ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം: പ്രമാണങ്ങളിലെ കൃത്യത

ഡോ. ജൗസല്‍

2020 ഡിസംബര്‍ 05 1442 റബീഉല്‍ ആഖിര്‍ 20

(ഭ്രൂണശാസ്ത്രം ക്വുര്‍ആനിലും ഹദീഥിലും 3)

ഭ്രൂണശാസ്ത്രവും ജനിതകശാസ്ത്രവുമായി ബന്ധപ്പെട്ടു വളരെ ആധുനികകാലത്ത് മാത്രം കണ്ടുപിടിക്കപ്പെട്ട പല ശാസ്ത്രീയ അറിവുകളും ഹദീഥുകളില്‍ വിശദീകരിക്കപ്പെട്ടത് കാണാം.

നബി ﷺ  മദീനയില്‍ വന്നപ്പോള്‍ മദീനയിലെ ജൂതന്‍മാരുടെ വലിയ നേതാവും പണ്ഡിതനുമായിരുന്ന അബ്ദുല്ലാഹിബ്‌നു സലാം നബിയുടെ അടുത്തുവരികയും അവിടുന്ന് ഒരു യഥാര്‍ഥ പ്രവാചകനാണോ എന്ന് പരിശോധിക്കുവാന്‍ വേണ്ടി ഏതാനും ചോദ്യങ്ങള്‍ ചോദിക്കുകയുമുണ്ടായി.

അദ്ദേഹം പ്രവാചകനോട് പറഞ്ഞു: ''ഞാന്‍ താങ്കളോട് മൂന്ന് ചോദ്യങ്ങള്‍ ചോദിക്കും. ഒരു യഥാര്‍ഥ പ്രവാചകനല്ലാതെ അതിന് ഉത്തരം അറിയുക സാധ്യമല്ല.''

എന്തുകൊണ്ടാണ് ചില കുട്ടികള്‍ക്ക് കുട്ടിയുടെ പിതാവിനോട് സാദൃശ്യമുണ്ടാകുന്നതും ചില കുട്ടികള്‍ക്ക് മാതാവിനോട് സാദൃശ്യമുണ്ടാകുന്നതും എന്നതായിരുന്നു ഒരു ചോദ്യം.

അബ്ദുല്ലാഹിബ്‌നു സലാമിന്റെ ഈ ചോദ്യത്തിന് പ്രവാചകന്‍ ﷺ  കൊടുത്ത മറുപടി നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. അവിടുന്ന് പറഞ്ഞു: ''ജിബ്‌രീല്‍ (എന്ന മലക്ക്) എനിക്ക് ഇപ്പോള്‍ ഇതിന് ഉത്തരം അറിയിച്ചുതന്നിരിക്കുന്നു.''

എന്നിട്ട് പ്രവാചകന്‍ പറഞ്ഞു: ''പുരുഷന്റെ ബീജം സ്ത്രീയുടെ ബീജത്തിനെ (അണ്ഡത്തെ) മുന്‍ കടന്നാല്‍ ആ കുട്ടിക്ക് പിതാവിന്റെ സ്വഭാവ ഗുണവിശേഷങ്ങളായിരിക്കും കൂടുതലായി ഉണ്ടാവുക. എന്നാല്‍ സ്ത്രീയുടെ ബീജമാണ് പുരുഷബീജത്തെ മുന്‍കടക്കുന്നത് എങ്കില്‍ മാതാവിന്റെ സ്വഭാവ ഗുണവിശേഷങ്ങളാണ് കുട്ടിയില്‍ കൂടുതലായി കാണപ്പെടുക.''

ആധുനിക ജനിതക ശാസ്ത്രത്തോട് പൂര്‍ണമായും യോജിക്കുന്ന ഒരു പ്രസ്താവനയാണിത്. dominant ജീനുകള്‍ അഥവാ സ്‌ട്രോങ്ങ് ആയിട്ടുള്ള ജീനുകളാണ് കുട്ടിയില്‍ പ്രകടമായി ഉണ്ടാവുക.

