അനുഗ്രഹങ്ങളില്‍ നന്ദി കാണിക്കുക നാം

സലീം സുല്ലമി വെള്ളേരി

2020 ജനുവരി 11 1441 ജുമാദല്‍ അവ്വല്‍ 16

നഷ്ടപ്പെടുമ്പോഴാണ് ഓരോന്നിന്റെയും വിലയറിയുക എന്ന് പലരും പറയാറുണ്ട്. പലതിന്റെയും വില നാം അറിഞ്ഞുകൊണ്ടിരിക്കുകയാണിന്ന്.

ഇത്രയും കാലം സ്വന്തം നാട്ടില്‍ അനുഭവിച്ച നിര്‍ഭയത്വംനഷ്ടപ്പെടാന്‍ പോകുന്നു എന്ന വലിയ ആശങ്ക കത്തിപ്പടരുകയാണ്. എല്ലാവരുടെയുംമുഖത്ത്ഭീതിയുടെ മിന്നലാട്ടം പ്രകടമാണ്. ഫലസ്തീന്‍ മുസ്‌ലിംകളെയും റോഹിങ്ക്യന്‍ മുസ്‌ലിംകളെയും പോലെ ആട്ടിയോടിക്കപ്പെട്ടവരുടെ ദയനീയ മുഖങ്ങളായി ഇന്ത്യന്‍ മുസ്‌ലിംകളും വാര്‍ത്താ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാകുമോ? അല്ലാഹുവില്‍ അഭയം!

എന്താണ് പരിഹാര മാര്‍ഗമെന്ന് ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു; അത് ശക്തമായ പ്രതിഷേധം തന്നെയാണ്. അത് നടന്നുകൊണ്ടിരിക്കുന്നു.

പ്രതിസന്ധിഘട്ടങ്ങളില്‍ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ജീവിതത്തിലെ ഏത് പ്രതിസന്ധികളിലും ഏറ്റവും ശരിയായ ദിശാബോധം നല്‍കുന്ന ക്വുര്‍ആന്‍ എന്ന മഹത്തായ ഗ്രന്ഥം; വ്യക്തി, കുടുംബം, സമൂഹം, രാജ്യം എന്നീ തുറകളിലെല്ലാം നിര്‍ഭയത്വം ലഭിക്കാനുള്ള മാര്‍ഗം വ്യക്തമാക്കുന്നുണ്ട്.  

'നിര്‍ഭയത്വം' എന്ന അര്‍ഥത്തില്‍ ക്വുര്‍ആന്‍ ഉപയോഗിച്ച വാക്ക് 'അംന്' എന്നാണ്. മനസ്സിന്റെ സമാധാനം, ഭയമില്ലാത്ത അവസ്ഥ എന്നതാണ്ഈ വാക്ക് കൊണ്ട് അര്‍ഥമാക്കുന്നത്. അല്ലാഹുവില്‍ നിന്നും ലഭിക്കേണ്ടതായ മഹത്തായ ഒരു അനുഗ്രഹമാണത്. ഈ അനുഗ്രഹത്തിനു വേണ്ടി ഇബ്‌റാഹീം നബി(അ) നടത്തിയ പ്രാര്‍ഥന ക്വുര്‍ആന്‍നമ്മെ ഓര്‍മിപ്പിക്കുന്നു:

''എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്‌റാഹീം പ്രാര്‍ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക)...'' (2:126).

ചിന്തിക്കുക! ആഹാരം നല്‍കണേ എന്ന പ്രാര്‍ഥനക്ക് മുമ്പായി നിര്‍ഭയത്വം നല്‍കണേ എന്നാണ് ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ചത്!

