സ്വര്‍ഗത്തിലേക്കു നയിക്കുന്ന കര്‍മങ്ങള്‍

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2020 നവംബര്‍ 28 1442 റബീഉല്‍ ആഖിര്‍ 13

(ഭാഗം: 5)

പ്രയാസങ്ങളില്‍ ക്ഷമിക്കല്‍

മനുഷ്യജീവിതം സുഖ, ദുഃഖ സമ്മിശ്രമാണ്. ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിക്കാത്തവരായി ആരുമില്ല. എല്ലാവരും എല്ലാകാലത്തും പ്രയാസങ്ങളില്‍ കഴിച്ചുകൂട്ടുന്നുമില്ല. മനുഷ്യനെ പരീക്ഷിക്കാന്‍ വേണ്ടിയാണ് അല്ലാഹു അവനെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് വിശുദ്ധ ക്വുര്‍ആനിലൂടെ അറയിക്കുന്നുണ്ട്:

''കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക'' (ക്വുര്‍ആന്‍ 2:155).

''നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 67:2).

അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ വരുമ്പോള്‍ അതില്‍ ക്ഷമിക്കുവാനാണ് അല്ലാഹു നിര്‍ദേശിക്കുന്നത്. അങ്ങനെ ക്ഷമിക്കുന്നവര്‍ക്ക് സ്വര്‍ഗമുണ്ട്. മക്കയിലെ അവിശ്വാസികളില്‍നിന്ന് മര്‍ദനങ്ങളും പീഡനങ്ങളും ഏറെ ഏറ്റുവാങ്ങേണ്ടിവന്ന ആദ്യകാല വിശ്വാസികളില്‍പെട്ടവരാണ് യാസിര്‍ കുടുംബം. യാസിറും(റ) കുടുംബവും അനുഭവിക്കുന്ന പ്രയാസങ്ങള്‍ കണ്ട പ്രവാചകന്‍ ﷺ  അവരോട് പറഞ്ഞത് 'യാസിര്‍ കുടുംബമേ, ക്ഷമിക്കൂ; നിങ്ങള്‍ക്ക് സ്വര്‍ഗമുണ്ട്' എന്നാണ്.

ജനങ്ങളോട് ഒന്നും യാചിക്കാതിരിക്കല്‍

മനുഷ്യന്‍ അവന്റെ നിത്യവൃത്തിക്ക് വേണ്ടത് സ്വയം കണ്ടെത്തണം. അവന്റെ കഴിവും ബുദ്ധിയും ആരോഗ്യവും അതിനുവേണ്ടി ഉപയോഗപ്പെടുത്തണം. ജോലിയൊന്നും ചെയ്യാതെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ കൈനീട്ടി യാചിച്ച് ജീവിക്കുന്നതിനെ ഇസ്‌ലാം അംഗീകരിക്കുന്നില്ല, പ്രോത്സാഹിപ്പിക്കുന്നുമില്ല. യാചന ഉപേക്ഷിക്കുകയും സ്വന്തമായി ജോലിചെയ്ത് ഉപജീവനം കണ്ടെത്തലുമാണ് ഏറ്റവും നല്ലതും ശരിയായതും.

ഥൗബാന്‍(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''ജനങ്ങളോട് യാതൊന്നും ചോദിക്കുകയില്ലെന്ന് (യാചിക്കുക) എനിക്ക് ആരെങ്കിലും ജാമ്യം നിന്നാല്‍ അവന് സ്വര്‍ഗം കിട്ടുമെന്ന് ഞാന്‍ ജാമ്യം നില്‍ക്കാം.'' ഇതുകേട്ട ഥൗബാന്‍(റ) പറയുന്നു: 'ഞാന്‍ പിന്നീട് ഒരിക്കലും ഒരാളോടും ഒന്നും ചോദിച്ചിട്ടില്ല'' (അബൂദാവൂദ്: 1643).

