പ്രവാചകനിന്ദ: അന്നും ഇന്നും

ഡോ.സബീല്‍ പട്ടാമ്പി

2020 നവംബര്‍ 07 1442 റബിഉല്‍ അവ്വല്‍ 20

അഭിപ്രായങ്ങളും വീക്ഷണങ്ങളും എഴുത്തിലൂടെയോ സംസാരത്തിലൂടെയോ കലാസൃഷ്ടികളിലൂടെയോ പ്രകടിപ്പിക്കാന്‍ ഒരു രാജ്യത്തിന്റെ ഭരണഘടന ആ രാജ്യത്തെ ഓരോ പൗരനും നല്‍കുന്ന സ്വാതന്ത്ര്യത്തെ അല്ലെങ്കില്‍ അവകാശത്തെയാണ് 'അഭിപ്രായ സ്വാതന്ത്ര്യം' അല്ലെങ്കില്‍ 'ആവിഷ്‌കാര സ്വാതന്ത്ര്യം' എന്ന് പറയുന്നത്. എന്നാല്‍ മറ്റുള്ളവരുടെ അവകാശങ്ങളെയോ അഭിമാനത്തെയോ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍, ലേഖനങ്ങള്‍, കലാസൃഷ്ടികള്‍ എന്നിവയെ ആവിഷ്‌കാരസ്വാതന്ത്ര്യം എന്നു വിളിക്കാന്‍ കഴിയില്ല. അതിനു ഭാഷയില്‍ പറയാറുള്ള വാക്കുകള്‍ 'അപരനിന്ദ.' 'വ്യക്തിഹത്യ' എന്നൊക്കെയാണ്.

എന്നാല്‍ 'ആവിഷ്‌കാരസ്വാതന്ത്ര്യം' എന്ന വാക്കിന് ഇന്ന് ചിലര്‍ ഒരു പുതിയ അര്‍ഥം 'ആവിഷ്‌കരിച്ചുവോ' എന്ന് തോന്നിപ്പോകുന്നു! പറഞ്ഞുവരുന്നത് ഫ്രാന്‍സിനെ പറ്റിയാണ്. മുസ്‌ലിംകള്‍ ആദരിക്കുകയും പിന്‍പറ്റുകയും ചെയ്യുന്ന അവരുടെ പ്രവാചകനെ ഒരു രാജ്യത്തിന്റെ ഭരണകൂടം ആവിഷ്‌കാരസ്വാതന്ത്ര്യമെന്ന പേരില്‍ അപമാനിച്ചിരിക്കുകയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി ക്ലാസ്സെടുക്കുകയായിരുന്ന ഒരു അധ്യാപകന്‍ അതിന് ഉദാഹരണം കാണിച്ചത് മുഹമ്മദ് നബി ﷺ യെ അപമാനിക്കുന്ന രീതിയിലുള്ള കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചായിരുന്നു. അതിന്റെ പേരില്‍ ആ അധ്യാപകന്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഈ കൊലപാതകത്തെ ലോക മുസ്‌ലിംകള്‍ ഒന്നടങ്കം അപലപിച്ചതാണ്. അത് ന്യായീകരിക്കാന്‍ പറ്റാത്ത അക്രമമാണ്. എന്നാല്‍ അതിന്റെ പേരില്‍ രാജ്യത്തിന്റെ ക്രമസമാധാനവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എരിതീയില്‍ എണ്ണയൊഴിക്കുകയാണു ചെയ്തത്. കൊലപാതകം ചെയ്തവരെ ശിക്ഷിക്കുക എന്നതിനപ്പുറം ഇസ്‌ലാമിനെയും മുഹമ്മദ് നബി ﷺ യെയും ഒന്നടങ്കം 'അപമാനിക്കുക' എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

