സത്യവിശ്വാസിനിയുടെ മഹത്ത്വങ്ങള്‍

ശമീര്‍ മദീനി

2020 മെയ് 09 1441 റമദാന്‍ 16

പെണ്‍കുഞ്ഞിന്റെ ജന്മത്തെ പൊതുവില്‍ ഒരു ഭാരമായിക്കാണുന്ന സ്ഥിതി മുന്‍കാലങ്ങളിലുണ്ടായിരുന്നു. തനിക്ക് പിറന്നത് പെണ്‍കുഞ്ഞായിപ്പോയി എന്ന കാരണത്താല്‍ 'അപമാനം' സഹിക്കവയ്യാതെ ആ പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന ഒരു പഴയകാല സമൂഹമുണ്ടായിരുന്നു. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ ലിംഗ നിര്‍ണയം നടത്തി 'അബോര്‍ഷന്' വിധേയമാക്കുന്ന ആധുനിക സമുഹവും ആ പഴയകാല സമൂഹവും ഒരേ മാനസിക നിലവാരത്തിലാണുള്ളത് എന്നതല്ലേ ശരി?

ഇവിടെയാണ് പെണ്ണായിപ്പിറന്ന ഏതൊരു വ്യക്തിയും മുസ്‌ലിമായിപ്പിറക്കാനും മുസ്‌ലിം സ്ത്രീയായി ജീവിക്കാനും കഴിഞ്ഞതിലെ മഹത്ത്വവും അനുഗ്രഹങ്ങളും തിരിച്ചറിയേണ്ടത്.

നാം അറിയേണ്ട കാര്യങ്ങള്‍

1. ആണായിപ്പിറക്കുന്നതും പെണ്ണായിപ്പിറക്കുന്നതും നമ്മുടെ ആരുടെയെങ്കിലും ഇഷ്ടമോ സമ്മതമോ അനുസരിച്ചല്ല. മറിച്ച് സ്രഷ്ടാവായ അല്ലാഹുവിന്റെ തീരുമാനമാണത്.

അല്ലാഹു പറയുന്നു: ''അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു'' (ക്വുര്‍ആന്‍ 42:49).

അതിനാല്‍ അല്ലാഹുവിന്റെ തീരുമാനമംഗീകരിച്ച് അതിനോട് തികച്ചും ക്രിയാത്മകമായി മാത്രം സമീപിക്കുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്.

2. ആണ്‍ അല്ലെങ്കില്‍ പെണ്ണ് എന്നതിലുപരി സ്രഷ്ടാവിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചും അതിന് കീഴ്‌പ്പെട്ടും ജീവിക്കാനുള്ള ഒരു മനസ്സ് അഥവാ 'ഹിദായത്ത്' കിട്ടി എന്നതാണ് ഏറ്റവും വലിയ മഹാഭാഗ്യം.

മറ്റുള്ളവര്‍ ജീവിതത്തിന്റെ ഓരോ മേഖലയിലും തന്നിഷ്ടങ്ങളെയും മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും പിന്‍പറ്റി ജീവിക്കുമ്പോള്‍ ഒരു വിശ്വാസി തന്റെ ജീവിതത്തിലാകമാനം സ്രഷ്ടാവിന്റെ മാര്‍ഗനിര്‍ദേശങ്ങളെയാണ് പിന്‍പറ്റുന്നത്. ഇത് അതിമഹത്തായ ഒരനുഗ്രഹമാണെന്ന് തിരിച്ചറിയാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

ഇരിക്കുന്നതും കിടക്കുന്നതും തിന്നുന്നതും കുടിക്കുന്നതും തുടങ്ങി എല്ലാ മേഖലകളിലും സ്രഷ്ടാവിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഇടപെടുന്ന സത്യവിശ്വാസിക്ക് ലഭിക്കുന്നത് അവര്‍ണനീയമായ ആത്മസംതൃപ്തിയും മനഃസ്സമാധാനവുമാണ്. ശുചിത്വത്തിന്റെ കാര്യത്തിലും മറ്റുള്ളവരോടുള്ള പെരുമാറ്റങ്ങളുടെ കാര്യത്തിലും ഇടപാടുകളിലുമെല്ലാം ദൈവിക മാര്‍ഗദര്‍ശനമാണ് വിശ്വാസിയെ നയിക്കുന്നത്.

''അപ്പോള്‍, മുഖം നിലത്തു കുത്തിക്കൊണ്ട് നടക്കുന്നവനാണോ സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍? അതല്ല നേരെയുള്ള പാതയിലൂടെ ശരിക്ക് നടക്കുന്നവനോ?'' (ക്വുര്‍ആന്‍ 67:22).

3. മറ്റ് ഏതൊരു സമൂഹവുമായി താരതമ്യം ചെയ്യുമ്പോഴും ഇസ്‌ലാം സ്ത്രീത്വത്തെ ആദരിക്കുകയും ന്യായമായ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും ചെയ്തിട്ടുള്ളതായി കാണാന്‍ കഴിയും. പെണ്‍മക്കളെ പോറ്റിവളര്‍ത്തുന്നത് നരകമോചനത്തിനും സ്വര്‍ഗപ്രവേശനത്തിനും നിമിത്തമാണെന്ന് നബി ﷺ  അറിയിച്ചിട്ടുണ്ട്. സദ്‌വൃത്തയായ ഒരു സ്ത്രീ ഈ ലോകത്തെ ഏറ്റവും ഉത്തമമായ വിഭവമാണെന്നാണ് നബി ﷺ  അരുളിയത്.

