ശിയാക്കളും മരിച്ചവരുടെ തിരിച്ചുവരവും

നൂറുദ്ദീന്‍ സ്വലാഹി

2020 ഒക്ടോബര്‍ 24 1442 റബിഉല്‍ അവ്വല്‍ 06

(ആരാണ് ശിയാക്കള്‍? ഭാഗം: 3)

ശിയാക്കളുടെ ചില ഇസ്‌ലാം വിരുദ്ധ വിശ്വാസങ്ങളെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. മരിച്ചുപോയവര്‍ ഇഹലോക ജീവിതത്തിലേക്ക് തിരിച്ചുവരില്ല എന്നത് അനിഷേധ്യ സത്യമാണ്. (ക്വുര്‍ആനിലും പ്രവാചകവചനങ്ങളിലും പ്രതിപാദിച്ചിട്ടുള്ള ചില പ്രത്യേക സംഭവങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാണ് ഈ പറയുന്നത്).

എന്നാല്‍ ശിയാക്കളുടെ വിശ്വാസം അന്ത്യദിനത്തിനു മുമ്പ് ചിലര്‍ ഭൂമിയിലേക്ക് തിരിച്ചുവരും എന്നാണ്. 'റജ്അത്' എന്ന പേരിലാണ് ഈ വിശ്വാസം അറിയപ്പെടുന്നത്. കേട്ടാല്‍ തമാശയായി തോന്നുമെങ്കിലും എന്തുമാത്രം അപകടങ്ങളാണ് ഈ വിശ്വാസത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോഴാണ് ഇസ്‌ലാമിനെ തകര്‍ക്കാന്‍ ജൂതന്‍ പടച്ചുവിട്ട ഈ വിഷം എത്രമാത്രം വിനാശകരമെന്ന് ബോധ്യമാവുക.

ശിയാ വിശ്വാസപ്രകാരം ഭരണം നിര്‍വഹിക്കേണ്ടത് അവരുടെ ഇമാമുമാരാണ്. എന്നാല്‍ അലി(റ), ഹസന്‍(റ) എന്നിവരുടെ ഭരണം മാറ്റിനിര്‍ത്തിയാല്‍ ഇവര്‍ ഇമാമുമാരായി അവതരിപ്പിച്ചവരാരും ഭരണം കയ്യാളിയവരല്ല. ആദ്യത്തെ മൂന്ന് ഖലീഫമാരും അമവി, അബ്ബാസി ഭരണാധികാരികളുമെല്ലാം ഇവരുടെ വിശ്വാസപ്രകാരം അവിശ്വാസികളാണ്! അവരുടെ കീഴില്‍ ജീവിച്ച തങ്ങളുടെ ഇമാമുമാരും മറ്റു ശിയാക്കളും യഥാര്‍ഥ ഇസ്‌ലാമിക ഭരണത്തെ പുല്‍കിയവരല്ല എന്നാണ് ഇവരുടെ വാദം. ഇതിനെല്ലാം ഒരു പരിഹാരമായിക്കൊണ്ടുകൂടിയാണ്  ഈ വിശ്വാസം ഇവര്‍ക്ക് കൊണ്ടുവരേണ്ടി വന്നത്. തങ്ങളുടെ പന്ത്രണ്ടാമത്തെ ഇമാമായ ഇമാം മഹ്ദി വരുന്ന നാളിലായിരിക്കും യഥാര്‍ഥ ഭരണം നിര്‍വഹിക്കപ്പെടുക എന്നതാണ് ഇവരുടെ വിശ്വാസം.

