കേരളത്തിലെ നാസ്തിക സന്ദേഹങ്ങള്‍

അലി ചെമ്മാട്

2020 ഒക്ടോബര്‍ 24 1442 റബിഉല്‍ അവ്വല്‍ 06

(കേരളീയ യുക്തിവാദം: ചരിത്രം, വര്‍ത്തമാനം, ധാര്‍മികത 2)

നമുക്ക് യുക്തിവാദത്തിലേക്ക് തന്നെ ശ്രദ്ധതിരിക്കാം. യുക്തിവാദം അതിന്റെ ഒന്നാം തീയതി മുതല്‍ സ്വന്തം യുക്തിവാദ ആദര്‍ശം പറഞ്ഞിട്ടില്ല. ഇന്നും പറയുന്നില്ല. യുക്തിവാദം ശ്രദ്ധിക്കുന്ന ആര്‍ക്കും അക്കാര്യം ബോധ്യമാണ്. അവര്‍ മറ്റുള്ള ആദര്‍ശങ്ങളെയും വിശ്വാസങ്ങളെയും മതങ്ങളെയും വിമര്‍ശിക്കാനും എതിര്‍ക്കാനും തകര്‍ക്കാനും മാത്രമെ മിനക്കെടാറുള്ളു. അതിന്റെ ചരിത്രവും അടിസ്ഥാന പാഠപുസ്തകം (യുക്തിദര്‍ശനം) പറയുന്നു: ''പത്രത്തിലൂടെ ആദ്യം വെളിച്ചംകണ്ട യുക്തിവാദ ലേഖനം എം.പി.വര്‍ക്കി എഴുതിയ 'യഥാര്‍ഥ ക്രിസ്തു' എന്നതാണ്. ഈ ലേഖനം പ്രസിദ്ധീകരിച്ചത് 'സഹോദരന്‍' പത്രത്തില്‍ ആയിരുന്നു. 'സഹോദരന്‍' ആണ് ആദ്യമായും ലെനിന്റെ ചിത്രം പ്രസിദ്ധീകരിച്ചതും ലെനിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റും കൂടുതല്‍ കാര്യങ്ങള്‍ വിവരിച്ചതും. എന്നുതന്നെയല്ല ലോകപ്രശസ്ത അമേരിക്കന്‍ യുക്തിവാദിയായിരുന്ന ഇംഗര്‍സോളിന്റെ ചിത്രവും ജീവചരിത്രവും പ്രസിദ്ധീകരിച്ചതിന് പുറമെ 'മോസസിന്റെ തെറ്റുകള്‍,' 'നരകം,' ദൈവങ്ങള്‍' തുടങ്ങിയ ചില ലേഖനങ്ങളും 'സഹോദര'നിലൂടെ അന്ന് പ്രകാശിതമായി.''(10)

കാര്യം വളരെ വ്യക്തമാണ്! യുക്തിവാദികളും കമ്യൂണിസ്റ്റുകളും ചരിത്രത്തിലെവിടെയും അവരുടെ വ്യക്തമായ ആദര്‍ശവും മേല്‍വിലാസവും രേഖപ്പെടുത്തിയിട്ടില്ല. ഇംഗര്‍സോളിനെ വിക്കി പരിചയപ്പെടുത്തുന്നു: ''തന്റെ ഓര്‍മയില്‍ മാത്രം അധിഷ്ഠിതമായ ആ വാഗ്‌ധോരണി ചില സമയത്ത് മണിക്കൂറുകള്‍ കടന്നിരുന്നു... അദ്ദേഹത്തിന്റെ മിക്ക പ്രസംഗങ്ങളും മതവിമര്‍ശനങ്ങളായിരുന്നു. അന്നത്തെ പത്ര മാധ്യമങ്ങള്‍ അദ്ദേഹത്തെ അതിനിശിതമായി വിമര്‍ശിച്ചിരുന്നു.''(11)

