അവഗണിക്കപ്പെടുന്ന അറബിഭാഷ

ടി.കെ.അശ്‌റഫ്

2020 ആഗസ്ത് 15 1441 ദുല്‍ഹിജ്ജ 25

ആഗോളതലത്തില്‍ അനന്തസാധ്യതകളുള്ള ഒരു അന്തര്‍ദേശീയ ഭാഷയാണ് അറബി. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദേ്യാഗിക ഭാഷകളില്‍ ഒന്ന്. 450 മില്യണ്‍ ജനങ്ങളുടെ സംസാരഭാഷ. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന അഞ്ചാമത്തെ ഭാഷ. 22 രാജ്യങ്ങളുടെ ഔദേ്യാഗിക ഭാഷ. ആധുനിക വ്യവസായ, വാണിജ്യ മേഖലകളില്‍ ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള ഭാഷ. സാഹിത്യ, സാംസ്‌കാരിക, നയതന്ത്ര മേഖലകളില്‍ നിര്‍ണായക പങ്കാളിത്തമുള്ള ഭാഷ. അതേസമയം, മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മതപരമായ പവിത്രതയും പ്രാധാന്യവുമുള്ള ക്വുര്‍ആനിന്റെ ഭാഷ. ഇങ്ങനെ ഒട്ടേറെ സവിശേഷതകളുള്ള ഭാഷയാണ് അറബി.

മതപരമായ വേര്‍തിരിവുകള്‍ക്കപ്പുറത്ത് ഈയിടെയായി എല്ലാ വിഭാഗങ്ങളില്‍പെട്ടവരും അറബി ഭാഷ പഠിക്കാന്‍ മുന്നോട്ട് വരുന്നുണ്ട് എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. പാശ്ചാത്യലോകത്ത് രണ്ടാം ഭാഷയായി ജനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ അറബിക്ക് വലിയ പരിഗണനയാണുള്ളത്. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം മധ്യപൗരസ്ത്യ ദേശങ്ങളില്‍, ഗള്‍ഫ് രാജ്യങ്ങളില്‍ എറ്റവും ബന്ധപ്പെടുന്ന, തൊഴില്‍പരമായ, ജീവിതായോധന രംഗങ്ങളിലെല്ലാം അനവധി സാധ്യതകളുള്ള ഭാഷയാണ് അറബി. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും പ്രത്യേകിച്ച് കേരളത്തിനും നല്‍കിയ സാമ്പത്തിക പിന്തുണ ചെറിയതൊന്നുമല്ല എന്നുകൂടി നാം ഓര്‍ക്കണം.

കേരളത്തില്‍ നിരവധി പോരാട്ടങ്ങളുടെ ഫലമായി മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ മേഖലയില്‍ അറബിഭാഷ സംരക്ഷിക്കപ്പെട്ടു പോന്നിട്ടുണ്ടെങ്കിലും അറബിയെന്ന് പറയുമ്പോഴേക്കും അതിന്റെ മത പശ്ചാത്തലം മാത്രം ചികഞ്ഞെടുക്കുകയും ഒരു സമുദായ വിഷയമാക്കി അതിനെ ചുരുക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

അറബി ക്വുര്‍ആനിന്റെ ഭാഷകൂടിയാണെന്നത് അതിന്റെ പ്രൗഢി വര്‍ധിപ്പിക്കുന്നു. എന്നാല്‍ ലോകഭാഷകളെ കവച്ചുവെക്കുന്ന അതിന്റെ ഉള്‍ക്കരുത്തും അനന്തമായ സാധ്യതകളും കേരളത്തില്‍ വിസ്മരിക്കപ്പെടുകയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അറബിഭാഷയുടെ സാംസ്‌കാരിക അസ്തിത്വവും വ്യക്തിത്വവും വിസ്മരിക്കുന്ന സമുദായത്തിന്റെയും അതിന് ഇസ്‌ലാമുമായുള്ള ബന്ധമോര്‍ത്ത് അസ്വസ്ഥരാകുന്ന ഭരണാധികാരികളുടെയും ഇടയില്‍ ഞെരിഞ്ഞമരുകയാണ് ഇന്ന് ആ ഭാഷ.

രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി കടന്നുവരുന്ന പല പ്രൊജക്ടുകളും അതിന്റെ ഇസ്‌ലാമിക ബന്ധത്തിന്റെ പേരില്‍ അവഗണിക്കപ്പെടുകയാണ്. പലിശരഹിത സാമ്പത്തിക വ്യവസ്ഥ പലതവണ കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ്. നമ്മുടെ ധനകാര്യ മന്ത്രി അക്കാര്യത്തില്‍ പഠനം നടത്തി വലിയ ആവേശത്തോടെ പദ്ധതി മുന്നോട്ട് വെക്കുകയും ചെയ്തു. 'ഇസ്‌ലാമിക് ബാങ്കിങ്ങ്' എന്ന പേരിലുടക്കിയാണ് അത് പിന്നീട് വിസ്മരിക്കപ്പെട്ടത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

അവഗണനയുടെ തെളിവുകള്‍

ഒരു പ്രത്യേക മതത്തിന്റെ കാര്യങ്ങള്‍ അറബിഭാഷയിലൂടെ സര്‍ക്കാര്‍ പഠിപ്പിക്കണമെന്ന് ഇവിടെ ആരും ആവശ്യപ്പെടുന്നില്ല. ഇതര ഭാഷകളെ പോലെ അറബിയെയും പരിഗണിക്കണമെന്നേ ആവശ്യപ്പെടുന്നുള്ളൂ.

ഇക്കാര്യം ഇപ്പോള്‍ പറയാനുള്ള കാരണം പലതാണ്. 2020 ജൂണ്‍ ഒന്നു മുതല്‍ വിക്ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചെങ്കിലും ഭാഷാ ക്ലാസുകള്‍ നാമമാത്രമായിട്ടേ നടന്നിട്ടുള്ളൂവെന്നതാണ് സുപ്രധാനമായൊരു കാരണം. 1 മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ അറബി പഠനത്തിന് ഓരോ ക്ലാസിനും ഈ സമയം വരെ കിട്ടേണ്ടത് 36 പിരീഡാണ്. എന്നാല്‍ ആകെ ലഭിച്ചത് പത്താം ക്ലാസിന് നാല്, +2വിന് രണ്ട്, 5ന് രണ്ട്, 8ന് രണ്ട് എന്ന കണക്കിനാണ്. 1,2,3,4,6,7,9 എന്നീ ക്ലാസുകള്‍ക്ക് ഇതെഴുതുന്ന സമയം വരെ ഒരു പിരീഡ് പോലും ലഭിച്ചില്ല. കെ.എ.ടി.എഫ് പോലുള്ള സംഘടനകളുടെ ശക്തമായ സമ്മര്‍ദത്തിന് ശേഷമാണ് ഈ ക്ലാസുകള്‍ പോലും നടന്നിട്ടുള്ളത്.

ക്ലാസ് നല്‍കാതിരിക്കാന്‍ കാരണം ടൈറ്റ് ഷെഡ്യൂളാണ് എന്നാണ് മറുപടി. എന്നാല്‍ ആഴ്ചയില്‍ 2 പിരീഡ് മാത്രമുള്ള വിഷയങ്ങള്‍ക്ക് ചാനലില്‍ നല്‍കുന്നത് 4 പിരീഡ്. എല്ലാ ക്ലാസും യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നുമുണ്ട്. എന്നിട്ടും പ്രവൃത്തിദിവസങ്ങളില്‍ പുനഃസംപ്രേഷണം ചെയ്യുന്നു. സിലബസും കൃത്യമായ ക്ലാസും ഇല്ലാത്ത എല്‍.കെ.ജി, യു.കെ.ജി ക്ലാസുകള്‍ക്ക് പോലും 'കിളിക്കൊഞ്ചല്‍' എന്ന പേരില്‍ ദിവസവും 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലാസ് നടക്കുന്നു. ടൈറ്റ് ഷെഡ്യൂള്‍ എന്ന കാരണം സത്യസന്ധമല്ല എന്ന് ഇതെല്ലാം തെളിയിക്കുന്നു.

കഴിഞ്ഞ സര്‍ക്കാര്‍ എല്‍.ടി.ടി.സിയെ ബിഎഡിന് തുല്യമാക്കി പുറത്തിറക്കിയ ഉത്തരവ് യാതൊരു ന്യായവും വിശദീകരണവുമില്ലാതെ പുതിയ സര്‍ക്കാര്‍ റദ്ദാക്കിയത് നാം ഇതിനോട് ചേര്‍ത്തു വായിക്കണം.