പ്രവാചകനിന്ദ നടത്തിയതിന്റെ പേരില്‍ കൊല്ലപെട്ട അധ്യാപകനു രാജ്യത്തെ പരമോന്നത ബഹുമതി മരണാനന്തരം നല്‍കി ആദരിച്ചു! രാജ്യം ഒന്നടങ്കം മാതൃകയാക്കേണ്ട, പരമോന്നത ബഹുമതി അര്‍ഹിക്കുന്ന ഒരു പ്രവൃത്തിയാണ് 'പ്രവാചകനിന്ദ' എന്നാണ് ഈ പ്രവൃത്തിയിലൂടെ പ്രസിഡന്റ് മാക്രോണ്‍ ഫ്രഞ്ച് ജനതയോട് പറയാതെ പറഞ്ഞത്. മാത്രവുമല്ല, അതേ കാര്‍ട്ടൂണ്‍ ഗവണ്‍മെന്റ് തന്നെ നേരിട്ട് ഗവണ്‍മെന്റിന്റെ കീഴിലുള്ള പൊതുസ്ഥലങ്ങളിലുള്ള കെട്ടിടങ്ങളില്‍ പരസ്യപ്പെടുത്തുകയും 'പ്രവാചകനിന്ദ' നടത്താന്‍ ജനങ്ങള്‍ക്ക് അവകാശം നല്‍കുകകൂടി ചെയ്തിരിക്കുന്നു!

ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഫ്രാന്‍സ്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന പ്രവൃത്തി ഫ്രാന്‍സില്‍ സംഭവിക്കുന്നത് ആദ്യമായിട്ടല്ല. പ്രവാചകന്റെ തന്നെ കാര്‍ട്ടൂണ്‍ ഫ്രാന്‍സിലെ 'ഷാര്‍ലേ ഹെബ്ദോ' മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട സന്ദര്‍ഭത്തില്‍ പ്രതിഷേധമുണ്ടായപ്പോള്‍ ഗവണ്‍മെന്റും പോലീസും കാര്‍ട്ടൂണ്‍ വരച്ചവരെ പിന്തുണക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. 2013ല്‍ ഇതേ മാസിക വീണ്ടും പ്രവാചകനെ നിന്ദിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. 2015ല്‍ ഫ്രാന്‍സില്‍ മുസ്‌ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവും ഫ്രഞ്ച് ഗവണ്‍മെന്റില്‍നിന്ന് വന്നിരുന്നു.

കൊല്ലപ്പെട്ട അധ്യാപകന്‍ ചെയ്തത് ആവിഷ്‌കാര (അഭിപ്രായ) സ്വാതന്ത്ര്യമാണെന്നും അല്ലാതെ പ്രവാചക നിന്ദയല്ലെന്നുമാണു പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഭാഷ്യം. എന്നാല്‍ ഇതേ പ്രസിഡന്റിന്റെ ഭാര്യയെക്കുറിച്ച് ഇക്കഴിഞ്ഞ ആഗസ്റ്റ് 27ന് ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോണ്‍സലാരോ ഒരു മോശം പരാമര്‍ശം നടത്തിയപ്പോള്‍ അതില്‍ രോഷംപൂണ്ട് ബ്രസീലിയന്‍ പ്രസിഡന്റിനു ശക്തമായ മറുപടി നല്‍കിയ വ്യക്തിയാണ് ഈ ഫ്രഞ്ച് പ്രസിഡന്റ് എന്നോര്‍ക്കണം! എന്തുകൊണ്ട് തന്റെ ഭാര്യയെ അപമാനിച്ചപ്പോള്‍ അതിനെ തന്റെ ഭാര്യയെ അപമാനിക്കാനുള്ള ബ്രസീലിയന്‍ പ്രസിഡന്റിന്റെ 'ആവിഷ്‌കാര സ്വാതന്ത്ര്യ'മായി കരുതി മിസ്റ്റര്‍ മാക്രോണ്‍ മൗനം പാലിച്ചില്ല? അദ്ദേഹം ആത്മരോഷംകൊണ്ടത് എന്തിനായിരുന്നു? സ്വന്തം ഭാര്യയെ അപമാനിച്ചതില്‍ അദ്ദേഹത്തിന് ഇത്രമേല്‍ വേദനയുണ്ടായെങ്കില്‍, തങ്ങളുടെ ഭാര്യമാരെക്കാളും മക്കളെക്കാളും സമ്പത്തിനെക്കാളും എന്തിനേറെ സ്വന്തം ശരീരത്തെക്കാളും സ്‌നേഹിക്കുന്ന പ്രവാചകനെ അപമാനിക്കുകവഴി ഒരു ജനതയുടെ വികാരത്തെ വ്രണപ്പെടുത്താന്‍ അദ്ദേഹം എന്തിനു തുനിയുന്നു?