ഇത് കേരളത്തിലെ മാത്രം പ്രശ്‌നമല്ല. ലോകത്ത് എന്നായാലും എവിടെയായാലും നാസ്തികര്‍ക്ക് അവരുടെ ആദര്‍ശം പറയാറില്ല. പകരം സമൂഹത്തില്‍ ജീവിക്കുന്ന ആശയങ്ങളെയും ആദര്‍ശങ്ങളെയും മതങ്ങളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യുക, അപഹസിക്കുക എന്നതു മാത്രമാണ് യുക്തിവാദ ആദര്‍ശങ്ങള്‍. ഇക്കാര്യം ചാര്‍വാകന്മാര്‍ മുതല്‍ ഇന്നുവരെയുള്ള ഭൗതികവാദികളുടെയും നാസ്തികരുടെയും ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാകും. ഇവര്‍ പറയുന്ന, എഴുതുന്ന കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചയിലേക്ക് വന്നാല്‍ അത് പറഞ്ഞയാളുടെ, എഴുതിയവന്റെ സ്വന്തം അഭിപ്രായം ആണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയും ചെയ്യും.

1917ല്‍ റഷ്യന്‍ വിപ്ലവത്തിന്റെ ആവേശത്തള്ളലില്‍ നാസ്തിക, കമ്യൂണിസ്റ്റ് ചിന്താധാരകള്‍ക്ക് കേരളത്തില്‍ വേരോടിത്തുടങ്ങിയിരുന്നുവെങ്കിലും അതിനുവേണ്ടി മാത്രം ഒരു കൂട്ടം ഉണ്ടാകാന്‍ വീണ്ടും പത്തു വര്‍ഷങ്ങള്‍ എടുത്തു. അവര്‍ ആദ്യമായി ഒത്തുകൂടിയത് കോഴിക്കോടാണ്. യുക്തിദര്‍ശനം പറയുന്നു: ''യുക്തിവാദാശയങ്ങള്‍ക്ക് ഇങ്ങനെ കേരളത്തില്‍ പ്രചാരം സിദ്ധിച്ചുതുടങ്ങിയപ്പോള്‍ യുക്തിവാദ പ്രചരണത്തിന് മാത്രമായി ഒരു പ്രസിദ്ധീകരണത്തിന്റെ ആവശ്യം കേരളത്തിലെ യുക്തിവാദികള്‍ക്ക് ബോധ്യപ്പെട്ടു. അങ്ങനെ കേരളത്തിലെ പ്രമുഖ യുക്തിവാദികള്‍, കോഴിക്കോട് മിതവാദി പത്രാധിപര്‍ സി. കൃഷ്ണന്റെ വീട്ടില്‍ സമ്മേളിച്ചു. ഈ സമ്മേളനമാണ് കേരളത്തിലെ യുക്തിവാദികളുടെ പ്രഥമ സമ്മേളനം. ഈ സമ്മേളനം യുക്തിവാദി എന്നൊരു മാസിക തുടങ്ങുവാന്‍ തീരുമാനിച്ചു.''(12) മലയാളത്തിലെ ആദ്യത്തെ യുക്തിവാദ പ്രസിദ്ധീകരണം 'യുക്തിവാദി മാസിക' ആയിരുന്നു. 1929 സെപ്തംബറില്‍ യുക്തിവാദിയുടെ പ്രഥമലക്കം സഹോദരന്‍ പ്രസ്സില്‍ അച്ചടിച്ചു കൊച്ചിയില്‍നിന്നും പ്രസിദ്ധപ്പെടുത്തി.''(13)

പിന്നെയും ഏതാനും ചില പ്രസിദ്ധീകരണങ്ങള്‍ വന്നുപോയിക്കൊണ്ടിരുന്നു. ഇസ്‌ക്ര (ഇടമറുക്), യുക്തി  (പി.കെ. മാധവന്‍), നാസ്തികര്‍ (സണ്ണി), തേരാളി (ഇടമറുക്, സനല്‍ ഇടമറുക്), യുക്തിവിചാരം (എ.വി. ജോസ്), പ്രഖ്യാപനം (പവിത്രന്‍), യുക്തിയുഗം (ഇ.എ ജബ്ബാര്‍) തുടങ്ങിയവ വന്നുപോയവയാണ്. ഇപ്പോള്‍ 'യുക്തിരാജ്യം,' 'യുക്തിരേഖ' എന്നീ മാസികകള്‍ കേരളത്തില്‍ ഇറങ്ങുന്നുണ്ട്.