നിര്‍ഭയത്വം ഉള്ളയിടത്ത് ഉപജീവനം കണ്ടെത്താനുള്ള സാഹചര്യങ്ങള്‍ ഏറെയാണ്. നിര്‍ഭയത്വം നഷ്ടപ്പെട്ടാല്‍ഉപജീവന മാര്‍ഗവും പ്രതിസന്ധിയിലാകുന്നു. ഏത് സമയത്തും വര്‍ഷിക്കാനിരിക്കുന്ന വെടിയുണ്ടകള്‍ക്കും ബോംബുകള്‍ക്കുമിടയില്‍ ഭക്ഷണത്തിന്റെ രുചിപോലും മറക്കുന്നവര്‍ എത്രയെത്ര! ഭീതിയുടെ മുള്‍മുനയില്‍ ഭക്ഷണംപോലും കഴിക്കാന്‍ കഴിയാത്തവര്‍! അവര്‍ക്ക് അവിടെ ആവശ്യം ഭയമില്ലാത്ത ഒരവസ്ഥയാണ്. നിര്‍ഭയത്വവും ഉപജീവനവും ഒരു പോലെ പ്രതിസന്ധിയിലായപ്പോള്‍ നിര്‍ഭയത്വത്തിനുമുന്‍ഗണന നല്‍കുകയാണ് പ്രവാചകന്‍ ചെയ്തത്.

അല്ലാഹു പ്രത്യേകമായി എടുത്തു പറഞ്ഞ അനുഗ്രഹങ്ങളില്‍ ഒന്നാണ് നിര്‍ഭയത്വം. ക്വുര്‍ആനില്‍ പലയിടങ്ങളിലായി നമുക്കത് കാണാം. ചില വചനങ്ങള്‍ ശ്രദ്ധിക്കുക:

''നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം ഏര്‍പെടുത്തിയിരിക്കുന്നു എന്ന് അവര്‍ കണ്ടില്ലേ? അവരുടെ ചുറ്റുഭാഗത്തു നിന്നാകട്ടെ ആളുകള്‍ റാഞ്ചിയെടുക്കപ്പെടുന്നു. എന്നിട്ടും അസത്യത്തില്‍ അവര്‍ വിശ്വസിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തോട് അവര്‍ നന്ദികേട് കാണിക്കുകയുമാണോ?''(29:67).

''ആ ഭവനത്തെ(കഅ്ബയെ) നാം മനുഷ്യര്‍ക്ക് ഒരു സങ്കേതവും ഒരു നിര്‍ഭയ(സുരക്ഷിത കേന്ദ്രം)സ്ഥാനവുമായി നാം നിശ്ചയിച്ചതും (ഓര്‍ക്കുക)...(2:125).

''നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച് പേര്‍ മാത്രമായിരുന്ന സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുക. ജനങ്ങള്‍ നിങ്ങളെ റാഞ്ചിയെടുത്ത് കളയുമെന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നിട്ട് അവന്‍ നിങ്ങള്‍ക്ക് ആശ്രയം നല്‍കുകയും അവന്റെ സഹായം കൊണ്ട് നിങ്ങള്‍ക്ക് പിന്‍ബലം നല്‍കുകയും വിശിഷ്ട വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി'' (8:26).

ഇത്തരം വചനങ്ങളിലൂടെ അല്ലാഹു നമുക്ക് അവന്‍ നമ്മുടെ കൂടെയുണ്ട് എന്ന ബോധം പകര്‍ന്നു നല്‍കുന്നു. ആശ്വാസമേകുന്നു. ഏതൊരവസ്ഥയിലും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന ചിന്ത നാം കൈവിട്ടു കൂടാ. നമുക്ക് ജീവിതത്തില്‍ നിര്‍ഭയത്വം ലഭിക്കണമെങ്കില്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:

നന്ദിയുള്ളവരാവുക

അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ അനുഭവിക്കുവാനും ആസ്വദിക്കുവാനുമുള്ളഒന്നാമത്തെ വഴി ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദിയുള്ളവരാവുക എന്നതാണ്. ആ അനുഗ്രഹങ്ങള്‍ നിലനിര്‍ത്തുവാനും ആസ്വദിക്കുവാന്‍ കഴിയാനും അത് കാരണമാകും. അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക:

''നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ധിപ്പിച്ചു തരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ)'' (14:7).