കടബാധ്യതയില്‍നിന്നും വഞ്ചനയില്‍നിന്നും അഹങ്കാരത്തില്‍നിന്നും ഒഴിവാകല്‍

ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ വളരെയേറെ കഷ്ടപ്പെടുന്നവരാണ് മനുഷ്യരില്‍ ഭൂരിഭാഗവും.  എന്നാലും ദൈനംദിന ജീവിതക്രമത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ പലപ്പോഴും മനുഷ്യരെ കടബാധ്യതയിലകപ്പെടുത്താറുണ്ട്. ഇത്തരം ബാധ്യതകളെ നികത്താന്‍ ഇസ്‌ലാം ചില നിബന്ധനകളോടെഅനുവദിച്ച കാര്യമാണ് കടം വാങ്ങുക, കൊടുക്കുക എന്നത്. കടം വാങ്ങുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും സന്ദിഗ്ധ ഘട്ടങ്ങളില്‍ വാങ്ങുന്നതിനെ ഇസ്‌ലാം അനുവദിക്കുന്നു. എന്നാല്‍ ഏറെ സൂക്ഷിക്കേണ്ട ഒരു വിഷയമാണിത്. ശഹീദായവന് സ്വര്‍ഗപ്രവേശനത്തിന് തടസ്സമായി മാറുന്നത് കടബാധ്യതയാണെന്ന് ഹദീഥുകളില്‍ വന്നിട്ടുണ്ട്. കടംവാങ്ങാതെ ജീവിക്കാനും കടബാധ്യതയില്ലാതെ മരിക്കാനും കഴിഞ്ഞാല്‍ അത് വലിയ ഭാഗ്യംതന്നെയാണ്.

ഥൗബാന്‍ (റ) നിവേദനം; നബി ﷺ  പറഞ്ഞു: ''ആരെങ്കിലും അഹങ്കാരത്തില്‍നിന്നും വഞ്ചനയില്‍ നിന്നും കടത്തില്‍നിന്നും ഒഴിവായിട്ടാണ് മരണപ്പെട്ടതെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു'' (തിര്‍മിദി: 1572).

വഞ്ചന കാണിക്കാതെയും അഹങ്കാരമില്ലാതെയും ജീവിച്ചാല്‍ ലഭിക്കുന്ന നേട്ടം ഈ നബിവചനത്തില്‍നിന്നും മനസ്സിലാക്കാം.

'ഹൃദയത്തില്‍ അണുമണിത്തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല' എന്ന് നബി  ﷺ  പറഞ്ഞിട്ടുണ്ട്. 'എന്താണ് കിബ്ര്‍' (അഹങ്കാരം) എന്ന ചോദ്യത്തിന് നബി ﷺ  നല്‍കിയ മറുപടി 'സത്യത്തെ നിരാകരിക്കലും ജനങ്ങളെ നിസ്സാരമായി കാണലുമാണ്' എന്നായിരുന്നു.

ചില സദ്ഗുണങ്ങള്‍ ഉണ്ടായിരിക്കല്‍

ഉബാദതുബ്‌നു സ്വാമിത്ത്(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''ആറുകാര്യങ്ങള്‍ക്ക് (അവ പ്രാവര്‍ത്തികമാക്കാം എന്നതിന്) നിങ്ങള്‍ എനിക്ക് മനസ്സാ ജാമ്യംനില്‍ക്കുക; ഞാന്‍ നിങ്ങള്‍ക്ക് സ്വര്‍ഗത്തിന് ജാമ്യം നില്‍ക്കാം: നിങ്ങള്‍ സംസാരിച്ചാല്‍ സത്യം പറയുക, കരാര്‍ ചെയ്താല്‍ പൂര്‍ത്തീകരിക്കുക, വിശ്വസിച്ചേല്‍പിക്കപ്പെട്ടാല്‍ അമാനത്ത് തിരിച്ചേല്‍പിക്കുക, നിങ്ങള്‍ നിങ്ങളുടെ ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കുക, നിങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തുക, നിങ്ങളുടെ കൈകളെ (തെറ്റുകളില്‍ നിന്ന്) തടുക്കുക'' (അഹ്മദ്: 22757)

ഈ ഉത്തമ ഗുണങ്ങള്‍ക്കെതിരായി ജീവിച്ചാല്‍ കഠിനമായ ശിക്ഷ ഉറപ്പാണ്.

