പരിശുദ്ധ ക്വുര്‍ആനിലെ ഉപമാലങ്കാരങ്ങളിലൂടെ

ഡോ: ഹാഫിസ് ജലാലുല്‍ഹഖ് സലഫി, ആമയൂര്‍

2020 ഒക്ടോബര്‍ 10 1442 സഫര്‍ 23

പരിശുദ്ധ ക്വുര്‍ആനില്‍ ഒട്ടേറെ ഉപമകള്‍ കാണുവാന്‍ സാധിക്കും. ചെറിയ ഉപമകളിലൂടെത്തന്നെ വിഷയങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സാധിക്കും എന്നതിനാല്‍  ഉപമകളിലൂടെ അല്ലാഹു മാനവരാശിയെ പ്രധാനപ്പെട്ട  പല കാര്യങ്ങളും പഠിപ്പിക്കുന്നുണ്ട്. അറബികള്‍ക്കിടയില്‍ ഉപമകള്‍ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. അത് അവരുടെ കവിതകളിലൂടെ വളരെ വ്യക്തമാണ്.

ക്വുര്‍ആനിലെ ഏതാനും ഉപമകളിലൂടെ നമുക്ക് കടന്നുപോകാം.

കപടവിശ്വാസിയുടെ ഉപമ

കപടവിശ്വാസികളുടെ മാനസികാവസ്ഥയെ പ്രതിപാദിച്ചുകൊണ്ടുള്ള ഒട്ടനവധി ഉപമകള്‍ ക്വുര്‍ആനിലുണ്ട്. അതില്‍പെട്ട ഒരു ഉപമ ഇപ്രകാരമാണ്. അല്ലാഹു പറയുന്നു:

''അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ (തപ്പുവാന്‍) അവരെ വിടുകയും ചെയ്തു. ബധിരരും ഊമകളും അന്ധന്‍മാരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ (സത്യത്തിലേക്ക്  തിരിച്ചുവരികയില്ല. അല്ലെങ്കില്‍ (അവരെ) ഉപമിക്കാവുന്നത് ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്. ഇടിനാദങ്ങള്‍നിമിത്തം മരണംഭയന്ന് അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്. മിന്നല്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു. അത് (മിന്നല്‍) അവര്‍ക്ക് വെളിച്ചം നല്‍കുമ്പോഴെല്ലാം അവര്‍ ആ വെളിച്ചത്തില്‍ നടന്നുപോകും. ഇരുട്ടാകുമ്പോള്‍ അവര്‍ നിന്നുപോകുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന്‍ തീരെ നശിപ്പിച്ചുകളയുക തന്നെ ചെയ്യുമായിരുന്നു. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാണ്'' (ക്വുര്‍ആന്‍ 2:17-20).

നബി ﷺ  മദീനയില്‍ വന്നപ്പോള്‍ ധാരാളം ആളുകള്‍ ഇസ്‌ലാമില്‍ പ്രവേശിക്കുകയും അല്‍പം നാളുകള്‍ക്കകം അവരില്‍ പലരും അവരുടെ വിശ്വാസം കയ്യൊഴിക്കുകയും കപടവിശ്വാസികളായി മാറുകയും ചെയ്യുകയുണ്ടായി. യഥാര്‍ഥത്തില്‍ ഇത്തരം ആളുകളുടെ, അല്ലെങ്കില്‍ ഈ കപടവിശ്വാസികളുടെ ഉപമ ഒരു മനുഷ്യന്റെത് പോലെയാണ്. അതായത് ഒരു മനുഷ്യന്‍ ഒട്ടനവധി കാലം ഇരുട്ടില്‍ കഴിയുകയും എന്നിട്ടയാള്‍ ഒരു തീ കത്തിക്കുകയും ആ തീ കാരണത്താല്‍ അദ്ദേഹത്തിന്റെ ചുറ്റുപാടുമുള്ള കുണ്ടുകളും അപകടങ്ങളും അടക്കമുള്ള ഉപദ്രവകരമായ സകലമാന വസ്തുക്കളെയും തിരിച്ചറിയാന്‍ സാധിക്കുകയും നല്ല ഒരു ജീവിതത്തിലേക്ക് നടന്നുനീങ്ങാന്‍ അത് കാരണമാവുകയും ചെയ്തു. അങ്ങനെ ജീവിതത്തില്‍ കൃത്യമായ ഒരു ദിശാബോധവും കാഴ്ചപ്പാടും ഉണ്ടാക്കിയെടുക്കാന്‍ ആ വെളിച്ചത്താല്‍ സാധിച്ചു. അങ്ങനെയിരിക്കെ ഒരുനാള്‍ ആ മനുഷ്യന്റെ തീ അണഞ്ഞുപോയി. അതിനാല്‍ അവന്‍ അവന്റെ ജീവിതത്തിലെ ആദ്യകാലത്തെ ഇരുട്ടിലേക്ക് മാറിപ്പോവുകയും ജീവിതത്തിലെ അപകട വസ്തുക്കളെ തിരിച്ചറിയാതാവുകയും ചെയ്തു.

