സ്വര്‍ഗത്തിലേക്കു നയിക്കുന്ന കര്‍മങ്ങള്‍

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2020 നവംബര്‍ 14 1442 റബിഉല്‍ അവ്വല്‍ 27

(ഭാഗം: 3)

പ്രവാചക ചര്യ സ്വീകരിക്കല്‍

ലോകര്‍ക്കാകമാനം കാരുണ്യമായി നിയോഗിക്കപ്പെട്ട മഹാനാണ് മുഹമ്മദ് നബി ﷺ . ആ പ്രവാചക ജീവിതമാകട്ടെ ലോകാവസാനംവരെയുള്ളവര്‍ക്ക് മാതൃകയുമാണ്. അതിനാല്‍ത്തന്നെ പ്രവാചക ചര്യയനുസരിച്ച് ജീവിക്കുന്ന വിശ്വാസികള്‍ സ്വര്‍ഗപ്രവേശനത്തിന് അര്‍ഹരുമാണ്.

അല്ലാഹു പറയുന്നു: ''...നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍നിന്ന് നിങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യുക...'' (ക്വുര്‍ആന്‍ 59:7).

''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്'' (ക്വുര്‍ആന്‍ 33:21).

''...വല്ലവനും അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിക്കുന്നപക്ഷം താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുന്നതാണ്. വല്ലവനും പിന്തിരിഞ്ഞുകളയുന്ന പക്ഷം വേദനയേറിയ ശിക്ഷ അവന്നു നല്‍കുന്നതാണ്'' (ക്വുര്‍ആന്‍ 48:17).

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''എന്റെ സമുദായം മുഴുവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. വിസമ്മതിച്ചവന്‍ ഒഴികെ. ചോദിക്കപ്പെട്ടു: 'ആരാണ് വിസമ്മതിച്ചവന്‍?' നബി ﷺ  പറഞ്ഞു: 'ആര്‍ എന്നെ അനുസരിച്ചുവോ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ആര്‍ എന്നെ ധിക്കരിച്ചുവോ അവനാണ് വിസമ്മതിച്ചവന്‍'' (ബുഖാരി: 7280).

അല്ലാഹുവിനെ സ്‌നേഹിക്കുന്നവരാകുവാനും പാപങ്ങള്‍ പൊറുക്കപ്പെടുവാനും പ്രവാചകചര്യ പിന്‍പറ്റണമെന്ന് അല്ലാഹു നമ്മെ അറിയിക്കുന്നുണ്ട്: ''(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (ക്വുര്‍ആന്‍  3:31).

അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് മതം പഠിക്കല്‍

ഇസ്‌ലാം വിജ്ഞാനം തേടുന്നതിനെ ഏറെ പ്രോത്സാഹിപ്പിക്കുന്ന മതമാണ്. പരലോകവിജയത്തിന് മതത്തെക്കുറിച്ചുള്ള അറിവ് അനിവാര്യമാണ്.

അനസുബ്‌നു മാലിക്(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''അറിവ് നേടല്‍ ഓരോ മുസ്‌ലിമിനും നിര്‍ബന്ധമാണ്'' (ഇബ്‌നുമാജ: 224).

അല്ലാഹു പറയുന്നു: ''പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ''(ക്വുര്‍ആന്‍ 39:9).

അല്ലാഹു പദവികള്‍ ഉയര്‍ത്തിക്കൊടുക്കുക വിശ്വാസവും അറിവും ഉള്ളവര്‍ക്കാണ്: ''നിങ്ങളില്‍നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 58:11).

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''ആരെങ്കിലും അറിവ് അന്വേഷിച്ച് ഒരു വഴിയില്‍ പ്രവേശിച്ചാല്‍ അവന് അല്ലാഹു സ്വര്‍ഗത്തിലേക്കുള്ള വഴി എളുപ്പമാക്കികൊടുക്കും'' (തിര്‍മുദി: 2946).