മാതാവിന്റെ ജീനുകളാണ് കൂടുതല്‍ dominant ആയിട്ടുള്ളത് ഏങ്കില്‍ മാതാവിന്റെ സ്വഭാവവിശേഷങ്ങളും പിതാവിന്റെ ജീനുകളാണ് കൂടുതല്‍ ഡോമിനന്റ് ആയിട്ടുള്ളത് എങ്കില്‍ പിതാവിനെ സ്വഭാവഗുണങ്ങളുമാണ് കുട്ടിക്ക് ലഭിക്കുക. 23 ജോഡി ക്രോമസോമുകളാണ് ഓരോ മനുഷ്യകോശത്തിലും ഉള്ളത്. ഇതില്‍ 23 എണ്ണം മാതാവില്‍നിന്ന് ലഭിക്കുന്നതും 23 എണ്ണം പിതാവില്‍നിന്ന് ലഭിക്കുന്നതായിരിക്കും. ഈ ക്രോമസോമുകളിലുള്ള ജീനുകള്‍ രണ്ടുതരത്തിലാണുള്ളത്; ഡോമിനന്റ് ജീനുകളും റിസസീവ് ജീനുകളും. ഡോമിനന്റ് ജീനുകളുടെ ഗുണവിശേഷങ്ങളാണ് ഒരു കോശം പ്രകടിപ്പിക്കുക.

പിതാവിന്റെ ബീജത്തിലെ ജീനുകള്‍ മാതാവിന്റെ അണ്ഡത്തിലെ ജീനുകളെ മറികടക്കുന്നവെങ്കില്‍, അഥവാ പിതാവില്‍നിന്നുള്ള ജീനുകള്‍ ഡോമിനന്റ് ജീനുകള്‍ ആണെങ്കില്‍ പിതാവിന്റെ സ്വഭാവവിശേഷങ്ങളും നേരെ തിരിച്ചാണെങ്കില്‍ മാതാവിന്റെ സ്വഭാവവിശേഷങ്ങളും കുട്ടിക്ക് ലഭിക്കുന്നു.

ഉദാഹരണത്തിനായി, പിതാവിന്റെ കണ്ണിന്റെ നിറം കറുപ്പും മാതാവിന്റെ കണ്ണിന്റെ നിറം നീലയും ആണെന്ന് കരുതുക. ഇതില്‍ കറുപ്പു നിറത്തിന്റെ ജീന്‍ dominant geneഉം നീലനിറത്തിന്റെ ജീന്‍ recessive geneഉം ആണ് എങ്കില്‍ കുഞ്ഞിന്റെ കണ്ണിന്റെ നിറം കറുപ്പ് ആയിരിക്കും. കുഞ്ഞിന്റെ ശരീരത്തിലെ ഡിഎന്‍എയിലെ ക്രോമസോമുകളില്‍ കണ്ണിന് കറുപ്പുനിറം നല്‍കുന്ന ജീനും നീലനിറം നല്‍കുന്ന ജീനും ഉണ്ടായിരിക്കും. എന്നാല്‍ കണ്ണിന്റെ കറുപ്പുനിറത്തിന് കാരണമായ dominant gene നീല നിറത്തിന് കാരണമാകുന്ന recessive geneനെ അതിജയിക്കുകയും dominant geneന്റെ ഗുണമായ കറുപ്പുനിറം മാത്രം കുഞ്ഞില്‍  പ്രകടമാവുകയും ചെയ്യും.

പ്രവാചകന്‍ ﷺ  അരുള്‍ ചെയ്തു: ''പുരുഷന്റെ ദ്രാവകം കട്ടിയുള്ളതും വെളുത്തതുമാണ്. സ്ത്രീയുടെ ദ്രാവകം കട്ടിയില്ലാത്തതും മഞ്ഞയുമാണ്. ഇതില്‍ ഏത് അതിജയിക്കുന്നുവോ ജനിക്കുന്ന സന്താനം അവരോട് സാദൃശ്യമുള്ളത് ആയിരിക്കും'' (നസാഈ).

