ഒരേ മാതാപിതാക്കളില്‍നിന്നും ഉണ്ടായവര്‍ നാം

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

2020 ജനുവരി 04 1441 ജുമാദല്‍ അവ്വല്‍ 09

മാനവചരിത്രം പരിശോധിച്ചു നോക്കിയാല്‍ മനുഷ്യര്‍ തമ്മില്‍ വലിയ യുദ്ധങ്ങളും സംഘട്ടനങ്ങളും നടന്നതായും ഒട്ടനവധി പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ടതായും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

എന്തിന്റെ പേരിലാണ് ഇതെല്ലാം യഥാര്‍ഥത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് പരിശോധിക്കുമ്പോള്‍, ചരിത്രത്തെ വസ്തുനിഷ്ഠമായി പഠനവിധേയമാക്കിയാല്‍ നമുക്ക് കാണാന്‍ സാധിക്കുന്ന ഒരു വസ്തുതുതയുണ്ട്; അതെല്ലാം, അല്ലെങ്കില്‍ അവയില്‍ ഭൂരിഭാഗവും രാജ്യത്തിന്റെ പേരില്‍, അല്ലെങ്കില്‍ നിറത്തിന്റെ, സൗന്ദര്യത്തിന്റെ, ഭാഷയുടെ, തറവാടിന്റെയൊക്കെ പേരില്‍ ഉണ്ടായിട്ടുള്ളതാണ് എന്ന്. മനുഷ്യര്‍ വ്യത്യസ്തങ്ങളായ കാരണങ്ങളുടെ പേരില്‍ തമ്മില്‍ തല്ലുന്ന, കലഹിക്കുന്ന, വിവേചനം കാണിക്കുന്ന, വെറുപ്പും വിദ്വേഷവും കാണിക്കുന്ന അവസ്ഥ ഇന്നും നാം കാണുന്നു.

അവയുടെയെല്ലാം പേരില്‍ അതിക്രമങ്ങളും കൊലപാതകങ്ങളും യുദ്ധങ്ങളും വരെ നടന്ന സാഹചര്യം മനുഷ്യചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് മനുഷ്യര്‍ ഇങ്ങനെ രാജ്യത്തിന്റെയും ഭാഷയുടേയും നിറത്തിന്റെയും ഗോത്രത്തിന്റെയുമൊക്കെ പേരില്‍ തമ്മില്‍ കലഹിക്കുന്നത്?

പ്രധാനപ്പെട്ട കാരണം മനുഷ്യജീവിതത്തെ സംബന്ധിച്ചും മനുഷ്യനെ സംബന്ധിച്ചുമുളള അറിവില്ലായ്മയാണ് എന്ന് പറയാം. ഇതിന് പരിഹാരമുണ്ടാക്കാന്‍ കഴിയില്ലേ?

വിശുദ്ധ ക്വുര്‍ആനിന്റെ ഈ വചനത്തില്‍ ഇതിനുള്ള പരിഹാരം കാണാം: ''ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു'' (ക്വുര്‍ആന്‍ 49:13).

വ്യത്യസ്ത രാജ്യങ്ങള്‍, തറവാടുകള്‍, ഗോത്രങ്ങള്‍, ഭാഷകള്‍... ഇതെല്ലാം എന്തിനാണ്? തമ്മില്‍ തല്ലാന്‍ വേണ്ടിയാണോ? അല്ല, ഒരിക്കലുമല്ല! പിന്നെയോ? പരസ്പരം തിരിച്ചറിയാന്‍വേണ്ടി മാത്രം. അതിനു വേണ്ടിയാണ് സ്രഷ്ടാവ് അങ്ങനെ ചെയ്തിട്ടുള്ളത്. മാന്യത അവകാശപ്പെടാന്‍ അര്‍ഹതയുള്ളത് സ്രഷ്ടാവിനെ ഭയപ്പെട്ടു ജീവിക്കുന്നവര്‍ക്ക്  മാത്രമാണ്.

ധാര്‍മിക ജീവിതം നയിക്കുന്നവനാരാണോ അവനാണ് ശ്രേഷ്ഠതയുള്ളത്. അല്ലാതെ രാജ്യത്തിന്റെയോ ഭാഷയുടെയോ തറവാടിന്റെയോ നിറത്തിന്റെയോ മഹിമ പറഞ്ഞുകൊണ്ട് അതിന്റെ പേരില്‍ പരസ്പരം തമ്മില്‍ തല്ലുന്നതില്‍ യാതൊരു  അര്‍ഥവുമില്ല എന്നാണ് ഈ ക്വുര്‍ആന്‍ വചനം നമ്മെ പഠിപ്പിക്കുന്നത്.

ഇസ്‌ലാം മുന്നോട്ടു വെക്കുന്ന അതിമഹത്തായ ആശയങ്ങളില്‍ ഒന്നാണ് ലോകത്തിലെ സകല മനുഷ്യരും ഒരേ മാതാപിതാക്കളുടെ മക്കളാണ് എന്നത്. ഹൈന്ദവര്‍ക്കും ക്രൈസ്തവര്‍ക്കും  മുസ്‌ലിംകള്‍ക്കും വേറെ വേറെ മാതാപിതാക്കള്‍ എന്ന ചിന്ത ഇസ്‌ലാമിന്റെതല്ല. എല്ലാ രാജ്യക്കാരുടെയും എല്ലാ നിറക്കാരുടെയും എല്ലാ തറവാട്ടുകാരുടെയും മാതാവും പിതാവും ഒന്നാണ്; ആദമും ഹവ്വയും. എല്ലാവരും ആ അര്‍ഥത്തില്‍ സഹോദരങ്ങളുമാണ്. അതുകൊണ്ട് ഭാഷയുടെ പേരിലോ നിറത്തിന്റെ പേരിലോ പരസ്പരം അഹങ്കരിക്കുന്നതിലോ അഭിമാനിക്കുന്നതിലോ കലഹിക്കുന്നതിലോ യാതൊരു അര്‍ഥവുമില്ല. മഹത്ത്വം യഥാര്‍ഥത്തില്‍ പരിഗണിക്കപ്പെടുന്നത് ഒരു വ്യക്തിയുടെ ധാര്‍മികജീവിതം പരിശോധിച്ചുകൊണ്ടാണ്.

ക്വുര്‍ആന്‍ മുന്നോട്ടു വെക്കുന്ന മാനവസാഹോദര്യത്തിന്റെ ഈ മഹത്തായ സന്ദേശം നാം ഉള്‍ക്കൊള്ളുക. അതിലൂടെ കലഹങ്ങള്‍ നമുക്ക് അവസാനിപ്പിക്കാം. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.