ഈ പ്രവാചകനിന്ദാസംഭവത്തെ അപലപിച്ചു സംസാരിക്കവെ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ 'മാനസിക തകാരാറുണ്ടോ എന്ന് സ്വയം പരിശോധിക്കട്ടെ' എന്ന് പറയുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് ഫ്രഞ്ച് ഗവണ്‍മന്റ് ഉര്‍ദുഗാന്റെ പരാമര്‍ശത്തിനോടുള്ള രോഷം രേഖപ്പെടിത്തിയത് നാം കണ്ടു. എന്തുകൊണ്ടാണ് മാക്രോണ്‍ ഉര്‍ദുഗാന്റെ പരാമര്‍ശത്തെ ഉര്‍ദുഗാന്റെ 'അഭിപ്രായ സ്വാതന്ത്ര്യ'മായി കരുതി മൗനം പാലിച്ചില്ല? മാക്രോണിനും കുടുംബത്തിനും നേരെയുള്ള പരാമര്‍ശങ്ങളെല്ലാം 'അപരനിന്ദ'യും 'വ്യക്തിഹത്യ'യും; എന്നാല്‍ അത് പ്രവാചകനു നേരെയാണെങ്കില്‍ അഭിപ്രായ സ്വാതന്ത്ര്യവുമാകുന്നതെങ്ങനെ?

പ്രവാചകനിന്ദയുടെ കാരണങ്ങള്‍

എന്തുകൊണ്ട് പ്രവാചകനിന്ദ യൂറോപ്യന്‍ രാജ്യങ്ങളില്‍ അടിക്കടി ആവര്‍ത്തിക്കുന്നു? ഇതിനുള്ള കാരണങ്ങള്‍ പലതാകാം:

(1) ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ആദര്‍ശത്തെയും ജീവിതരീതിയെയും സൈദ്ധാന്തികമായി പിടിച്ചു കെട്ടാനാകില്ലെന്ന തിരിച്ചറിവാണ് ഒന്നാമത്തെ കാര്യം. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ന് അതിവേഗം വളരുന്ന മതമാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ വളര്‍ച്ചയെ തടയാന്‍ സാധിക്കില്ലെന്ന ബോധ്യത്തില്‍നിന്നും അത് രാജ്യത്ത് വ്യാപിക്കുന്നതിലുള്ള അസ്വസ്ഥതയില്‍നിന്നും അപകര്‍ഷതയില്‍നിന്നും ഉണ്ടാകുന്ന പ്രതികരണമാണു പ്രവാചകനിന്ദ, ഹിജാബ് നിരോധനം, കുപ്രചാരണം, വിദ്വേഷ പ്രചാരണം എന്നിവ.

(2) മുസ്‌ലിംകളെ പ്രകോപിപ്പിക്കല്‍: ഇത്തരണം കാര്‍ട്ടൂണുകള്‍വഴി മുസ്‌ലിംകളെ പ്രകോപിപ്പിക്കുകയും അവരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രതികരണം ഇളക്കിവിടുകയും ചെയ്യുക എന്ന ഗൂഢപദ്ധതിയാണിത്. മുസ്‌ലിംകളില്‍നിന്ന് വൈകാരികമായ എന്തെങ്കിലും പ്രതികരണം (ഉദാ: ആക്രമണം, കൊലപാതകം) ഉണ്ടായാല്‍ അത് 'ഇസ്‌ലാം ഭീകരത'ക്കുള്ള പുതിയ തെളിവായി മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്യും.