പുരുഷബീജത്തെക്കുറിച്ചോ സ്ത്രീയുടെ അണ്ഡത്തെക്കുറിച്ചോ ബീജസങ്കലനത്തെക്കുറിച്ചോ ജനിതക ശാസ്ത്രത്തെക്കുറിച്ചോ ജീനുകളെക്കുറിച്ചോ ഒന്നും യാതൊരുവിധ ധാരണയുമില്ലാത്ത ഏഴാം നൂറ്റാണ്ടിലെ ഒരു നിരക്ഷരനായ മനുഷ്യന്റെ നാവില്‍നിന്നാണ് ഈ വാക്കുകള്‍ എന്ന് മനസ്സിലാക്കുമ്പോഴാണ് ഈ ഒരു അറിവ് കൃത്യമായ ദൈവികവെളിപാടിന്റെ പിന്‍ബലമില്ലാതെ ഒരിക്കലും സാധ്യമല്ല എന്ന സത്യം നമുക്ക് ബോധ്യപ്പെടുക. പ്രവാചകന്‍ ﷺ  ഒരിക്കലും സ്വന്തം ഇച്ഛക്ക് അനുസരിച്ച് സംസാരിക്കുകയില്ലല്ലോ.

''അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല; അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു'' (ക്വുര്‍ആന്‍ 53: 34).

കുഞ്ഞിന്റെ ലിംഗനിര്‍ണയം

കുഞ്ഞിന്റെ ജനറ്റിക് സെക്‌സ് ബീജസങ്കലന സമയത്തുതന്നെ നിര്‍ണയിക്കപ്പെടുന്നതിനെക്കുറിച്ച് കൃത്യമായി വിശുദ്ധ ക്വുര്‍ആനിലും കുഞ്ഞിന്റെ ഫിനോടൈപ്പ് സെക്‌സ് differentiation ആറാമത്തെ ആഴ്ചയില്‍ നടക്കുന്നത് കൃത്യമായി ഹദീഥിലും പ്രതിപാദിച്ചിരിക്കുന്നു.

വിശുദ്ധ ക്വുര്‍ആന്‍ പരിശോധിച്ചാല്‍ വിവിധ വചനങ്ങളിലായി ഒരു മനുഷ്യഭ്രൂണം വളര്‍ന്നുവരുന്ന വ്യത്യസ്ത സ്‌റ്റേജുകള്‍ വിശദീകരിക്കുന്നതായി കാണാം. പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും സ്ത്രീയുടെ ഗര്‍ഭാശയനാളിയില്‍വച്ച് കൂടിച്ചേരുന്നതാണ് ഒന്നാംഘട്ടം. 'നുത്വ്ഫതുന്‍ അംശാജ്'  അഥവാ കൂടിച്ചേര്‍ന്ന നുത്വ്ഫ എന്നാണ് ഇതിനെപ്പറ്റി ക്വുര്‍ആനില്‍ പ്രതിപാദിച്ചിട്ടുള്ളത്.

''കൂടിച്ചേര്‍ന്ന നുത്വ്ഫയില്‍നിന്നും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 76:2).

