സമ്മാനം നല്‍കുക

സമീര്‍ മുണ്ടേരി

2020 ഏപ്രില്‍ 25 1441 റമദാന്‍ 02

ക്ലാസുകഴിഞ്ഞ് വീട്ടിലെത്തിയ അഞ്ചുവയസ്സുകാരി അവള്‍ക്ക് അന്ന് ലഭിച്ച സമ്മാനങ്ങള്‍ തന്റെ മാതാപിതാക്കളെ കാണിക്കുമ്പോള്‍ ആ കുഞ്ഞു മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയായിരുന്നു.അവളുടെ കൈകളിലുള്ള സമ്മാനങ്ങള്‍ വിലപിടിപ്പുള്ള വസ്തുക്കളല്ല. പക്ഷേ, തന്റെ ക്ലാസിലെ കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് ലഭിച്ച ആ സമ്മാനത്തിന് വലിയ വിലയുണ്ടവളുടെ മനസ്സില്‍. സമ്മാനങ്ങള്‍ ചെറുതാകട്ടെ, വലുതാകട്ടെ അത് ലഭിക്കുന്നവര്‍ക്കുണ്ടാകുന്ന സന്തോഷം ഏറെ വലുതാണ്. അതിന് പ്രായത്തിന്റെ വ്യത്യാസമില്ല. തനിക്ക് ലഭിച്ച ഒരു ചെറിയ സമ്മാനം പാതിരാത്രില്‍ എടുത്തുനോക്കിയ കാര്യം പ്രിയപ്പെട്ട ജ്യേഷ്ഠ സഹോദരന്‍ പറഞ്ഞത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയാണ്.

ഇസ്‌ലാമും സമ്മാനവും

പരിശുദ്ധ ഇസ്‌ലാം മാനവസമൂഹത്തിനുള്ള അല്ലാഹുവിന്റെ സമ്മാനമാണ്. മറ്റുള്ളവര്‍ക്ക് സമ്മാനം കൊടുക്കാന്‍ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. മുഹമ്മദ് നബി ﷺ  ദാനമായി ലഭിക്കുന്നത് ഭക്ഷിക്കുമായിരുന്നില്ലെന്നും സമ്മാനമായി ലഭിക്കുന്നത് സ്വീകരിച്ചിരുന്നുവെന്ന് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.

ആഇശ(റ) ഉദ്ധരിച്ച ഹദിഥീല്‍ ഇങ്ങനെ കാണാം: ''നബി ﷺ  സമ്മാനം സ്വീകരിക്കുകയും സമ്മാനം ലഭിക്കുമ്പോള്‍ പ്രത്യുപകാരമായി എന്തെങ്കിലും നല്‍കുകയും ചെയ്യും'' (ബുഖാരി).

അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്നു: ''നബി ﷺ യുടെ സദസ്സിലേക്ക് ഭക്ഷണം കൊണ്ടുവരപ്പെട്ടാല്‍ അദ്ദേഹം ചോദിക്കും; ഇത് സമ്മാനമാണോ? ദാനമാണോ? അത് ദാനമാണ് എന്നു പറയപ്പെട്ടാല്‍ അനുചരന്മാരോട് അത് ഭക്ഷിക്കുവാന്‍ നബി ﷺ  കല്‍പിക്കും. സമ്മാനമാണ് എന്ന് പറയപ്പെട്ടാല്‍ നബി ﷺ യും അവരോടൊപ്പം ഭക്ഷിക്കും'' (ബുഖാരി).

അനസ്(റ) നിവേദനം: ''നബി ﷺ  സുഗന്ധദ്രവ്യം സമ്മാനമായി ലഭിച്ചാല്‍ അതൊരിക്കലും നിരസിക്കാ റുണ്ടായിരുന്നില്ല''(ബുഖാരി).

ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാതൃക കാണിച്ച നബി ﷺ  സമ്മാനം കൊടുക്കുന്ന വിഷയത്തിലും വാങ്ങുന്ന വിഷയത്തിലും നമുക്ക് മാതൃക കാണിച്ചതായി മുകളില്‍ കൊടുത്ത ഹദീഥുകള്‍ നമ്മെ പഠിപ്പിക്കുന്നു.