അറിവ് അന്വേഷിക്കുന്നതിന്റെയും പഠിക്കുന്നതിന്റെയും ശ്രേഷ്ഠതയും മഹത്ത്വവും വിവരിക്കുന്ന പ്രവാചകവചനങ്ങള്‍ ധാരാളമാണ്.

സല്‍സ്വഭാവമുള്ളവരായിരിക്കുക

അബൂഹുറയ്‌റ(റ) നിവേദനം: ''ജനങ്ങള്‍ ധാരാളമായി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന കാര്യത്തെക്കുറിച്ച് നബി ﷺ  ചോദിക്കപ്പെട്ടു. നബി ﷺ  പറഞ്ഞു: 'ഭക്തിയും സല്‍സ്വഭാവവും.' പിന്നെ ചോദിക്കപ്പെട്ടു; ജനങ്ങളില്‍ അധികവും നരകത്തില്‍ പ്രവേശിക്കുന്നതിനെപ്പറ്റി. അപ്പോള്‍ നബി ﷺ  പറഞ്ഞു: 'വായയും (നാവും) ഗുഹ്യാവയവും'' (തിര്‍മുദി: 2004).

നബി ﷺ യുടെ സ്വഭാവത്തെക്കുറിച്ച് പത്‌നി ആഇശ(റ) ചോദിക്കപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞ മറുപടി 'നബി ﷺ യുടെ സ്വഭാവം ക്വുര്‍ആനായിരുന്നു' എന്നാണെന്ന് ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീഥില്‍ കാണാം.

ശൈഖ് അബ്ദുല്‍അസീസ് സല്‍മാന്‍ പറഞ്ഞു: 'മഹത്ത്വമേറിയ സ്വഭാവത്തിന് ആറ് ഗുണങ്ങളുണ്ട്: 1) മുഖപ്രസന്നത. 2) നന്മ ചെയ്യല്‍. 3) ഉപദ്രവം തടയല്‍. 4) നല്ല സംസാരം. 5) കുറഞ്ഞ കോപം. 6) പ്രയാസങ്ങളില്‍ ക്ഷമിക്കല്‍.

'താങ്കള്‍ മഹത്തായ സ്വഭാവത്തിലാകുന്നു' എന്ന് നബി ﷺ യോട് അല്ലാഹു പറഞ്ഞതായി ക്വുര്‍ആനില്‍ കാണാം.

അല്ലാഹുവിനോട് സ്വര്‍ഗം ചോദിക്കല്‍

വിശ്വാസികള്‍ അല്ലാഹുവിനോട് സദാ സ്വര്‍ഗം ചോദിക്കുകയും നരകത്തില്‍നിന്ന് രക്ഷ ചോദിക്കുകയും വേണം.

അനസ്(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''ആരെങ്കിലും മൂന്നു പ്രാവശ്യം അല്ലാഹുവിനോട് സ്വര്‍ഗം ചോദിച്ചാല്‍ സ്വര്‍ഗം അല്ലാഹുവിനോട് പറയും: 'അല്ലാഹുവേ, അദ്ദേഹത്തെ നീ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കണേ.' ആരെങ്കിലും മൂന്നുതവണ നരകത്തില്‍നിന്ന് രക്ഷചോദിച്ചാല്‍ നരകം അല്ലാഹുവിനോട് പറയും: 'അല്ലാഹുവേ, അദ്ദേഹത്തെ നീ നരകത്തെ തൊട്ട് കാക്കണേ'' (തിര്‍മിദി: 2572).

ഉടമസ്ഥനായ റബ്ബിനോട് അടിമയായ ദാസന്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രാര്‍ഥിച്ചാല്‍ തീര്‍ച്ചയായും അല്ലാഹു ഉത്തരം നല്‍കിയിരിക്കും.

''...പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ചുപ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്...'' (ക്വുര്‍ആന്‍ 2:186).

