അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ?

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

2020 മാര്‍ച്ച് 14 1441 റജബ് 19

രാത്രിയില്‍ നിന്നുകൊണ്ടും സുജൂദില്‍ വീണുകൊണ്ടും വിനയാന്വിതനായി അല്ലാഹുവിന്റെ മുമ്പില്‍ നമസ്‌കരിക്കുന്ന ഒരാള്‍. അയാള്‍ പരലോകത്തെ ഭയപ്പെടുന്നു. അതിനെക്കുറിച്ച് അയാള്‍ ജാഗ്രതയിലാണ്. അത്യുദാരനായ നാഥന്റെ കാരുണ്യത്തെ അയാള്‍ പ്രതീക്ഷിക്കുകയുമാണ്. ഇങ്ങനെയുള്ള ഒരു അടിമയെ സംബന്ധിച്ച് പറഞ്ഞതിനുശേഷം അല്ലാഹു ചോദിക്കുന്ന സുപ്രധാനമായ ഒരു ചോദ്യം ക്വുര്‍ആനില്‍ നമുക്കിങ്ങനെ വായിക്കാം:

''...പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്മാര്‍ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ'' (ക്വുര്‍ആന്‍ 39:9).

വളരെ അര്‍ഥവത്തായ ഒരു ചോദ്യമാണിത്. അറിവുള്ളവനും അറിവില്ലാത്തവനും സമമാവുകയില്ല എന്നതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാകുമെന്ന് തോന്നുന്നില്ല. അതിനുശേഷം അല്ലാഹു പറയുന്നു: 'ബുദ്ധിമാന്മാര്‍ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ.'

അതെ, തന്റെ ബുദ്ധിശക്തിയെ ഉപയോഗിക്കുന്നവന്‍ മാത്രമാണ് ശരിയായ അറിവ് നേടി മുന്നോട്ടു പോകുന്നത്. മനുഷ്യബുദ്ധിയുടെ അടയാളം അറിവ് നേടുക എന്നതാണ്. അറിവ് നേടാന്‍ താല്‍പര്യം കാണിക്കാത്തവന്‍ തന്റെ ബുദ്ധിശക്തിയെ ശരിയായ രൂപത്തില്‍ ഉപയോഗപ്പെടുത്താത്തവനാണ്. അതുകൊണ്ട് തന്നെ പരിശുദ്ധ ക്വുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ മനുഷ്യനോട് അവന്റെ ബുദ്ധിയെ ഉപയോഗപ്പെടുത്തുവാന്‍ പറയുന്നത് നമുക്ക് കാണുവാന്‍ സാധിക്കും.

അറിവുള്ളവരും അറിവില്ലാത്തവരും ഒരുപോലെയാണോ എന്ന ചോദ്യം നമ്മുടെ മനസ്സുകളിലേക്ക് ആണ്ടിറങ്ങണം. അറിവുള്ളവന്‍ ഏറെ മഹത്ത്വം ഉള്ളവനാണ്. യഥാര്‍ഥത്തില്‍ മനുഷ്യന്റെ ശരിയായ ധര്‍മം നിര്‍വഹിക്കുന്നത് അറിവുള്ളവര്‍ മാത്രമാണ്. 'നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ, നിങ്ങള്‍ പഠിക്കുന്നില്ലേ, നിങ്ങള്‍ ആലോചിക്കുന്നില്ലേ' എന്നിങ്ങനെ ആവര്‍ത്തിച്ച് കൊണ്ടുള്ള ചോദ്യം അറിവിന് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.

ആരാധനക്കര്‍ഹന്‍  അല്ലാഹു അല്ലാതെ മറ്റാരും ഇല്ല എന്ന സന്ദേശം പോലും കേവലം നാവുകൊണ്ട് ഉച്ചരിക്കേണ്ടതല്ല, പഠിച്ച് അര്‍ഥം മനസ്സിലാക്കി പറയേണ്ടതാണ് എന്നാണ് ക്വുര്‍ആന്‍ നല്‍കുന്ന പാഠം(47:19). ഏതു കാര്യവും നാം പഠിച്ചു പറയുമ്പോഴാണ് അത് അര്‍ഥവത്തായിത്തീരുന്നത്. ഏതൊരു കര്‍മവും അറിവിന്റെ പിന്‍ബലത്തോടുകൂടി ചെയ്യുമ്പോഴാണ് അതിനു മൂല്യമുണ്ടാവുന്നതും. ഇമാം ബുഖാരി(റഹി) അദ്ദേഹത്തിന്റെ ഹദീഥ് ഗ്രന്ഥത്തില്‍ ഒരു അധ്യായത്തിന് നല്‍കിയ പേര് പോലും ശ്രദ്ധേയമാണ്. 'ഏതൊരു കാര്യവും പറയുന്നതിനും പ്രവര്‍ത്തിക്കുന്നതിനും മുമ്പ് അറിവ് നേടുന്നതിന്റെ പ്രാധാന്യം വിശദീകരിക്കുന്ന അധ്യായം' എന്നാണത്.

ജീവിതത്തില്‍ പരാജയപ്പെട്ടുപോയ ആളുകളെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് ക്വുര്‍ആന്‍ പറയുന്നത് അവരുടെ പരാജയത്തിന് കാരണം അവര്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യാതിരുന്നു എന്നതാണ്.

പ്രവാചകന്‍ ﷺ  പറഞ്ഞു: 'അറിവ് അന്വേഷിച്ചുകൊണ്ട് ആരെങ്കിലും ഒരു വഴിയില്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ അവന്റെ ആ വഴിയെ അല്ലാഹു സ്വര്‍ഗത്തിലേക്ക് എളുപ്പമാക്കികൊടുക്കും.' സ്വര്‍ഗാവകാശിയാകുവാന്‍,ജീവിതത്തില്‍ വിജയം നേടാന്‍ അറിവ് തേടുകതന്ന വേണം. അത് താനെ കൈവരില്ല. സര്‍വശക്തനായ അല്ലാഹു നല്‍കിയ കണ്ണും കാതും ബുദ്ധിശക്തിയും ഉപയോഗിച്ച് ശരിയായ അറിവ് നേടിയെടുക്കുക.