സ്‌നേഹവായ്പ്

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 ആഗസ്ത് 22 1442 മുഹര്‍റം 03

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍ 30)

സ്‌നേഹവായ്പിന്റെ മഹത്ത്വമറിയിക്കുന്ന, ഇമാം റാഗിബിന്റെ ഏതാനും വരികളുടെ മൊഴിമാറ്റം ഇവിടെ നല്‍കുന്നു. അദ്ദേഹം പറഞ്ഞു: ''ജനങ്ങള്‍ പരസ്പരം സ്‌നേഹിക്കുകയും സ്‌നേഹോഷ്മളമായി വര്‍ത്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ നീതിക്കുപകരം അവര്‍ക്ക് സ്‌നേഹം മതിയാകുമായിരുന്നു. സ്‌നേഹത്തിന്റെ പ്രതിനിധിയാണ് നീതി എന്നു പറയപ്പെട്ടിട്ടുണ്ട്. അഥവാ സ്‌നേഹം കാണപ്പെടാത്തിടത്ത് നീതി പ്രയോഗിക്കപ്പെടും. അതിനാലാണ് ആദര്‍ശബന്ധുക്കള്‍ക്കിടയില്‍ സ്‌നേഹം ഉണ്ടാക്കിയതിലൂടെയുള്ള അനുഗ്രഹത്തെ അല്ലാഹു മഹത്തരമായി എണ്ണിയത്. അല്ലാഹു—പറയുന്നു: 'വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പരമകാരുണികന്‍ സ്‌നേഹമുണ്ടാക്കി കൊടുക്കുന്നതാണ്; തീര്‍ച്ച'(ക്വുര്‍ആന്‍ 19:96).

'വുദ്ദ്' എന്നാല്‍ ഹൃദയങ്ങളില്‍ സ്‌നേഹം എന്നാണ് അര്‍ഥം. സ്‌നേഹമാണ് ഗാംഭീര്യത്തെക്കാള്‍ ഉത്തമമായത്. കാരണം ഗാംഭീര്യം അകറ്റും; സ്‌നേഹം അടുപ്പിക്കും. സ്‌നേഹത്താലുള്ള അനുസരണമാണ് ഭീതിയാലുള്ള അനുസരണത്തെക്കാള്‍ ശ്രേഷ്ഠകരം എന്നു പറയപ്പെട്ടിട്ടുണ്ട്.. കാരണം സ്‌നേഹത്താലുള്ള അനുസരണം മനസ്സില്‍നിന്നാണ്. ഭീതിയാലുള്ള അനുസരണമാകട്ടെ ഉപരിപ്ലവവുമാണ്. അതാകട്ടെ, അതിന്റെ കാരണം നീങ്ങിയാല്‍ നീങ്ങുകയും ചെയ്യും. പരസ്പരം സ്‌നേഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളും പരസ്പരം ബന്ധം ചാര്‍ത്തും. പരസ്പരം ബന്ധം ചാര്‍ത്തിയാല്‍ അന്യോന്യം സഹകരിക്കും. അന്യോന്യം സഹകരിച്ചാല്‍ അവര്‍ അധ്വാനിക്കും. അവര്‍ അധ്വാനിച്ചാല്‍ സംസ്‌കരിക്കപ്പെടും. അവര്‍ സംസ്‌കരിക്കപ്പെട്ടാല്‍ അഭിവൃദ്ധിപ്പെടുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്യും''(അദ്ദരീഅഃ ഇലാ മകാരിമിശ്ശരീഅ).

'അല്ലാഹു ഇഷ്ടപ്പെടുകയും വിശ്വാസികളില്‍ അവരോട് സ്‌നേഹം ജനിപ്പിക്കുകയും ചെയ്യും' എന്നാണ്, 'വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പരമകാരുണികന്‍ സ്‌നേഹമുണ്ടാക്കി കൊടുക്കുന്നതാണ്; തീര്‍ച്ച' എന്ന വചനത്തിന്റെ വിവരണത്തില്‍ സഈദ് ഇബ്‌നു ജുബൈര്‍(റഹി) പറഞ്ഞത്.

ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞു: 'ഇഹലോകത്ത് ജനങ്ങളില്‍ സ്‌നേഹം ഉണ്ടാക്കും.' ഇമാം മുക്വാതില്‍(റഹി) പറഞ്ഞു: 'വിശ്വാസികളുടെ ഹൃദയങ്ങളില്‍ അവരോട് സ്‌നേഹം ഉണ്ടാക്കും. അങ്ങനെ അവര്‍ അവരെ ഇഷ്ടപ്പെടും.'