നന്ദികേട് കാണിച്ചപ്പോള്‍ നിര്‍ഭയത്വം നഷ്ടപ്പെട്ട് ശിക്ഷിക്കപ്പെട്ട ഒരു ജന വിഭാഗത്തെ അല്ലാഹുപരിചയപ്പെടുത്തുന്നത് കാണുക:

''തീര്‍ച്ചയായും സബഅ് ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു. അതായത്, വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. (അവരോട് പറയപ്പെട്ടു:) നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും. എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ട് തോട്ടങ്ങള്‍ക്ക് പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു. അവര്‍ നന്ദികേട് കാണിച്ചതിന് നാം അവര്‍ക്ക് പ്രതിഫലമായി നല്‍കിയതാണത്. കടുത്ത നന്ദികേട് കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ? അവര്‍ക്കും (സബഅ് ദേശക്കാര്‍ക്കും) നാം അനുഗ്രഹം നല്‍കിയ (സിറിയന്‍) ഗ്രാമങ്ങള്‍ക്കുമിടയില്‍ തെളിഞ്ഞ് കാണാവുന്ന പല ഗ്രാമങ്ങളും നാം ഉണ്ടാക്കി. അവിടെ നാം യാത്രയ്ക്ക് താവളങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തു. രാപകലുകളില്‍ നിര്‍ഭയരായിക്കൊണ്ട് നിങ്ങള്‍ അതിലൂടെ സഞ്ചരിച്ച് കൊള്ളുക (എന്ന് നാം നിര്‍ദേശിക്കുകയും ചെയ്തു). അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ യാത്രാതാവളങ്ങള്‍ക്കിടയില്‍ നീ അകലമുണ്ടാക്കണമേ. അങ്ങനെ തങ്ങള്‍ക്കു തന്നെ അവര്‍ ദ്രോഹം വരുത്തി വെച്ചു. അപ്പോള്‍ നാം അവരെ കഥാവശേഷരാക്കിക്കളഞ്ഞു. അവരെ നാം സര്‍വത്ര ഛിന്നഭിന്നമാക്കി. ക്ഷമാശീലനും നന്ദിയുള്ളവനുമായ ഏതൊരാള്‍ക്കും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്'' (34:15-19).

നോക്കുക! നിര്‍ഭയത്വം ലഭിക്കപ്പെട്ട സുന്ദരമായ ഒരു ഗ്രാമം. അവിടെ അല്ലാഹു അനുഗ്രഹങ്ങള്‍ ഏറെ വര്‍ഷിച്ചു. ഏന്നിട്ടും അവിടെയുള്ളവര്‍ നന്ദികേട് കാണിച്ചു. അതിനാല്‍ അവര്‍ക്ക് അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരികയും ചെയ്തു.

ഈ സംഭവത്തില്‍ നമുക്കും ചില ദൃഷ്ടാന്തങ്ങളില്ലേ? നമ്മുടെ സംസ്ഥാനത്തെക്കുറിച്ച്  ചിന്തിക്കുക.മറ്റു നാടുകളെ അപേക്ഷിച്ച് നിര്‍ഭയത്വം തുളുമ്പുന്ന ഒരു നാടായിരുന്നു കേരളം. എന്നാല്‍ ഇന്നത്തെ അവസ്ഥയെന്താണ്? പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ കെടുതികളുടെ ഭീതി നമ്മെ വലയം ചെയ്തിരിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്നില്ലെങ്കില്‍ നാം പട്ടിണി കിടക്കുന്ന അവസ്ഥയാണുള്ളത്. ഇപ്പോഴിതാ ഇന്ത്യാരാജ്യം ഭരിക്കുന്നവരില്‍നിന്നു തന്നെ അതിഭീകരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു.