(3) രാഷ്ട്രീയപരം: ഫ്രാന്‍സില്‍ ഇസ്‌ലാംവിരുദ്ധത അജണ്ടയായി കൊണ്ടുനടക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളുമുണ്ട്. ഫ്രാന്‍സിലെ മുസ്‌ലിം ജനസംഖ്യ കേവലം 9 ശതമാനം മാത്രമാണ്. അഥവാ മുസ്‌ലിംകള്‍ ഒരു പ്രധാന വോട്ടുബാങ്കല്ല എന്നര്‍ഥം. എന്നാല്‍ മുസ്‌ലിംവിരുദ്ധ ചിന്തയുള്ള ഭൂരിപക്ഷം വരുന്ന ഫ്രഞ്ച് ജനത പ്രധാന വോട്ടുബാങ്കാണു താനും. അതിനാല്‍ മുസ്‌ലിം ന്യൂനപക്ഷത്തെ പീഡിപ്പിച്ചു ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുന്നതിനു വേണ്ടിയുള്ള അജണ്ടകൂടിയാകാം ഇത്.

പ്രവാചകനിന്ദകരുടെ പര്യവസാനം

പ്രവാചകനെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്ന രീതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിനു പ്രവാചകന്റെ ചരിത്രത്തോളം പഴക്കമുണ്ട്. പ്രവാചകന്‍ ﷺ  അവിടുത്തെ പ്രബോധന ദൗത്യം തുടങ്ങിയതിന്റെ ഒന്നാം തീയതി മുതല്‍ അദ്ദേഹത്തിനു ശത്രുക്കളില്‍നിന്നുള്ള അപമാനവും പരിഹാസവും നിന്ദ്യതയും നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പ്രവാചകരെ വേദനിപ്പിച്ചവരെല്ലാം സ്വയം അപമാനിതരും നിന്ദ്യരുമായതാണ് ചരിത്രം. നബിനിന്ദകരില്‍നിന്ന് നബി ﷺ യെ സംരക്ഷിക്കുന്നതിന്റെ ബാധ്യത അല്ലാഹു സ്വയം ഏറ്റെടുത്തിരിക്കുന്നുവെന്ന് കുര്‍ആന്‍ പറയുന്നത് കാണുക:

'പരിഹാസക്കാരില്‍നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു'' (കുര്‍ആന്‍ 15:95).

ഈ സൂക്തം അവതരിച്ചത് അന്നത്തെ ചില 'നബിനിന്ദകരുടെ' 'നബിനിന്ദ'യുടെ പശ്ചാത്തലത്തിലായിരുന്നു എന്ന് കാണാം. ആദരണീയനായ അമാനി മൗലവി(റഹി) ഇതിന്റെ വിശദീകരണത്തില്‍ എഴുതുന്നു:

 ''നബി ﷺ യെയും ക്വുര്‍ആനെയും കുറിച്ചു പരിഹാസം പതിവാക്കിയ പലരും മുശ്‌രിക്കുകളില്‍ ഉണ്ടായിരുന്നു. അവരില്‍ പലരുടെയും പേരുകളും അവരുടെ ചെയ്തികളും ചരിത്ര ഗ്രന്ഥങ്ങളില്‍നിന്നും മറ്റുമായി പൊതുവെ അറിയപ്പെട്ടതുമാകുന്നു. വലീദുബ്‌നു മുഗീറ, ആസ്വിബ്‌നുവാഇല്‍, അസ്‌വദുബ്‌നു അബ്ദിയഗൂഥ്, അസ്‌വദുബ്‌നു അബ്ദില്‍ മുത്ത്വലിബ്, ഹര്‍ഥുബ്‌നു ത്വലാത്വില മുതലായവര്‍ അവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരായിരുന്നു. ഇവരുടെയെല്ലാം അവസാനമുണ്ടായതു കേവലം സാധാരണങ്ങളല്ലാത്ത ചില കാരണങ്ങളെ തുടര്‍ന്നുണ്ടായ ദുര്‍മരണങ്ങളായിരുന്നുവെന്നതു പ്രസ്താവ്യമാണ്. നടന്നുപോകുമ്പോള്‍ ഒരു അമ്പിന്‍മുന കാലില്‍തട്ടുക, കാലില്‍ മുള്ളുകുത്തുക, മൂക്കിലൂടെ ചലംവരുക, കണ്ണില്‍ കരടുവീണു കാഴ്ച നശിക്കുക, മലം ചര്‍ദിക്കുക മുതലായ ഓരോ കാരണങ്ങളായിരുന്നു അവരുടെ മരണങ്ങള്‍ക്ക് ഇടയാക്കിയതെന്നു പല രിവായത്തുകളിലും കാണാവുന്നതാകുന്നു...'' (കുര്‍ആന്‍ വിവരണം, അമാനി മൗലവി, സൂറതുല്‍ ഹിജ്ര്‍ 95 ന്റെ വിശദീകരണം കാണുക).