''ദുന്‍യാവ് (മൊത്തം) വഭവങ്ങളാണ്, ദുന്‍യാവിലെ വിഭവങ്ങളില്‍ ഏറ്റവും വിശിഷ്ടമായത് സദ്‌വൃത്തയായ സ്ത്രീയാകുന്നു'' (മുസ്‌ലിം)

സത്യവിശ്വാസിയായ ഒരു നല്ല സ്ത്രീ അഥവാ ഒരു ഭാര്യ ഒരു പുരുഷന്റെ ഏറ്റവും വലിയ സമ്പാദ്യവും വിലമതിക്കാനാവാത്ത നിധിയുമാണെന്നാണ് മറ്റൊരിക്കല്‍ നബി ﷺ  പറഞ്ഞത്.

''ഒരാള്‍ സൂക്ഷിച്ചുവെക്കുന്ന ഏറ്റവും ഉത്തമമായ നിധിയെ കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? സദ്‌വൃത്തയായ സ്ത്രീയാകുന്നു അത്. അയാള്‍ അവളിലേക്ക് നോക്കിയാല്‍ അവള്‍ അവനെ സന്തോഷിപ്പിക്കും. അവന്‍ അവളോട് വല്ലതും കല്‍പിച്ചാല്‍ അവള്‍ അവനെ അനുസരിക്കും. അയാള്‍ അവൡല്‍ നിന്ന് വല്ല സ്ഥലത്തേക്കും പോയാല്‍ അവന്റെ അഭാവത്തില്‍ അവള്‍ അവന്റെ എല്ലാം കാത്തുസൂക്ഷിക്കും '' (അബൂദാവൂദ്). ശൈഖ് അല്‍ബാനി ഈ ഹദീഥ് സ്വഹീഹാണെന്ന അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്).

സദ്‌വൃത്തയായ ഒരു സ്ത്രീയെ ഇണയായിക്കിട്ടല്‍ മഹാ അനുഗ്രഹമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

നബി ﷺ  പറഞ്ഞു: ''ആര്‍ക്കെങ്കിലും (ഇണയായി) അല്ലാഹു സദ്‌വൃത്തയായ ഒരു സ്ത്രീയെ നല്‍കിയാല്‍ അയാളെ അവന്‍ ദീനിന്റെ പകുതിയിലും സഹായിച്ചു. ഇനിയുള്ള പകുതിയില്‍ അയാള്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ.''

സത്യവിശ്വാസിനിയായ ഒരു സ്ത്രീ മറ്റുള്ള സ്ത്രീകളെക്കാള്‍ എന്തുകൊണ്ടും അനുഗൃഹീതയും ഭാഗ്യവതിയുമാണ്. പെരുമാറ്റങ്ങളിലും പ്രവര്‍ത്തനങ്ങളിലും അവള്‍ സ്രഷ്ടാവിന്റെ മാര്‍ഗനിര്‍ദേശങ്ങളാണ് പിന്‍പറ്റുന്നത് എന്നതിനാല്‍ അവര്‍ക്കത് എല്ലാ അര്‍ഥത്തിലും ഗുണവും സുരക്ഷിതത്വവുമാണ്. ശുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വസ്ത്രധാരണത്തിന്റെ കാര്യങ്ങളിലൊക്കെ അവര്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. അവയെല്ലാം അവള്‍ക്ക് ഈ ലോകത്തും പരലോകത്തും ഗുണം മാത്രമാണ് സമ്മാനിക്കുക.

സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് എല്ലാ മാര്‍ഗനിര്‍ദേശങ്ങളെയും വലിച്ചെറിഞ്ഞ് 'സര്‍വതന്ത്ര സ്വത്രന്തയായി' ജീവിച്ച പലരും അതിന്റെ കെടുതികള്‍ തിരിച്ചറിഞ്ഞ് ഇസ്‌ലാം പറഞ്ഞ സംരക്ഷണമാണ് ഞങ്ങള്‍ക്ക് വേണ്ടത് എന്ന് ഉറക്കെപ്പറഞ്ഞ അനുഭവമാണ് പാശ്ചാത്യന്‍ സമൂഹത്തില്‍ പലയിടത്തുനിന്നും പുറത്തുവരുന്നത്.

നഈമ റോബര്‍ട്ട് എന്ന സഹോദരി പച്ചയായി ലോകത്തോട് അതു തുറന്നുപറഞ്ഞുകൊണ്ടെഴുതിയ ''സോദരിമാരുടെ ചുണ്ടുകൡല്‍ നിന്ന്'' എന്ന കൃതി അതിന്റെ ഏറ്റവും വലിയ സാക്ഷ്യമാണ്. പക്ഷേ, കിഴക്കുള്ള പലര്‍ക്കുമത് വൈകിയേ മനസ്സിലാകുന്നുള്ളൂ.

''ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച് മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷേ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്'' (ക്വുര്‍ആന്‍ 22:46).