തഗാബുന്‍ (നഷ്ടം വെളിപ്പെടല്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ജൂണ്‍ 20 1441 ശവ്വാല്‍ 28

അധ്യായം: 64, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَٰئِكَ أَصْحَابُ النَّارِ خَالِدِينَ فِيهَا ۖ وَبِئْسَ الْمَصِيرُ (١٠) مَا أَصَابَ مِنْ مُصِيبَةٍ إِلَّا بِإِذْنِ اللَّهِ ۗ وَمَنْ يُؤْمِنْ بِاللَّهِ يَهْدِ قَلْبَهُ ۚ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ (١١) وَأَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ ۚ فَإِنْ تَوَلَّيْتُمْ فَإِنَّمَا عَلَىٰ رَسُولِنَا الْبَلَاغُ الْمُبِينُ (١٢) اللَّهُ لَا إِلَٰهَ إِلَّا هُوَ ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ (١٣) يَا أَيُّهَا الَّذِينَ آمَنُوا إِنَّ مِنْ أَزْوَاجِكُمْ وَأَوْلَادِكُمْ عَدُوًّا لَكُمْ فَاحْذَرُوهُمْ ۚ وَإِنْ تَعْفُوا وَتَصْفَحُوا وَتَغْفِرُوا فَإِنَّ اللَّهَ غَفُورٌ رَحِيمٌ (١٤)
(10). അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളുകയും ചെയ്തവരാകട്ടെ അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (അവര്‍) ചെന്നെത്തുന്ന ആ സ്ഥലം വളരെ ചീത്ത തന്നെ. (11). അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (12). അല്ലാഹുവെ നിങ്ങള്‍ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. ഇനി നിങ്ങള്‍ പിന്തിരിയുന്ന പക്ഷം നമ്മുടെ റസൂലിന്റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു. (13). അല്ലാഹു- അവനല്ലാതെ യാതൊരു ദൈവവുമില്ല. അല്ലാഹുവിന്റെ മേലായിരിക്കട്ടെ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കുന്നത്. (14). സത്യവിശ്വാസികളേ, തീര്‍ച്ചയായും നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങള്‍ക്ക് ശത്രുവുണ്ട്. അതിനാല്‍ അവരെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. നിങ്ങള്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

10). (അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളുകയും ചെയ്തവരാകട്ടെ) ബുദ്ധിപരമോ മതപരമോ ആയ യാതൊരു അവലംബവുമില്ലാതെ നിഷേധിച്ചവര്‍. അവര്‍ക്കാകട്ടെ വ്യക്തമായ തെളിവുകളും പ്രമാണങ്ങളും വന്നെത്തുകയും ചെയ്തു. അതെല്ലാം അവര്‍ കളവാക്കി. അതിനോടവര്‍ ധിക്കാരം കാണിച്ചു.

(അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (അവര്‍) ചെന്നെത്തുന്ന സ്ഥലം വളരെ ചീത്ത തന്നെ) കാരണം അത് എല്ലാ കഷ്ടപ്പാടും പ്രയാസവും പരാജയവും ശിക്ഷയും ഒന്നിപ്പിക്കുന്നു.

11). (അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല) സ്വന്തത്തിലും ധനത്തിലും സന്താനത്തിലും പ്രിയപ്പെട്ടവരിലുമെല്ലാം സംഭവിക്കുന്ന എല്ലാ വിപത്തുകളും ഇതില്‍ പെടും. അപ്പോള്‍ ഒരു അടിമക്ക് ബാധിക്കുന്നതെല്ലാം അല്ലാഹുവിന്റെ വിധി തീരുമാനങ്ങള്‍ കൊണ്ടാണ്. അല്ലാഹുവിന്റെ അറിവിനെക്കുറിച്ചും പേന അത് രേഖപ്പെടുത്തുന്നതിനെക്കുറിച്ചും അവന്റെ ഉദ്ദേശ്യങ്ങള്‍ നടപ്പിലാക്കപ്പെടുന്നതും അവന്റെ യുക്തിയുടെ താല്‍പര്യവുമെല്ലാം നേരത്തെ പരാമര്‍ശിച്ചിട്ടുണ്ട്.