അതിനാല്‍ ഓരോ വിശ്വാസിയും രാവിലെയും വൈകുന്നേരവും തന്റെ റബ്ബിനോട് ഇപ്രകാരം പ്രാര്‍ഥിച്ചു കൊള്ളട്ടെ: ''അല്ലാഹുവേ, ഞാന്‍ നിന്നോട് സ്വര്‍ഗം ചോദിക്കുന്നു. നരകത്തില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു.''

രോഗിയെ സന്ദര്‍ശിക്കലും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സൗഹൃദ സന്ദര്‍ശനവും

ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യതകള്‍ പറയുന്ന ഹദീഥില്‍ നബി ﷺ  ഇപ്രകാരം പറഞ്ഞതുകാണാം: ''അവന്‍ രോഗിയായാല്‍ സന്ദര്‍ശനം നടത്തുക.''

ഒരു മുസ്‌ലിം രോഗിയായിരിക്കെ അയാളെ സന്ദര്‍ശിക്കലും അയാളെ ആശ്വസിപ്പിക്കലും അയാള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഇല്ലാതാകുവാനായി അല്ലാഹുവിനോടു പ്രാര്‍ഥിക്കലും വളരെ പുണ്യമുള്ള കാര്യമാണ്.

അലി(റ) പറഞ്ഞു; നബി ﷺ  പറയുന്നതായി ഞാന്‍ കേട്ടു: ''ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനെ പ്രഭാത സമയത്ത് രോഗസന്ദര്‍ശനം നടത്തുന്നില്ല; വൈകുന്നേരംവരെ ഏഴുപതിനായിരം മലക്കുകള്‍ അവന്ന് കാരുണ്യത്തിനായി പ്രാര്‍ഥിക്കാതെ. വൈകുന്നേര സമയത്താണ് അയാള്‍ മുസ്‌ലിമിനെ രോഗസന്ദര്‍ശനം നടത്തുന്നതെങ്കില്‍ എഴുപതിനായിരം മലക്കുകള്‍ പ്രഭാതംവരെ അവന്ന് കാരുണ്യത്തിനായി പ്രാര്‍ഥിക്കുന്നതാണ്. അവന്ന് സ്വര്‍ഗത്തില്‍ പറിക്കപ്പെട്ട കനികളുണ്ട്'' (തിര്‍മിദി: 969).

മുസ്‌ലിമായ ഒരു രോഗിയെ സന്ദര്‍ശിക്കുന്നവന്ന് നാലുരൂപത്തില്‍ പ്രതിഫലം ലഭിക്കുന്നു:

1) കാരുണ്യവാനും കരുണാനിധിയുമായ രക്ഷിതാവിന്റെ കാരുണ്യം നേടിയെടുക്കുന്നു.

2) എഴുപതിനായിരം മലക്കുകള്‍ അവനുവേണ്ടി പ്രാര്‍ഥിക്കുന്നു. (രോഗിയെ പ്രഭാതത്തില്‍ സന്ദര്‍ശിച്ചവന് വൈകുന്നേരംവരെയും വൈകുന്നേരം സന്ദര്‍ശിച്ചവന് പ്രഭാതംവരെയും).

3) സ്വര്‍ഗപ്രവേശം ലഭിക്കുന്നു.

4) സ്വര്‍ഗത്തിലെ ഫലങ്ങള്‍ പറിക്കാനും കഴിക്കാനുമുള്ള സൗഭാഗ്യം.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''ഒരു മനുഷ്യന്‍ തന്റെ സഹോദരനെ രോഗാവസ്ഥയില്‍ സന്ദര്‍ശനം നടത്തി, അല്ലെങ്കില്‍ ഒരു സൗഹാര്‍ദ സന്ദര്‍ശനം നടത്തി. (എങ്കില്‍) അയാളോട് അല്ലാഹു പറയും: 'നീ നല്ലത് ചെയ്തു. നീ നിന്റെ നടത്തം നന്നാക്കി. സ്വര്‍ഗത്തില്‍ നിനക്കൊരു വീട് നീ തയ്യാറാക്കി'' (തിര്‍മുദി: 2008).