ഒരു ഏകകോശമാണിത്. പുരുഷബീജം എന്ന അര്‍ധകോശവും (haploid cell) സ്ത്രീയുടെ അണ്ഡം എന്ന അര്‍ധകോശവും ഒന്നുചേര്‍ന്ന് fertilized egg അഥവാ സിക്താണ്ഡം എന്ന ഒരു ഏകകോശമാവുന്നു. ഈ ഏകകോശ അവസ്ഥയില്‍തന്നെ അത് സ്ത്രീയാണോ പുരുഷനാണോ എന്ന് തീരുമാനിക്കപ്പെട്ടിരിക്കുന്നു. X ക്രോമസോമുള്ള പുരുഷബീജമാണ് സ്ത്രീയുടെ അണ്ഡവുമായി കൂടിച്ചേരുന്നത് എങ്കില്‍ അത് സ്ത്രീയായി മാറുന്നു. Y ക്രോമസോമുള്ള പുരുഷ ബീജമാണ് സ്ത്രീയുടെ അണ്ഡവുമായി കൂടിച്ചേരുന്നതെങ്കില്‍ അത് പുരുഷനായും മാറുന്നു.

വളരെ അടുത്തകാലത്താണ് ക്രോമസോമുകളെ പറ്റിയും ജീനുകളെ പറ്റിയുമൊക്കെ നാം മനസ്സിലാക്കിയത്. ഹ്യൂമന്‍ ക്രോമസോമുകള്‍ ആദ്യമായി കണ്ടുപിടിച്ചതുതന്നെ 1955ലാണ്. ആധുനികമായ മൈക്രോസ്‌കോപ്പുകളുടെയും മറ്റും സഹായത്തോടെ മാത്രമെ ഇത്തരം കാര്യങ്ങള്‍ കണ്ടുപിടിക്കാനാവൂ എന്ന് നമുക്കറിയാം. എന്നാല്‍ ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് നിരക്ഷരനായ പ്രവാചകനിലൂടെ അവതരിക്കപ്പെട്ട വിശുദ്ധ ക്വുര്‍ആന്‍ വചനങ്ങളില്‍ ഇങ്ങനെ കാണാം:

''ഒരു ബീജം (ഗര്‍ഭാശയത്തിലേക്ക്) സ്രവിക്കപ്പെടുമ്പോള്‍ അതില്‍നിന്ന് ആണ്‍, പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചത്'' (53:45-46).

 ഈ വചനങ്ങളില്‍നിന്ന് കുട്ടിയുടെ ലിംഗനിര്‍ണയം അഥവാ കുട്ടി ആണാണോ പെണ്ണാണോ എന്നുള്ളത് നുത്വ്ഫയുടെ സ്‌റ്റേജില്‍ തന്നെ, അഥവാ പുരുഷ ബീജവും സ്ത്രീബീജവും ഗര്‍ഭാശയത്തില്‍ കൂടിചേരുമ്പോള്‍ തന്നെ തീരുമാനിക്കപ്പെടുന്നു എന്ന് നമുക്ക് കൃത്യമായ സൂചന ലഭിക്കുന്നു.

സ്വഹീഹ് മുസ്‌ലിമില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ക്വദ്‌റുമായി (വിധി വിശ്വാസവുമായി) ബന്ധപ്പെട്ട ഹദീഥുകളില്‍ നമുക്ക് ഇങ്ങനെ കാണാം:

''ബീജസങ്കലനം നടന്നതിനുശേഷം 42 ദിവസം കഴിഞ്ഞാല്‍ അല്ലാഹു ആ ഗര്‍ഭപാത്രത്തിന് അടുത്തേക്ക് ഒരു മലക്കിനെ അയക്കുന്നു. അങ്ങനെ മലക്ക് ആ ഭ്രൂണത്തിന് രൂപം നല്‍കുന്നു, കേള്‍വിയും കാഴ്ചയും തൊലികളും മാംസങ്ങളും എല്ലുകളും സൃഷ്ടിക്കുന്നു. എന്നിട്ട് മലക്ക് ചോദിക്കുന്നു: 'രക്ഷിതാവേ, ഇത് ആണോ പെണ്ണോ?' അപ്പോള്‍ ആ കുട്ടി ആണാണോ പെണ്ണാണോ എന്നുള്ള അല്ലാഹുവിന്റെ തീരുമാനം മലക്ക് രേഖപ്പെടുത്തുകയും ചെയ്യുന്നു.''

