ചങ്ങാത്തം
അബ്ദുല്‍ ജബ്ബാര്‍ മദീനി
2020 ജനുവരി 25 1441 ജുമാദല്‍ അവ്വല്‍ 30
(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 2)
ഹൃദയം ഇണങ്ങിയുള്ള ചങ്ങാത്തവും ഐക്യത്തോടുകൂടിയുള്ള ഒത്തുകൂടലും ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിച്ച സ്വഭാവമാണ്. വിശുദ്ധ ക്വുര്‍ആന്‍ പ്രഖ്യാപിക്കുന്നത് നോക്കൂ:
'''നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്'' (ക്വുര്‍ആന്‍ 3:103).
പരസ്പര കലഹത്തിലും കലാപത്തിലും കൊലപാതകങ്ങളിലും കാലംകഴിച്ചിരുന്ന ജാഹിലീ അറബികളെ ഇസ്‌ലാമിലൂടെ ഇണക്കുകയും അവരെ പരസ്പരം വിളക്കിച്ചേര്‍ക്കുകയും ചെയ്തത് അല്ലാഹുവിന്റെ വലിയ അനുഗ്രഹമായാണ് വിശുദ്ധക്വുര്‍ആന്‍ എടുത്ത് പറയുന്നത്:
''നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു'' (3:103).
''ഇനി അവര്‍ നിന്നെ വഞ്ചിക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി. അവനാണ് അവന്റെ സഹായം മുഖേനയും വിശ്വാസികള്‍ മുഖേനയും നിനക്ക് പിന്‍ബലം നല്‍കിയവന്‍. അവരുടെ (വിശ്വാസികളുടെ) ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിച്ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിച്ചേര്‍ക്കാന്‍ നിനക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു.തീര്‍ച്ചയായും അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു'' (8:62,63.)
പാരസ്പര്യത്തിലും ഒത്തൊരുമയിലും ചങ്ങാത്തത്തിലും ജീവിക്കുന്നതിന്റെ സ്ഥാനവും മഹത്ത്വവും അറിയിക്കുന്ന തിരുമൊഴികള്‍ ധാരാളമാണ്.
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ''സത്യവിശ്വാസി ഇണങ്ങുകയും ഇണക്കപ്പെടുകുകയും ചെയ്യും. ഇണങ്ങുകയും ഇണക്കപ്പെടുകയും ചെയ്യാത്തവനില്‍ യാതൊരു നന്മയുമില്ല''(സുനനുദ്ദാറക്വുത്വ്‌നി. അല്‍ബാനി ഹസനുന്‍സ്വഹീഹെന്ന് വിധിച്ചത്).
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ''നിശ്ചയം, അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്തിരിക്കുന്നവര്‍ പെരുമാറുവാന്‍ കൊള്ളുന്ന നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവക്കാരായിരിക്കും. അവര്‍ (തങ്ങളുടെ സ്വഭാവം കൊണ്ട്) ഇണങ്ങുകയും ഇണക്കപ്പെടുകുകയും ചെയ്യുന്നവരായിരിക്കും'' (ത്വബ്‌റാനി. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചത്).
ഇമാം സുയൂത്വി പറഞ്ഞു: ''യഥാര്‍ഥ ആരാധ്യനായ അല്ലാഹുവാണെ സത്യം! ഐക്യം അനുഗ്രഹമാണ്. അനൈക്യം പീഡനവും.''
അബ്ശീഹീ പറഞ്ഞു: ''പരസ്പര ഐക്യം ശക്തിയുടെയും ശക്തി തക്വ്‌വയുടെയും കാരണമാകുന്നു. തക്വ്‌വയാകട്ടെ സുഭദ്രമായ കോട്ടയും സുശക്തമായ സ്തംഭവുമാകുന്നു.''
ചങ്ങാത്തത്തില്‍ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാന വിഷയം ആരുമായി ചങ്ങാതിയാകുന്നു എന്നതാണ്. നബി ﷺ യുടെ ഒരു വസ്വിയ്യത്ത് നോക്കൂ:
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ''ഒരാള്‍ തന്റെ കൂട്ടുകാരന്റെ ആദര്‍ശത്തിനനുസരിച്ചാണ്. അതിനാല്‍ നിങ്ങളിലൊരാള്‍ ആരോടു കൂട്ടുകൂടുന്നുവെന്ന് പര്യാലോ ചികട്ടെ'' (സുനനു അബീദാവൂദ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചത്).