കേരളത്തിലെ യുക്തിവാദ സംഘങ്ങള്‍

യുക്തിവാദിസംഘം എന്ന പേരില്‍ നിലവില്‍ മൂന്നെണ്ണമുണ്ട്; കേരള യുക്തിവാദിസംഘം, ഭാരതീയ യുക്തിവാദിസംഘം, യുക്തിവാദി സംഘം. കൂടാതെ നിര്‍മുക്ത, കേരള ഫ്രീ തിങ്കേഴ്‌സ് ഫോറം, എസ്സന്‍സ് സയന്‍സ് ക്ലബ് തുടങ്ങി പ്രാദേശികമായും സംസ്ഥാനതലത്തിലും കുറെയേറെ സംഘങ്ങളും സംഘടനകളും യുക്തിവാദികളുടെതായി ഉണ്ട്. അതിശയം തോന്നുന്നുവെങ്കിലും കേരളത്തിലെ ഒരു നാസ്തികമൊഴി ആയിരക്കണക്കിന് യുക്തിവാദി സംഘടനകള്‍ നിലവിലുണ്ടെന്നാണ്. ഇവര്‍ തമ്മില്‍ ആശയപരമായി എന്തെങ്കിലും വ്യത്യാസമുണ്ടാകാന്‍ സാധ്യതയില്ല. ആശയപരമായി വ്യത്യാസം ഉണ്ടാകണമെങ്കില്‍ ആദ്യമായി ആശയവും ആദര്‍ശവും ഉണ്ടാകേണ്ടതുണ്ട്. താന്‍പ്രമാണിത്തവും നേതാക്കള്‍ ആകാനുള്ള വ്യഗ്രതകളും പഴിചാരലുകളും പടലപിണക്കങ്ങളും സാമ്പത്തിക ആരോപണ പ്രത്യാരോപണങ്ങളും മാത്രമാണ് വ്യത്യാസങ്ങള്‍.

മുമ്പ് ഇതുപോലെ കുറെ സംഘങ്ങളും സംഘടനകളും ജന്മംകൊണ്ട് മരിച്ചുപോയിട്ടുണ്ട്. അവരുടെയൊന്നും ചരിത്രവും രേഖകളും നേതാക്കള്‍ ആരെന്നും അറിയാന്‍ മാര്‍ഗമില്ല. രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ സംഘടന, 1935 നവംബര്‍ പതിനൊന്നാം തീയതി രജിസ്റ്റര്‍ ചെയ്ത 'യുക്തിവാദി സംഘം' ആണ്. അത് ഒന്നുരണ്ട് വര്‍ഷത്തിനുള്ളില്‍ 'വീര'മൃത്യു വരിച്ചു. 30 വര്‍ഷങ്ങള്‍ക്കു ശേഷം 1965ല്‍ 'കോഴിക്കോട് ജില്ലാ യുക്തിവാദി സംഘം' രൂപീകരിച്ചു. എന്നാല്‍ അതും ശൈശവത്തില്‍ തന്നെ മൃതിയടഞ്ഞു. 1966ല്‍ തിരുവനന്തപുരത്തും ഇതുപോലെ ഒരു സംഘം (തിരുവനന്തപുരം യുക്തിവാദി സംഘം) ഉണ്ടാക്കി. അതും അധികം നിലനിന്നില്ല. കോട്ടയത്തും ഇത്തരം കൂട്ടായ്മ ഉണ്ടാക്കി കൂട്ടം തെറ്റിപ്പോയി. കോട്ടയത്ത് കൂട്ടംതെറ്റിയ കൂട്ടത്തില്‍ ചിലര്‍ കോട്ടയത്തുതന്നെ വീണ്ടും കൂട്ടംകൂടിയിരുന്നു. ഒന്നിന്റെ തലപ്പത്ത് എം.സി ജോസഫ്, മറ്റേതിന്റെ കടിഞ്ഞാണ്‍ ഇടമറുകിന്.