അപ്പോള്‍ സ്വാഭാവികമായും നമുക്ക് ഉണ്ടാകാവുന്ന ഒരു സംശയമാണ് ബീജസങ്കലനം നടക്കുമ്പോള്‍ തന്നെ അഥവാ പുരുഷബീജവും സ്ത്രീ ബീജം അഥവാ അണ്ഡവും കൂടിച്ചേരുമ്പോള്‍ തന്നെ കുട്ടിയുടെ ലിംഗം നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞതല്ലേ,  XX ക്രോമസോം ആണെങ്കില്‍ കുട്ടി പെണ്ണായും XY ക്രോമസോം ആണെങ്കില്‍ കുട്ടി ആണായും മാറുമല്ലോ. അപ്പോള്‍ പിന്നെ ഈ നാല്‍പത്തിരണ്ടാമത്തെ ദിവസം അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം കുട്ടി പുരുഷനാണോ സ്ത്രീയാണോ എന്ന കാര്യം മലക്ക് രേഖപ്പെടുത്തുമെന്ന് പറയുന്നത് അബദ്ധമല്ലേ എന്ന്.

ആഴത്തില്‍ പഠിക്കുമ്പോഴാണ് ക്വുര്‍ആനിന്റെയും നബിവചനങ്ങളുടെയും കൃത്യത നമുക്ക് ബോധ്യപ്പെടുക. ഇനി ഞാന്‍ പറയുന്നത് ശാസ്ത്രവിഷയത്തില്‍ നല്ല അവഗാഹമുള്ള ആളുകള്‍ മാത്രം കേട്ടിരിക്കാന്‍ സാധ്യതയുള്ള ഒരു കാര്യമാണ്. ഒരുപക്ഷേ, ഭൂരിപക്ഷമാളുകളും ചിലപ്പോള്‍ ആദ്യമായിട്ടായിരിക്കാം ഇങ്ങനെ ഒരു കാര്യം കേള്‍ക്കാന്‍ പോകുന്നത്. ലിംഗനിര്‍ണയം എന്നുള്ളത് രണ്ടുതരത്തിലുണ്ട്, ജനറ്റിക് സെക്‌സ് അല്ലെങ്കില്‍ gentoypic സെക്‌സ് അല്ലെങ്കില്‍ ക്രോമസോം സെക്‌സ് എന്നൊക്കെ പറയുന്ന ലിംഗ നിര്‍ണയവും; ഫീനോടിപ്പിക്ക് സെക്‌സ് എന്ന മറ്റൊരു ലിംഗനിര്‍ണയവും ഉണ്ട്.

 ജനിതകപരമായ ലിംഗനിര്‍ണയം അഥവാ ഡിഎന്‍എയിലെ ക്രോമസോമുകളുടെ അടിസ്ഥാനത്തിലുള്ള ലിംഗനിര്‍ണയം നേരത്തെ പറഞ്ഞപോലെ X,Y ജീനുകള്‍ അടിസ്ഥാനമാക്കിയുള്ളതാണ്. ജീനോടിപ്പിക് സെക്‌സ് എന്നതിനെ ജനിതകപരമായ ലിംഗം എന്ന് നമുക്ക് മലയാളീകരിക്കാം. എന്നാല്‍ ഫീനോടിപ്പിക് സെക്‌സ് ആണ് ബാഹ്യരൂപപരമായ ലിംഗനിര്‍ണയം അഥവാ ശാരീരിക അവയവങ്ങളുടെ അടിസ്ഥാനത്തില്‍ ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കുക. നമ്മള്‍ ഒരാളെ കാണുമ്പോള്‍ അയാള്‍ ആണാണോ പെണ്ണാണോ എന്ന് മനസ്സിലാക്കുന്നത് അയാളുടെ physical appearance നോക്കിയാണ്, അല്ലാതെ DNA test നടത്തിയ റിപ്പോര്‍ട്ട് നോക്കിയല്ലല്ലോ! ഈ രീതിയിലുള്ള ലിംഗനിര്‍ണയമാണ് ഫീനോടിപ്പിക് സെക്‌സ്.