ഇപ്രകാരമാണ് കപടവിശ്വാസിയുടെ ഉപമ. അതായത് അവന്‍ ആദ്യം ശിര്‍ക്കും അന്ധവിശ്വാസങ്ങളുമാകുന്ന ഇരുട്ടിലായിരുന്നു. തുടര്‍ന്ന് സത്യമാര്‍ഗമാകുന്ന വെളിച്ചം ലഭിച്ചപ്പോള്‍ അവന്ന് തിരിച്ചറിവുണ്ടാവുകയും ഹലാലും ഹറാമും വേര്‍തിരിച്ചറിയുകയും ചെയ്തു. അതുമൂലം ജീവിതത്തില്‍ എന്തെല്ലാമാണ് സൂക്ഷിക്കേണ്ടതെന്നറിയാന്‍ സാധിച്ചു. അങ്ങനെയിരിക്കെ അവന്‍ വീണ്ടും തന്റെ പഴയ അവിശ്വാസത്തിലേക്കുതന്നെ മടങ്ങി. തുടര്‍ന്ന് അവന്ന് നന്മയും തിന്മയും വേര്‍തിരിച്ചറിയാന്‍ കഴിയാതെയായി. അതാണ് ക്വുര്‍ആന്‍ ശേഷം പറഞ്ഞത്; 'അവര്‍ ബധിരന്മാരും ഊമകളും അന്ധന്മാരുമാകുന്നു, ഇനി അവര്‍ യഥാര്‍ഥ വിശ്വാസത്തിലേക്ക് മടങ്ങുകയില്ല' എന്ന്. കപടവിശ്വാസികള്‍ കാണേണ്ട കാര്യങ്ങള്‍ കാണാനോ മനസ്സിലാക്കേണ്ടുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനോ കേള്‍ക്കേണ്ട കാര്യങ്ങള്‍ കേള്‍ക്കാനോ തയ്യാറായില്ല. അതുകൊണ്ടാണ് അലങ്കാരരൂപത്തില്‍ 'അവര്‍ അന്ധന്മാരും ബധിരന്മാരും ഊമകളുമാണ്' എന്ന് അല്ലാഹു വിശേഷിപ്പിച്ചത്.

അല്ലാഹു പറയുന്നു: ''ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നും ധാരാളംപേരെ നാം നരകത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്കു കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടുമനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍''(ക്വുര്‍ആന്‍ 7:179).

കപടവിശ്വാസികള്‍ അന്ധന്മാരും ഊമകളും ബധിരന്മാരുമാണെന്ന് അലങ്കാര രൂപേണ സൂറഃ അല്‍ ഹജ്ജിലും അല്ലാഹു പറയുന്നുണ്ട്:

''ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച് മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷേ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്''(ക്വുര്‍ആന്‍ 22:46).

സത്യത്തെ തീയിനോടാണ് ഉപമിച്ചത് എന്നത് ശ്രദ്ധേയമാണ്. തീ സര്‍വ അഴുക്കുകളെയും മാലിന്യങ്ങളെയും നീക്കം ചെയ്ത് ശുദ്ധീകരിച്ചെടുക്കുന്നു. ഇപ്രകാരം ഇസ്‌ലാമാകുന്ന വെളിച്ചം സര്‍വ തിന്മകളെയും തുടച്ചുനീക്കുന്നു.

