ചരിത്രം പഠിക്കുക, ചരിത്രം രചിക്കുക

അര്‍ഷദ് താനൂര്‍

2020 ജനുവരി 25 1441 ജുമാദല്‍ അവ്വല്‍ 30

ഇന്ത്യയില്‍, നൂറ്റാണ്ടിലെ തന്നെ കൊടും ശൈത്യത്തില്‍ വിദ്യാര്‍ഥികള്‍ ചരിത്രം രചിക്കുകയാണ്. ഡിസംബര്‍ 8ന് ലോകസഭയില്‍ പൗരത്വ ഭേദഗതി ബില്‍ ചര്‍ച്ചക്ക് വെച്ചത് മുതല്‍ ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ഥികള്‍ സമരമുഖത്തുണ്ട്. ഒരു മാസം പിന്നിടുമ്പോഴും അവരുടെ പോരാട്ട വീര്യം ഒട്ടും കുറഞ്ഞിട്ടില്ല.

കൈക്കുഞ്ഞുമായി സമരമുഖത്തിരിക്കുന്നവര്‍,

പൊലീസ് കെട്ടിയ ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി ഫാസിസത്തിന്റെ നേരെ നിര്‍ഭയം വിരല്‍ ചൂണ്ടുന്നവര്‍,

ആയുധധാരികളായ പൊലീസുകാര്‍ക്ക് റോസാ പൂ നല്‍കി 'വരൂ നമുക്ക്  ഒന്നിച്ചിരിക്കാം, ചര്‍ച്ച ചെയ്യാം' എന്ന് പറയുന്നവര്‍...

ഇത് ഫാസിസ്റ്റുകളുടെ ഇരുമ്പു ദണ്ഡുകള്‍ക്ക് മുമ്പില്‍ മുട്ട് മടക്കാത്ത ഒരു തലമുറ.

ഈ വിദ്യാര്‍ഥിത്വം ഒരു പ്രതീക്ഷയാണ്.

ഈ പ്രക്ഷോഭങ്ങളെ അടക്കി നിര്‍ത്താന്‍ ഫാസിസത്തിനാകില്ല.

കാരണം,

അവരുടെ വാക്കത്തിയെക്കാള്‍ മൂര്‍ച്ചയുണ്ട് വിദ്യാര്‍ഥികളുടെ തൂലികയ്ക്ക്.

വടിവാളിനെക്കാള്‍ ശക്തിയുണ്ട് വിദ്യാര്‍ഥികളുടെ ചിന്തകള്‍ക്ക്.

ഫാസിസത്തിന്റെ അക്രമത്തെ ചെറുക്കാന്‍ വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയ്ക്കാകും.

ആഫ്രിക്കയിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് വര്‍ണ വിവേചനത്തിനെതിരെയുള്ള സമരജ്വാലകള്‍ ഉദിച്ചുയര്‍ന്നത്.

ജര്‍മനിയിലെ ക്ലാസിക്കല്‍ ഫാസിസത്തിനെതിരെ വിരല്‍ ചൂണ്ടിയത് ബര്‍ലിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണ്

എങ്കില്‍, ഇന്ത്യയിലെ വിദ്യാര്‍ഥി തലമുറയും ചരിത്രത്തില്‍ ഇടം നേടും.

ഫാസിസത്തിനെതിരെയുള്ള ഈ പോരാട്ടം വെറുതെയാകില്ല.

രാവിലെ ചരിത്രം പഠിക്കുകയും വൈകുന്നേരം ചരിത്രം രചിക്കുകയും ചെയ്യുന്നവരാണ് ഇന്നത്തെ വിദ്യാര്‍ഥികള്‍.

നാം ചരിത്രം പഠിക്കുക.

നമ്മള്‍ വന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കുക.

ഇന്നലകളിലെ സ്വാതന്ത്ര്യസമര പോരാളികളുടെ വീരചരിത്രം നമുക്ക് മുന്നോട്ട് ഗമിക്കാനുള്ള ഊര്‍ജമാകണം.