പ്രകാശത്തിന്നുമേല്‍ പ്രകാശം

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2020 സെപ്തംബര്‍ 12 1442 മുഹര്‍റം 24

(മനുഷ്യന്‍ ക്വുര്‍ആനില്‍ 7)

''അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം. അതില്‍ ഒരു വിളക്ക്. വിളക്ക്ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രംപോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍നിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്കുഭാഗത്തുള്ളതോ പടിഞ്ഞാറുഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിനു മേല്‍ പ്രകാശം. അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്കുവേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ'' (ക്വുര്‍ആന്‍ 24:35).

പകല്‍ മുഴുവനും വെയിലേറ്റു നില്‍ക്കുന്ന ഒലീവു മരത്തിന്റെ എണ്ണ ഏറ്റവും ശുദ്ധമായിരിക്കും. ജന്മനാ മനുഷ്യന്‍ ശുദ്ധപ്രകൃതിയിലാണുള്ളത്. ആ പ്രകൃതി ഒരു നിലയ്ക്കും മലിനമാകാതെ, അതിലേക്ക് ദൈവവിശ്വാസവും അവനെ സംബന്ധിച്ചുള്ള ജ്ഞാനവും പ്രവേശിക്കുന്നതോടെ അതിന് വെളിച്ചം കൂടി. പ്രകൃത്യാ ശുദ്ധമായ ഒലീവെണ്ണ വിളക്കിലൊഴിച്ച് തിരികത്തിച്ച പോലെ ഇരുട്ട് പോയി പ്രകാശം വന്നു. തനിക്കു ലഭിച്ച ജ്ഞാനത്തിന്നനുസരിച്ച് വിശ്വാസം (ഈമാന്‍) വര്‍ധിച്ചപ്പോള്‍ മനസ്സു മാലിന്യമുക്തമായി. തിളങ്ങുന്ന സ്ഫടികത്തെ പോലെ വിശുദ്ധിയുടെ വൈവിധ്യങ്ങളായ പ്രകാശം മേല്‍ക്കുമേല്‍ കാണാറായി. ശുദ്ധപ്രകൃതിയാല്‍ തിളങ്ങുന്ന ഹൃദയത്തിലേക്ക് ഈമാനിന്റെയും വിജ്ഞാനത്തിന്റെയും തിരിച്ചറിവിന്റെയും പ്രകാശങ്ങള്‍ ഒത്തുചേര്‍ന്നു. ഇതാണ് ഉപമയുടെ പൊരുള്‍ എന്നാണ് മനസ്സിലാകുന്നത്.

മനുഷ്യന്‍ ഏതു സാഹചര്യത്തിലാണെങ്കിലും ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത്. പിന്നീട് അവന്റെ വളര്‍ച്ചയില്‍ ഇടപെടുന്നവരാണ് ആ വിശുദ്ധിക്ക് കളങ്കമായ ശീലങ്ങളും ചിന്തകളും നല്‍കി അതിനെ മലിനമാക്കുന്നത്. എന്നാല്‍ ആ വിശുദ്ധിയെ പരിപോഷിപ്പിക്കുന്ന ഈമാനികബോധവും ദീനിജ്ഞാനവും ബോധവും നല്‍കിയാല്‍ ലോകത്തിന്ന് വെളിച്ചം നല്‍കാന്‍ മനുഷ്യന്ന് സാധിക്കുമെന്ന സൂചന ഈ ഉപമയില്‍ കാണാം.

മരീചികതേടി നിരാശപ്പെടുന്നര്‍

''അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന്‍ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവന്‍ അതിന്നടുത്തേക്ക് ചെന്നാല്‍ അങ്ങനെ ഒന്ന് ഉള്ളതായിത്തന്നെ അവന്‍ കണ്ടെത്തുകയില്ല. എന്നാല്‍ തന്റെ അടുത്ത് അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്. അപ്പോള്‍ (അല്ലാഹു) അവന്ന് അവന്റെ കണക്ക് തീര്‍ത്തുകൊടുക്കുന്നതാണ്. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനത്രെ'' (ക്വുര്‍ആന്‍ 24:39).

സത്യനിഷേധിയുടെ മനസ്സിനെ വരണ്ട മരുഭൂമിയോട് ക്വുര്‍ആന്‍ ഉപമിച്ചു. എന്നാല്‍ യഥാര്‍ഥ ഈമാന്‍ ഉള്‍ക്കൊണ്ട വിശ്വാസികളെ എക്കാലത്തും ഫലം നല്‍കുന്ന വൃക്ഷത്തിനോടാണ് അല്ലാഹു ഉപമിച്ചത്.

''അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്) ഒരു നല്ല മരംപോലെയാകുന്നു. അതിന്‍ന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍നിന്ന്അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന് യാതൊരു നിലനില്‍പ്പുമില്ല'' (ക്വുര്‍ആന്‍ 14:24-26).

അവിശ്വാസത്തോടുകൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പരലോകത്ത് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല. മരുഭൂമിയില്‍ കാണുന്ന മരീചിക വെള്ളമാണെന്ന് കരുതി അവിടെ ചെന്നു നോക്കിയാല്‍ നിരാശരാകുന്നവരുടെ അവസ്ഥയാണവര്‍ക്കുള്ളത്. എല്ലാ പ്രതീക്ഷകളും അസ്ഥാനത്താകും. ഒടുവില്‍ നിരാശ മാത്രം ബാക്കിയാകും. സത്യവിശ്വാസവും,ആത്മാര്‍ഥതയും നിലനിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കേ പ്രതീക്ഷക്ക് വകയുള്ളു.

കൂരിരുട്ടില്‍പെട്ട ഹതഭാഗ്യന്‍

''അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ). തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനുമീതെ വീണ്ടും തിരമാല. അതിനുമീതെ കാര്‍മേഘം. അങ്ങനെ ഒന്നിനുമീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല'' (ക്വുര്‍ആന്‍ 24:40)

വിശ്വാസത്തിന്റെ പ്രകാശം ഒരാളുടെ ഹൃദയത്തില്‍നിന്ന് നഷ്ടമായാല്‍, പിന്നെ തന്റെ നിലപാടിലും പ്രവര്‍ത്തനത്തിലും സ്വഭാവത്തിലും വര്‍ത്തനങ്ങളിലും അത് പ്രകടമാവും. അറിവില്ലായ്മയും അവിവേകവും അവനെ നയിക്കും. ആകെക്കൂടി കൂരിരുട്ടാവും ജീവിതം. ആഴക്കടലിന്റെ സ്വഭാവികമായ ഇരുട്ടില്‍ മുകള്‍പ്പരപ്പിലെ മേല്‍ക്കുമേലുള്ള തിരമാലകളും മേഘംമൂടിയ അന്തരീക്ഷവും രാത്രിയുമായാല്‍ ഇരുട്ടിന്മേല്‍ ഇരുട്ടാവുന്ന പോലെ ഇത്തരം ആളുകളില്‍ നന്മയുടെ വെളിച്ചം കാണുകയില്ല.

എട്ടുകാലിയുടെ വീട്

''അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീട്തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍!'' (ക്വുര്‍ആന്‍ 29:41).

അല്ലാഹുവല്ലാത്തവരോട് വിളിച്ചുപ്രാര്‍ഥിക്കുന്നതിനെയും അവരില്‍നിന്ന് ഗുണമോ ദോഷമോ പ്രതീക്ഷിക്കുന്നതിനെയും എട്ടുകാലി വലയോട് ഉപമിച്ചത് വ്യക്തമാണ്. കണ്ടാല്‍ വലിയതായി തോന്നുമെങ്കിലും എത്ര ദുര്‍ബലമാണ് ആ വല! ഇപ്രകാരം ശിര്‍ക്കിന്റെ കൂടാരങ്ങളായ  ദര്‍ഗകളും മറ്റു കേന്ദ്രങ്ങളും കൂടീരങ്ങളും അവയോടനുബന്ധിച്ച ഉല്‍സവച്ചടങ്ങുകളും എത്ര ഗംഭീരമായി തോന്നപ്പെട്ടാലും ഒന്നും ആര്‍ക്കും ചെയ്തുകൊടുക്കാന്‍ കഴിയാത്ത ദുര്‍ബല കേന്ദ്രങ്ങളാണവ എന്ന് ഈ ഉപമ വ്യക്തമാക്കുന്നു.

അടിമയെപ്പോലെ

''നിങ്ങളുടെ കാര്യത്തില്‍നിന്നു തന്നെ അല്ലാഹു നിങ്ങള്‍ക്കിതാ ഒരു ഉപമ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളില്‍ ആരെങ്കിലും നിങ്ങള്‍ക്ക് നാം നല്‍കിയ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കുകാരാകുന്നുണ്ടോ? എന്നിട്ട് നിങ്ങള്‍ അന്യോന്യം ഭയപ്പെടുന്നത് പോലെ അവരെ(അടിമകളെ)യും നിങ്ങള്‍ ഭയപ്പെടുമാറ് നിങ്ങളിരുകൂട്ടരും അതില്‍ സമാവകാശികളാവുകയും ചെയ്യുന്നുണ്ടോ? ചിന്തിച്ചു മനസ്സിലാക്കുന്ന ജനങ്ങള്‍ക്കുവേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു'' (ക്വുര്‍ആന്‍ 30:28).