അവസാനകാലത്ത് ഇമാം മഹ്ദി വരുമെന്നുതന്നെയാണ് അഹ്‌ലുസ്സുന്നയുടെയും വിശ്വാസം. എന്നാല്‍ ശിയാക്കളുടെ മഹ്ദി ഇതല്ല, മറിച്ച് അവര്‍ പന്ത്രണ്ടാമത്തെ ഇമാമായി കണക്കാക്കുന്ന ഹസനുബ്‌നു അലി അല്‍അസ്‌കരിയാണ്. അദ്ദേഹം ചെറുപ്രായത്തില്‍ തന്നെ മരണപ്പെട്ടുപോയി. എന്നാല്‍ അദ്ദേഹം മരണപ്പെട്ടിട്ടില്ല, മറിച്ച് മേഘപാളികളില്‍ മറഞ്ഞിരിക്കുകയാണെന്നും അവസാന നാളില്‍ അദ്ദേഹം യഥാര്‍ഥ ക്വു ര്‍ആനുമായി വന്ന് ഭരണം നിര്‍വഹിക്കുമെന്നും തങ്ങളുടെ മുഴുവന്‍ ഇമാമുമാരും നബിമാരും അദ്ദേഹത്തിനുകീഴില്‍ അണിനിരക്കും എന്നും ഇവര്‍ വിശ്വസിക്കുന്നു. ഈ വാദം ഇസ്‌ലാമിക പ്രമാണങ്ങളോട് ഒരുനിലയ്ക്കും യോജിക്കാത്തതാണ്. അതുകൊണ്ടുതന്നെ ഇതിനെ സ്ഥാപിച്ചെടുക്കാന്‍ അലി(റ)യിലേക്ക് ചേര്‍ത്ത് ഒരു കള്ളവാക്കും ഇവര്‍ പടച്ചുവിട്ടു. അത് ഇപ്രകാരമാണ്: 'നമ്മുടെ മടങ്ങിവരവില്‍ വിശ്വസിക്കാത്തവന്‍ നമ്മില്‍ പെട്ടവനല്ല' (തഫ്‌സീര്‍ സ്വാഫി 1/440).

എന്നാല്‍ ക്വുര്‍ആനിന്റെ അര്‍ഥമറിയുന്നവര്‍ ഇതിനെ ഇസ്‌ലാമിക വിശ്വാസമായി എങ്ങനെ അംഗീകരിക്കും? അല്ലാഹു പറയുന്നു:

''അവര്‍ക്കു മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു! അവരാരും ഇവരുടെ അടുത്തേക്ക് തിരിച്ചുവരുന്നില്ല എന്ന് അവര്‍ കണ്ടില്ലേ?'' (ക്വുര്‍ആന്‍ 36:31).

മരിച്ചവര്‍ തിരിച്ചുവരില്ല എന്നത് ക്വുര്‍ആനിലെ ഖണ്ഡിതമായ പ്രഖ്യാപനമായിരിക്കെ ഇതിനെ നിഷേധിക്കുകയല്ലേ ഇവര്‍ ചെയ്യുന്നത്?

ശിയാനേതാവായ മജ്‌ലിസി പറയുന്നത് നോക്കൂ: ''ഇമാമുമാരുടെ മടങ്ങിവരവ് എല്ലാ കാലഘട്ടത്തിലുമുള്ള ആളുകള്‍ യോജിച്ച കാര്യമാണ്'' (ബിഹാറുല്‍ അന്‍വാര്‍).

ഈ വിചിത്രവാദത്തിനു പ്രചാരണം കിട്ടാന്‍ അലി(റ)യുടെ പേരില്‍ ഇവര്‍ പറഞ്ഞുകൊണ്ടിരുന്ന കളവ് നോക്കു: ''ആരെങ്കിലും മരണാനന്തരം ഭൂമിയിലേക്കുള്ള എന്റെ മടക്കത്തെ നിഷേധിച്ചാല്‍ അവന്‍ എന്നെ തള്ളിപ്പറഞ്ഞവനാണ്. എന്നെ തള്ളിപ്പറഞ്ഞവന്‍ അല്ലാഹുവിനെ തള്ളിപ്പറഞ്ഞു.''

അലി(റ) ഇവരുടെ ആരോപണങ്ങളില്‍ നിന്നും മുക്തനാണ് എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.