സ്വര്‍ഗം ആഗ്രഹിക്കുന്നവര്‍ക്ക് നാലു കാര്യങ്ങള്‍

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ  ചോദിച്ചു: ''ആരുണ്ട് ഇന്നത്തെ പ്രഭാതത്തില്‍ നോമ്പുകാരനായി?' അബൂബക്കര്‍(റ) പറഞ്ഞു: 'ഞാനുണ്ട്.' നബി ﷺ  ചോദിച്ചു: 'ആരുണ്ട് ഇന്ന് നിങ്ങളില്‍ ജനാസയെ അനുഗമിച്ചവന്‍?' അബൂബക്കര്‍(റ) പറഞ്ഞു: 'ഞാനുണ്ട്.' നബി ﷺ  ചോദിച്ചു: 'ആരുണ്ട് ഈ ദിനം നിങ്ങളില്‍ പാവപ്പെട്ടവന് ഭക്ഷണം നല്‍കിയവന്‍?' അബൂബക്കര്‍(റ) പറഞ്ഞു: 'ഞാനുണ്ട്.' നബി ﷺ  ചോദിച്ചു: 'ആരുണ്ട് ഇന്ന് നിങ്ങളില്‍ രോഗിയെ സന്ദര്‍ശിച്ചവനായിട്ട്?' അബൂബക്കര്‍(റ) പറഞ്ഞു: 'ഞാനുണ്ട്.' നബി ﷺ  പറഞ്ഞു: 'ആരിലാണോ ഈ കാര്യങ്ങള്‍ ഒരുമിക്കുന്നത്, അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കുകയില്ല'' (മുസ്‌ലിം: 1028).

ജീവിച്ചിരിക്കെത്തന്നെ അല്ലാഹുവിന്റെ റസൂലിന്റെ തിരുമൊഴികളിലൂടെ സ്വര്‍ഗംകൊണ്ട് സന്തോഷ വാര്‍ത്തയറിയിക്കപ്പെട്ടവരില്‍ ഒന്നാമത്തെയാളാണ് അബൂബക്കര്‍ സ്വിദ്ദീക്വ്(റ). അദ്ദേഹം എത്രമാത്രം തന്റെ ജീവിതത്തിലെ ഓരോ ദിവസത്തെയും നന്മയില്‍ ചെലവഴിച്ചിരുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് മേല്‍ ഉദ്ധരിച്ച ഹദീഥ്.

ഇത്തരത്തില്‍ നന്മയോട് ആഭിമുഖ്യമുള്ളവരും നന്മയില്‍ മുന്നേറുവാന്‍ ധൃതികാണിക്കുന്നവരുമായി മാറുവാന്‍ നാം പരിശ്രമിക്കേണ്ടതുണ്ട്.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിക്കല്‍

പരിശുദ്ധ ഇസ്‌ലാമിലായിക്കൊണ്ട് ജീവിക്കുകയും ഇസ്‌ലാമിനുവേണ്ടി അവിശ്വാസികളാല്‍ കൊല്ലപ്പെടുകയും ചെയ്തവനാണ് ശഹീദ് അഥവാ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയായവന്‍. രക്തസാക്ഷികള്‍ക്ക് അല്ലാഹുവിങ്കല്‍ വമ്പിച്ച പ്രതിഫലമുണ്ട്.

ഇബ്‌നു അബ്ബാസ്(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''രക്തസാക്ഷികള്‍ സ്വര്‍ഗത്തിന്റെ വാതിലിന് അരികെയുള്ള പുഴയില്‍ നീന്തിത്തുടിക്കും. പച്ച കുബ്ബകളില്‍ അവര്‍ പുറത്തുവരും. അവര്‍ക്ക് സ്വര്‍ഗത്തില്‍ നിന്നുള്ള ഭക്ഷണം രാവിലെയും വൈകുന്നേരവും നല്‍കപ്പെടും'' (അഹ്മദ്: 2390).