നേരത്തെ നമ്മള്‍ പറഞ്ഞ 46 ക്രോമസോമുകള്‍ ഉള്ളതില്‍ 2 സെക്‌സ് ക്രോമസോമുകള്‍ XY ക്രോമസോമുകള്‍ ആണെങ്കില്‍ കുട്ടി പുരുഷനും XX ക്രോമസോമുകള്‍ ആണെങ്കില്‍ കുട്ടി സ്ത്രീയും ആവും എന്നുള്ള കാര്യം 100% കൃത്യമായ ഒരു പ്രസ്താവനയല്ല. അപൂര്‍വമായി തത ക്രോമസോമുള്ള വ്യക്തി സ്ത്രീ ആവാതെ പുരുഷന്‍ ആയേക്കാം. അതുപോലെ XY ക്രോമോസോം ഉള്ള വ്യക്തി പുരുഷന്‍ ആവാതെ ബാഹ്യരൂപത്തില്‍ സ്ത്രീയായും മാറാം. അഥവാ ജനിതകപരമായി തഥ ക്രോമോസോം ആയിരിക്കും. പക്ഷേ, ശരീരവും ലൈംഗികാവയവങ്ങളും എല്ലാം സ്ത്രീയുടേത് ആയിരിക്കും. ബാഹ്യരൂപത്തില്‍ പൂര്‍ണമായും സ്ത്രീയായിരിക്കും; എന്നാല്‍ ഡിഎന്‍എ പരിശോധിച്ചാല്‍ പുരുഷന്റെ ഡിഎന്‍എ (XY) ആയിരിക്കും.

ഒരു ഭ്രൂണം; അതിന് 6 ആഴ്ച അഥവാ 42 ദിവസം പ്രായമുള്ള അവസ്ഥവരെ ആ ഭ്രൂണത്തിന്റെ ലൈംഗിക അവയവങ്ങള്‍ ആണായി മാറാനും പെണ്ണായി മാറാനും ഒരുപോലെ ശേഷിയുള്ളതാണ്. Primordial bi potential gonadsഎന്നാണ് ഇത് അറിയപ്പെടുന്നത്. അഥവാ ആറാഴ്ചവരെ കുട്ടിയുടെ ലൈംഗിക അവയവങ്ങള്‍ നിര്‍ണയിക്കപ്പെടുന്നില്ല. ആറാമത്തെ ആഴ്ചയില്‍ മാത്രമാണ് differentiation of primordial bi potential gonads സംഭവിക്കുന്നതും കുഞ്ഞ് ആണോ പെണ്ണോ ആയി മാറുന്നതും. ഹദീഥില്‍ പ്രസ്താവിച്ച നാല്‍പത്തി രണ്ടാമത്തെ ദിവസം നടക്കുന്ന, ഭ്രൂണത്തിന് ലിംഗം നിര്‍ണയിക്കപ്പെടുന്ന കാര്യം വളരെ കൃത്യമായ ശാസ്ത്രമാണ് എന്നത് അത്ഭുതകരമായ വസ്തുതയാണ്.