ഈ വിശ്വാസം ശിയാക്കള്‍ക്ക് ലഭിക്കുന്നത് തങ്ങളുടെ നേതാവായ അബ്ദുല്ലാഹിബിനു സബഇല്‍ നിന്നായിരുന്നു. അലി(റ) മരിക്കില്ലന്ന വാദമായിരുന്നു അയാള്‍ക്ക്. എത്രത്തോളമെന്നാല്‍ അലി(റ)യാണ് ഇലാഹ് എന്നുവരെ വാദിച്ച് അയാള്‍ അതിരുകടന്നു.

അലി(റ)യുടെ മരണവാര്‍ത്തയുമായി വന്ന വ്യക്തിയോട് ഇപ്രകാരമാണ് അയാള്‍ പ്രതികരിച്ചത്: ''നീ പറഞ്ഞത് കളവാണ്. അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ല. ഭൂമിയില്‍ ആധിപത്യം സ്ഥാപിക്കുന്നതുവരെ അദ്ദേഹം മരിക്കില്ല.''

ഈ വിശ്വാസം പിന്നീട് ശിയാക്കളില്‍ വേരോടി. തങ്ങളുടെ ഇമാമുമാരിലേക്കും അവര്‍ ഇത് ചേര്‍ത്തുവച്ചു. കൈസാനിയ വിഭാഗം തങ്ങളുടെ ഇമാം മുഹമ്മദുബ്‌നുല്‍ ഹനഫിയ്യ മരണപ്പെട്ടിട്ടില്ല, മറിച്ച് റിദ്‌വ മലനിരകളില്‍ ബന്ധിതനാണ് എന്നും അവസാന നാളില്‍ അദ്ദേഹം വരുമെന്നും വിശ്വസിക്കുന്നു. മുഹമ്മദിയ്യ വിഭാഗം തങ്ങളുടെ ഇമാം മുഹമ്മദുബ്‌നു അബ്ദുല്ലാഹിബ്‌നില്‍ ഹസന്‍ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ല എന്ന് വിശ്വസിക്കുന്നു. ഇതേവാദം തങ്ങളുടെ പന്ത്രണ്ടാമത്തെ ഇമാം എന്ന് പറയപ്പെടുന്ന ആളുടെ കാര്യത്തിലും ഇമാമിയ്യാക്കള്‍ വിശ്വസിച്ചുപോരുന്നു.

അബ്ദുല്ലാഹിബ്‌നുസബഅ് തുടക്കമിട്ട ഈ ചിന്തയുടെ അനുരണനങ്ങള്‍ ആദ്യനൂറ്റാണ്ടുകളില്‍ പെട്ട ചില ദുര്‍ബല ജനങ്ങളെ സ്വാധീനിച്ചു. എന്നാല്‍ ശിയാക്കള്‍ തങ്ങളുടെ ഇമാമുമാരായി ഗണിക്കുന്ന അലി (റ)യുടെ മക്കളും സന്തത പരമ്പരയില്‍പെട്ട പലരുംതന്നെ നഖശിഖാന്തം അതിനെ വിമര്‍ശിച്ചതായി കാണാന്‍ കഴിയും.

ആസ്വിമുബ്‌നു ളംറ പറയുന്നു: ''ഞാന്‍ ഹസന്‍ ഇബ്‌നു അലിയോട് ചോദിച്ചു: 'അലി(റ) മടങ്ങിവരുമെന്ന്, അദ്ദേഹത്തിന്റെ പക്ഷംചേര്‍ന്നു എന്ന് പറയപ്പെടുന്നവര്‍ വാദിക്കുന്നുണ്ടല്ലോ' അദ്ദേഹം പറഞ്ഞു: 'അത് കളവാണ്. അവര്‍ കളവു പറയുന്നവരാണ്' (മുസ്‌നദു അഹ്മദ്).