പരലോകത്ത് ഉപകരിക്കുന്ന ചങ്ങാതിമാരുടെ വിഷയ ത്തില്‍ അല്ലാഹു—പറഞ്ഞു: ''സുഹൃത്തുക്കള്‍ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും; സൂക്ഷ്മത പാലിക്കുന്നവരൊഴികെ'' (43:67).
ചങ്ങാത്തം കരഗതമാകുവാന്‍
ഒന്ന്: പരിചയപ്പെടുക, സഹവസിക്കുക.
നുഅ്മാന്‍ ഇബ്‌നുബശീറി(റ)ല്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ പറഞ്ഞു: ''പരസ്പര സ്‌നേഹത്തിലും വാത്സല്യത്തിലും കാരുണ്യത്തിലും മുസ്‌ലിംകളുടെ ഉപമ ഒരു ശരീരത്തിന്റെ ഉപമയാണ്. ശരീരത്തിലെ ഒരു അവയവം രോഗബാധിതമായി വേവലാതിപ്പെടുമ്പോള്‍ മറ്റു ശരീരാവയവങ്ങള്‍ പനിപിടിച്ചും ഉറക്കമൊഴിഞ്ഞും രോഗബാധിതമായ അവയവത്തിനുവേണ്ടി പരസ്പരം നിലകൊള്ളും'' (മുസ്‌ലിം).
രണ്ട്: അന്യോന്യം വിനയം കാണിക്കുക
ഇയാദ്വ് ഇബ്‌നുഹിമാരി(റ)ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ''നിങ്ങളില്‍ ഒരാളും ഒരാളോടും ഗര്‍വ് കാണിക്കാതിരിക്കുകയും ഒരാളും ഒരാളുടെ മേലും അതിക്രമം കാണിക്കാതിരിക്കുകയും ചെയ്യുവോളം നിങ്ങള്‍ അന്യോന്യം വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്കു ബോധനം നല്‍കിയിരിക്കുന്നു'' (മുസ്‌ലിം).
മൂന്ന്: ബാധ്യതകള്‍ നിറവേറ്റുക
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ''ഒരു മുസ്‌ലിമിനു മറ്റൊരു മുസ്‌ലിമിനോട് ബാധ്യതയായി അഞ്ച് കാര്യങ്ങളുണ്ട്. സലാം മടക്കുക, രോഗിയെ സന്ദര്‍ശിക്കുക, ജനാസയെ പിന്തുടരുക, ക്ഷണത്തിനു ഉത്തരമേകുക, തുമ്മിയവനു വേണ്ടി പ്രാര്‍ഥിക്കുക (തശ്മീത്തുചെയ്യുക)''(ബുഖാരി).
മറ്റൊരു നിവേദനത്തില്‍ ഇങ്ങനെ കാണാം: ''ഒരു മുസ്‌ലിമിനു മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യതകള്‍ ആറാകുന്നു.'' ചോദിക്കപ്പെട്ടു: ''അല്ലാഹുവിന്റെ തിരുദൂതരേ, അവ ഏതാണ്?'' നബി ﷺ പറഞ്ഞു: ''നീ അവനെ കണ്ടുമുട്ടിയാല്‍ അവനോട് സലാം പറയുക. അവന്‍ ക്ഷണിച്ചാല്‍ ഉത്തരമേകുക. ഉപദേശം ആരാഞ്ഞാല്‍ ഉപദേശിക്കുക. അവന്‍ തുമ്മിയ ശേഷം അല്‍ഹംദുലില്ലാഹ് പറഞ്ഞാല്‍ 'യര്‍ഹമുകല്ലാഹ്' എന്നു പറയുക. അവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കുക. അവന്‍ മരണപ്പെട്ടാല്‍ അവനെ അനുഗമിക്കുക'' (മുസ്‌ലിം).
അല്‍ബര്‍റാഅ് ഇബ്‌നുആസിബി(റ)ല്‍നിന്ന് നിവേദനം: ''അല്ലാഹുവിന്റെ റസൂല്‍ ഏഴ് കാര്യങ്ങള്‍ ഞങ്ങളോടു കല്‍പിച്ചു. രോഗസന്ദര്‍ശനം, ജനാസയെ അനുഗമിക്കല്‍, തുമ്മിയവനെ തശ്മീത്തു ചെയ്യല്‍, ദുര്‍ബലനെ സഹായിക്കല്‍, മര്‍ദിതനെ തുണക്കല്‍, സലാം വ്യാപിപ്പിക്കല്‍, സത്യം ചെയ്തതു നിറവേറ്റല്‍ എന്നിവയാണവ'' (ബുഖാരി).
