പ്രവാചകനിന്ദ: വിവേകമുള്ള മുസ്‌ലിംകള്‍ ചെയ്യേണ്ടത്

അബ്ദുല്‍ മാലിക് സലഫി

2020 ആഗസ്ത് 22 1442 മുഹര്‍റം 03

പ്രവാചകനിന്ദകരുടെ അജണ്ടകള്‍ പലതാണ്. അത് നൂറ്റാണ്ടുകളായി നടന്നുവരുന്നുമുണ്ട്. തികഞ്ഞ അജ്ഞതയോ അല്ലെങ്കില്‍ അന്ധമായ വിദ്വേഷമോ ആണ് പ്രവാചക നിന്ദയുടെ മൂലകാരണം. പ്രവാചക നിന്ദയുടെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുകള്‍ കത്തിയിട്ടുണ്ട്. നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. കേരളത്തിലും പ്രവാചകനിന്ദ പലതരത്തില്‍ അരങ്ങേറിയിട്ടുണ്ട്.

ബംഗളൂരുവില്‍ പ്രവാചകനെ ﷺ  ആക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേരാണ് മരണപ്പെട്ടത്. അതിന്റെ പേരില്‍ 150 ഓളം പേര്‍ അറസ്റ്റിലാവുകയും ചെയ്തു. നവീന്‍ എന്ന വ്യക്തിയാണ് ഈ നീചകൃത്യം നടത്തിയത്. അയാളെയും പോലീസ് പിടിച്ചിട്ടുണ്ട്. ഈയൊരു പോസ്റ്റിന്റെ പേരില്‍ പിന്നീട് നഗരത്തില്‍ നടന്നത് അക്ഷരാര്‍ഥത്തില്‍ നായാട്ട് തന്നെയായിരുന്നു. ലക്ഷക്കണക്കിന് രൂപ വിലവരുന്ന വസ്തുക്കള്‍ നശിപ്പിക്കപ്പെട്ടു. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കപ്പെട്ടു.

മനുസ്മൃതിയുടെ ഇരുണ്ട ലോകത്തേക്ക് ഇന്ത്യയെ തിരിച്ചുനടത്താന്‍ റിവേഴ്‌സ് ഗിയറില്‍ ഇന്ത്യയെ ഓട്ടിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ക്ക് കുളംകലക്കാന്‍ നല്ല അവസരമായി. ലോകത്ത് നൂറ്റാണ്ടുകളായി കോടിക്കണക്കിന് മനുഷ്യര്‍ സ്വശരീരത്തെക്കാള്‍ സ്‌നേഹിക്കുന്ന പ്രവാചകനെ ഭത്സിക്കുക എന്നത് വിശ്വാസികളുടെ മനസ്സിനെ വേദനിപ്പിക്കുന്ന കാര്യമാണ് എന്നതില്‍ സംശയമില്ല. അത് അവരുടെ വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷപ്പുക പ്രസരിപ്പിക്കുന്ന ഇത്തരം വിഷമനസ്സുള്ളവരെ ശിക്ഷിക്കാന്‍ ഇന്ത്യയില്‍ നിലവില്‍ നിയമങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ തെറ്റുചെയ്തവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം.

അതേസമയം, ഈയൊരു പോസ്റ്റിന്റെ പേരില്‍ നടന്ന നായാട്ട് എന്തര്‍ഥത്തിലാണ് ന്യായീകരിക്കപ്പെടുക? ഏതെങ്കിലും ഒരു വികൃത മനസ്സില്‍നിന്ന് പൊട്ടിയൊലിച്ച ചലത്തിന്റെ പേരില്‍ വെകിളിപിടിച്ച് അക്രമാസക്തരായി നിരപരാധികളുടെ സ്വത്തുകള്‍ നശിപ്പിക്കുന്നത് പ്രവാചക സ്‌നേഹം കൊണ്ടാണോ? വിചാരത്തിന്റെ വഴികള്‍ വിട്ട് അവിവേകത്തിന്റെ അവസ്ഥയിലേക്കെത്തുന്നതുകൊണ്ട് ആര്‍ക്കാണ് ഗുണമുണ്ടാവുക? അതിനിടെ സംഗതി സാമുദായിക സംഘര്‍ഷമാവാതിരിക്കാന്‍ സമീപത്തെ ക്ഷേത്രത്തിന് രാത്രി കാവല്‍നിന്ന യുവാക്കളുടെ കരുതല്‍ ഏറെ ശ്രദ്ധ നേടി.