എന്നാല്‍ എല്ലാ കാര്യത്തിനും ചില കാര്യങ്ങളുണ്ട്. ഈ നിലപാടനുസരിച്ച് ഒരടിമ തന്റെ മേല്‍ ബാധ്യതപ്പെട്ട കടമ നിര്‍വഹിക്കുന്നുവോ ഇല്ലയോ എന്നതാണ് അടിസ്ഥാനം. അവന്‍ നിര്‍വഹിച്ചാല്‍ മഹത്തായ പ്രതിഫലവും നല്ല ഫലവും ഇരുലോകത്തും ലഭിക്കും. ഇതെല്ലാം അല്ലാഹുവില്‍ നിന്നാണെന്ന് അവര്‍ വിശ്വസിക്കുമ്പോള്‍ അതിനെ അവന്‍ തൃപ്തിപ്പെടുകയും അതിന് കീഴ്‌പ്പെടുകയും ചെയ്യും. അവന്റെ ഹൃദയത്തിന് അല്ലാഹു വഴികാണിക്കും. സമാധാനമുള്ളവനാകും. വിപത്തുകളില്‍ അസ്വസ്ഥനാവില്ല. ഹൃദയത്തിനല്ലാഹു വഴി കാണിക്കാത്തവനെപ്പോലെ. മറിച്ച് അവന് അല്ലാഹു, വിപത്തുകള്‍ വരുമ്പോള്‍ ഉറച്ചുനില്‍ക്കാനും ക്ഷമ കൈക്കൊള്ളാനും കരുത്ത് നല്‍കും. അവന് അല്ലാഹു പരലോകത്ത് മഹത്തായ പ്രതിഫലം ഒരുക്കിവെക്കുന്നതോടൊപ്പം ഇവിടെത്തന്നെ വേഗത്തില്‍ അതിന്റെ ഫലം അനുഭവിപ്പിക്കുകയും ചെയ്യും.

إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُمْ بِغَيْرِ حِسَابٍ

''ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റിക്കൊടുക്കപ്പെടുന്നത്''(39:10).

ഇതില്‍ നിന്നും മനസ്സിലാക്കപ്പെടുന്ന കാര്യം; അല്ലാഹുവില്‍ വിശ്വസിച്ചിട്ടില്ലാത്തവന്‍ വിപത്തുക്കള്‍ വരുമ്പോള്‍ അല്ലാഹുവിന്റെ വിധിനിശ്ചയങ്ങളെ പരിഗണിക്കാതിരിക്കുകയും കാരണങ്ങളില്‍ മാത്രം നിലകൊള്ളുകയും ചെയ്യുന്നു. അവനെ അല്ലാഹു കയ്യൊഴിയുകയും അവനിലേക്ക് തന്നെ അവനെ ഏല്‍പിക്കുകയും ചെയ്യുന്നു. ഒരു അടിമ സ്വന്തത്തെ അവലംബിച്ചാല്‍ അവന് ക്ഷമകേടും അസ്വസ്ഥതയുമല്ലാതെ മറ്റൊന്നുമില്ല. അതവന് പരലോകത്തെ ശിക്ഷക്ക് മുമ്പ് ഇഹലോകത്ത് തന്നെ ലഭിക്കുന്ന ശിക്ഷയാണ്; ക്ഷമയില്‍ അവന്‍ വരുത്തിയ വീഴ്ച കാരണം. ഇതുമായി ബന്ധപ്പെട്ടാണ് അല്ലാഹു പറഞ്ഞത് (വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്). പ്രത്യേകമായ വിപത്തുക്കളുടെ സന്ദര്‍ഭത്തില്‍. ഇവിടെ 'വിശ്വസിച്ചവന്‍' എന്ന പദപ്രയോഗത്തിന്റെ പൊതുവായ ആശയത്തെ ബന്ധപ്പെടുത്തുമ്പോള്‍ എല്ലാ വിശ്വസിച്ചവര്‍ക്കും ഇതുണ്ടെന്ന് അല്ലാഹു അറിയിക്കുന്നു.