സൃഷ്ടികളെ ആരാധിക്കുകയും അവരില്‍നിന്ന് രക്ഷാശിക്ഷകള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്ന ആളുകളെയാണ് ഈ ഉപമ അഭിസംബോധന ചെയ്യുന്നത്. അടിമ-യജമാനന്‍ സമ്പ്രദായം നിലനിന്നിരുന്ന കാലത്തുള്ള സംബോധനയാകയാല്‍ ആ സമൂഹത്തിന്ന് പെട്ടെന്ന് മനസ്സിലാകുന്ന ചോദ്യമാണിത്. യജമാനന്നുള്ള അവകാശവും അധികാരവും തങ്ങളുടെ അടിമകള്‍ക്ക് അവര്‍ വകവെച്ചുകൊടുക്കുമോ? അപ്രകാരം ജഗന്നിയന്താവായ അല്ലാഹുവിനു മാത്രം അവകാശപ്പെട്ട ആരാധന, അവന്റെ ദാസന്മാര്‍ക്ക് എങ്ങനെയാണ് അവര്‍ ചെയ്യുക? ശിര്‍ക്ക് എത്രമാത്രം അനീതിയും അനര്‍ഥവുമാണ്!

കുറെ യജമാനന്മാരുള്ള ഒരടിമ

''അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവന്റെ യജമാനന്‍മാര്‍. ഒരു യജമാനനു മാത്രം കീഴ്‌പെടേണ്ടവനായ മറ്റൊരാളെയും (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു). ഉപമയില്‍ ഇവര്‍ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷേ, അവരില്‍ അധികപേരും അറിയുന്നില്ല'' (ക്വുര്‍ആന്‍ 39:29).

ബഹുദൈവാരാധകന്റെ അവസ്ഥ വിവരിക്കുന്ന ഉപമയാണിത്. അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരാള്‍ക്ക് അവന്റെ കല്‍പനകള്‍ മാത്രം അനുസരിച്ച് അവനെ മാത്രം തൃപ്തിപ്പെടുത്തിയാല്‍ മതി. പല ദൈവങ്ങളെയും ആരാധിക്കുന്നവര്‍ ആരെയൊക്കെ, എപ്പോഴൊക്കെ, എങ്ങനെ തൃപ്തിപ്പെടുത്തണമെന്നറിയാത്ത ഗതികേടിലാകുന്നതാണ്. വഴക്കടിക്കുന്ന കുറെ യജമാനന്മാരുടെ ഒരു അടിമക്ക് സംഭവിക്കുന്നതും ഈ ഗതികേടുതന്നെയാണല്ലോ.

കൗതുകമുള്ള കൃഷി

''മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്.അതാണ് തൗറാത്തില്‍ അവരെപ്പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെപ്പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്തുകാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക്  കൗതുകം തോന്നിച്ചുകൊണ്ട്അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 48:29).

കരുത്തുകാട്ടി വളര്‍ന്നു നിവര്‍ന്നുനില്‍ക്കുന്ന കാര്‍ഷികവിളകള്‍ ആരെയും കൗതുകപ്പെടുത്തുന്നത് പോലെ, വിശ്വാസി സമൂഹം വിശ്വാസപരമായ അടിത്തറയിന്മേല്‍ എല്ലാരംഗത്തും കരുത്തോടെ വളര്‍ന്നു പുരോഗതി പ്രാപിച്ച്, പരസ്പരം സഹകരിച്ച് ഭദ്രമായ ഒരു സമൂഹമായി വളരണമെന്ന സന്ദേശമാണ് ഇതില്‍ കാണുന്നത്. ഇന്‍ജീലില്‍ വിശേഷിപ്പിക്കപ്പെട്ട ഈ സാമൂഹ്യക്ഷമത സ്വഹാബികളില്‍ കാണപ്പെട്ടതിനാല്‍ ഇന്‍ജീലിന്റെ അനുയായികള്‍പോലും ക്ഷുഭിത മനസ്സോടെ മുസ്‌ലിംകളെ നോക്കിക്കണ്ടിരുന്നു എന്നത് ചരിത്രസാക്ഷ്യമാണ്. പിന്നാക്കക്കാരും പതിതരുമായി കഴിയേണ്ടവരല്ല മുഹമ്മദ് നബി ﷺ യുടെ അനുയായികളെന്നും, മറിച്ച് പ്രതാപത്തോടുകൂടി ഉയിര്‍ത്തെഴുന്നേറ്റ് പ്രവാചക സന്ദേശത്തിന്റെ വാഹകരാകാന്‍ ശ്രമിക്കണമെന്നുമുള്ള പാഠം ഈ ഉപമയിലടങ്ങിയിരിക്കുന്നു. (തുടരും)