കപടവിശ്വാസികള്‍ ഇരുട്ടില്‍ ശക്തമായ മഴയില്‍ അകപ്പെട്ട ഒരാളെ പോലെയാണ്. മഴയുടെ ആധിക്യവും കഠിനമായ ഇരുട്ടും ഇടിയും മിന്നലും അതിനാലുള്ള ഭയവും അസമാധാനവും എല്ലാം കൂടിയുള്ള അവസ്ഥയില്‍ മുന്നോട്ടു നടന്നുനീങ്ങാന്‍ കഴിയാതെ, ശക്തമായ ഇടിയും മിന്നലും വരുമ്പോള്‍ ചെവിയില്‍ വിരലുകള്‍ തിരുകി, കണ്ണുകള്‍ അടച്ച്, മിന്നലിന്റെ അല്‍പം വെളിച്ചം ലഭിക്കുമ്പോള്‍ നടക്കാന്‍ ശ്രമിക്കുന്നു. മിന്നല്‍ നിന്നുകഴിഞ്ഞാല്‍ സ്തബ്ധനായി നില്‍ക്കുന്നു. ഇപ്രകാരമുള്ള ഒരു അവസ്ഥയില്‍ അകപ്പെട്ടവന്റെ അവസ്ഥ എന്തായിരിക്കും? ജീവിതകാലം മുഴുവന്‍ ഇപ്രകാരമാണെങ്കില്‍; അങ്ങനെയുള്ള ഒരു ജീവിതത്തില്‍ എങ്ങനെ സ്വസ്ഥതയും സമാധാനവും രക്ഷയും ഉണ്ടാകും? ഇതാണ് കപടവിശ്വാസിയുടെ അവസ്ഥ. അവന്‍ എപ്പോഴും അസ്വസ്ഥനായിരിക്കും.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നവന്റെ ഉപമ

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമ്പത്ത് ചെലവഴിക്കല്‍ വളരെ പുണ്യകരമായ ഒരു പ്രവര്‍ത്തനമാണ്. അനുവദനീയമായ രൂപത്തില്‍ സമ്പാദിച്ചതില്‍നിന്നും ഒരു ഈത്തപ്പഴമെങ്കിലും ദാനം ചെയ്താല്‍ അല്ലാഹു തന്റെ വലതുകൈകൊണ്ട് അതിനെ സ്വീകരിക്കുകയും അതിനെ വമ്പിച്ച പ്രതിഫലം ലഭിക്കുന്നതാക്കി മാറ്റുകയും ചെയ്യുമെന്ന ആശയമുള്ള ഹദീഥ് നമുക്ക് കാണാവുന്നതാണ്.

അല്ലാഹു പറയുന്നു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്'' (ക്വുര്‍ആന്‍ 2:261).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമ്പത്ത് ചെലവഴിക്കേണ്ടതിന്റെ പ്രാധാന്യവും മഹത്ത്വവുമാണ് ഈ വചനത്തിലൂടെ അറിയിക്കുന്നത്. സമ്പത്ത് ചെലവഴിക്കുന്നതിന്റെ നേട്ടം മനോഹരമായ ഒരു ഉപമയിലൂടെ അല്ലാഹു നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്. ഓരോ കതിരിലും നൂറ് ധാന്യമണികളുള്ളതായ ഏഴു കതിരുകള്‍ ഉല്‍പാദിപ്പിക്കുന്ന നല്ല ഒരു ധാന്യമണിയോടാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നവരെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ ഉപമ വളരെ ശ്രദ്ധേയമാണ്. ചെലവഴിക്കുന്ന വിഷയം, മാര്‍ഗം, ഉദ്ദേശ്യം, പരിശുദ്ധി, ആത്മാര്‍ഥത മുതലായവക്കനുസരിച്ചാണ് പ്രതിഫലത്തിന്റെ തോതില്‍ ഏറ്റക്കുറവ് ഉണ്ടാകുന്നത്. ഭൂമിയില്‍ നിക്ഷേപിക്കുന്ന വിത്തിന്റെയും മണ്ണിന്റെയും മേല്‍നോട്ടത്തിന്റെയും തോതനുസരിച്ചാണ് അതില്‍നിന്നുള്ള ഗുണം നമുക്ക് ലഭിക്കാറുള്ളത്. ഇപ്രകാരം തന്നെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നവന്റെ ആത്മാര്‍ഥതയും ഉദ്ദേശ്യലക്ഷ്യവും വളരെ പ്രസക്തമാണ് എന്ന കാര്യമാണ് ഈ ഉപമയിലൂടെ അല്ലാഹു നമ്മെ ഉണര്‍ത്തുന്നത്. നന്മയെക്കുറിച്ചും തിന്മയെക്കുറിച്ചും അവയുടെ പ്രതിഫലത്തെക്കുറിച്ചുമെല്ലാം ക്വുര്‍ആനിലും ഹദീഥിലും ധാരാളം പരാമര്‍ശങ്ങള്‍ കാണാം. നന്മക്ക് പത്തിരട്ടി പ്രതിഫലം ലഭിക്കുമെന്ന് ക്വുര്‍ആന്‍ പറയുന്നു:

''വല്ലവനും ഒരു നന്മ കൊണ്ടുവന്നാല്‍ അവന്ന് അതിന്റെ പതിന്‍മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്മ കൊണ്ടുവന്നാല്‍ അതിന് തുല്യമായ പ്രതിഫലം മാത്രമെ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല''(ക്വുര്‍ആന്‍ 6:160).

നന്മചെയ്തവന് അതിനെക്കാള്‍ ഉത്തമമായത് അല്ലാഹു നല്‍കും എന്നാണ് ക്വുര്‍ആന്‍ മറ്റൊരിടത്ത് പറയുന്നത്: ''ആര്‍ നന്മയും കൊണ്ടുവന്നോ അവന്  അന്ന്) അതിനെക്കാള്‍ ഉത്തമമായത് ഉണ്ടായിരിക്കും. അന്ന് ഭയവിഹ്വലതയില്‍നിന്ന് അവര്‍ സുരക്ഷിതരായിരിക്കുകയും ചെയ്യും'' (ക്വുര്‍ആന്‍ 27:89).

എന്നാല്‍ തിന്മയെക്കുറിച്ച് അല്ലാഹു പറഞ്ഞപ്പോള്‍ പ്രവര്‍ത്തിച്ച തിന്മക്ക് തുല്യമായി മാത്രമെ ശിക്ഷിക്കുകയുള്ളൂ എന്നാണ് പറയുന്നത്.

''ആര്‍ തിന്മയും കൊണ്ടുവന്നുവോ അവര്‍ നരകത്തില്‍ മുഖംകുത്തി വീഴ്ത്തപ്പെടുന്നതാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ?''(ക്വുര്‍ആന്‍ 27:90).

''ആര്‍ നന്മയും കൊണ്ടുവന്നുവോ അവന്ന് അതിനെക്കാള്‍ ഉത്തമമായതുണ്ടായിരിക്കും. വല്ലവനും തിന്മയുംകൊണ്ടാണ് വരുന്നതെങ്കില്‍ തിന്മ പ്രവര്‍ത്തിച്ചവര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമല്ലാതെ നല്‍കപ്പെടുകയില്ല'' (ക്വുര്‍ആന്‍ 28:84).

ഇതേ ആശയം നബി ﷺ  നമ്മെ പഠിപ്പിക്കുന്നത് കാണുക: ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന്: ''തന്റെ രക്ഷിതാവില്‍നിന്ന് നബി ﷺ  പ്രസ്താവിച്ചു: 'നന്മകളും തിന്മകളും വ്യവസ്ഥപ്പെടുത്തിയിട്ട് അല്ലാഹു അത് വ്യക്തമാക്കി; ആരെങ്കിലും ഒരു സല്‍കര്‍മം ചെയ്യാന്‍ ഉദ്ദേശിച്ചു, പക്ഷേ, അതിനവര്‍ക്ക് സാധിച്ചില്ല. എങ്കില്‍ അത് ഒരു പൂര്‍ണ നന്മയായും, നന്മചെയ്യാന്‍ സാധിച്ചാല്‍ പത്തു മുതല്‍ എഴുന്നൂറും അതില്‍ കൂടുതലും നന്മകളായും അല്ലാഹു അതിനെ നിശ്ചയിക്കുന്നതാണ്. ഒരാള്‍ ഒരു തിന്മ ചെയ്യാനുദ്ദേശിക്കുകയും ചെയ്യാതിരിക്കുകയും ചെയ്താല്‍ ഒരു തിന്മയായി മാത്രമെ അല്ലാഹു അതിനെ രേഖപ്പെടുത്തുകയുള്ളൂ'' (ബുഖാരി, മുസ്‌ലിം).