പൂര്‍വസൂരികളുടെ ഈ വിവരണങ്ങളെല്ലാം അറിയിക്കുന്നത് സ്‌നേഹിക്കുന്നതിന്റെയും സ്‌നേഹം പകരുന്നതിന്റെയും മഹത്ത്വവും പ്രാധാന്യവുമാണ്. എന്നാല്‍, സ്‌നേഹവായ്പുകളും പ്രകടനങ്ങളും കേവലം ഭൗതികലാഭങ്ങള്‍ക്കും സങ്കുചിത താല്‍പര്യങ്ങള്‍ക്കുമാകരുത്. പ്രത്യുത അല്ലാഹുവിന്റെ ദീനിന്റെ വിഷയത്തിലും ആദര്‍ശനിഷ്ഠയുടെ വിഷയത്തിലുമായിരിക്കണം. ഇബ്‌നു അബ്ബാസ്(റ) പറയുന്നു:

''ഒരാള്‍ അല്ലാഹുവിനു വേണ്ടി സ്‌നേഹിച്ചു, അല്ലാഹുവിനു വേണ്ടി വെറുത്തു, അല്ലാഹുവിനു വേണ്ടി മൈത്രി വെച്ചുപുലര്‍ത്തി, അല്ലാഹുവിനു വേണ്ടി വിരോധം വെച്ചുപുലര്‍ത്തി. അപ്പോള്‍ അതിലൂടെയാണ് അല്ലാഹുവിന്റെ അടുപ്പം നേടിയെടുക്കപ്പെടുന്നത്. മുഴുജനങ്ങളുടെയും സാഹോദര്യബന്ധം ഇന്ന് ഐഹികമായ കാര്യങ്ങള്‍ക്കായിരിക്കുന്നു. അതാകട്ടെ അതിന്റെ വക്താക്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യില്ല'' (ഇബ്‌നുജരീര്‍ ത്വബ്‌രിയും മുഹമ്മദ് ഇബ്‌നുനസ്വ്ര്‍ അല്‍മര്‍വസിയും നിവേദനം ചെയ്തതായി ഇബ്‌നുഅബ്ദില്‍ബര്‍റ്- ജാമിഉല്‍ഉലൂമി വല്‍ഹികം).

നബി ﷺ  പറഞ്ഞതായി അബൂഉമാമ(റ)യില്‍നിന്നു നിവേദനം: ''ഒരാള്‍ അല്ലാഹുവിനു വേണ്ടി സ്‌നേഹിച്ചു, അല്ലാഹുവിനു വേണ്ടി വെറുത്തു, അല്ലാഹുവിനുവേണ്ടി നല്‍കി, അല്ലാഹുവിന് വേണ്ടി തടഞ്ഞു എങ്കില്‍ അവന്റെ വിശ്വാസം (ഈമാന്‍) പരിപൂര്‍ണമായി'' (സുനനുഅബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

സ്‌നേഹവായ്പുകള്‍ അല്ലാഹുവിനുവേണ്ടിയാകുമ്പോഴാണ്, അഥവാ അവന്റെ പ്രീതിക്കും അവനു വഴിപ്പെടുന്ന മാര്‍ഗേണയുമാകുമ്പോഴാണ് അതിനാല്‍ ഫലംകൊയ്യുവാനും ഉപകാരംനേടുവാനും സാധിക്കുക. ഒരു തിരുമൊഴി ഇപ്രകാരമുണ്ട്:

അനസ് ഇബ്‌നു മാലികി(റ)ല്‍ നിന്ന് നിവേദനം: ''മൂന്ന് കാര്യങ്ങള്‍ ഒരാളില്‍ ഉണ്ടായിരുന്നാല്‍ അയാള്‍ സത്യവിശ്വാസത്തിന്റെ മാധുര്യം അനുഭവിക്കുന്നതാണ്; അല്ലാഹുവും അവന്റെ ദൂതനും മറ്റെല്ലാറ്റിനെക്കാളും അവന് പ്രിയങ്കരമായിരിക്കുക, അല്ലാഹുവിന് വേണ്ടി ഒരാള്‍ ഒരാളെ ഇഷ്ടപ്പെടുക, സത്യനിഷേധത്തില്‍നിന്ന് തന്നെ അല്ലാഹു രക്ഷപ്പെടുത്തിയതിനുശേഷം അതിലേക്ക് തിരിച്ചുചെല്ലുന്നതിനെ തീയിലേക്ക് താന്‍ എടുത്തെറിയപ്പെടുന്നതുപോലെ വെറുക്കുക''(ബുഖാരി, മുസ്‌ലിം).

മറ്റൊരു റിപ്പോര്‍ട്ടില്‍ 'ഒരാളും സത്യവിശ്വാസത്തിന്റെ മാധുര്യം അനുഭവിക്കുകയില്ല...'' എന്നാണുള്ളത്.