ആറാഴ്ച പ്രായമുള്ള ഭ്രൂണത്തിന്റെ ചില ജീനുകള്‍ ആ സമയത്ത് ആക്ടീവ് ആക്കപ്പെടുകയും ചില പ്രത്യേകതരം പ്രോട്ടീനുകള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുമ്പോള്‍ ഒരു ആണിന്റെയോ പെണ്ണിന്റെയോ ലൈംഗികാവയവങ്ങള്‍ ആ ഭ്രൂണത്തില്‍ ഉണ്ടാവാന്‍ ആരംഭിക്കുന്നു. പലതരം ജീനുകളും ഇതുമായി ബന്ധപ്പെട്ട് ഉണ്ട്. അതില്‍ ഏറ്റവും പ്രാധാന്യമുള്ള, ശാസ്ത്രലോകം കണ്ടെത്തിയ ഒരു ജീനാണ് SRY gene. TDF (testes determining factor) or sex determining region Y protein എന്ന ചില തരം പ്രോട്ടീനുകള്‍ അഥവാ ഹോ ര്‍മോണുകള്‍ ഈ SRY gene ഉല്പാദിപ്പിക്കുന്നു.SRY gene ആക്ടീവ് ആവുകയുംTDF പ്രോട്ടീന്‍ (testes determining factor) ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നത് ആറാമത്തെ ആഴ്ചയിലാണ്.  ഈയൊരു ജീന്‍ ആക്ടിവേഷന്‍ നടന്ന് ടിഡിഎഫ് പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്താല്‍ മാത്രമെ ഭ്രൂണം ഒരു ആണ്‍കുഞ്ഞ് ആയി മാറുകയുള്ളൂ. ഈ ഒരു ജീന്‍ ആക്ടിവേഷന്‍ നടക്കുന്നില്ല എന്നുണ്ടെങ്കില്‍ ആ ഭ്രൂണം ഒരു പെണ്‍കുഞ്ഞ് ആയിമാറും.

ഹദീഥില്‍ പരാമര്‍ശിക്കപ്പെട്ട വിഷയം എസ്.ആര്‍.വൈ ജീന്‍ ആക്ടിവേഷന്‍ ആണ് എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. ആറാമത്തെ ആഴ്ച വരെ കുഞ്ഞിന്റെ ലൈംഗികാവയവങ്ങള്‍ ആണായോ പെണ്ണായോ നിര്‍ണയിക്കപ്പെടുന്നില്ല എന്നും ഭ്രൂണത്തിന്റെ bi potential പ്രാഥമിക ലിംഗ കോശങ്ങളുടെ differentiation നടന്ന് ഭ്രൂണം ആണോ പെണ്ണോ ആകുന്നത് ആറാമത്തെ ആഴ്ചയിലാണ് എന്നുമുള്ള കാര്യമാണ് ഹദീഥിലെ പ്രതിപാദ്യം.

ഈ പറഞ്ഞതൊക്കെ കൃത്യമായ ശാസ്ത്ര സത്യങ്ങളാണ്; ആധുനികകാലത്ത് മാത്രം കണ്ടുപിടിക്കപ്പെട്ട കാര്യങ്ങള്‍. ഇൗ കാര്യങ്ങളൊക്കെ കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗൂഗിളില്‍ bi potential gonads എന്നോ testis determining factor എന്നോ SRY gene എന്നോ സെര്‍ച്ച് ചെയ്തു നോക്കിയാല്‍ കാണാവുന്നതാണ്. മെഡിക്കല്‍ ബുക്കുകള്‍ എടുത്ത് തെളിവുകള്‍ ഉദ്ധരിച്ചാല്‍ സാധാരണക്കാര്‍ക്ക് അത് പരിശോധിക്കാന്‍ പ്രയാസമായിരിക്കും. ഈ ലേഖനത്തില്‍ പറഞ്ഞ ശാസ്ത്രീയ പരാമര്‍ശങ്ങള്‍ ഭൂരിഭാഗവും ഗൂഗിളിലോ വിക്കിപീഡിയയിലോ സെര്‍ച്ച് ചെയ്താല്‍ ഏതൊരാള്‍ക്കും പരിശോധിക്കാവുന്നതും ബോധ്യപ്പെടാവുന്നതും ആയ കാര്യങ്ങളാണ്.