ധാന്യമണിയോടുള്ള ഈ ഉപമയില്‍ ഏഴൂന്നൂറിരട്ടി എന്ന് പറയാതെ നൂറ് മണികളുള്ള ഏഴുകതിര്‍ പുറത്തെടുക്കുന്ന ധാന്യംപോലെ എന്ന് പറഞ്ഞതില്‍നിന്നും അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുകയും ചെയ്യും എന്ന് പറഞ്ഞതില്‍നിന്നും ധനം ചെലവഴിക്കുന്നവന്റെ ധനത്തിന്റെ പരിശുദ്ധിയെയും ഉദ്ദേശ്യശുദ്ധിയെയും അല്ലാഹു പരിഗണിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. ചെറിയ സല്‍കര്‍മങ്ങള്‍ക്ക് വമ്പിച്ച പ്രതിഫലം നല്‍കും എന്നറിയുമ്പോള്‍ ചെറുതും വലുതുമായ പുണ്യകര്‍മങ്ങള്‍ ചെയ്യുവാന്‍ സ്വാഭാവികമായും നാം തയ്യാറാകുമല്ലോ. ഇത്തരത്തിലുള്ള ലളിതമായ ഉപമകള്‍ നീണ്ട വിശദീകരണത്തെക്കാള്‍ മനസ്സില്‍ സ്വാധീനം ചെലുത്തും, തീര്‍ച്ച.

ലോകമാന്യത്തിനായി ധര്‍മം ചെയ്യുന്നവന്റെ ഉപമ

നാം ചെയ്തുകൊണ്ടിരിക്കുന്ന ഏത് ആരാധനകളിലും സല്‍കര്‍മങ്ങളിലും ഉദ്ദേശ്യശുദ്ധിയും ആത്മാര്‍ഥതയും അനിവാര്യമാണ്, അതില്ലാത്തപക്ഷം അല്ലാഹു ആ കര്‍മങ്ങള്‍ സ്വീകരിക്കുകയില്ല. എല്ലാ ആരാധനയുടെയും ലക്ഷ്യം അല്ലാഹുവിന്റെ തൃപ്തിയായിരിക്കണം. അല്ലാഹുവിന് വേണ്ടിയല്ലെങ്കില്‍ അഥവാ ആത്മാര്‍ഥതയില്ലെങ്കില്‍ അത്തരം കര്‍മങ്ങള്‍കൊണ്ട് യാതൊരു നേട്ടവുമുണ്ടായിരിക്കുന്നതല്ല.

മറ്റുള്ളവരെ ഉപദ്രവിക്കുവാനും ലോകമാന്യതക്കും വേണ്ടി സമ്പത്ത് ചെലവഴിക്കുന്നവരുടെ ഉപമയാണ് താഴെ പറയുന്ന വചനത്തില്‍ നാം കാണുന്നത്:

''സത്യവിശ്വാസികളേ, (കൊടുത്തത്)എടുത്തുപറഞ്ഞ് കൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറമേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല'' (ക്വുര്‍ആന്‍ 2:264).

നമ്മുടെ ദാനധര്‍മങ്ങളുടെ പ്രതിഫലം നഷ്ടപ്പെടാതിരിക്കാന്‍, അവ ഫലശൂന്യമായിത്തീരാതിരിക്കാന്‍ മൂന്ന് കാര്യങ്ങള്‍ ഉണര്‍ത്തിക്കൊണ്ട്, ആ മൂന്ന് കാര്യങ്ങള്‍ സത്യവിശ്വാസിയുടെ ജീവിതത്തില്‍ ഉണ്ടാവാന്‍ പാടില്ല എന്നും, അവ ഉണ്ടായിക്കഴിഞ്ഞാല്‍ അതിന്റെ പര്യവസാനം എപ്രകാരമായിരിക്കും എന്നും ഒരു ഉപമയിലൂടെ അല്ലാഹു വിശദീകരിക്കുകയാണ്.

ഈ സൂക്തത്തിലെ ഉപമാലങ്കാരം വളരെ അര്‍ഥവത്താണ്. ലോകമാന്യത, ഉപദ്രവം, ചെയ്തത് എടുത്തു പറയല്‍ മുതലായ പ്രവര്‍ത്തനങ്ങള്‍വഴി ചെയ്ത ദാനധര്‍മങ്ങള്‍ നിഷ്ഫലമായിത്തീരും. അതിനാല്‍ കര്‍മങ്ങളെ ഇല്ലാതാക്കുന്ന ഈ മൂന്ന് കാര്യങ്ങളെ ഉണര്‍ത്തിക്കൊണ്ട് അവയില്‍നിന്ന് മാറി നില്‍ക്കാനാണ് അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നത്.