ക്വുര്‍ആന്‍ സുലൈമാന്‍ നബി(അ)യുടെയും ബല്‍ക്വീസ് രാജ്ഞിയുടെയും കഥ പറയുമ്പോള്‍ സമ്മാനത്തെക്കുറിച്ച് സൂചിപ്പിക്കുന്നത് കാണാം: ''ഞാന്‍ അവര്‍ക്ക് ഒരു പാരിതോഷികം കൊടുത്തയച്ചിട്ട് എന്തൊരു വിവരവും കൊണ്ടാണ് ദൂതന്‍മാര്‍ മടങ്ങിവരുന്നതെന്ന് നോക്കാന്‍ പോകുകയാണ്'' (സൂറതുന്നംല്: 35).

ഇസ്‌ലാമികലോകത്തെ പണ്ഡിതന്മാരുടെ വീക്ഷണ പ്രകാരം സമ്മാനം നല്‍കല്‍ സുന്നത്തായ കാര്യമാണ്. എന്നാല്‍ സമ്മാനം ചോദിച്ചുവാങ്ങേണ്ട ഒന്നല്ല, മനസ്സറിഞ്ഞ് മറ്റുള്ളവരില്‍ നിന്നു ലഭിക്കേണ്ടതാണ്. ലഭിക്കുന്നത് എത്ര നിസ്സാരമായാലും അത് സ്വീകരിക്കാതിരിക്കരുത്.

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ  അരുളി: ''അല്ലയോ മുസ്‌ലിം സ്ത്രീകളേ, ഒരു അയല്‍വാസിനി മറ്റേ അയല്‍വാസിനിക്ക് വല്ലതും സമ്മാനിച്ചാല്‍ അതിനെ അവള്‍ താഴ്ത്തിക്കാണിക്കരുത്. പാരിതോഷികമായി നല്‍കിയത് ഒരു ആടിന്റെ കുളമ്പാണെങ്കിലും ശരി'' (ബുഖാരി).

സമ്മാനം കൊടുത്തുത് തിരിച്ചുവാങ്ങരുത്

കൊടുത്തത് തിരിച്ചുവാങ്ങുന്നത് നികൃഷ്ടമായ പ്രവൃത്തിയായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.   അബൂ ഹുറയ്‌റ(റ) ഉദ്ധരിക്കുന്ന ഹദീഥില്‍ ''കൊടുത്ത സാധനം തിരിച്ചുവാങ്ങുന്നവന്റെ ഉപമ ഒരു നായയെ പോലെയാണ്. അത് വയറുനിറച്ച് ഭക്ഷണം കഴിച്ചു. എന്നിട്ടത് ഛര്‍ദിച്ചു. വീണ്ടും അത് തിന്നുന്നു. (അതു പോലെയാണ് സമ്മാനം നല്‍കിയത് തിരിച്ചു വാങ്ങുന്നവര്‍)'' എന്ന് കാണാം.

സര്‍െ്രെപസ് ഗിഫ്റ്റ് കൊടുക്കുക എന്ന പേരില്‍ പ്രവാസലോകത്തുള്ളവര്‍ വീട്ടുകാരോട് പറയാതെ ചെല്ലുകയും അത് വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. അത്തരം പ്രവൃത്തികള്‍ പ്രവാചക സുന്നത്തിന് എതിരാണ്. തന്റെ വീട്ടിലേക്ക് പ്രവാചക തിരുമേനി ചെല്ലുകയാണെങ്കില്‍ അവര്‍ക്ക് വിവരം കൊടുക്കുമായിരുന്നു എന്നറിയിക്കുന്ന ധാരാളം സംഭവങ്ങള്‍ കാണാന്‍ കഴിയും.

ഇന്നത്തെ കാലത്ത് മൊബൈല്‍ ഫോണും ടാബുമെല്ലൊം ആളുകള്‍ പരസ്പരം കൈമാറുന്ന വിലപിടിപ്പുള്ള സമ്മാനങ്ങളാണ്. അതിലൂടെ തിന്മകളിലേക്ക് കടന്നു ചെല്ലാനുള്ള അവസരങ്ങളുണ്ടെന്ന കാര്യം നാം മറന്നുപോകരുത്. നബി ﷺ യുടെ സുന്നത്ത് പ്രാവര്‍ത്തികമാക്കി നാം പ്രതിഫലം വാങ്ങുമ്പോള്‍ സമ്മാനം ലഭിക്കുന്നവര്‍ അതിലൂടെ നരകത്തിലേക്ക് പോകാതിരിക്കാനുള്ള ഓര്‍മപ്പെടുത്തലുകള്‍ നല്ലതാണ്.