'സമ്പൂര്‍ണ' സോഫ്റ്റ് വെയറില്‍ അറബിക് കാണുന്നില്ല. പഠനോത്സവം നടത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വരുമ്പോള്‍ അവിടെയും അറബിയില്ല. വിവിധ വിഷയങ്ങളുടെ ശാക്തീകരണ പദ്ധതികളുടെ കൂട്ടത്തില്‍ അറബിയടക്കമുള്ള ചില ഭാഷകള്‍  അവഗണിക്കപ്പെട്ടിരിക്കുന്നു.

അഞ്ചാം ക്ലാസ് മുതല്‍ ഫസ്റ്റ് പേപ്പറായി ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം, അറബി, ഉറുദു. തമിഴ്, കന്നട തുടങ്ങി പല ഓപ്ഷനുമുണ്ട്. ഇതില്‍ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നട വിഷയങ്ങള്‍ക്കെല്ലാം ക്ലാസുണ്ട്. തമിഴ്, കന്നട വിഷയങ്ങള്‍ക്ക് പ്രാദേശിക ചാനലില്‍ സംപ്രേഷണമുണ്ട്. എന്നാല്‍ ബഹുഭൂരിഭാഗം കുട്ടികള്‍ പഠിക്കുന്ന അറബിയടക്കമുള്ള ഭാഷകള്‍ക്കാകട്ടെ ക്ലാസില്ല!

ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി പഠന ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത കൂട്ടത്തില്‍ അറബിക്ക് പോഷണത്തിനായി 'ഐവ അറബിക്ക്'  ഉണ്ടായിരുന്നു. എല്ലാം ക്ലാസ് റൂമുകളില്‍ പ്രാവര്‍ത്തികമായപ്പോള്‍ ഐവ അറബിക്ക് മാത്രം പുറംലോകം കണ്ടില്ല.

എല്‍.ടി.ടി.സിയെ ബിഎഡിന് തുല്യമായി പരിഷ്‌കരിച്ചപ്പോള്‍ ആകെ 150 സീറ്റ് മാത്രം. വര്‍ഷത്തില്‍ ശരാശരി വേക്കന്‍സി മുന്നൂറും! ഇതിലൂടെ യോഗ്യതയുള്ളവരുടെ അഭാവം വര്‍ധിക്കും. പഠിപ്പിക്കാനാളില്ലാതെ വരുമ്പോള്‍ കുട്ടികള്‍ കൊഴിഞ്ഞ് പോവുകയും ചെയ്യും.

1200 മാര്‍ക്കും 240 പ്രവൃത്തി ദിവസവുമുള്ള, മെറിറ്റില്‍ മാത്രം സീറ്റ് നേടാവുന്ന DLEd എന്ന ട്രൈനിംഗ് കോഴ്‌സിനെ 1000 മാര്‍ക്കും 200 പ്രവൃത്തി ദിവസവുമുള്ള BEdന് തുല്യമാക്കി മുന്‍സര്‍ക്കാര്‍. അതുവഴി ഭാഷാധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍ പ്രൊമോഷന് അവസരം ഉണ്ടായിരുന്നു. യാതൊരു വിശദീകരണവുമില്ലാതെ ആ ഉത്തരവിനെ പുതിയ സര്‍ക്കാര്‍ റദ്ദ് ചെയ്തു. അതുവഴി ഭാഷാധ്യാപകരുടെ HM പ്രൊമോഷന്‍ ഗവണ്‍മെന്റ് തടയുകയാണ് ചെയ്തിരിക്കുന്നത്.

2019ലെ സര്‍ക്കുലര്‍ പ്രകാരം ഹയര്‍ സെക്കന്ററിയില്‍ മിനിമം കുട്ടികളുടെ എണ്ണം 25 ആക്കിയിരിക്കുന്നു. നേരത്തെ അത് പത്തായിരുന്നു. ഉറുദു, സംസ്‌കൃതം ഭാഷകള്‍ക്ക് ഇപ്പോഴും പത്തു തന്നെയാണ് എന്നിരിക്കെ അറബിയുടെ വിഷയത്തില്‍ വരുത്തിയ ഈ മാറ്റത്തിന്റെ കാരണമെന്താണ്? മലപ്പുറം ജില്ല ഒഴികെ മറ്റു ജില്ലകളില്‍ ഇതുകാരണം ഹയര്‍ സെക്കന്ററിയില്‍ അറബി തസ്തിക ഉണ്ടാവില്ല.