അതായത് കല്‍പിക്കപ്പെട്ട പ്രകാരത്തിലുള്ള വിശ്വാസം, അല്ലാഹുവിലും മലക്കുകളിലും വേദഗ്രന്ഥത്തിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും അവന്റെ വിധിയിലും നന്മയിലും തിന്മയിലും. വിശ്വാസത്തിന്റെ താല്‍പര്യമനുസരിച്ചുള്ള അനിവാര്യ പ്രവര്‍ത്തനങ്ങളിലൂടെ അതിനെ സാധൂകരിക്കുക കൂടി ചെയ്യുക. ഇക്കാര്യം അടിമ നിര്‍വഹിച്ചാല്‍ അവന്റെ വാക്കിലും പ്രവൃത്തിയിലും ശരിയായ മാര്‍ഗം കാണിക്കപ്പെടാനുള്ള ഏറ്റവും വലിയ കാരണം അവനില്‍ നിന്നുണ്ടായി. അതവന്റെ എല്ലാ ജീവിത സാഹചര്യങ്ങളിലും അവന്റെ അറിവിലും പ്രവൃത്തിയിലും ഉണ്ടാകും. വിശ്വാസികള്‍ക്ക് അല്ലാഹു നല്‍കുന്ന ഏറ്റവും ശ്രേഷ്ഠമായ പ്രതിഫലമാണിത്. അതാണ് അല്ലാഹു അറിയിച്ചത്; വിശ്വാസികളെ അവന്‍ ഇഹലോക ജീവിതത്തിലും പരലോക ജീവിതത്തിലും ഉറപ്പിച്ചുനിര്‍ത്തുമെന്ന്. സ്ഥൈര്യത്തിന്റെ അടിത്തറ ഹൃദയത്തിന്റെ സ്ഥൈര്യവും ക്ഷമയും പരീക്ഷണ ഘട്ടങ്ങളിലുള്ള അതിന്റെ ഉറപ്പുമാണ്.

يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ

''ഐഹികജീവിതത്തിലും പരലോകത്തും സ്വസ്ഥമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചുനിര്‍ത്തുന്നതാണ്'' (14:27).

വിശ്വാസികള്‍ ജനങ്ങളില്‍ ഹൃദയം ഏറ്റവും നേര്‍വഴി പ്രാപിച്ചവരും അസ്വസ്ഥതകളില്‍ ഏറ്റവും സ്ഥൈര്യമുള്ളവരുമാണ്. അതവര്‍ക്ക് വിശ്വാസം ഉള്ളതുകൊണ്ടാണ്.

12). (അല്ലാഹുവെ നിങ്ങള്‍ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക) അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനകള്‍ സ്വീകരിക്കുകയും വിരോധങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുക. അവര്‍ക്കുള്ള അനുസരണം സൗഭാഗ്യത്തിന്റെ അച്ചുതണ്ടും വിജയത്തിന്റെ മുഖ്യഘടകവുമാണ്. (ഇനി നിങ്ങള്‍ പിന്തിരിയുന്ന പക്ഷം) അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നതില്‍ നിന്ന്. (നമ്മുടെ റസൂലിന്റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു) ഏതൊരു കാര്യവുമായിട്ടാണോ റസൂല്‍ നിങ്ങളിലേക്ക് അയക്കപ്പെട്ടത്, അക്കാര്യം നിങ്ങള്‍ക്ക് വ്യക്തമായും വിശദമായും എത്തിക്കുക. നിങ്ങള്‍ക്കെതിരെ ഒരു തെളിവുണ്ടാവുക. നിങ്ങളെ നേര്‍മാര്‍ഗത്തിലാക്കാന്‍ അദ്ദേഹത്തിനാവില്ല. നിങ്ങളുടെ വിചാരണ നടത്തുന്നതും അദ്ദേഹമല്ല. നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നത് അല്ലാഹുവിനും റസൂലിനുമുള്ള അനുസരണം നിങ്ങള്‍ നിര്‍വഹിച്ചുവോ ഇല്ലയോ എന്ന കാര്യത്തില്‍ മാത്രമാണ്. അവന്‍ ദൃശ്യവും അദൃശ്യവും അറിയുന്നവനാണ്.