അല്ലാഹുവിനു വേണ്ടി സ്‌നേഹിക്കുന്നതിന്റെ മഹത്ത്വങ്ങളറിയിക്കുന്ന തിരുമൊഴികള്‍ ധാരാളമാണ്. ഏതാനും ഹദീഥുകള്‍ ഇവിടെ നല്‍കുന്നു. അബുദ്ദര്‍ദാഇ(റ)ല്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു:

''അല്ലാഹു അന്ത്യനാളില്‍ ഒരു വിഭാഗം ആളുകളെ ഉയിര്‍ത്തെഴുന്നേല്‍പിക്കുകതന്നെ ചെയ്യും, അവരുടെ മുഖങ്ങളില്‍ പ്രകാശമുണ്ട്. മുത്തുകള്‍കൊണ്ടുള്ള മിമ്പറുകളിലായിരിക്കും അവര്‍. ജനങ്ങള്‍ അവരിലേക്ക് ആഗ്രഹംജനിച്ചു ചെല്ലും. അവരാകട്ടെ നബിമാരോ ശുഹദാക്കളോ അല്ല.'' അപ്പോള്‍ ഒരു ഗ്രാമീണ അറബി മുട്ടുകുത്തിയിരുന്നുകൊണ്ട് ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അവരെ അറിയുന്നതിനുവേണ്ടി ഒന്നു വ്യക്തമാക്കിത്തരൂ.'' തിരുമേനി ﷺ  പറഞ്ഞു: ''അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പരസ്പരം സ്‌നേഹിച്ച, വ്യത്യസ്ത ദേശങ്ങളില്‍ പെട്ടവരും വ്യത്യസ്ത ഗോത്രങ്ങളില്‍ പെട്ടവരുമാണ്. അല്ലാഹുവിനെ സ്മരിക്കുവാന്‍ അവര്‍ ഒരുമിച്ചുകൂടിയിരിക്കുന്നു. അവര്‍ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുന്നു'' (ത്വബ്‌റാനി. ഇമാം അല്‍മുന്‍ദിരി ഹസനെന്ന് വിശേഷിപ്പിച്ചു. ഇമാം അല്‍ഹയ്ഥമി ഹദീഥിന്റെ നിവേദകര്‍വിശ്വസ്തരാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ''നിശ്ചയം, അല്ലാഹു അന്ത്യനാളില്‍ പറയും: എന്റെ മഹത്ത്വത്തില്‍ പരസ്പരം സ്‌നേഹിച്ചവര്‍ എവിടെ? ഇന്നു ഞാന്‍ അവര്‍ക്ക് എന്റെ തണല്‍ നല്‍കും, ഇന്ന് എന്റെ തണലല്ലാത്ത മറ്റൊരു തണലും ഇല്ല''(മുസ്‌ലിം).

 മുആദ് ഇബ്‌നുജബലി(റ)ല്‍നിന്ന് നിവേദനം; തിരുദൂതര്‍ ﷺ  പറയുന്നത് ഞാന്‍ കേട്ടു: ''അല്ലാഹു— പറഞ്ഞിരിക്കുന്നു: എന്റെ മഹത്ത്വത്തില്‍ പരസ്പരം സ്‌നേഹിച്ചവര്‍ക്ക് പ്രകാശംകൊണ്ടുള്ള മിമ്പറുകളുണ്ട്. നബിമാരും ശുഹദാക്കളും അവരിലേക്ക് ആഗ്രഹപൂര്‍വം ചെല്ലും'' (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

മുആദ് ഇബ്‌നുജബലി(റ)ല്‍നിന്ന് നിവേദനം; തിരുദൂതര്‍ ﷺ  പറഞ്ഞു: ''അല്ലാഹു– പറഞ്ഞു: എന്റെ മാര്‍ഗത്തില്‍ പരസ്പരം സ്‌നേഹിക്കുന്നവര്‍ക്കും എന്റെ മാര്‍ഗത്തില്‍ പരസ്പരം കൂടിയിരിക്കുന്നവര്‍ക്കും എന്റെ മാര്‍ഗത്തില്‍ പരസ്പരം സന്ദര്‍ശിക്കുന്നവര്‍ക്കും എന്റെ മാര്‍ഗത്തില്‍ പരസ്പരം ചെലവഴിക്കുന്നവര്‍ക്കും എന്റെ സ്‌നേഹം അനിവാര്യമായി''(അല്‍മുവത്ത്വഉ മാലിക്, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