മിഖ്ദാമിബ്‌നു മഅ്ദി കര്‍ബ്(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''ഒരു രക്തസാക്ഷിക്ക് അല്ലാഹുവിന്റെ അടുക്കല്‍ ആറ് ഉപകാരങ്ങളുണ്ട്. അവന്റെ ശരീരത്തിലെ ആദ്യതുള്ളി രക്തം ചിന്തുന്നതോടുകൂടി തന്നെ അവന്റെ പാപങ്ങള്‍ മുഴുവന്‍ പൊറുക്കപ്പെടും. സ്വര്‍ഗത്തിലെ അവന്റെ ഇരിപ്പിടം അവന് കാണിക്കപ്പെടും. ഈമാനിന്റെ വസ്ത്രം ധരിപ്പിക്കപ്പെടും. ക്വബ്ര്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെടും. ഏറ്റവും വലിയ പ്രതിസന്ധിയില്‍നിന്ന് അല്ലാഹു അവനെ രക്ഷപ്പെടുത്തും. 'താജുല്‍ വക്വാര്‍' എന്ന കിരീടം അവന് അണിയിക്കപ്പെടും'' (തിര്‍മിദി: 1663).

പള്ളി നിര്‍മിക്കല്‍

ഉസ്മാന്‍(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''ആരെങ്കിലും അല്ലാഹുവിന്റെ വജ്ഹ് ആഗ്രഹിച്ചുകൊണ്ട് പള്ളിയുണ്ടാക്കിയാല്‍ അതുപോലെയുള്ളത് അവനുവേണ്ടി അല്ലാഹു സ്വര്‍ഗത്തില്‍ നിര്‍മിച്ച് കൊടുക്കുന്നതാണ്'' (ബുഖാരി: 450, മുസ്‌ലിം: 533).

തമാശയും തര്‍ക്കവും ഒഴിവാക്കല്‍

മനുഷ്യരില്‍ കണ്ടുവരുന്ന രണ്ട് സ്വഭാവങ്ങളാണ് തര്‍ക്കവും തമാശയും. ഒന്ന് ചിരിക്കാത്തവരോ ചിരിപ്പിക്കാത്തവരോ ആയിട്ട് മനുഷ്യരുടെ കൂട്ടത്തില്‍ ആരുമില്ല. ലോകത്തിന്റെ അന്തിമദൂതന്‍ മുഹമ്മദ് നബി ﷺ  പുഞ്ചിരിക്കാറുണ്ടായിരുന്നു. അവിടുത്തെ പുഞ്ചിരിയില്‍ പല്ലുകള്‍ കാണാറുണ്ടായിരുന്നില്ല. അത്രക്ക് സൗമ്യമായിരുന്നു ആ ചിരി.

തമാശക്കു വേണ്ടി കളവ് പറയരുതെന്നും മനുഷ്യരെ ചിരിപ്പിക്കാന്‍ വേണ്ടി കളവ് പറയുന്നവന് നാശമായിരിക്കും എന്നൊക്കെ ഹദീഥുകളില്‍ വന്നിട്ടുണ്ട്. അതുപോലെ ഉപേക്ഷിക്കപ്പെടേണ്ട ഒന്നാണ് അനാവശ്യമായ തര്‍ക്കം. ഒരാള്‍ തര്‍ക്കിക്കുവാന്‍ വന്നാല്‍ അയാളോട് തര്‍ക്കിക്കാന്‍ നില്‍ക്കാതെ തിരിഞ്ഞ് കളയുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്.

അബൂഉമാമ(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''സ്വര്‍ഗത്തിന്റെ മുറ്റത്ത് ഒരു വീടുണ്ടെന്ന് ഞാന്‍ ഉറപ്പുതരാം; തര്‍ക്കം ഉപേക്ഷിക്കുന്നവന്, അവന് (തര്‍ക്കിക്കുവാന്‍) അവകാശമുണ്ടെങ്കിലും. സ്വര്‍ഗത്തിന്റെ നടുവില്‍ ഒരു വീടുണ്ടെന്ന് ഉറപ്പുതരാം; കളവ് ഉപേക്ഷിക്കുന്നവന്, തമാശയ്ക്കാണെങ്കിലും. സ്വര്‍ഗത്തിന്റെ ഉന്നതിയില്‍ ഒരു വീടുണ്ടെന്ന് ഞാന്‍ ഉറപ്പുതരാം; സ്വഭാവം നന്നാക്കിയവന്'' (അബൂദാവൂദ്: 4800).