13). (അല്ലാഹു) അവന്‍. (അവനല്ലാതെ യാതൊരു ആരാധ്യനുമില്ല) ആരാധനക്കും ആരാധ്യതക്കും യഥാര്‍ഥ അവകാശി അവന്‍ മാത്രം. അവനല്ലാതെ ആരാധിക്കപ്പെടുന്നതെല്ലാം നിരര്‍ഥകമാണ്. (അല്ലാഹുവിന്റെ മേലായിരിക്കട്ടെ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കുന്നത്). അവര്‍ക്ക് ബാധിക്കുന്ന മുഴുവന്‍ കാര്യങ്ങളിലും അവര്‍ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ കാര്യങ്ങളിലും അവര്‍ അവന്റെ മേല്‍ അവലംബിക്കട്ടെ. അല്ലാഹുവിനെകൊണ്ടല്ലാതെ ഒരു കാര്യവും ശരിയാവുകയില്ല. അല്ലാഹുവില്‍ അവലംബിക്കലല്ലാതെ അതിന് മറ്റു വഴികളില്ല. അവനില്‍ അവലംബിക്കല്‍ പൂര്‍ണമാകണമെങ്കില്‍ അടിമ തന്റെ രക്ഷിതാവിനെ കുറിച്ച് നല്ലത് വിചാരിക്കണം. കാര്യങ്ങള്‍ക്ക് അവന്‍ മതിയെന്ന് ഉറച്ചുവിശ്വസിക്കണം. ഒരാളുടെ ഈമാനിന്റെ തോതനുസരിച്ചാണ് ഒരാള്‍ ഭരമേല്‍പിക്കുന്നതിന്റെ ശക്തിയും ദുര്‍ബലതയും.

14,15). സന്താനങ്ങളെക്കൊണ്ടും ഇണകളെക്കൊണ്ടും വഞ്ചിതരാകുന്നതിനെ തൊട്ട് സത്യവിശ്വാസികളെ താക്കീത് ചെയ്യുകയാണിവിടെ. തീര്‍ച്ചയായും അവരില്‍ ചിലര്‍ നിങ്ങള്‍ക്ക് ശത്രുക്കളാണ്. ശത്രു അവന്‍ നിനക്ക് ദോഷമെ ഉദ്ദേശിക്കൂ. ഇത്തരം ആളുകളില്‍ നിന്ന് ജാഗ്രത കാണിക്കല്‍ നിന്റെ ഉത്തരവാദിത്തമാണ്.

സ്‌നേഹം മക്കളോടും ഇണകളോടുമുണ്ടാവുക എന്നത് മനസ്സിന്റെ പ്രകൃതിയാണ്. അതിനാല്‍ അല്ലാഹു ഇവിടെ ഉപദേശിക്കുന്നത് മതവിരുദ്ധമായ കാര്യങ്ങളില്‍ മക്കളുടെയും ഇണകളുടെയും ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ ഇതു നിര്‍ബന്ധിപ്പിക്കുമെന്നാണ്. അതോടൊപ്പം അല്ലാഹുവിന്റെ തൃപ്തിക്ക് മുന്‍ഗണന നല്‍കാനും. അതോടൊപ്പം അവന്റെ കല്‍പനകള്‍ പിന്തുടരാനും പ്രേരിപ്പിക്കാനും. അല്ലാഹുവിന്റെ അടുക്കലുള്ള മഹത്തായ പ്രതിഫലത്തിനു വേണ്ടി അവന്റെ തൃപ്തിക്കു മുന്‍ഗണന നല്‍കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ആ പ്രതിഫലം ഉന്നതമായ ആഗ്രഹങ്ങളും വിലയേറിയ ഇഷ്ടങ്ങളും നേടിത്തരുന്നതാണ്. അവസാനിക്കുന്ന നശ്വരതയെ ഇഹലോകത്തിനെക്കാള്‍ പരലോകത്തിനു മുന്‍ഗണന നല്‍കുന്നതിലൂടെയാണ് അതുണ്ടാവുന്നത്.