പ്രവാചകനിന്ദ നടത്തിയ മറ്റൊരു വ്യക്തിയായിരുന്ന അബുലഹബ് അല്ലാഹുവിന്റെ ശാപത്തിനിരയായി മോശം മരണം വരിച്ചതായി കുര്‍ആനിലെ 111ാം അധ്യായമായ 'അല്‍മസദി'ന്റെ വിശദീകരണത്തില്‍ കാണാം. ഈ അധ്യായത്തിന്റെ വിശദീകരണത്തില്‍ അമാനി മൗലവി (റഹി) എഴുതുന്നത് കാണുക:

''...ഈ ശാപം ഇഹത്തില്‍വെച്ചു മരണത്തിനു മുമ്പുതന്നെ അവന്‍ അനുഭവിക്കുകയും ചെയ്തു. അവന്റെ ഉദ്ദേശമൊന്നും ഫലിച്ചതുമില്ല. അവന്റെ മകന്‍ ഉത്ബത്ത് ശാമിലേക്കുള്ള യാത്രയില്‍ സിംഹത്തിനു ഇരയായി. അവനു (അദസത്ത്) എന്നു പറയപ്പെടുന്ന (പ്രമേഹക്കുരുപോലെയോ വസൂരിപോലെയോ ഉള്ള) ഒരു രോഗം പിടിപെട്ടു. ദുര്‍ഗന്ധം നിമിത്തം ജനങ്ങള്‍ അടുക്കാതായി. ശവസംസ്‌കാരത്തിനുപോലും ആളെകിട്ടാതെ കൂലിക്കാരാണത് എങ്ങനെയോ എടുത്ത് മറച്ചത്...'' (കുര്‍ആന്‍ വിവരണം, അമാനി മൗലവി, വോള്യം 4).

ഇത് ചില ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഹദീഥുകളില്‍ ഇതിനു സമാനമായ വേറെയും സംഭവങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകനിന്ദകര്‍ക്ക് ഇഹലോകത്ത് മാത്രമല്ല, പരലോകത്തും അപമാനം നേരിടേണ്ടി വരുമെന്ന് അല്ലാഹു ക്വുര്‍ആനിലൂടെ താക്കീത് ചെയ്യുന്നുണ്ട്:

''അല്ലാഹുവെയും അവന്റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടി അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്'' (കുര്‍ആന്‍ 33:57).

ഇസ്‌ലാം; യൂറോപിന്റെ പുതിയ മതം

പ്രസിഡന്റ് മാക്രോണ്‍ 'പ്രവാചക നിന്ദ' സംഭവത്തോടനുബന്ധിച്ച് കഴിഞ്ഞ മാസം നടത്തിയ ഒരു പ്രസ്താവന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 'ഇസ്‌ലാം ലോകാടിസ്ഥാനത്തില്‍ പ്രതിസന്ധി നേരിടുന്ന ഒരു മതമാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്. മുസ്‌ലിംകള്‍ ലോകത്തിന്റെ പല കോണുകളില്‍ അസ്തിത്വപ്രതിസന്ധി നേരിടുന്നുവെന്നത് ശരിതന്നെ, എന്നാല്‍ 'ഇസ്‌ലാം മതം' അസ്തിത്വ പ്രതിസന്ധിയിലാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം തെറ്റാണ്.