വമ്പിച്ച പ്രതിഫലം ലഭിക്കുന്ന സല്‍കര്‍മങ്ങള്‍

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''ആരെങ്കിലും ഒരു വിശ്വാസിക്ക് ഇഹലോകത്തിലെ ഒരു പ്രയാസത്തില്‍നിന്ന് ആശ്വാസം നല്‍കിയാല്‍ അല്ലാഹു അവന് അന്ത്യനാളില്‍ പ്രയാസത്തില്‍ നിന്ന് ആശ്വാസം നല്‍കും. പ്രയാസങ്ങളുള്ള ഒരുത്തന് എളുപ്പം നല്‍കിയാല്‍ അല്ലാഹു അവന് ഇഹത്തിലും പരത്തിലും എളുപ്പം നല്‍കും. ഒരു മുസ്‌ലിമിന്റെ ന്യൂനത ആരെങ്കിലും മറച്ചുവെച്ചാല്‍ അല്ലാഹു അവന്റെ ന്യൂനതയും ഇഹത്തിലും പരത്തിലും മറച്ചുവെക്കും. ഒരാള്‍ തന്റെ അടിമയെ സഹായിക്കുന്നകാലമത്രയും അല്ലാഹു അവനെയും സഹായിക്കും. അറിവന്വേഷിച്ച് ആരെങ്കിലും ഒരു വഴിയില്‍ പ്രവേശിച്ചാല്‍ അല്ലാഹു അവന് സ്വര്‍ഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കും. അല്ലാഹുവിന്റെ ഭവനങ്ങളില്‍ (പള്ളികളില്‍) ഏതെങ്കിലും ഒരു ഭവനത്തില്‍ ഒരു സമൂഹം ഒരുമിച്ചുകൂടുകയും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അവര്‍ക്കിടയില്‍ അതിനെകുറിച്ച് പഠനം നടത്തുകയും ചെയ്താല്‍ അവരുടെമേല്‍ സമാധാനം ഇറങ്ങാതിരിക്കുകയില്ല. മലക്കുകള്‍ കാരുണ്യത്തിന്റെ ചിറകുകള്‍കൊണ്ട് അവരെ പൊതിയും. അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ സ്മരിക്കപ്പെടുകയും ചെയ്യും'' (മുസ്‌ലിം: 2699).

''ഓരോ വിഭാഗക്കാര്‍ക്കും അവര്‍ (പ്രാര്‍ഥനാവേളയില്‍) തിരിഞ്ഞുനില്‍ക്കുന്ന ഓരോ ഭാഗമുണ്ട്. എന്നാല്‍ നിങ്ങള്‍ ചെയ്യേണ്ടത് സല്‍പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ടുവരികയാണ്. നിങ്ങള്‍ എവിടെയൊക്കെയായിരുന്നാലും അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചു കൊണ്ടുവരുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 2:148).

''നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്'' (ക്വുര്‍ആന്‍ 3:133).

''നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുന്‍കടന്നു വരുവിന്‍. അതിന്റെ വിസ്താരം ആകാശത്തിന്റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്. അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചവര്‍ക്കുവേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 57:21).