ശിയാക്കള്‍ നാലാം ഇമാമായി കണക്കാക്കുന്ന അലി സൈനുല്‍ ആബിദീന്‍ പറയുന്നു: ''ബസ്വറയില്‍നിന്ന് വന്ന ഒരു വ്യക്തി എന്റെ അരികില്‍ വന്ന് പറഞ്ഞു: 'ഞാന്‍ ഹജ്ജോ ഉംറയോ നിര്‍വഹിക്കാന്‍ വേണ്ടി വന്നതല്ല.' ഞാന്‍ ചോദിച്ചു: 'പിന്നെ എന്തിനാണ് താങ്കള്‍ വന്നത്?' അദ്ദേഹം പറഞ്ഞു: 'അലി(റ) എപ്പോഴാണ് പുനര്‍ജനിക്കുക എന്ന് നിങ്ങളോട് ചോദിക്കാനാണ് ഞാന്‍ വന്നത്.' ഞാന്‍ പറഞ്ഞു: 'അന്ത്യ ദിനത്തിലാണ് അലി(റ) പുനര്‍ജനിക്കുക'' (മുഖ്തസ്വറു തുഹ്ഫതുല്‍ ഇസ്‌നാ അശരിയ്യ).

ഇക്കാര്യം ചോദിച്ചറിയാന്‍വേണ്ടി മാത്രം വലിയ ദൂരംതാണ്ടി വരണമെങ്കില്‍ ഈ വിശ്വാസം അക്കാലത്തുതന്നെ ജനങ്ങള്‍ക്കിടയില്‍ എന്തുമാത്രം പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടാകും!

മഹ്ദിയും ശിയാക്കളുടെ സ്വപ്‌നവും

മഹ്ദി കൊണ്ടുവരുന്ന ക്വുര്‍ആനിന്റെ അടിസ്ഥാനത്തില്‍ ഭരണം സ്ഥാപിക്കുക, ഭൂമിയില്‍ ആധിപത്യം സ്ഥാപിക്കുക, മുഴുവന്‍ ഇമാമുമാരും തിരിച്ചുവന്ന് ശിയാവിശ്വാസങ്ങള്‍ക്ക് എതിരായി നിലകൊണ്ട ഭരണാധികാരികളെയും അവരുടെ അനുയായികളെയും ശിക്ഷിക്കുക... ഇതൊക്കെയാണ്  അവസാന കാലഘട്ടത്തില്‍ സംഭവിക്കാനിരിക്കുന്നത് എന്നതാണ് ശിയാക്കളുടെ സ്വപ്‌നം.

'അല്ലാഹുവേ, അദ്ദേഹത്തിന്റെ വരവ് പെട്ടെന്ന് സംഭവിപ്പിക്കണേ' എന്ന് ഈ സ്വപ്‌ന സാക്ഷാത്കാരത്തിനുവേണ്ടി ഓരോ ശിയാ വിശ്വാസിയും പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു. മഹ്ദിയുടെ പേര് ഉരുവിടുമ്പോഴെല്ലാം കൂടെ അവര്‍ ഇത് ചൊല്ലിക്കൊണ്ടിരിക്കും. അദ്ദേഹത്തിന്റെ പേര് എഴുതുമ്പോള്‍ അറബി അക്ഷരങ്ങളായ 'അയിന്‍, ജീം' എന്നിവ ഈ പ്രാര്‍ഥനയുടെ ചുരുക്കം എന്നോണം രേഖപ്പെടുത്തും.

