശ്വാസികള്‍ തയാറാവുക. മറിച്ച് ആ അനുഗ്രഹദാതാവിന്റെ മുന്നില്‍ നമ്രശിരസ്‌കരാവുകയാണ് അവര്‍ ചെയ്യുക. കാരണം സ്വയം കത്തുന്നതും മറ്റൊന്നിനെ കത്താന്‍ സഹായിക്കുന്നതുമായ രണ്ട് മൂലകങ്ങള്‍ ചേര്‍ന്നിട്ട് അത്യുന്നമായ ഒരു ഇന്ധനമല്ല ഉണ്ടായത്. മറിച്ച് തീ കെടുത്താന്‍ പറ്റുന്ന എതിര്‍ സ്വഭാവമുള്ള മറ്റൊന്ന്! അത് ആര് സംവിധാനിച്ചു? കേവല യാദൃച്ഛികതയോ? ഇതേയളവില്‍ ആ തന്മാത്രകളെ സമന്വയിപ്പിച്ചത് പ്രകൃതിയുടെ അന്ധമായ ഏതോ പ്രവര്‍ത്തനമാണോ? അതല്ല സര്‍വശക്തനും പരമകാരുണികനും യുക്തിജ്ഞനുമായ അല്ലാഹുവിന്റെ സംവിധാനമോ? ഏതിനെയാണ് ശരിയായ ബുദ്ധിയും യുക്തിയും ചിന്തയും അനുകൂലിക്കുന്നത്?

കരയെക്കാള്‍ മൂന്നിരട്ടിയോളം വരുന്ന കടലില്‍ ഉപ്പുവെള്ളമാണെന്ന് നമുക്കറിയാം. പക്ഷേ, ആ വെള്ളം നീരാവിയായി മേല്‍പോട്ടുപോയി ഘനീഭവിച്ച് മഴത്തുള്ളികളായി തിരിച്ചുവരുമ്പോള്‍ അരുചികളൊന്നു മില്ലാത്ത ശുദ്ധമായ വെള്ളം! നാം അത് യഥേഷ്ടം ഉപയോഗിക്കുമ്പോഴും അതിന്റെ പിന്നിലെ അനുഗ്രഹദാതാവിനെക്കുറിച്ചോര്‍ക്കുവാനോ, അവനെ അറിയുവാനോ ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ടോ എന്നതാണ് ക്വുര്‍ആനിന്റെ ചോദ്യം.

തുള്ളികളായി മഴ പെയ്യുമ്പോള്‍ നമുക്കതൊരാശ്വാസമാണ്. എന്നാല്‍ ശക്തമായ ഐസ് കട്ടകളായിട്ടാണ് അത് ഭൂമിയിലേക്ക് പതിക്കുന്നതെങ്കില്‍ അത് ദുരിതമാണ് വരുത്തുക. അന്തരീക്ഷത്തിലെ താപനിലയെ നിയന്ത്രിച്ചുകൊണ്ട് ഒരു 'എയര്‍കൂളര്‍' പോലെ മഴത്തുള്ളികള്‍ പെയ്തിറങ്ങുമ്പോഴും അതിനു പിന്നിലെ അനുഗ്രഹദാതാവായ അല്ലാഹുവിനെ വിസ്മരിച്ചുകൊണ്ട് കേവല യാദൃച്ഛികതയ്ക്ക് സര്‍വവിധ 'ക്രെഡിറ്റും' നല്‍കുന്നത് ബുദ്ധിയും യുക്തിയും അംഗീകരിക്കുന്നതാണോ?

വെള്ളവും മഴയും അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ മഴയില്ലാതെ വിഷമിച്ചപ്പോഴും മഴയുടെ ആധിക്യംകൊണ്ട് പ്രയാസപ്പെട്ടപ്പോഴും മുഹമ്മദ് നബി ﷺ യും അവിടുത്തെ അനുചരന്മാരും പരിഹാരത്തിനായി സര്‍വശക്തനായ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയാണ് ചെയ്തത്.  

ആ അനുഗ്രഹദാതാവിനോടുള്ള നന്ദിയുടെ ഭാഗമാണ് അവനെ മാത്രം ആരാധിക്കുകയെന്നത്. വെള്ളത്തിന് ബുദ്ധിമുട്ടുന്നവര്‍ക്ക് അത് നല്‍കി സഹായിക്കുക എന്നതും അത് ദുരുപയോഗം ചെയ്യാന്‍ പാടില്ല എന്നതും അതിന്റെ ധാര്‍മികവശം തന്നെയാണ്.