Testis determining factor എന്ന വിക്കിപീഡിയ പേജില്‍ കൊടുത്ത ചില പരാമര്‍ശങ്ങള്‍ ഇവിടെ  കൊടുക്കുന്നു:

During gestation, the cells of the primordial gonad that lie along the urogenital ridge are in a bi potential state, meaning they possess the ability to become either male cells (Sertoli and Leydig cells) or female cells (follicle cells and Theca cells). TDF initiates testis differentiation by activating male specific transcription factors that allow these bi potential cells to differentiate and proliferate.

'ഭ്രൂണാവസ്ഥയില്‍ urogenital റിഡ്ജിന് സമീപത്തുള്ള പ്രാഥമിക ലിംഗകോശങ്ങള്‍ bi potential stateല്‍ ആണുള്ളത്. അഥവാ അത് പുരുഷ ലൈംഗികാവയവം ആയി മാറാനും സ്ത്രീ ലൈംഗികാവയവമായി മാറാനും ഒരുപോലെ കഴിവുള്ളതാണ്. TDF അഥവാ testes determining factor; male specific transcription factors ആക്ടിവേറ്റ് ആക്കിക്കൊണ്ട്, രണ്ട് രൂപത്തിലും ആവാന്‍ കഴിയുന്ന അഥവാ സ്ത്രീ ലൈംഗികാവയവവും പുരുഷ ലൈംഗികാവയവും ആയി മാറാന്‍ കഴിവുള്ള പ്രാഥമിക ലിംഗകോശങ്ങളെ പുരുഷ ലൈംഗികാവയവം ആക്കിമാറ്റുന്നു.'

ഇങ്ങനെ രണ്ട് തരത്തിലുള്ള ലിംഗനിര്‍ണയങ്ങളെ പറ്റി വളരെ കൃത്യമായി ക്വുര്‍ആനിലും ഹദീഥിലും വിശദീകരിച്ചിരിക്കുന്നു. Genetic sex ബീജസങ്കലന സമയത്തുതന്നെ നിര്‍ണയിക്കപ്പെടുന്നു എന്ന കാര്യം വിശുദ്ധ ക്വുര്‍ആന്‍ വചനങ്ങളിലും (53:45-46) phenotype sex നിര്‍ണയിക്കപ്പെടുന്ന ഭ്രൂണത്തിന്റെ sex differentiation ഭ്രൂണത്തിന്റെ ആറാമത്തെ ആഴ്ചയിലും നടക്കുന്നു എന്ന കാര്യം ഹദീഥിലും കൃത്യമായി വിശദീകരിക്കുന്നു.

ഗര്‍ഭാശയത്തില്‍വച്ച് ബീജസങ്കലനം നടക്കുന്ന സമയത്തുതന്നെ ജനറ്റിക് സെക്‌സ് നിര്‍ണയിക്കപ്പെടുന്നു എന്ന കാര്യവും ആറാഴ്ച കഴിഞ്ഞ് മാതാവിന്റെ ഗര്‍ഭാശയത്തിന് അകത്തുവച്ച് differentiation of primordial bi potential gonadsഉം

 നടക്കുന്നു എന്ന കാര്യവും വളരെ അടുത്തകാലത്ത് മാത്രം ശാസ്ത്രം കണ്ടെത്തിയതാണ്. 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് എങ്ങനെയാണ് ഈ കാര്യത്തെപ്പറ്റി നിരക്ഷരനായ മുഹമ്മദ് നബി ﷺ ക്ക് അറിവ് ഉണ്ടാവുക? ക്വുര്‍ആനും പ്രവാചക വചനങ്ങളും ദൈവിക വെളിപാടുകള്‍ മാത്രമാണ് എന്ന് നിഷ്പക്ഷ ബുദ്ധിയോടെ ചിന്തിക്കുന്ന ഏതൊരാള്‍ക്കും വെളിവാകുമെന്ന് തീര്‍ച്ച.

(അവസാനിച്ചില്ല)