സംഘടനാരൂപത്തിലല്ലെങ്കിലും തൃശൂരില്‍ യുക്തിവിചാരം ജോസ് മുന്‍കൈയെടുത്ത് 1962 മുതല്‍ യുക്തിവാദക്കൂട്ടായ്മ നടത്തിയിരുന്നു. അദ്ദേഹം ഒരല്‍പം ആത്മാര്‍ഥതയുള്ള പാവമായിരുന്നു. മുപ്പത്താറു കൊല്ലത്തോളം തന്റെ യുക്തിവിചാരം മാസിക നടത്തി നിര്‍ത്തി ഒരു കൊല്ലത്തിനുശേഷം മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണം ഒരു വാര്‍ത്തപോലും ആയില്ല. അത്രയും സാധുവായിരുന്നു അദ്ദേഹം. ജോസിന്റെ കൂട്ടായ്മയാണ് നിലനില്‍ക്കുന്നതില്‍ ഏറ്റവും പഴക്കമുള്ള കേരള യുക്തിവാദിസംഘത്തിന്റെ പിറവിയുടെ ഉത്തരവാദി. ജോസ് 1962 മുതല്‍ വര്‍ഷത്തിലൊരിക്കല്‍ തൃശൂരില്‍ യുക്തിവാദി നേതാക്കളെ വിളിച്ചുവരുത്തി സൗഹൃദ സംഗമങ്ങള്‍ നടത്തിവന്നിരുന്നു. 1967 ഡിസംബറില്‍ നടന്ന സംഗമമാണ് കേരള യുക്തിവാദി സംഘത്തിന്റെ ജനനത്തിലേക്ക് നയിച്ചത്.(14)

1970-83 കാലഘട്ടത്തില്‍ ഇടമറുകും എം. സി ജോസഫും ചേര്‍ന്ന് തുടങ്ങിയ അടി പവനനില്‍ എത്തി. ഇവര്‍ രണ്ടു ചേരിയായി നിന്നു കലഹിച്ചതിന്റെ ബാക്കിപത്രമായി പിറന്നുവീണതാണ് 'ഭാരതീയ യുക്തിവാദി സംഘം.' 2012ല്‍ മലപ്പുറത്തുവച്ച് നടന്ന 'സ്വതന്ത്ര ലോകം 2012' ദേശീയ സെമിനാറിനോടനുബന്ധിച്ച് കേരളയുക്തിവാദിസംഘം നേതൃത്വവും ഇ.എ ജബ്ബാറും തമ്മിലുണ്ടായ വാക്കുതര്‍ക്കങ്ങളും തെറിവിളികളുമാണ് യുക്തിവാദിസംഘത്തിന്റെ രൂപീകരണത്തിലേക്കു നയിച്ചത്. ഇപ്പോള്‍ യഥാര്‍ഥത്തില്‍ കേരളത്തില്‍ മാത്രം, എത്ര യുക്തിവാദി സംഘങ്ങളും സംഘടനകളും കൂട്ടായ്മകളും ഉണ്ട് എന്ന് അവര്‍ക്കോ മറ്റുള്ളവര്‍ക്കോ അറിയില്ല. അത്രമാത്രം സംഘങ്ങളും സംഘടനകളും കൂട്ടായ്മകളും തമ്മില്‍തല്ല് ഗ്രൂപ്പുകളും അവര്‍ക്കിടയില്‍ ഉണ്ട്. എല്ലാവരുടെയും പ്രവര്‍ത്തനലക്ഷ്യവും മാര്‍ഗവും എല്ലാം ഒന്നുതന്നെ. എന്തിനു വേറിട്ടുനില്‍ക്കുന്നു എന്ന് വേറിട്ടവര്‍ക്കും അറിയില്ല. 'മതങ്ങള്‍ മണ്ണടിയട്ടെ, മനുഷ്യര്‍ ഒന്നാകട്ടെ,' 'മതമുപേക്ഷിക്കൂ മനുഷ്യരാകൂ' എന്നൊക്കെ പറഞ്ഞ് ആര്‍ത്തട്ടഹസിക്കുന്ന നാസ്തികര്‍ കേരളത്തില്‍ ആയിരം കഷ്ണങ്ങളായി എന്നത് എന്താണ് വ്യക്തമാക്കുന്നത്? അവര്‍ മനുഷ്യരല്ല. അതുകൊണ്ട് അവര്‍ പറയുന്നത് മനുഷ്യരെ സംബന്ധിച്ചാണ്; അവരെക്കുറിച്ചല്ല എന്നാണ്. ഇതുപോലെ ഒരുപാട് മുദ്രാവാക്യങ്ങള്‍ അവര്‍ കാലാകാലങ്ങളില്‍ തരാതരം ഇറക്കാറുണ്ട്. 2019 ഒക്ടോബര്‍ 6ന് കോഴിക്കോടുവച്ച് നടന്ന 'ലിറ്റ്മസ്' മാമാങ്കശേഷം മാത്രം നാസ്തികര്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്ന പിളര്‍പ്പുകളും പഴിചാരലുകളും വിഴുപ്പലക്കലുകളും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ പതിമൂന്നാം തിയതി എം.എന്‍ കാരശ്ശേരി ഫെയ്‌സ്ബുക്കില്‍ പറഞ്ഞ അവതാരികാ തട്ടിപ്പാണ് ഏറ്റവും ലേറ്റസ്റ്റ്. ലേറ്റായാല്‍ ലേറ്റസ്റ്റുകള്‍ വന്നുകൊണ്ടേയിരിക്കും. യുക്തിവാദി എഴുത്തുകാരനും പ്രാസംഗികനും സംവാദകനുമായ പി.എം അയ്യൂബ് മൗലവി ഡി.സി പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തിന് കാരശ്ശേരിയുടെ പേരില്‍ അദ്ദേഹത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ എഴുതിയ അവതാരികക്കെതിരെ വക്കീല്‍ നോട്ടീസയച്ചതും അയ്യൂബ് മാപ്പെഴുതിക്കൊടുത്ത് തടിയൂരിയതും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മാത്രമല്ല മലയാള നാസ്തികതയുടെ ആള്‍ദൈവത്തിന്റെ സംഘിസാമ്യത അവരിലെ പലരും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ആള്‍ദൈവത്തിന്റെ ഗാന്ധിജി വിരുദ്ധ, ദേശീയഗാന വിരുദ്ധ, ഗോഡ്‌സെ കീര്‍ത്തനങ്ങള്‍ കേരളത്തില്‍ അലയടിക്കുന്നു.