ചെയ്ത ഉപകാരങ്ങള്‍ അവസരം ലഭിക്കുമ്പോഴെല്ലാം എടുത്തുപറഞ്ഞുകൊണ്ടിരിക്കുക, അതിന്റെ എണ്ണവും വലുപ്പവും പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ഭൗതിക ലാഭത്തിനോ പേരിനും പെരുമക്കും വേണ്ടിയോ ആഗ്രഹിക്കുക എന്നതാണ് ഇതിലെ ഒന്നാമത്തെ കാര്യം. ഇത്തരക്കാരില്‍നിന്ന് ആര്‍ക്കാണോ ഉപകാരം ലഭിച്ചത് എങ്കില്‍ ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാളുടെ അഭിമാനത്തിന് മുറിവേല്‍പിക്കലാണ് ഈ എടുത്തുപറയല്‍ എന്ന കാര്യത്തില്‍ സംശയമില്ല.

ആര്‍ക്കാണോ ഉപകാരം ചെയ്തത്; ആ വ്യക്തിയെ സദാസമയം വാക്കുകള്‍കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഉപദ്രവിച്ചുകൊണ്ടേയിരിക്കുക, ഞാനാണ് അവനെ സഹായിച്ചത്, അതിനാല്‍ ജീവിതകാലം മുഴുവന്‍ അവന്‍ എനിക്ക് കടമപ്പെട്ടിരിക്കുന്നു, എന്നോട് അവന്‍ നന്ദിയും കൂറും ഉള്ളവനായി ജീവിക്കണം തുടങ്ങിയ ചിന്തകളും ദുര്‍വിചാരങ്ങളുമാണ് ഇതിനു പിന്നില്‍. സത്യവിശ്വാസിക്ക് ഒരിക്കലും ഇത്തരം ചിന്തകള്‍ ഉണ്ടാവാന്‍ പാടില്ല.

ജനങ്ങള്‍ക്കിടയില്‍ പേരും പ്രശസ്തിയും ലഭിക്കുവാന്‍ വേണ്ടി, മറ്റുള്ളവരെ കാണിക്കാനും അറിയിക്കാനും വേണ്ടിയുള്ള ഉദ്ദേശ്യത്തില്‍ ദാനധര്‍മങ്ങള്‍ ചെയ്യുക എന്നതാണ് മൂന്നാമത്തെ കാര്യം. ഇത്തരക്കാര്‍ക്കും ആ കര്‍മത്തിന് പരലോകത്ത് പ്രതിഫലം ലഭിക്കാന്‍ പോകുന്നില്ല.

ഉറപ്പുള്ള, നല്ല മിനുസമുള്ള പാറക്കല്ലില്‍ അല്‍പം മണ്ണുണ്ടെങ്കില്‍ അതിലേക്ക് ശക്തിയായി പെയ്തു കൊണ്ടിരിക്കുന്ന മഴ തട്ടിക്കഴിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥയെന്ന് പറയേണ്ടതില്ലല്ലോ. അല്‍പം പോലും മണ്ണ് ബാക്കിയാവുകയില്ല. ഇപ്രകാരമാണ് അത്തരം ആളുകളുടെ പ്രവര്‍ത്തനങ്ങളുടെ അവസ്ഥ!

അതിനാല്‍ ഓരോ സത്യവിശ്വാസിയും ദാനധര്‍മങ്ങളെ ഇല്ലാതാക്കുന്ന കാര്യങ്ങളില്‍നിന്ന് മാറിനില്‍ക്കുകയും ദാനധര്‍മങ്ങള്‍ ചെയ്യുന്നത് പൂര്‍ണമായും അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ടായിരിക്കുകയും വേണം. അങ്ങനെയുള്ള ധനവ്യയങ്ങള്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കി വച്ചിട്ടുണ്ടെന്ന് അല്ലാഹു നമ്മെ അറിയിക്കുന്നു.