ഒരാള്‍ക്ക് ദോഷകരമായതും സൂക്ഷിക്കേണ്ടതുമായ കാര്യത്തില്‍ ഇണകളെയും മക്കളെയും അനുസരിക്കുന്നതിനെയാണ് ഇവിടെ വിലക്കുന്നത്. അവരെ ശിക്ഷിക്കുകയും പരുഷത കാണിക്കുകയും ചെയ്യണമെന്നാണ് ഇവിടെ പറയുന്നത് എന്ന് തെറ്റിദ്ധരിക്കപ്പെടാം. അതിനെ സൂക്ഷിക്കാനും അവര്‍ക്ക് വിട്ടുവീഴ്ച നല്‍കാനും കൂടി അല്ലാഹു ഇവിടെ നിര്‍ദേശിക്കുന്നു. ഇതില്‍ കണക്കാക്കാനാവാത്ത നന്മയുണ്ട്. (നിങ്ങള്‍ മാപ്പ് നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു).

പ്രവര്‍ത്തനത്തിന് സമാനമായി തന്നെയാണ് പ്രതിഫലവും. ആരെങ്കിലും വിട്ടുവീഴ്ച ചെയ്താല്‍ അല്ലാഹു അവനു വിട്ടുവീഴ്ച നല്‍കും. പൊറുത്തുകൊടുക്കുന്നവന് അല്ലാഹുവും പൊറുത്തുകൊടുക്കും. ആരെങ്കിലും അല്ലാഹുവോട് അവന്‍ ഇഷ്ടപ്പെടുന്ന രൂപത്തിലും അടിമകളോട് അവന്‍ ഇഷ്ടപ്പെടുന്ന രൂപത്തിലും പെരുമാറിയാല്‍ അല്ലാഹുവിന്റെയും അടിമകളുടെയും ഇഷ്ടം അവന് ലഭിക്കും. അവന്റെ കാര്യങ്ങള്‍ ശരിയാവുകയും ചെയ്യും.

16). അല്ലാഹു അവനെ സൂക്ഷിച്ച് ജീവിക്കാന്‍ നിര്‍ദേശിക്കുകയാണിവിടെ. അവന്റെ കല്‍പനകള്‍ സ്വീകരിക്കലും അവന്റെ വിരോധങ്ങള്‍ ഉപേക്ഷിക്കലുമാണ് സൂക്ഷ്മത പാലിക്കല്‍ (തക്വ്‌വ). സാധിക്കുക, കഴിയുക എന്ന ഒരു നിബന്ധനയും അവന്‍ അതിന് നിശ്ചയിച്ചു. ഈ വചനത്തില്‍ നിന്ന് മനസ്സിലാകുന്നത് എല്ലാ നിര്‍ബന്ധ കാര്യങ്ങളിലും ചെയ്യാന്‍ കഴിയാത്തതിന് ഒരടിമക്ക് ഇളവ് ലഭിക്കുമെന്നാണ്. കല്‍പിക്കപ്പെട്ടതില്‍ ചിലത് ചെയ്യാന്‍ കഴിയുകയും ചിലതിന് സാധിക്കാതെ വരികയും ചെയ്താല്‍ കഴിയുന്നത് അവന്‍ പ്രവര്‍ത്തിക്കണം. കഴിയാത്തതിന് ഇളവ് ലഭിക്കും. അതാണ് നബി ﷺ  പറഞ്ഞത്: 'ഞാന്‍ നിങ്ങളോട് ഒരു കാര്യം കല്‍പിച്ചാല്‍ നിങ്ങള്‍ക്ക് സാധിക്കുന്നതു പോലെ നിങ്ങള്‍ അത് ചെയ്യുക.' ധാരാളം മതവിഷയങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. (ബുഖാരി, മുസ്‌ലിം).