 പ്രവാചകനെ ﷺ  സംരക്ഷിക്കാന്‍ അക്രമത്തിന്റെ വഴികള്‍ സ്വീകരിക്കലും ഒരര്‍ഥത്തില്‍ പ്രവാച നിന്ദ തന്നെയാണ്. ലോകത്തിന് കാരുണ്യമായ തിരുദൂതരുടെ ജീവിതത്തിന്റെ ഏടുകള്‍ മറിച്ച് പഠിക്കേണ്ടത് പ്രവാചകനിന്ദകരെപ്പോലെ ഈ വെകിളിപിടിക്കുന്നവരുടെയും ബാധ്യതയാണ്. തത്ത്വത്തില്‍ രണ്ടു കൂട്ടരും നിന്ദ നടത്തുകയല്ലേ ചെയ്തത്? അവിടെ പൊലിഞ്ഞ മൂന്ന് ജീവനുകള്‍ക്ക് ആര് ഉത്തരം പറയും?

നിന്ദകര്‍ ഒരുപക്ഷേ, ഇന്നല്ലെങ്കില്‍ നാളെ ആ പ്രവാചകന്റെ അനുയായികളായി മാറിയേക്കും. ചരിത്രത്തില്‍ എത്രയോ തെളിവുകളുണ്ടതിന്. ഡെന്മാര്‍ക്കിലെ കാര്‍ട്ടൂണിസ്റ്റിന്റെ അവസ്ഥ വര്‍ത്തമാന സംഭവം മാത്രം. മൂന്ന് കുടുംബത്തെ അനാഥമാക്കിയതിന്റെയും നൂറുകണക്കിന് നിരപരാധികള്‍  ഇതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട് നരകിക്കാന്‍ പോകുന്നതിന്റെയും ഉത്തരവാദിത്തം  പ്രവാചക സ്‌നേഹത്തിന്റെ ഏത് പേജിലാണ് എഴുതിച്ചേര്‍ക്കുക?

വിമര്‍ശകരോട് സ്‌നേഹത്തോടെ സംവദിക്കാനുള്ള മനസ്സാണ് കാര്യങ്ങളെ വികാരത്തോടെ സമീപിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ടത്. പ്രവാചകനെ ﷺ  പഠിക്കാന്‍ ശ്രമിക്കുന്ന വക്രതയില്ലാത്ത എല്ലാ മനസ്സുകളും അദ്ദേഹത്തെ സ്വീകരിക്കും; അല്ലാഹു ഉദ്ദേശിച്ചാല്‍. അത്രയും കാരുണ്യമാണ് സ്വജീവിതത്തില്‍ അദ്ദേഹം കാണിച്ചിട്ടുള്ളത്.

പ്രവാചകന്റെ അടിവയറ്റില്‍ കുത്തിയിറക്കാന്‍ വിഷംപുരട്ടിയ കഠാരയുമായി മക്കയില്‍നിന്ന് മദീനയിലെത്തിയ ഉമൈര്‍ എന്ന വ്യക്തിയെ, തന്നെ വധിക്കാന്‍ വന്നതാണ് എന്ന് ബോധനം ലഭിച്ചിട്ടും സ്‌നേഹത്തോടെ അരികില്‍ വിളിച്ച് നെഞ്ചില്‍ തടവിയ പ്രവാചകനെ ﷺ  ലോകം കണ്ടിട്ടുണ്ട്.

 തന്നെ നാട്ടില്‍നിന്ന് പുറത്താക്കിയ മക്കക്കാര്‍ പട്ടിണിയിലാണെന്നറിഞ്ഞപ്പോള്‍, അവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഏര്‍പ്പാടു ചെയ്ത നേതാവിനെ നാം ലോകത്തിന് കാണിച്ചു കൊടുക്കണ്ടേ?

ദിനേനയെന്നോണം പ്രവാചകനിന്ദ നടത്തിയിരുന്ന അബൂഹുറയ്‌റ(റ)യുടെ മാതാവിനു വേണ്ടി പ്രാര്‍ഥിച്ച തിരുദൂതരുടെ മാര്‍ഗം നമുക്ക് വിസ്മരിക്കാനാവുമോ?