യുക്തിവാദ ചരിത്രത്തില്‍ പോസിറ്റീവായ ഒരു സന്ദേശവും കണ്ടിട്ടില്ല. ''യുക്തിവാദി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പഠനക്ലാസ്സുകളും ക്യാമ്പുകളും നടക്കുമ്പോള്‍ ശരിയായ റഫറന്‍സ് ഗ്രന്ഥങ്ങള്‍ കിട്ടാന്‍ അധ്യാപകര്‍ വിഷമിക്കാറുണ്ട്. ഇതിനൊക്കെ പുറമെ യുക്തിവാദത്തെക്കുറിച്ചു സമഗ്രമായി മനസ്സിലാക്കുന്നതിന് സഹായിക്കുന്ന ഒരു പാഠപുസ്തകം, അടിസ്ഥാന ഗ്രന്ഥം എന്ന നിലയില്‍ ലഭ്യവുമല്ല. യുക്തിദര്‍ശനം എന്ന ഈ പുസ്തകം ഈ കുറവ് ഒരുപരിധിവരെ നികത്താന്‍ പോന്നതാണ്.''(15)

പുറംചട്ടയിലും മുഖവുരയിലും ഇങ്ങനെ പരിചയപ്പെടുത്തിയ 866 പേജുകളുള്ള ബൃഹദ്ഗ്രന്ഥത്തില്‍ എന്തിനാണ് ഈ 'യുക്തിവാദം' എന്ന് വ്യക്തമാക്കുന്നില്ല. എന്തിനാണ് യുക്തിവാദമെന്ന് ഒരു ശീര്‍ഷകം ഉണ്ട്. അതില്‍ എന്താണ് പറഞ്ഞതെന്ന് അതെഴുതിയ ആള്‍ക്ക് പോലും മനസ്സിലായിക്കാണും എന്ന് തോന്നുന്നില്ല. ആ തലക്കെട്ടും ലേഖനവും പൂര്‍ണമായി പകര്‍ത്തുന്നു. ഒട്ടും കൂട്ടാതെ കുറക്കാതെ.