നമ്മള്‍ സ്രഷ്ടാവിനോട് നന്ദികാണിച്ചുകൊണ്ടാണോ ജീവിക്കുന്നത്? എണ്ണമറ്റ അനുഗ്രഹങ്ങള്‍ അനുഭവിച്ചുകൊണ്ട് ജീവിക്കുന്ന നമ്മള്‍ നന്ദികേടിലാണ് ജീവിക്കുന്നതെങ്കില്‍ അല്ലാഹുവിന്റെ പരീക്ഷണങ്ങളില്‍ നാം അകപ്പെടാതിരിക്കുമോ?

അല്ലാഹുവിന്റെ ഈ വചനമൊന്ന് ശ്രദ്ധിക്കൂ:

''അല്ലാഹു ഒരു രാജ്യത്തെ ഉപമയായി എടുത്തുകാണിക്കുകയാകുന്നു. അത് സുരക്ഷിതവും ശാന്തവുമായിരുന്നു. അതിലെ ആവശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്തുനിന്നും സമൃദ്ധമായി അവിടെ എത്തിക്കൊണ്ടിരിക്കും. എന്നിട്ട് ആ രാജ്യം അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിച്ചു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നത് നിമിത്തം വിശപ്പിന്റെ ഭയത്തിന്റെയും ഉടുപ്പ് അല്ലാഹു ആ രാജ്യത്തിന് അനുഭവിക്കുമാറാക്കി'' (16:112).

ഇവിടെ നാം ഓര്‍ക്കുക; നിലവിലെ സാഹചര്യങ്ങള്‍ ഏറെ ആശങ്കകള്‍ സമ്മാനിക്കുന്നുവെങ്കിലും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാംനിര്‍ഭയരാണ്. അതില്‍ നാം ആശ്വസിക്കുന്നുണ്ട്. ഇതും ഒരു അനുഗ്രഹം തന്നെയാണല്ലോ. ഇതിന്വാക്കിലൂടെയും പ്രവൃത്തിയിലൂടെയും നാം സ്രഷ്ടാവിനോട് നന്ദി പ്രകടിപ്പിക്കേണ്ടതില്ലേ?

തൗഹീദ് സാക്ഷാത്കരിക്കുക

ഇഹപര ജീവിതത്തില്‍ നിര്‍ഭയത്വം നേടിയെടുക്കുവാന്‍ പരിശുദ്ധ ക്വുര്‍ആന്‍ നല്‍കുന്ന ഏറ്റവും പ്രധാനമായ ഒരു പരിഹാരമാര്‍ഗമാണ്തൗഹീദ് സാക്ഷാത്കരിക്കുക എന്നത്. അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് അവന് മാത്രം ആരാധനകള്‍ ചെയ്ത് ജീവിക്കുവാനാണ്. ഇതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന വാഗ്ദാനമാണ് നിര്‍ഭയത്വവും സ്വാധീനവും സൗകര്യങ്ങളുമെല്ലാം. അല്ലാഹു പറയുന്നത്കാണുക:

''നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍'' (24:55).

''വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍'' (6:82).

ചിന്തിക്കുക! ആരാധനകളില്‍ പ്രധാനങ്ങളായ പ്രാര്‍ഥനകളും നേര്‍ച്ചകളും വഴിപാടുകളും അല്ലാഹു അല്ലാത്തവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നവര്‍ മുസ്‌ലിം സമൂഹത്തില്‍ എത്രയാണുള്ളത്! അതാണ് ഇസ്‌ലാമിന്റെ ശരിയായ വഴി എന്നും അങ്ങനെയൊക്കെ ചെയ്യുന്നവന്‍ മാത്രമാണ് യഥാര്‍ഥ മുസ്‌ലിം എന്നും ചിന്തിക്കുന്ന ഒരു ജനവിഭാഗത്തിന് എങ്ങനെയാണ് ഭൂമിയില്‍ നിര്‍ഭയത്വവും സ്വാധീനവും ലഭിക്കുക? അല്ലാഹുവില്‍ അഭയം!

നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക

നമ്മള്‍ മനസ്സിലാക്കിയ നന്മകള്‍ മറ്റുള്ളവരിലേക്കും എത്തിക്കാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. പ്രവാചകന്‍ ﷺ  പറയുന്നു; നിങ്ങള്‍ നിങ്ങളുടെ കുടുംബത്തില്‍ നിന്നും തുടങ്ങണമെന്ന്. സ്വന്തം കുടുംബത്തിലുള്ളവരോട് നന്മ കല്‍പിക്കുവാനും തിന്മ വിരോധിക്കുവാനും സാധിച്ചില്ലെങ്കില്‍ പിന്നെ എവിടെയാണത് സാധിക്കുക? അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും നിര്‍ബന്ധ നമസ്‌കാരത്തില്‍ വീഴ്ച വരുത്താതിരിക്കുവാനും അതിനോട് വിമുഖത കാണിച്ചാലുണ്ടാകുന്ന വിപത്ത് എന്തായിരിക്കുമെന്നും കുടുംബത്തെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുവന്‍ മടികാണിക്കുന്നവര്‍ എങ്ങനെയാണ് സമൂഹത്തോട് അതെല്ലാം ഉപദേശിക്കുക?

അല്ലാഹു പറയുന്നു: ''എന്നാല്‍ അവരെ ഓര്‍മപ്പെടുത്തിയിരുന്നത് അവര്‍ മറന്നുകളഞ്ഞപ്പോള്‍ ദുഷ്പ്രവൃത്തിയില്‍ നിന്ന് വിലക്കിയിരുന്നവരെ നാം രക്ഷപ്പെടുത്തുകയും അക്രമികളായ ആളുകളെ അവര്‍ ധിക്കാരം കാണിച്ചിരുന്നതിന്റെ ഫലമായി നാം കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു'' (7:165).

നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയെന്ന, വ്യക്തിപരമായും സാമൂഹികമായും നിര്‍വഹിക്കേണ്ട ദൗത്യത്തിന്റെ അഭാവം വലിയ അരക്ഷിതാവസ്ഥയാണ് സമൂഹത്തില്‍ ഉണ്ടാക്കുക. ഇത് നിര്‍വഹിക്കപ്പെടുന്ന സമൂഹത്തില്‍ അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹങ്ങള്‍സദാ വര്‍ഷിക്കുക തന്നെ ചെയ്യും. ഈ ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ സഹായമുണ്ടാകുമെന്നതില്‍ സംശയമില്ല.

പ്രാര്‍ഥന

നിര്‍ഭയത്വം കൈവരിക്കാനുള്ള ഇബ്‌റാഹീം നബി(അ)യുടെ നിഷ്‌കളങ്കമായ പ്രാര്‍ഥന നാം തുടക്കത്തില്‍ സൂചിപ്പിച്ചു. ഒരു വിശ്വാസിയുടെ ബലവത്തായ ആയുധം പ്രാര്‍ഥന തന്നെയാണ്. നിരന്തരമായ പ്രാര്‍ഥനയുടെ അനിവാര്യത മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ നമ്മെ വിളിച്ചറിയിക്കുന്നുണ്ട്. പ്രഭാത പ്രദോഷ പ്രാര്‍ഥനകളില്‍ നബി ﷺ  ഈ വിഷയം ഉള്‍പ്പെടുത്തിയിരുന്നു എന്നത് തന്നെ ഇതിന്റെ ഗൗരവം അറിയിക്കുന്നു.