മഹ്ദിയുടെ ആദ്യപ്രവര്‍ത്തനം

മഹ്ദി വന്നാല്‍ ആദ്യം ചെയ്യുന്ന പ്രവര്‍ത്തനമായി ശിയാ ആചാര്യന്‍ മജ്‌ലിസി രേഖപ്പെടുത്തുന്നതിന്റെ ചുരുക്കം ഇങ്ങനെയാണ്: 'അദ്ദേഹം പ്രവാചകന്റെ ക്വബ്‌റിനരികില്‍ വരും. അവിടെ തൊട്ടടുത്ത രണ്ട് ക്വബ്‌റുകള്‍ കാണുമ്പോള്‍ അവ ആരുടേതാണെന്ന് അന്വേഷിക്കും. അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും ആണെന്ന് പറയപ്പെടുമ്പോള്‍ ആ രണ്ട് ക്വബ്‌റുകളും പിളര്‍ത്തി അവരെ പുറത്തെടുത്ത് രണ്ടു മരങ്ങളിലായി ക്രൂശിക്കും. അവര്‍ രണ്ടുപേരുടെയും പാപങ്ങളുടെ ആധിക്യം കാരണം ആ രണ്ട് പച്ച മരങ്ങളും ഉണങ്ങിപ്പോകും.'

പല ശിയാ ഗ്രന്ഥങ്ങളിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചക പത്‌നിയായ ആഇശ(റ) കൊണ്ടുവരപ്പെടുകയും അവര്‍ കുറ്റാരോപിതയായ വിഷയത്തില്‍ അന്ന് നടപ്പില്‍ വരുത്താത്ത ശിക്ഷ ഇമാം മഹ്ദി നടപ്പില്‍ വരുത്തുമെന്നും അവരെ എറിഞ്ഞുകൊല്ലുമെന്നും വരെ ഇവര്‍ വിശ്വസിക്കുന്നു. (അല്ലാഹുവില്‍ ശരണം).  

ചിന്തിച്ചുനോക്കൂ! പ്രവാചകന്റെ ഉത്തമരായ മൂന്ന് സഹാബിമാര്‍; സ്വര്‍ഗം ഉണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടവര്‍... അവരെക്കുറിച്ചാണ് ഇവര്‍ ഇത്തരം അസംബന്ധങ്ങള്‍ എഴുതിവിടുന്നത്. ക്വുര്‍ആനിലെ 24ാം സൂറത്തായ അന്നൂറിന്റെ അവതരണ പശ്ചാത്തലം തന്നെ ആഇശ(റ)യുടെ പേരില്‍ പ്രചരിക്കപ്പെട്ട കള്ളവാര്‍ത്തയാണ്. പ്രസ്തുത സൂറത്തില്‍ ആ വ്യാജവാര്‍ത്തയുടെ യാഥാര്‍ഥ്യം വ്യക്തമാക്കുകയും കപടവിശ്വാസികളുടെ കുപ്രചാരണങ്ങളില്‍നിന്ന് അവരുടെ നിരപരാധിത്വം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും മുനാഫിക്വുകളെ (കപടന്‍മാരെ) പിന്താങ്ങുന്ന ശിയാക്കള്‍ക്ക് ആരോടാണ് കൂടുതല്‍ താല്‍പര്യമെന്ന് മനസ്സിലാക്കാന്‍ ഇതിലധികം എന്തു തെളിവ് വേണം?

അഹ്‌ലുസ്സുന്നയുടെ ഭരണാധികാരികളെ അംഗീകരിച്ച ഓരോരുത്തരെയും തിരിച്ചുകൊണ്ടുവന്ന് അവര്‍ക്കെതിരില്‍ ശിക്ഷ നടപ്പാക്കുവാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്!

അഹ്‌ലുസ്സുന്നയും ശിയാക്കളും തമ്മിലുള്ള വ്യത്യാസം കേവലം  അഭിപ്രായഭിന്നതയാണെന്ന വിചാരം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അത് തിരുത്തുവാന്‍ ഈ തെളിവുകള്‍ തന്നെ ധാരാളം. ശിയാ വിശ്വാസങ്ങള്‍ ഓരോന്നും ബന്ധപ്പെട്ടുകിടക്കുന്നത് ജൂതവിശ്വാസങ്ങളുമായിട്ടാണ്. അവിടെനിന്ന് തന്നെയാണല്ലോ ഇതിന്റെ ഉത്ഭവവും!