ഥൗബാനി(റ)ല്‍നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''വല്ലവനും ഒരു രോഗിയെ സന്ദര്‍ശിച്ചാല്‍ താന്‍ മടങ്ങുന്നതുവരെ അയാള്‍ സ്വര്‍ഗീയ പഴങ്ങളിലും തോട്ടങ്ങളിലുമാകുന്നു'' (മുസ്‌ലിം: 2568).

രോഗിയെ സന്ദര്‍ശിക്കുന്നതിന്റെയും അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് സൗഹാര്‍ദ സന്ദര്‍ശനം നടത്തുന്നതിന്റെയും മഹത്ത്വവും അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലവും മുകളില്‍ ഉദ്ധരിച്ച ഹദീഥുകളില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.

ഒരു സംഭവം കൂടി കാണുക: അനസ്(റ) നിവേദനം; അദ്ദേഹം പറഞ്ഞു: ''നബി ﷺ ക്ക് സേവനം ചെയ്തിരുന്ന ജൂതനായ ഒരു കുട്ടി രോഗിയായപ്പോള്‍ നബി ﷺ  ആ കുട്ടിയെ രോഗസന്ദര്‍ശനം നടത്തി. ആ കുട്ടിയുടെ തലക്കരികില്‍ ഇരുന്നുകൊണ്ട് നബി ﷺ  പറഞ്ഞു: 'മോനെ, നീ മുസ്‌ലിമാവുക.' അപ്പോള്‍ കുട്ടി തന്റെ പിതാവിലേക്ക് നോക്കി. പിതാവ് പറഞ്ഞു: 'മോനേ, നീ അബുല്‍കാസിം പറഞ്ഞത് അനുസരിക്കുക.' അങ്ങനെ ആ കുട്ടി ഇസ്‌ലാം സ്വീകരിച്ചു. ആ വീട്ടില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ നബി ﷺ  പറഞ്ഞു: 'അവനെ നരകത്തില്‍നിന്ന് രക്ഷപ്പെടുത്തിയ അല്ലാഹുവേ, നിനക്കാണ് സര്‍വസ്തുതിയും'' (ബുഖാരി: 1356).

രോഗികളെ സന്ദര്‍ശിക്കുന്നതില്‍ മതവിവേചനം കാണിക്കാന്‍ പാടില്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ഒരു മുസ്‌ലിം എന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്ത നിര്‍വഹണവും നടത്തേണ്ടതുണ്ട്.

അനാഥരെ സംരക്ഷിക്കല്‍

പ്രായപൂര്‍ത്തിയെത്തുന്നതിനു മുമ്പ് പിതാവ് മരണപ്പെട്ട കുട്ടിയാണ് യതീം അഥവാ അനാഥന്‍. അത്തരം യതീമുകളെ സംരക്ഷിക്കല്‍ സമൂഹത്തിന്റെ ബാധ്യതയാണ്. യതീമുകളെ സംരക്ഷിച്ചാല്‍ ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് നബി ﷺ  പറയുന്നത് കാണുക:

അബൂഹുറയ്‌റ (റ) നിവേദനം; നബി ﷺ  പറഞ്ഞു: ''ഞാനും യതീമിനെ സംരക്ഷിച്ചവനും സ്വര്‍ഗത്തില്‍ ഇപ്രകാരമായിരിക്കും-അവിടുന്ന് തന്റെ ചൂണ്ടുവിരലും നടുവിരലും ചേര്‍ത്ത് പിടിച്ച് കാണിച്ചുതന്നു'' (ബുഖാരി: 5304).