ഒന്നുകില്‍ ഇസ്‌ലാമിന്റെ യൂറോപിലെ വളര്‍ച്ചയുടെ കണക്കുകളെപ്പറ്റിയുള്ള അറിവില്ലായ്മ കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അല്ലെങ്കില്‍ കണക്കുകള്‍ ജനങ്ങളില്‍നിന്ന് മറച്ചുവെക്കാനുള്ള ശ്രമമായിരിക്കാം. ഏതായാലും അദ്ദേഹത്തിന്റെ ഈ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. ഫ്രാന്‍സടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് അവിടങ്ങളില്‍ ഇന്ന് ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മതമാണ് ഇസ്‌ലാം എന്നാണ്. ഇന്നത്തെ വളര്‍ച്ചാനിരക്കുവെച്ച് കണക്ക് കൂട്ടുകയാണെങ്കില്‍ 2070 ആകുമ്പോഴേക്കും ക്രിസ്തുമതത്തെ മുന്‍കടന്ന് ലോകാടിസ്ഥാനത്തില്‍ തന്നെ ഒന്നാമത്തെ മതമായി ഇസ്‌ലാം മാറുമെന്നാണു വിദഗ്ധ വീക്ഷണം. (Source: Pew research cetnre report on growth of religions).

ഇക്കാര്യം ഇസ്‌ലാമിനെയും മുഹമ്മദ് നബി ﷺ യെയും കുറിച്ച് വസ്തുനിഷ്ഠമായി പഠിച്ചവരെല്ലാം തുറന്നുസമ്മതിച്ച കാര്യമാണ്. വിഖ്യാതനായ ബ്രിട്ടീഷ് സാഹിത്യകാരന്‍ ജോര്‍ജ് ബര്‍ണാഡ് ഷാ (1925ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ വ്യക്തി) 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയത് കാണുക:

"If any religion had a chance of ruling over England, nay Europe within the next hundred years, it could be Islam."

'വരാനിരിക്കുന്ന 100 വര്‍ഷത്തിനുള്ളില്‍ ഇംഗ്ലണ്ടിനെ, അല്ല യൂറോപിനെ തന്നെ ഭരിക്കാന്‍ ഏതെങ്കിലും ഒരു മതത്തിനു കഴിയുമെങ്കില്‍ അത് ഇസ്‌ലാമിനായിരിക്കും.' (Genuine Islam, Vol1, 1936)

മാക്രോണ്‍ കാര്‍ട്ടൂണിലൂടെ അപമാനിച്ച മുഹമ്മദ് നബിയെ ﷺ കുറിച്ച് ബര്‍ണാഡ്ഷാ പറഞ്ഞത് നോക്കൂ:

"I have very carefully studied Islam and the life of its Prophet (PBUH). I have done so both as a student of history and as a critic. And I have come to conclusion that Muhammad (PBUH) was indeed a great man and a deliverer and benefactor of mankind"

'ഇസ്‌ലാമിനെക്കുറിച്ചും അതിന്റെ പ്രവാചകനായ മുഹമ്മദ് നബിയെക്കുറിച്ചും ഞാന്‍ സസൂക്ഷ്മം പഠിച്ചു, ഒരു ചരിത്ര വിദ്യാര്‍ഥി എന്ന നിലയിലും ഒരു വിമര്‍ശകന്‍ എന്ന നിലയിലും. അതില്‍നിന്നും ഞാന്‍ എത്തിയ നിഗമനം എന്തെന്നാല്‍ അദ്ദേഹം ഒരു മഹാനും മനുഷ്യരാശിക്ക് ധാരാളം ഗുണങ്ങള്‍ സംഭാവന നല്‍കിയ വ്യക്തിയുമാണ് എന്നാകുന്നു' (അതേ പുസ്തകം).