സത്യനിഷേധികളുടെ ചെലവഴിക്കല്‍

സമ്പത്ത് ചെലവഴിക്കുന്നവരെ അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നു. അതിന് ധാരാളം പുണ്യവും അല്ലാഹു വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ സത്യനിഷേധികളുടെ ദാനധര്‍മങ്ങള്‍ വൃഥാവിലാണ്. സമ്പത്ത് അല്ലാഹു അല്ലാത്തവരുടെ മാര്‍ഗത്തിലും അവരുടെ തൃപ്തിക്കും അവരോടുള്ള വിധേയത്വത്തിന്റെ ഭാഗമായും മറ്റും ചെലവഴിക്കുന്ന സത്യനിഷേധികളുടെ ഉപമയായി ക്വുര്‍ആന്‍ പറയുന്നു:

''സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വത്തുകളോ സന്താനങ്ങളോ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് ഒട്ടും രക്ഷനേടികൊടുക്കുന്നതല്ല. അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. ഈ ഐഹികജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിനെ ഉപമിക്കാവുന്നത് ആത്മദ്രോഹികളായ ഒരു ജനവിഭാഗത്തിന്റെ കൃഷിയിടത്തില്‍ ആഞ്ഞുവീശി അതിനെ നശിപ്പിച്ചുകളഞ്ഞ ഒരു ശീതക്കാറ്റിനോടാകുന്നു. അല്ലാഹു അവരോട് ദ്രോഹം കാണിച്ചിട്ടില്ല. പക്ഷേ, അവര്‍ സ്വന്തത്തോട് തന്നെ ദ്രോഹം ചെയ്യുകയായിരുന്നു'' (ക്വുര്‍ആന്‍ 3:116,117).

സത്യനിഷേധത്തിലധിഷ്ഠിതമായതുകൊണ്ട് ഒരു പുണ്യവും നേടാന്‍ അവര്‍ക്ക് കഴിയില്ല. ഇത്തരം ആളുകളുടെ ഉപമകള്‍ എപ്രകാരമാണ് എന്ന് ക്വുര്‍ആന്‍ പലയിടങ്ങളിലായി ഉണര്‍ത്തിയിട്ടുണ്ട്. ഈ ലോകത്ത് നാം പ്രാധാന്യം കൊടുക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് സമ്പത്തും സന്താനങ്ങളും. സത്യനിഷേധികളായ ആളുകള്‍ക്ക് പരലോകത്ത് അവകൊണ്ട് യാതൊരു നേട്ടവും ലഭിക്കില്ല. ദാനധര്‍മങ്ങള്‍ നല്ല മാര്‍ഗത്തില്‍ അവര്‍ ചെലവഴിച്ചാലും അതിന്റെ പ്രതിഫലം അവര്‍ക്ക് നേടാന്‍ സാധ്യമല്ല. കാരണം അല്ലാഹുവിന്റെ തൃപ്തിയും പരലോകത്തുള്ള പ്രതിഫലവും ആഗ്രഹിച്ചുകൊണ്ടല്ല അതൊന്നും അവര്‍ ചെയ്യുന്നത്. അത് ഒരു ഉപമയിലൂടെ അല്ലാഹു നമ്മുടെ മുമ്പില്‍ വെക്കുന്നു.

ശക്തമായ തണുപ്പുള്ള ഒരു കൊടുങ്കാറ്റ് ആഞ്ഞടിച്ചാല്‍ കൃഷിയിടങ്ങള്‍ നാമാവശേഷമാകുന്നതുപോലെയാണ് അവരുടെ ധാനധര്‍മങ്ങളുടെ അവസ്ഥ. സത്യനിഷേധത്തില്‍ നിലകൊള്ളുകയും അല്ലാഹു അല്ലാത്തവരുടെ മാര്‍ഗത്തിലും പ്രശസ്തിക്കും പൊങ്ങച്ചത്തിനും വേണ്ടി സമ്പത്ത് ചെലവഴിച്ചാല്‍ പരലോകത്ത് അതിന്റെ പ്രതിഫലം കൊയ്‌തെടുക്കുവാന്‍ അവര്‍ക്ക് സാധ്യമല്ല. അധ്വാനിച്ചുണ്ടാക്കിയ കൃഷിയെല്ലാം കൊടുങ്കാറ്റില്‍പെട്ട് നാമാവശേഷമായ പോലെ ചെയ്ത ദാനധര്‍മങ്ങളൂടെ പ്രതിഫലം നഷ്ടപ്പെട്ടവരായി അവര്‍ മാറും.

(അവസാനിച്ചില്ല)