നാല്: സലാം വ്യാപിപ്പിക്കല്‍
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ''എന്റെ ആത്മാവ് ആരുടെ കയ്യിലാണോ ആ അല്ലാഹുവാണെ സത്യം! നിങ്ങള്‍ വിശ്വാസികള്‍ ആകുന്നതുവരെ നിങ്ങളാരും സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല. നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുന്നതുവരെ നിങ്ങള്‍ വിശ്വാസികളാവുകയുമില്ല. നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ നിങ്ങള്‍ക്കു പരസ്പരം സ്‌നേഹിക്കാവുന്ന ഒരു സംഗതി ഞാന്‍ അറിയിച്ചുതരട്ടെയൊ? നിങ്ങള്‍ നിങ്ങള്‍ക്കിടയില്‍ സലാം വ്യാപിപ്പിക്കുക!'' (മുസ്‌ലിം).
അഞ്ച്: സന്ദര്‍ശനങ്ങള്‍
സന്ദര്‍ശനങ്ങള്‍ ഹൃദയങ്ങളെ അടുപ്പിക്കുകയും സാഹോദര്യം ഊട്ടിയുറപ്പിക്കുകയും ചെയ്യും. സന്ദര്‍ശനങ്ങള്‍ക്കുള്ള പ്രതിഫലം മഹത്തരമാക്കിയതിലെ പൊരുളുകളിലൊന്നാണത്.
അനസി(റ)ല്‍ നിന്നും നിവേദനം. തിരുദൂതര്‍ ﷺ പറഞ്ഞു: ''സ്വര്‍ഗത്തില്‍ നിങ്ങളുടെ ആളുകളെ ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരട്ടെയോ?'' ഞങ്ങള്‍ പറഞ്ഞു: ''അതെ. അല്ലാഹുവിന്റെ ദൂതരേ.'' നബി ﷺ പറഞ്ഞു: ''...പട്ടണത്തിന്റെ ഓരത്തുള്ള തന്റെ സഹോദരനെ സന്ദര്‍ശിക്കുന്ന വ്യക്തി, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മാത്രമാണ് ആ സന്ദര്‍ശനം നടത്തുന്നതെങ്കില്‍ അയാളും സ്വര്‍ഗത്തിലാണ്'' (ത്വബ്‌റാനി. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചത്).
അബൂഹുറയ്‌റ(റ)യില്‍ നിന്നും നിവേദനം. നബി ﷺ പറഞ്ഞു:Ÿ''ഒരാള്‍ തന്റെ ഒരു സഹോദരനെ മറ്റൊരു നാട്ടില്‍ സന്ദര്‍ശിക്കുവാന്‍ പുറപ്പെട്ടു. അപ്പോള്‍ അല്ലാഹു അയാളുടെ വഴിയെ ഒരു മലക്കിനെ നിരീക്ഷിക്കാനായി അയാളിലേക്കു നിയോഗിച്ചു. മലക്ക് അയാളുടെ അടുക്കലെത്തിയപ്പോള്‍ ചോദിച്ചു: 'താങ്കള്‍ എവിടേക്കാണ് ഉദ്ദേശിക്കുന്നത്?' അയാള്‍ പറഞ്ഞു: 'ഈ നാട്ടില്‍ എന്റെ ഒരു സഹോദരനെ സന്ദര്‍ശിക്കുവാന്‍.' മലക്ക് ചോദിച്ചു: 'താങ്കള്‍ക്ക് ഉപകാരം ലഭിക്കുന്ന വല്ല അനുഗ്രഹവും താങ്കള്‍ക്കായി അയാളുടെ പക്കലുണ്ടോ?' സന്ദര്‍ശകന്‍ പറഞ്ഞു: 'ഇല്ല. പക്ഷേ, ഞാന്‍ അയാളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇഷ്ടപ്പെടുന്നു.' മലക്ക് പ്രതികരിച്ചു: 'എങ്കില്‍ ഞാന്‍ താങ്കളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു; താങ്കള്‍ അയാളെ ഇഷ്ടപ്പെട്ടതുപോലെ അല്ലാഹു താങ്കളെ ഇഷ്ടപ്പെട്ടിരിക്കുന്നു'' (മുസ്‌ലിം).