കോളേജുകളില്‍ പുതുതായി തുടങ്ങാനുദ്ദേശിക്കുന്ന ഡിഗ്രി കോഴ്‌സുകളെ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ ബി.എ ഫോറിന്‍ ലാംഗ്വേജസ് എന്ന പുതിയ കോഴ്‌സില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ്, റഷ്യന്‍, ജാപ്പനീസ്, അമേരിക്കന്‍ സൈന്‍ ലാംഗ്വേജ്, ജര്‍മന്‍... തുടങ്ങിയ ഭാഷകളെല്ലാം ഉള്‍പെടുത്തിയപ്പോള്‍ ആഗോളതലത്തില്‍  അനന്തസാധ്യതകളുള്ള അറബി അവഗണിക്കപ്പെട്ടിരിക്കുന്നു!

കേരള ചരിത്രത്തില്‍ അറബിഭാഷ പാഠ്യപദ്ധതിയിലേക്ക് കടന്നുവന്ന കാലത്ത് ടൈംടേബിളിന് പുറത്തായിരുന്നു. വലിയ സമ്മര്‍ദത്തിലൂടെയാണ് അകത്ത് പ്രവേശിക്കുന്നത്. അറബിഭാഷയുടെ സാധ്യതയല്ല; ഭരണകൂടത്തിന്റെ നിലനില്‍പായിരുന്നു ബ്രിട്ടീഷുകാര്‍ മുതല്‍ ഇതുവരെയുമുള്ള സര്‍ക്കാറുകളുടെ അറബിയോടുള്ള സമീപനത്തിന്റെ ഇന്ധനമായി വര്‍ത്തിച്ചത്.

മുകളില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കെല്ലാം സാങ്കേതിക മറുപടികള്‍ ആവര്‍ത്തിക്കുന്നതും അറബി ഭാഷയെ ഉള്ളിലേക്കെടുക്കാന്‍ സാധിക്കാത്തതിന്റെ തെളിവാണ്. ദേശീയ വിദ്യാഭ്യാസനയത്തില്‍ ഒളിഞ്ഞിരിക്കുന്ന അറബിഭാഷാവിരുദ്ധ നിലപാടുകൂടി ചേരുമ്പോള്‍ വരുംനാളുകളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നതില്‍ സംശയമില്ല.

അറബിഭാഷക്ക് നേരെ വരുന്ന അപകട സൈറണുകള്‍ വളരെ ദൂരെനിന്ന് കേള്‍ക്കാന്‍ കെല്‍പുണ്ടായിരുന്ന ബഹു: കരുവള്ളി മുഹമ്മദ് മൗലവി, പി.കെ അഹ്മദലി മദനി, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി തുടങ്ങിയവര്‍ നമ്മെ വിട്ടുപിരിഞ്ഞു. അവര്‍ പൊരുതിനേടിയ അവകാശങ്ങള്‍ അനുഭവിച്ച് സ്വന്തം ജോലിയുടെ സുരക്ഷിതത്വത്തില്‍ ഒതുങ്ങുന്നതിന് പകരം; അറബി ഭാഷയുടെയും അതുയര്‍ത്തിപ്പിടിക്കുന്ന സാംസ്‌കാരിക വ്യക്തിത്വത്തിന്റെയും കാവലാളുകളാവാന്‍ അറബി അധ്യാപക സമൂഹത്തിനാവണം.

അധ്യാപകസംഘടനകള്‍ ഈ രംഗത്ത് ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ സമുദായത്തിന്റെ അജണ്ടയിലേക്ക് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കോവിഡ് പ്രതിസന്ധി അനന്തമായി തുടരുന്നതിനാല്‍ സാധാരണ ക്ലാസുകള്‍  എപ്പോള്‍ ആരംഭിക്കാനാവുമെന്ന് പറയാനാവില്ല. അതുകൊണ്ട് ഓണ്‍ലൈന്‍ ക്ലാസുകളുടെ ഷെഡ്യൂളുകളില്‍ ഭാഷകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. അറബിയെപ്പോലുള്ള, തൊഴില്‍രംഗത്തും സാമ്പത്തിക വികസന മേഖലയിലും ധാരാളം സാധ്യതകളുള്ള ഭാഷക്ക് കൂടുതല്‍ പരിഗണനയും പ്രാധാന്യവും നല്‍കി കൂടുതല്‍ ഭാഷാ കോഴ്‌സുകള്‍ യൂണിവേഴ്‌സിറ്റികളില്‍ ആരംഭിക്കാനും സര്‍ക്കാര്‍ മുന്നോട്ട് വരണം.