 യുദ്ധവേളയില്‍ പോലും ഖൈബറിലെ ഒരു ജൂതസ്ത്രീ നല്‍കിയ ഭക്ഷണം സ്വീകരിച്ച നബിമാതൃക ലോകം വായിച്ചത് അത്യത്ഭുതത്തോടെയല്ലേ?

ശത്രുവായ ജൂതന്റെ മകന്‍ രോഗിയാണെന്നറിഞ്ഞപ്പോള്‍ അവരെ സന്ദര്‍ശിക്കാന്‍ പ്രവാചകന്‍ ﷺ  പോയത് എന്താണ് നമുക്ക് നല്‍കുന്ന സന്ദേശം?

ബഹുദൈവവിശ്വാസിയായ മാതാവ് തന്നെ കാണാന്‍ മദീനയിലെത്തുന്നു എന്നറിഞ്ഞ അസ്മാ(റ) യോട് നിന്റെ മാതാവിനെ മാന്യമായി സ്വീകരിക്കുക എന്നു പഠിപ്പിച്ച തിരുമേനിയുടെ ചര്യ ആരാണ് അനുഷ്ഠിക്കേണ്ടത്?

തന്നെ വധിക്കാന്‍വരെ പദ്ധതിയിട്ട ശത്രുക്കള്‍ ഒന്നടങ്കം മക്കാവിജയസമയത്ത് തന്റെ മുന്നിലെത്തിയിട്ടും അവരോട് പ്രതികാരം തീര്‍ക്കാത്ത പ്രവാചകന്റെ അനുയായികള്‍ക്ക് എങ്ങനെയാണ് പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ വിവേചനബുദ്ധി നഷ്ടപ്പെട്ട് തെരുവിലിറങ്ങി പന്തങ്ങള്‍ക്ക് തിരികൊളുത്താനാവുക?

പ്രവാചകനെ ഏറെ ഭത്സിച്ചിരുന്ന ദൗസ് ഗോത്രക്കാര്‍ക്കെതിരെ പ്രാര്‍ഥിക്കണമെന്ന് അനുയായികള്‍ വന്ന് പറഞ്ഞപ്പോള്‍, വാനലോകത്തേക്ക് വദനം തിരിച്ച് സന്മാര്‍ഗത്തിന്റെ വെളിച്ചം അവര്‍ക്കു നല്‍കണേ എന്നു പ്രാര്‍ഥിച്ച നേതാവല്ലേ മുഹമ്മദ് നബി ﷺ ?

ത്വാഇഫില്‍നിന്ന് തന്നെ കല്ലെറിഞ്ഞോടിച്ചവര്‍ക്കുവേണ്ടി നന്മ ആഗ്രഹിച്ച ആ തിരുദൂതരുടെ പാത കാരുണ്യത്തിന്റെതു മാത്രമാണ്.

മുകളില്‍ കുറിച്ച കാര്യങ്ങള്‍ പ്രവാചക ജീവിതത്തിലെ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഗരത്തിലെ ചില തുള്ളികള്‍ മാത്രമാണ്.

ഈ പ്രവാചകനെ പഠിച്ചറിഞ്ഞ ഒരാളും അദ്ദേഹത്തെ നിന്ദിക്കില്ല. അതിനാല്‍ നിന്ദകര്‍ക്കും പ്രവാചകനെ പഠിപ്പിക്കലാവണം നമ്മുടെ അജണ്ട. വൈകാരികതയുടെ പ്രത്യാഘാതങ്ങള്‍ പ്രവചിക്കാനാവാത്തതാണ്. രമ്യതയാണ് പ്രവാചക വിപ്ലവത്തിന്റെ വിജയ രഹസ്യം.

'നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞുപോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുക'' (ക്വുര്‍ആന്‍ 3:159).

''നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവുംനല്ലത് ഏതോ അതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല'' (ക്വുര്‍ആന്‍ 41:34,35).

ക്വുര്‍ആന്‍ സൂക്തങ്ങളും പ്രവാചക ചര്യയുമാണ് നമ്മുടെ നിലപാടുകള്‍ നിര്‍ണയിക്കേണ്ടത്. ഫാഷിസ്റ്റുകളുടെ ഒളിയജണ്ടകള്‍ നടപ്പിലാക്കാനുള്ള വഴിയൊരുക്കാന്‍ വിവേകമുള്ള മുസ്‌ലിംകള്‍ക്ക് എങ്ങനെയാണ് സാധിക്കുക?