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; അല്ലാഹുവിന്റെ ദൂതര്‍ ﷺ പറഞ്ഞു: ''ഒരാള്‍ തന്റെ സഹോദരനെ രോഗാവസ്ഥയില്‍ സന്ദര്‍ശനം നടത്തി, അല്ലെങ്കില്‍ ഒരു സൗഹൃദ സന്ദര്‍ശനം നടത്തി. അയാളോട് അല്ലാഹു–പറയും: 'നീ നല്ലതു ചെയ്തു. നീ നിന്റെ നടത്തം നന്നാക്കി. സ്വര്‍ഗത്തില്‍ നിനക്കൊരു വീട് നീ തയ്യാറാക്കി'' (ബുഖാരി).
ആറ്: മാന്യമായ ഭാഷണം
വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''നീ എന്റെ ദാസന്മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കി വിടുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യന്ന് പ്രത്യക്ഷ ശത്രുവാകുന്നു''(ക്വുര്‍ആന്‍ 17: 53).
ഏഴ്: ദുര്‍ഗുണങ്ങള്‍ വെടിയുക
പിണക്കം സമ്മാനിക്കുകയും അനൈക്യം സൃഷ്ടിക്കുകയും ചെയ്യുന്ന ദുര്‍ഗുണങ്ങള്‍ വെടിയലും സല്‍സ്വഭാവം വെച്ചുപുലര്‍ത്തലും പാരസ്പര്യം ഊട്ടിയുറപ്പിക്കപ്പെടുവാന്‍ അത്യന്താപേക്ഷിതമാണ്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്ന ഹദീഥിലെ വിരോധങ്ങളെ നോക്കൂ:
''....അന്യരെ പറ്റിക്കാന്‍ വില കയറ്റിപ്പറയരുത്...നിങ്ങള്‍ അന്യോന്യം വിദ്വേഷം വെച്ചുപുലര്‍ത്തരുത്... പരസ്പരം മുഖം തിരിക്കരുത്...''(മുസ്‌ലിം).
ഏഴ്: സമ്മാനങ്ങള്‍ നല്‍കുക
സമ്മാനം നല്‍കല്‍ പാരസ്പര ബന്ധം സുദൃഢമാക്കമെന്നും സ്‌നേഹബന്ധം ഊഷ്മളമാക്കുമെന്നും നബി ﷺ അറിയിച്ചിട്ടുണ്ട്.
ആഇശ(റ)യില്‍ നിന്ന് നിവേദനം; തിരുദൂതര്‍ ﷺ പറഞ്ഞു: ''അന്യോന്യം സമ്മാനങ്ങള്‍ നല്‍കുക, എന്തുകൊെണ്ടന്നാല്‍ സമ്മാനങ്ങള്‍ നെഞ്ചകത്തെ പക എടുത്തുകളയുന്നു'' (മുസ്‌നദുഅഹ്മദ്, അര്‍നാഊത്വ് ഹസനെന്ന് വിശേഷിപ്പിച്ചത്).
''നിങ്ങള്‍ സമ്മാനങ്ങള്‍ കൈമാറുക, നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുക.''
പിണക്കം തീര്‍ക്കലും രജ്ഞിപ്പുണ്ടാക്കലും
ആളുകള്‍ക്കിടയിലെ പിണക്കങ്ങള്‍ തീര്‍ക്കുവാനും കുഴപ്പങ്ങള്‍ ഒതുക്കുവാനും ഇസ്‌ലാം കല്‍പിച്ചു. ഏതാനും പ്രമാണ വചനങ്ങള്‍ നോക്കൂ:
''അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 8: 01).
അബുദ്ദര്‍ദാഇ(റ)ല്‍ നിന്നും നിവേദനം; നബി ﷺ പറഞ്ഞു: ''നോമ്പിനെക്കാളും നമസ്‌കാരത്തെക്കാളും ദാനധര്‍മങ്ങളെക്കാളും ഉല്‍കൃഷ്ടമായതിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ?'' അവര്‍ പറഞ്ഞു; ''അതെ, അകന്നുനില്‍ക്കുന്നവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കല്‍. കാരണം, അകന്നുനില്‍ക്കുന്നവര്‍ക്കിടയിലെ കുഴപ്പമത്രെ ദീനിനെ നശിപ്പിക്കുന്നത്'' (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചത്).