'എന്തിനാണ് യുക്തിവാദം?'

തത്ത്വശാസ്ത്രത്തിന്റെ ചരിത്രം യുക്തിവാദത്തിന്റെ ചരിത്രവുമാണ്. ഗ്രീസിലെ ഡമോക്രിറ്റസ്, അരിസ്റ്റോട്ടില്‍, സോക്രട്ടീസ് മുതല്‍ ഇന്ത്യയിലെ ചാര്‍വാകന്‍, കണാദന്‍, കപിലന്‍, ബുദ്ധന്‍ മുതലായവരുടെ ദര്‍ശനങ്ങള്‍ യുക്തിവാദവുമായി ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ബന്ധപ്പെട്ടതാണ്. ഫ്യൂഡലിസത്തിന്റെ പിന്നീട് മുതലാളിത്തത്തെയും ഇങ്ങനെ സാമ്രാജ്യത്വത്തെയും നിലനിര്‍ത്തിയ ആശയവാദ അടിത്തറക്കെതിരെയാണ് യുക്തിവാദത്തിന്റെ കാഴ്ചപ്പാടുകള്‍ വികസിച്ചത്. മധ്യകാലഘട്ടത്തിലെ നവോത്ഥാനം യുക്തിവാദത്തില്‍ അധിഷ്ഠിതമായിരുന്നു. ആസ്തികത്വം നാസ്തികത്വവും തദ്വാരായുക്തിവാദവും ആരംഭിച്ചു.''(16)

ഇത് ഒരു ശീര്‍ഷകം ആണ്. അപ്പുറത്ത് 'സമരോത്സുക യുക്തിവാദം' എന്ന തലക്കെട്ട്. ഇതിനപ്പുറത്ത് 'മതത്തിനെതിരായ സമരം' എന്ന തലവാചകവും. തലക്കെട്ട് യുക്തിവാദം എങ്ങനെ ആരംഭിച്ചു എന്നായിരുന്നുവെങ്കില്‍ മനസ്സിലാക്കാം. 866 പേജ്, പാഠപുസ്തകമാണ്, അടിസ്ഥാന ഗ്രന്ഥമാണ് എന്നെല്ലാം മഹത്ത്വപ്പെടുത്തി അച്ചടിച്ചുവന്നിട്ട് അതില്‍ യുക്തിവാദം എന്താണെന്നോ എന്തിനാണെന്നോ വിവരിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ പിന്നെ എന്താണ്, എന്തിനാണ് യുക്തിവാദം? സ്വന്തമായി എന്തെങ്കിലും ആദര്‍ശം ഉണ്ടെങ്കില്‍ അത് ആരുടെ മുമ്പിലും പറയാന്‍ നട്ടെല്ലും തന്റേടവും ഉണ്ടാകും. അതില്ലാത്തതുകൊണ്ട് എന്തെങ്കിലും പിച്ചും പേയും പറയുകയല്ലാതെ മാര്‍ഗമില്ല. എന്നാല്‍ മുമ്പും ശേഷവുമുള്ള ശീര്‍ഷകങ്ങള്‍ യുക്തിവാദം എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. 1. 'സമരോത്സുക യുക്തിവാദം.' കണ്ടതിനു കണ്ടവരോടൊക്കെ കലഹിച്ചു പോരടിക്കുക. 2. 'മതത്തിനെതിരായ സമരം.' മതത്തിനെതിരെ അക്രമം അഴിച്ചുവിടുക. ഇതാണ് യുക്തിവാദത്തിന്റെ ലക്ഷ്യം.

റഫറന്‍സ്:

10. യുക്തിദര്‍ശനം പേജ് 767.

11. https://ml.wikipedia.org/wiki/റോബര്‍ട്ട് ബഗ്രീന്‍ ഇംഗര്‍സോള്‍.

12. യുക്തിദര്‍ശനം, പേജ് 768.

13. യുക്തിര്‍ശനം, പേജ് 769.

14. യുക്തിദര്‍ശനം, പേജ് 768-785.

15. യുക്തിദര്‍ശനം, പേജ് 5. (മുഖവുര), പുറംചട്ട.

16. യുക്തിദര്‍ശനം, പേജ് 742.