'ഇസ്‌ലാം പ്രതിസന്ധിയിലാണ്' എന്ന് മാക്രോണ്‍ പറയുമ്പോള്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിച്ച (അമുസ്‌ലിമായ) ബര്‍ണാഡ്ഷാ പറഞ്ഞത് 'ഇസ്‌ലാമാണു യൂറോപ് ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധിക്കുള്ള പരിഹാരം' എന്നാണ്:

"I believe that if a man like him were to assume the dictatorship of the modern world he would succeed in solving its problems in a way that would bring it the much needed peace and happiness."

'ഞാന്‍ വിശ്വസിക്കുന്നു, അദ്ദേഹത്തെപോലുള്ള ഒരു വ്യക്തിക്കെങ്ങാനും ആധുനിക ലോകത്തെ ഭരിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ ലോകത്തിന്റെ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സമാധാനവും സന്തോഷവും നിലനിര്‍ത്തുന്നതിനും സാധിക്കുമായിരുന്നു' (അതേ പുസ്തകം).

അല്ലാഹു പ്രവാചകനിലൂടെ ലോകത്തിനാകമാനം അവതരിപ്പിച്ച ഇസ്‌ലാംമതം, അത് സകല മതങ്ങളെയും ആദര്‍ശങ്ങളെയും അതിജയിക്കുമെന്നു പറഞ്ഞത് അല്ലാഹുവാണ്:

 ''അവനാണ് സന്‍മാര്‍ഗവും സത്യമതവുമായി തന്റെ ദൂതനെ അയച്ചവന്‍; എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും ശരി'' (കുര്‍ആന്‍ 9:33).

സൂര്യപ്രകാശത്തെ ഊതിക്കെടുത്താനാവില്ല

ലോകത്തിനു മുഴുവന്‍ പ്രകാശം നല്‍കിയ, ഇന്നും നല്‍കിക്കൊണ്ടിരിക്കുന്ന, കോടാനുകോടികള്‍ക്ക് വഴികാട്ടിയ ആ കാരുണ്യ പ്രവാചകന്റെ ജീവിതശോഭ കേവലം ചില വിമര്‍ശകരുടെ കാര്‍ട്ടൂണ്‍ വരകൊണ്ട് മങ്ങിപ്പോകുന്നതല്ല. ഇസ്‌ലാമിന്റെ പ്രകാശത്തെ അതുവഴി കെടുത്തിക്കളയാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് വ്യാമോഹം മാത്രമാണ്. കാരണം ആ പ്രകാശം പൂര്‍ത്തീകരിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്.

''അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്റെ പ്രകാശം പൂര്‍ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും'' (കുര്‍ആന്‍ 9:32).

ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഇബ്‌നുകഥീര്‍(റഹി) എഴുതിയ അതിമനോഹരമായ വരികള്‍ കൂടി ഉദ്ധരിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിച്ചുകൊള്ളട്ടെ:

'അവര്‍ ആരോപണങ്ങള്‍കൊണ്ടും നുണകള്‍കൊണ്ടും അല്ലാഹുവിന്റെ പ്രവാചകന്‍ കൊണ്ടുവന്ന ദീനിന്റെ പ്രകാശത്തെ കെടുത്താന്‍ ശ്രമിക്കുന്നു. ഇത്തരക്കാരുടെ ഉപമ സൂര്യന്റെയോ ചന്ദ്രന്റെയോ പ്രകാശത്തെ വായകൊണ്ട് ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവന്റെത് പോലെയാണ്. ആ വ്യക്തിക്ക് അത് ഒരിക്കലും ചെയ്യാന്‍ സാധ്യമല്ല. ഇതുപോലെത്തന്നെയാണ് പ്രവാചകന്‍ കൊണ്ടുവന്ന ദീനിന്റെയും കാര്യം, തീര്‍ച്ചയായും അത് ജ്വലിച്ച് പ്രകാശിക്കുകയും (ലോകം മുഴുവന്‍) വ്യാപിക്കുകയും ചെയ്യും'' (തഫ്‌സീര്‍ ഇബ്‌നുകഥീര്‍ 9:32ന്റെ വ്യാഖ്യാനം).