ഏറെ പൊറുക്കുന്ന അല്ലാഹു

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

2020 ഫെബ്രുവരി 29 1441 റജബ്‌ 05

മനുഷ്യര്‍ എന്ന നിലയ്ക്ക് നമ്മുടെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും സമീപനങ്ങളിലുമെല്ലാം തന്നെ അബദ്ധങ്ങളും തെറ്റുകളും സംഭവിച്ചേക്കാം. ചിലരില്‍ ചെറിയ ചെറിയ പാപങ്ങളാണ് സംഭവിക്കുന്നതെങ്കില്‍ വെറേ ചിലയാളുകള്‍ ഗുരുതരമായ വലിയ പാപങ്ങള്‍ സംഭവിച്ചവരായിരിക്കും. ഈ പാപങ്ങളില്‍നിന്നെല്ലാം മോചനം നേടണം എന്ന് മിക്കവരും ആഗ്രഹിക്കാറുണ്ട്.

പക്ഷേ, പലയാളുകളെയും വേട്ടയാടുന്ന ഒരു ചിന്തയുണ്ട്: 'ധാരാളം തെറ്റുകള്‍ ചെയ്ത ഞാന്‍ പാപമോചനത്തിനര്‍ഹനാണോ? ഞാന്‍ അറിഞ്ഞുകൊണ്ടല്ലേ പലപ്പോഴും പല തെറ്റുകളും ചെയ്തിട്ടുള്ളത്! പടച്ചവന്‍ എനിക്ക് പൊറുത്ത് തരുമോ? പൊറുത്ത് തരാന്‍ മാത്രം നിസ്സാരമായ തെറ്റല്ലല്ലോ ഞാന്‍ ചെയ്തിട്ടുള്ളത്!'

ഇങ്ങനെ ചിന്തിക്കുന്ന, നന്നാവണം എന്ന് ആഗ്രഹമുണ്ടായിട്ടും ചെയ്തുപോയ പാപങ്ങള്‍ ഓര്‍ത്ത് വിഷമത്തില്‍ കഴിയുന്ന ധാരാളം ആളുകളുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒരു ക്വുര്‍ആന്‍ വചനം കാണുക:

''പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും'' (ക്വുര്‍ആന്‍ 39:53).

എത്ര മഹത്തരമായ വചനം! എണ്ണമറ്റ കുറ്റങ്ങള്‍ ചെയ്ത ആളുകളാണെങ്കിലും അല്ലാഹു അവരെ വിളിക്കുന്നത് 'എന്റെ അടിമകളേ' എന്നാണ്! എന്നിട്ട് അവരോട് പറയുന്നതോ 'നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിരാശരാകരുത്' എന്നും! പാപങ്ങളുടെ ആധിക്യത്താല്‍ നിരാശയില്‍ കഴിയുന്ന ആളുകള്‍ക്ക് ഇതിനെക്കാള്‍ വലിയ ആശ്വാസം എന്താണുള്ളത്? തുടര്‍ന്ന് പറയുന്ന വാക്കുകളും ആശ്വാസദായകം തന്നെ; അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാകുന്നു!

അല്ലാഹുവില്‍ പങ്കുചേര്‍ക്കുക എന്നതാണ് ഏറ്റവും വലിയ അക്രമം അഥവാ കുറ്റം. പക്ഷേ, അങ്ങനെയാണെങ്കില്‍ പോലും ആത്മാര്‍ഥമായി പശ്ചാത്തപിക്കുന്നവര്‍ക്ക് ആ പാപവും അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാണ്.

ഒരു ചരിത്ര ശകലം ശ്രദ്ധിക്കുക: 'അംറുബിന്‍ ആസ്വ്(റ); അദ്ദേഹത്തിന് ഇസ്‌ലാം സ്വീകരിക്കാന്‍ ഇഷ്ടമില്ലായിരുന്നു. തൗഹീദിനോട് വെറുപ്പായിരുന്നു. മുഹമ്മദ് നബി ﷺ  യോടും അദ്ദേഹത്തിന് വെറുപ്പായിരുന്നു. പക്ഷേ, പിന്നീട് ഇസ്‌ലാമിന്റെ നന്മയും പുണ്യവും അദ്ദേഹം മനസ്സിലാക്കിയപ്പോള്‍ അദ്ദേഹത്തിന് ഇസ്‌ലാം സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ടായി. എന്നാല്‍ താന്‍ ജാഹിലിയ്യ കാലഘട്ടത്തില്‍ ചെയ്തുപോയ വലിയ വലിയ പാപങ്ങള്‍ അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. അദ്ദേഹം പ്രവാചകന്റെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: 'പ്രവാചകരേ, എനിക്ക് ഇസ്‌ലാം സ്വീകരിക്കണം. പക്ഷേ, എനിക്ക് ഒരു വ്യവസ്ഥ വെക്കാനുണ്ട്.' പ്രവാചകന്‍ ﷺ   ദയാപൂര്‍വം ചോദിച്ചു: 'എന്താണ് താങ്കളുടെ വ്യവസ്ഥ?' അദ്ദേഹം പറഞ്ഞു: 'എനിക്ക് കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടണം. എന്റെ റബ്ബ് എനിക്ക് അത് പൊറുത്തുതരണം. എങ്കില്‍ ഞാന്‍ ഇസ്‌ലാം സ്വീകരിക്കാം.' പ്രവാചകന്‍ ﷺ   പുഞ്ചിരിതൂകിക്കൊണ്ട് അദ്ദേഹത്തോട് പറഞ്ഞു: 'ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുന്നതോടുകൂടി അയാളുടെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടും എന്ന് താങ്കള്‍ക്ക് അറിയില്ലേ?' സന്തോഷവാനായ അംറുബിന്‍ആസ്വ്(റ) പറയുകയാണ്: 'അന്നുമുതല്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി പ്രവാചകനായി മാറി.'

നോക്കൂ; പാപങ്ങള്‍ പൊറുക്കപ്പെടും എന്ന സന്തോഷവാര്‍ത്ത അദ്ദേഹത്തെ എത്രമാത്രം ആഹ്ലാദമുള്ളവനാക്കിയെന്ന്!

നമ്മുടെ നാഥന്‍ ഏറെ കാരുണ്യവാനാണ്, പാപങ്ങള്‍ പൊറുക്കുന്നവനാണ്. നാം എത്ര വലിയ തെറ്റുകള്‍ ചെയ്താലും, എത്രയധികം തെറ്റുകള്‍ ചെയ്താലും അവനോട് ഏറ്റുപറയുക. പശ്ചാത്താപ വിവശരായി മാറുക. ആവര്‍ത്തിക്കാതിരിക്കുക. അവന്‍ പൊറുത്തുതരും.

ആര്‍ക്കു വേണ്ടിയാണ് സ്വര്‍ഗം ഒരുക്കിവച്ചിരിക്കുന്നത് എന്ന് വിവരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ''വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍'' (ക്വുര്‍ആന്‍ 3:135).