സുജൂദ് വര്‍ധിപ്പിക്കുക

മഹത്ത്വം കൊണ്ടും പ്രാധാന്യം കൊണ്ടും പ്രതിഫലം കൊണ്ടും ഏറെ ശ്രേഷ്ഠതയുള്ള ആരാധനയാണ് നമസ്‌കാരം. ആ നമസ്‌കാരത്തിലെ പ്രധാനപ്പെട്ടൊരു കര്‍മമാണ് സുജൂദ് സാഷ്ടാംഗ പ്രണാമം. നമസ്‌കാരത്തിലല്ലാതെയും സുജൂദ് ചെയ്യാവുന്നതാണ്. തന്റെ സ്രഷ്ടാവിനോട് കാണിക്കുന്ന അങ്ങേയറ്റത്തെ വിധേയത്വത്തിന്റെ ഭാഗമാണത്. സ്വര്‍ഗത്തില്‍ നബി ﷺ യുടെ സാമീപ്യം ലഭിക്കാനാഗ്രഹിച്ച അനുചരനോട് അവിടുന്ന് പറഞ്ഞത് സുജൂദ് വര്‍ധിപ്പിക്കാനാണ്.

റബീഅത്ത് ഇബ്‌നു കഅ്ബ് അല്‍അസ്‌ലമി(റ)-(നബി ﷺ യുടെ സേവനകനായിരുന്നു)-നിവേദനം, അദ്ദേഹം പറഞ്ഞു: ''ഞാനൊരിക്കല്‍ രാത്രി നബി ﷺ യുടെ കൂടെ കഴിച്ചുകൂട്ടുകയായിരുന്നു. അപ്പോള്‍ നബി ﷺ ക്ക് അംഗശുദ്ധി വരുത്തുവാനാവശ്യമായ വെള്ളം കൊണ്ടുവന്ന് നല്‍കിയപ്പോള്‍ നബി ﷺ  എന്നോട് പറഞ്ഞു: 'താങ്കള്‍ക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ എന്നോട് ചോദിക്കുക.' അപ്പോള്‍ ഞാന്‍ പറഞ്ഞു: 'സ്വര്‍ഗത്തില്‍ താങ്കളുടെ സാമീപ്യം ഞാന്‍ ചോദിക്കുന്നു.' അപ്പോള്‍ നബി ﷺ  ചോദിച്ചു: 'അതല്ലാതെ മറ്റുവല്ലതുമുണ്ടോ?' അപ്പോള്‍ ഞാന്‍ പറഞ്ഞു: 'എനിക്കതുമതി.' അപ്പോള്‍ നബി ﷺ  പറഞ്ഞു: 'എങ്കില്‍ സുജൂദുകള്‍ അധികരിപ്പിച്ച്‌കൊണ്ട് താങ്കള്‍ എന്നെ ആ വിഷയത്തില്‍ സഹായിക്കുക'' (മുസ്‌ലിം: 489)

അവനവന്റെ സല്‍കര്‍മങ്ങള്‍കൊണ്ടേ സ്വര്‍ഗം കരസ്ഥമാക്കുവാന്‍ കഴിയൂ എന്നും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.

മറ്റൊരു ഹദീഥില്‍ ഇപ്രകാരം കാണാം: മഅ്ദാനുബ്‌നു ത്വല്‍ഹ അല്‍യഅ്മരി(റ)ല്‍നിന്ന്; അദ്ദേഹം പറഞ്ഞു: ''നബി ﷺ യുടെ മൗലയായ ഥൗബാ

നെ(റ) ഞാന്‍ കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: 'പ്രവര്‍ത്തിച്ചാല്‍ അല്ലാഹു എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന ഒരു കര്‍മത്തെക്കുറിച്ച് എനിക്ക് അറിയിച്ചുതന്നാലും.' അല്ലെങ്കില്‍ ഞാന്‍ ചോദിച്ചു: 'അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മം ഏതാണ്?' അപ്പോള്‍ അദ്ദേഹം മിണ്ടിയില്ല. വീണ്ടും ചോദിച്ചു. അപ്പോഴും ഒന്നും മിണ്ടിയില്ല. മൂന്നാം തവണയും ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഇതിനെക്കുറിച്ച് ഞാന്‍ നബി ﷺ യോട് ചോദിച്ചപ്പോള്‍ അവിടുന്ന് എന്നോട് പറഞ്ഞു: 'അല്ലാഹുവിനുള്ള സുജൂദിനെ നീ വര്‍ധിപ്പിക്കുക. കാരണം, നീ ഒരു സുജൂദും ചെയ്യുന്നില്ല; അതുമുഖേന അല്ലാഹു നിന്റെ പദവി ഉയര്‍ത്തിയിട്ടല്ലാതെ, ഒരും പാപവും അല്ലാഹു പൊറുത്തുതന്നിട്ടല്ലാതെ'' (മുസ്‌ലിം: 488).