(നിങ്ങള്‍ കേള്‍ക്കുകയും) നിങ്ങളോട് ഉപദേശിക്കുന്നത് നിങ്ങള്‍ കേള്‍ക്കുക. നിങ്ങള്‍ക്ക് നിയമമാക്കിയ വിധിവിലക്കുകളും അത് നിങ്ങള്‍ മനസ്സിലാക്കുകയും അതിന് കീഴ്‌പ്പെടുകയും വേണം. (അനുസരിക്കുകയും) അല്ലാഹുവിനെയും അവന്റെ ദൂതനെയും, എല്ലാ കാര്യങ്ങളിലും. (നിങ്ങള്‍ ചെലവഴിക്കുകയും) നിര്‍ബന്ധമായും ഐച്ഛികമായും മതപരമായി ചെലവഴിക്കാന്‍ ബാധ്യതയുള്ളതില്‍ നിന്നും. ആ പ്രവൃത്തി നിങ്ങളില്‍നിന്നുണ്ടാകുന്നത് (നിങ്ങള്‍ക്ക് തന്നെ ഗുണകരമായ നിലയില്‍). ഇഹലോകത്തും പരലോകത്തും. എല്ലാ നന്മയും കുടികൊള്ളുന്നത് അല്ലാഹുവിന്റെ കല്‍പനകള്‍ നിറവേറ്റുന്നതിലും അവന്റെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നതിലും അവന്റെ നിയമങ്ങള്‍ക്ക് കീഴൊതുങ്ങുന്നതിലുമാണ്. തിന്മയാവട്ടെ, അതിനെതിരെ പ്രവര്‍ത്തിക്കുന്നതിലും. നിര്‍ദേശിക്കപ്പെട്ടതില്‍ നിന്ന് ചെലവഴിക്കാന്‍ അധിക ആളുകളെ തടയുന്ന ഒരു വിപത്തുണ്ട്. അത് അധിക മനസ്സുകളുടെയും സ്വഭാവപ്രകൃതിയായ പിശുക്കാണ്; ധനംകൊണ്ട് പിശുക്ക് കാണിക്കുക എന്നത്. ധനമുണ്ടാവാന്‍ അവന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. എന്നാല്‍ അത് വിനിമയം ചെയ്യുന്നതിനെയാകട്ടെ, വളരെയധികം വെറുക്കുകയും ചെയ്യുന്നു.

(ആര്‍ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെട്ടുവോ) തനിക്ക് ഉപകാരപ്രദമായതില്‍ ചെലവഴിക്കാന്‍ മനസ്സനുവദിക്കുന്നവന്‍. (അവന്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവന്‍) കാരണം, അവര്‍ ആഗ്രഹിച്ചത് നേടുകയും ഭയപ്പെടുന്നതില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഒരുപക്ഷേ, ഈ പിശുക്കില്‍ കല്‍പനാവിരോധങ്ങള്‍ മുഴുവന്‍ ഉള്‍പ്പെടുന്നുണ്ടാകാം. കാരണം മനസ്സിന് പിശുക്കുണ്ടായാല്‍ കല്‍പനകള്‍ക്ക് കീഴ്‌പ്പെട്ടുകൊള്ളണമെന്നില്ല. അവന്‍ വിജയിച്ചിട്ടില്ല. മാത്രവുമല്ല, ഇരുലോകത്തും അവന്‍ നഷ്ടക്കാരനാവുകയും ചെയ്തു. എന്നാല്‍ മനസ്സ് പിശുക്കില്ലാത്തതും വിശാലവും ശാന്തവും ഉദാരത നിറഞ്ഞതുമാണെങ്കില്‍ അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി അവന്റെ നിയമങ്ങളെ അതന്വേഷിക്കും. തന്നോട് നിര്‍ദേശിക്കപ്പെട്ട, തനിക്ക് ബാധ്യതയാക്കപ്പെട്ട നിര്‍ദേശങ്ങള്‍ അറിയുകയേ വേണ്ടൂ. തന്റെ രക്ഷിതാവിന് വേണ്ടി അത് തൃപ്തിപ്പെട്ട് പ്രവര്‍ത്തിക്കും. അതുമൂലം അവന്‍ വിജയിക്കും. എല്ലാ നിലക്കുമുള്ള വിജയം.