ഒരാള്‍ വന്ന് നബി ﷺ യോട് തന്റെ മനസ്സിന്റെ കാഠിന്യത്തെതൊട്ട് പരാതി പറഞ്ഞപ്പോള്‍ നബി ﷺ  അദ്ദേഹത്തോട് പ്രതിവചിച്ചു: 'നിന്റെ ഹൃദയം ലോലമാവണമെന്നും നിന്റെ ആവശ്യം നടക്കണമെന്നും നീ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നീ യതീമിനോട് കരുണകാണിക്കുകയും അവന്റെ തലതടവുകയും നിന്റെ ഭക്ഷണത്തില്‍നിന്ന് അവനെ ഭക്ഷിപ്പിക്കുകയും ചെയ്യുക. എങ്കില്‍ നിന്റെ ഹൃദയം ലോലമാവുകയും നിന്റെ ആവശ്യം നിറവേറ്റപ്പെടുകയും ചെയ്യും.''

വഴിയില്‍നിന്നും ഉപദ്രവങ്ങള്‍ നീക്കംചെയ്യല്‍

നാം സഞ്ചരിക്കുന്ന വഴി ഉപദ്രവമുക്തമാവേണ്ടതുണ്ട്. സുരക്ഷിതമായി സഞ്ചരിക്കുന്നതിന് തടസ്സമായ വല്ലതും വഴിയില്‍ കണ്ടാല്‍ അത് അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് നീക്കം ചെയ്യുന്നത് സ്വര്‍ഗപ്രവേശനത്തിന് സഹായകമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. മറ്റുള്ളവര്‍ക്ക് അത് വലിയ സഹായമാണ്. നിര്‍ഭയത്വം നല്‍കുന്നതുമാണ്.

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''തീര്‍ച്ചയായും ഒരു വൃക്ഷം കാരണത്താല്‍ സ്വര്‍ഗത്തില്‍ വിഹരിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ കണ്ടു. അയാള്‍ ജനങ്ങള്‍ക്ക് പ്രയാസമായിക്കൊണ്ട് വഴിയില്‍ നിന്നിരുന്ന ആ വൃക്ഷത്തെ മുറിച്ചുമാറ്റി'' (മുസ്‌ലിം: 1914).

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''ഒരാള്‍ വഴിയിലുണ്ടായിരുന്ന ഒരു മരക്കൊമ്പിനരികിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ അയാള്‍ പറഞ്ഞു: 'അല്ലാഹുവാണെ സത്യം, മുസ്‌ലിംകള്‍ക്ക് വേണ്ടി ഞാനിത് (വഴിയില്‍ നിന്ന്) നീക്കുകതന്നെ ചെയ്യും. ഇത് അവരെ ബുദ്ധിമുട്ടിക്കരുത്.' അതോടെ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു'' (മുസ്‌ലിം: 1914).

ഇന്ന് ചിലര്‍ മറ്റുചിലരെ ഉപദ്രവിക്കാന്‍ വേണ്ടി മനഃപൂര്‍വം വഴിയില്‍ തടസ്സങ്ങള്‍ ഉണ്ടാക്കുന്നത് നാം കാണാറുണ്ട്. ഒരു വിശ്വാസി എന്തിന്റെ പേരിലായാലും അങ്ങനെ ചെയ്തുകൂടാ.

നബി ﷺ  പറഞ്ഞു: ''ഈമാനിന് (വിശ്വാസത്തിന്) എഴുപതില്‍പരം ശാഖകളുണ്ട്. അതിലേറ്റവും ശ്രേഷ്ഠം 'ലാ ഇലാഹ ഇല്ലല്ലാഹ്' ആണ്. ഏറ്റവും ഒടുവിലത്തെത് വഴിയില്‍നിന്ന് തടസ്സം നീക്കലാണ്. ലജ്ജ ഈമാനിന്റെ ഭാഗമാണ്'' (മുസ്‌ലിം: 35). (തുടരും)