എളുപ്പമുള്ള ദിക്‌റുകള്‍ ചൊല്ലല്‍

അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''രണ്ട് കാര്യങ്ങളുണ്ട്, അല്ലെങ്കില്‍ രണ്ട് പ്രത്യേകതകള്‍. ആ രണ്ട് കാര്യങ്ങളും ശ്രദ്ധിച്ചുപോരുന്ന മുസ്‌ലിമിന് സ്വര്‍ഗമുണ്ട്. അത് വളരെ എളുപ്പമാണ്. പക്ഷേ, അത് നിര്‍വഹിക്കുന്നവര്‍ കുറവുമാണ്. ഓരോ നമസ്‌കാരശേഷവും 'സുബ്ഹാനല്ലാഹ്' എന്ന് പത്തു തവണ പറയുക. 'അല്‍ഹംദുലില്ലാഹ്' എന്നു പത്ത് തവണ പറയുക. 'അല്ലാഹു അക്ബര്‍' എന്നു പത്ത് തവണ പറയുക. അപ്പോള്‍ നാവുകൊണ്ട് 150 ആകും. പിന്നെ അവന്‍ കിടക്കുമ്പോള്‍ 'സുബ്ഹാനല്ലാഹ്' 33ഉം, 'അല്‍ഹംദുലില്ലാഹ്' 33ഉം, 'അല്ലാഹു അക്ബര്‍' 34ഉം തവണ പറയുമ്പോള്‍ എണ്ണത്തില്‍ 100ഉം പ്രതിഫലത്തില്‍ 1000വും എന്ന് വലതുകൈ കൊണ്ട് എണ്ണിക്കാണിച്ചു. സ്വഹാബത്ത് ചോദിച്ചു: 'പ്രവാചകരേ, ചെയ്യാന്‍ എളുപ്പമായിട്ടും അത് ചെയ്യുന്നവര്‍ കുറവായിരിക്കുമെന്ന് താങ്കള്‍ പറയാന്‍ കാരണമെന്താണ്?' നബി ﷺ  പറഞ്ഞു: 'നിങ്ങള്‍ ഉറങ്ങുന്ന സമയത്ത് പിശാച് നിങ്ങളുടെ അടുത്ത് വരും. നിങ്ങളോടവന്‍ വേഗത്തില്‍ ഉറങ്ങിക്കോ എന്ന് പറയും. അങ്ങനെ നിങ്ങളത് ചൊല്ലാതെ ഉറങ്ങും. നിങ്ങള്‍ നമസ്‌കരിച്ചു കഴിഞ്ഞാല്‍ പിശാച് നിങ്ങളുടെ അടുത്തു വരും. ആവശ്യങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തും. അങ്ങനെ അത് ചൊല്ലാതെ നിങ്ങള്‍ എഴുന്നേറ്റുപോകും'' (അബൂദാവൂദ്: 5065).

സ്വര്‍ഗം ലഭിക്കുന്ന ഏതാനും ചില സല്‍കര്‍മങ്ങളെ കുറിച്ചാണ് ഇതുവരെ സൂചിപ്പിച്ചത്. ഇഹലോകത്ത് വളരെ കുറഞ്ഞ വര്‍ഷം മാത്രമാണ് മനുഷ്യന്‍ ജീവിക്കുന്നത്. ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യം തിരിച്ചറിഞ്ഞ് അനശ്വരമായ ലോകത്തെ വിജയത്തിനു വേണ്ടി വിശ്വാസം നന്നാക്കുന്നതിലും സല്‍കര്‍മങ്ങള്‍ ചെയ്യുന്നതിലും നാം അതീവ ശ്രദ്ധയും താല്‍പര്യവും കാണിക്കുക.