സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

2020 ഏപ്രില്‍ 25 1441 റമദാന്‍ 02

പരിശുദ്ധ ക്വുര്‍ആനില്‍ പലയിടങ്ങളില്‍ ആവര്‍ത്തിച്ചിട്ടുള്ള വചനമാണ് 'സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ' എന്നത്. അഥവാ സത്യവിശ്വാസത്തിന്റെ അനിവാര്യതകളില്‍ പെട്ടതാണ് അല്ലാഹുവില്‍ ഭരമേല്‍പിക്കുക എന്നത്. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് സംവിധാനിച്ചവന്‍ സര്‍വശക്തനാണെന്നും അവന്റെ തീരുമാനങ്ങള്‍ മാത്രമാണ് അത്യന്തികമായി പ്രപഞ്ചത്തില്‍ നടപ്പില്‍ വരികയെന്നും അതേസമയം അവന്‍ അവന്റെ തീരുമാനങ്ങളില്‍ യുക്തിദീക്ഷയുള്ളവനാണെന്നും അണുവിടപോലും അവന്‍ സൃഷ്ടികളോട് അനീതി കാണിക്കുകയില്ല എന്നുമുള്ള വിശ്വാസം സത്യവിശ്വാസത്തിന്റെ അവിഭാജ്യഘടകങ്ങളില്‍ പെട്ടതത്രെ. ഇങ്ങനെ അടിയുറച്ച് വിശ്വസിക്കുന്ന ഒരു വ്യക്തി തന്റെ ശരീരത്തിലോ തനിക്ക് ചുറ്റുമോ അല്ലാഹുവിന്റെ തീരുമാനപ്രകാരം നടക്കുന്ന ഏതൊരു കാര്യം കാണുമ്പോഴും അത് നന്മയാകട്ടെ, അല്ലെങ്കില്‍ തിന്മയാവട്ടെ തികഞ്ഞ ഉള്‍ക്കാഴ്ചയോടെ അതിനെ സമീപിക്കുകയും എന്റെ നാഥന്‍ കാരുണ്യവാനാണെന്നും ഇവിടെ സംഭവിക്കുന്ന ഏതൊരു കാര്യവും കൃത്യമായി ലക്ഷ്യത്തോട് കൂടിയാണ് സംഭവിക്കുന്നത് എന്നും അവന്‍ തിരിച്ചറിയുകയും ചെയ്യും.

ആ ഒരു ചിന്ത അവനെ സമാധാനമുള്ളവനാക്കുകയും നന്മയില്‍ നന്ദികാണുക്കുവാനും തിന്മയില്‍ ക്ഷമയവലംബിക്കുവാനും അവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു: ''പറയുക അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാത്ത ഒന്നും ഞങ്ങളെ ബാധിക്കുകയില്ല. അവനാകുന്നു ഞങ്ങളുടെ രക്ഷാധികാരി. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രമാവട്ടെ ഭരമേല്‍പിക്കുന്നത്'' (ക്വുര്‍ആന്‍ 9:51).

അതെ, അല്ലാഹു വിധിച്ചതല്ലാത്ത ഒന്നും തങ്ങളെ ബാധിക്കുന്നില്ലെന്ന് അറിയുന്ന വിശ്വാസി ഏത് പരീക്ഷണങ്ങളെയും സമചിത്തതയോടെയാണ് കൈകാര്യം ചെയ്യുക. മഹാനായ ഉബാദത് ഇബ്‌നു സ്വാമിത്ത്(റ) തന്റെ മകനോട് പറഞ്ഞ വാചകം ശ്രദ്ധേയമാണ്: ''പൊന്നു മകനേ, ശരിയായ ഈമാനിന്റെ മധുരം നിനക്ക് ആശ്വദിക്കാന്‍ കഴിയില്ല; നിന്നെ ബാധിച്ചതൊന്നും നിന്നെ വിട്ടുപോകേണ്ടതല്ലായിരുന്നു എന്നും നിന്നെ ബാധിക്കാതെ പോയതൊന്നും നിന്നെ ബാധിക്കുകയില്ലായിരുന്നൂ എന്നും നീ വിശ്വസിക്കും വരെ'' (അബൂദാവൂദ്).

'അല്ലാഹുവേ, എന്നില്‍ നടക്കുന്നതെല്ലാം നിന്റെ വിധിയാണ്... നിന്റെ വിധിയില്‍ നീ നീതിമാനുമാണ്' (അഹ്മദ്) എന്ന് പറയാനാണ് നമ്മുടെ പ്രവാചകന്‍ ﷺ  നമ്മെ പഠിപ്പിച്ചിട്ടുള്ളത്.

മരണം സുനിശ്ചിതമാണ്. സത്യവിശ്വാസികള്‍ക്കാകട്ടെ മരണം അല്ലാഹുവിനെ കണ്ടുമുട്ടാനുള്ള അവസരവും. അത് കൊണ്ട് നിര്‍ഭയരായിരിക്കുക അല്ലാഹു കുടെയുണ്ട്.