നബി ﷺ  പ്രഭാതത്തിലും പ്രദോഷത്തിലും പതിവാക്കിയിരുന്ന ഒരു പ്രാര്‍ഥന ഇബ്‌നു ഉമറി(റ)ല്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കാണുക:

''അല്ലാഹുവേ, ഇഹത്തിലും പരത്തിലും ഞാന്‍ നിന്നോട് സൗഖ്യത്തെ ചോദിക്കുന്നു. എന്റെ മതപരവും ഭൗതികവും കുടുംബപരവും സാമ്പത്തികവുമായ എല്ലാ കാര്യത്തിലും ഞാന്‍ സൗഖ്യത്തെ ചോദിക്കുന്നു. അല്ലാഹുവേ, എന്റെ രഹസ്യങ്ങള്‍ നീ മറച്ച് വെക്കുകയും പരിഭ്രമങ്ങളില്‍ നിന്നും നീ എനിക്ക് നിര്‍ഭയത്വം നല്‍കുകയും ചെയ്യേണമേ. അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലത് ഭാഗത്തിലൂടെയും ഇടത് ഭാഗത്തിലൂടെയും മുകളിലൂടെയും നേരിടാവുന്ന വിപത്തുക്കളില്‍ നിന്നും എന്നെ കാത്ത് രക്ഷിക്കേണമേ. താഴ്ഭാഗത്തിലൂടെ ഞാന്‍ വഞ്ചിക്കപ്പെടുന്നതില്‍ നിന്നും ഞാന്‍ നിന്നോട്  രക്ഷതേടുന്നു'' (അബൂദാവൂദ്).

ഹിജ്‌റ മാസപ്പിറവി ദര്‍ശിക്കുമ്പോള്‍ നടത്തുന്ന പ്രാര്‍ഥനയിലും നിര്‍ഭയത്വത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നു:

''അല്ലാഹു ഏറ്റവും വലിയവന്‍. അല്ലാഹുവേ! നീ ഞങ്ങളുടെ മീതെ ഈ ചന്ദ്രമാസത്തെ ഉദിപ്പിക്കുന്നത് (ഈ മാസം തുടക്കം കുറിക്കുന്നത്) നിര്‍ഭയത്വവും ഈമാനും സമാധാനവും ഇസ്‌ലാമും കൊണ്ടാക്കേണമേ. എന്റെ സ്രഷ്ടാവും സംരക്ഷകനുമായ റബ്ബും നിന്റെ (ചന്ദ്രന്റെ) സ്രഷ്ടാവും സംരക്ഷകനുമായ റബ്ബും അല്ലാഹുതന്നെയാണ്.''

ലോകത്ത് നിര്‍ഭയത്വവും സമാധാനവും പുലരാന്‍ ഇസ്‌ലാമിക പ്രബോധനം ആത്മാര്‍ഥതയോടെ, ഗുണകാംക്ഷയോടെ നിര്‍വഹിക്കപ്പെടേണ്ടതുണ്ട്. പ്രതിസന്ധികളുടെ കാഠിന്യം കൂടും തോറും തന്റെ രക്ഷിതാവിലുള്ള ദൃഢമായ വിശ്വാസത്താല്‍ നിര്‍ഭയത്വം വര്‍ധിക്കുകയാണ് ചെയ്യുക.

അല്ലാഹു പറയുന്നത് കാണുക: ''ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അത് അവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ''(3:173).

ഈയൊരു നിര്‍ഭയത്വമാണ് നമുക്ക് ചുറ്റും പുലരേണ്ടത്. നിര്‍ഭയത്വ സാഹചര്യങ്ങളില്‍ നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങളാണ് സമൂഹത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ളതെന്ന് ഹുദൈബിയ സന്ധി നമുക്ക് പറഞ്ഞ് തരുന്നു.

കുടുംബത്തിലും രാജ്യത്തിലും നിര്‍ഭയത്വം നിലനില്‍ക്കുവാനായി പ്രവര്‍ത്തിക്കുക, പ്രാര്‍ഥിക്കുക.