നമ്മുടെ വിശ്വാസത്തിന് എതിരു നില്‍ക്കുന്ന സമ്മാനങ്ങള്‍ ആരെങ്കിലും നമുക്കു നല്‍കിയാല്‍ നമുക്കത് സ്വീകരിക്കാന്‍ പാടില്ലെന്ന് അവരെ ബോധ്യപ്പെടുത്തി സ്വീകരിക്കാതിരിക്കല്‍ നമ്മുടെ കടമയാണ്. അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുത്തത് വിശ്വാസികള്‍ക്ക് കഴിക്കാന്‍ പാടില്ല. അത്തരം മാംസം നമുക്ക് സമ്മാനമായി ലഭിച്ചാല്‍ അതവരെ ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിയണം. ഇസ്‌ലാം നിരോധിച്ച എല്ലാ വസ്തുക്കളിലും ഈ മാനദണ്ഡം നാം സ്വീകരിക്കണം. വസ്ത്രങ്ങളുടെ കൂട്ടത്തില്‍ പട്ട് ഇസ്‌ലാം പുരുഷന്മാര്‍ക്ക് നിരോധിച്ചതാണ്. അത് ധരിക്കാന്‍ പാടില്ല.

അബൂമൂസ(റ)യില്‍ നിന്ന് നിവേദനം; റസൂല്‍ ﷺ  അരുളി: ''പട്ടും സ്വര്‍ണവും അണിയല്‍ എന്റെ സമുദായത്തിലെ പുരുഷന്‍മാര്‍ക്ക് നിഷിദ്ധവും സ്ത്രീകള്‍ക്ക് അനുവദനീയവുമാണ്''(തിര്‍മിദി).

വിവാഹദിവസം പെണ്‍കുട്ടിയുടെ മാതാവ് സമ്മാനമായി സ്വര്‍ണമോതിരം വരന്റെ വിരലില്‍ അണിയി ക്കുന്ന സമ്പ്രദായം നമ്മുടെയൊക്കെ നാട്ടില്‍ നിലവിലുണ്ട്. പുരുഷന് സ്വര്‍ണം നിഷിദ്ധമാണ് എന്നു പഠിച്ചിട്ടും സമ്മാനമായി ലഭിക്കുന്നത് വിരലില്‍ തന്നെ ധരിക്കുന്ന എത്രയോ സഹോദരങ്ങളുണ്ട്.

സമ്മാനം നല്‍കുക എന്നത് പരസ്പരം സ്‌നേഹം വര്‍ധിക്കുവാനുള്ള കാരണമായി ഇസ്‌ലാം പഠിപ്പിക്കു ന്നുണ്ട്. ഇമാം ബുഖാരി തന്റെ 'അദബുല്‍ മുഫ്‌റദി'ല്‍ രേഖപ്പെടുത്തിയ ഹദീഥില്‍ ഇങ്ങനെ കാണാം: നബി ﷺ  പറഞ്ഞു: ''നിങ്ങള്‍ സമ്മാനം കൊടുക്കുക, എങ്കില്‍ നിങ്ങളുടെ ഇടയില്‍ സ്‌നേഹം ഉണ്ടാകും.''

പ്രിയപ്പെട്ട മാതാപിതാക്കളെ, നിങ്ങളുടെ മക്കള്‍ക്ക് മദ്‌റസയില്‍ നിന്നും സ്‌കൂളില്‍ നിന്നും മാത്രമല്ല സമ്മാനങ്ങള്‍ ലഭിക്കേണ്ടത്; വീടും സമ്മാനങ്ങള്‍ ലഭിക്കുന്ന സ്ഥലമായി അവര്‍ക്ക് അനുഭവപ്പെടണം. ഉപ്പയുടെ, ഉമ്മയുടെ, സഹോദരങ്ങളുടെ വകയായി സമ്മാനങ്ങള്‍ ലഭിക്കുമ്പോള്‍ മക്കള്‍ക്കത് വലിയ പ്രചോദനമായിരിക്കും.