സ്‌നേഹിക്കുവാനും സ്‌നേഹം തുറന്നുപറയുവാനും തിരുനബി ﷺ  കല്‍പിച്ചു. കേവല സ്‌നേഹ പ്രകടനം പോരെന്നും അത് തുറന്നറിയിക്കണമെന്നും പഠിപ്പിക്കപ്പെടുമ്പോള്‍ അതാണ് ബന്ധം സുദൃഢമാകുവാനും നിലനില്‍ക്കുവാനും കരണീയമെന്ന് അതിന്റെ പൊരുളായി അറിയിക്കുകകൂടി ചെയ്യുന്നു താഴെ നല്‍കുന്ന സംഭവം:

അനസ് ഇബ്‌നുമാലികി(റ)ല്‍നിന്ന് നിവേദനം: ''ഒരു വ്യക്തി തിരുനബി ﷺ യുടെ അരികിലൂടെ നടന്നു. നബിയുടെ അടുക്കല്‍ (അന്നേരം) ഒരു വ്യക്തി ഇരിക്കുന്നുണ്ടായിരുന്നു. അയാള്‍ പറഞ്ഞു: 'അല്ലാഹുവിന്റെ തിരുദൂതരേ, അല്ലാഹുവാണെ സത്യം! ഈ വ്യക്തിയെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ സ്‌നേഹിക്കുന്നു.' അപ്പോള്‍ തിരുദൂതര്‍ ﷺ  പറഞ്ഞു: 'അത് നിങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞുവോ?' അയാള്‍ പറഞ്ഞു: 'ഇല്ല.' നബി ﷺ  പറഞ്ഞു: 'താങ്കള്‍ എഴുന്നേറ്റ് അതു പറയുക. നിങ്ങള്‍ക്കിടയില്‍ സ്‌നേഹം സുദൃഢമാകും.' അപ്പോള്‍ അയാള്‍ എഴുന്നേറ്റ് അയാളോടു പറഞ്ഞു: 'നിശ്ചയം, ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ താങ്കളെ ഇഷ്ടപ്പെടുന്നു-അല്ലെങ്കില്‍ അല്ലാഹുവിനു വേണ്ടി ഞാന്‍ താങ്കളെ ഇഷ്ടപ്പെടുന്നു.' അപ്പോള്‍ അയാള്‍ പറഞ്ഞു: 'ഏതൊരുവന്റെ മാര്‍ഗത്തിലാണോ താങ്കള്‍ എന്നെ സ്‌നേഹിച്ചത് അവന്‍(അല്ലാഹു) താങ്കളെ ഇഷ്ടപ്പെടട്ടെ'' (മുസ്‌നദുഅഹ്മദ്, അര്‍നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

സ്‌നേഹിക്കുന്നതിന്റെ ചില ചരിത്ര മാതൃകകള്‍ ഇവി െടഉണര്‍ത്തല്‍ അനിവാര്യമാണ്. ഏതാനും സംഭവങ്ങള്‍ ഉദ്ധരിക്കാം:

''നബി ﷺ  ഒരു പകലില്‍ (യാത്ര) പുറപ്പെട്ടു. അദ്ദേഹം എന്നോടോ ഞാന്‍ അദ്ദേഹത്തോടോ സംസാരിക്കുന്നില്ല. അങ്ങനെ തിരുമേനി ബനൂക്വയ്‌നുക്വാഇന്റെ അങ്ങാടിയിലെത്തി. തിരുമേനി ഫാത്വിമ(റ)യുടെ വീട്ടുമുറ്റത്ത് ഇരുന്നു. തിരുമേനി ചോദിച്ചു: 'അവിടെ കുഞ്ഞുണ്ടോ? അവിടെ കുഞ്ഞുേണ്ടാ?' അപ്പോ ള്‍ ഫാത്വിമ(റ) കുട്ടിയെ കുറച്ചുനേരം പിടിച്ചുവെച്ചു. ഫാത്വിമ കുട്ടിയെ സുഗന്ധമാല ധരിപ്പിക്കുകയോ അല്ലെങ്കില്‍ കുളിപ്പിക്കുകയോ ആണെന്ന് ഞാന്‍ വിചാരിച്ചു. കുട്ടി വേഗതയില്‍ വന്നു. അങ്ങനെ തിരുമേനി കുട്ടിയെ അണച്ചുപൂട്ടുകയും ചുംബിക്കുകയും ചെയ്തു. നബി ﷺ  പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, ഈ കുഞ്ഞിനെ നീ ഇഷ്ടപ്പെടേണമേ. ഈ കുഞ്ഞിനെ ഇഷ്ടപ്പെടുന്നവരെയും നീ ഇഷ്ടപ്പെടേണമേ'' (ബുഖാരി).

ഉസാമ ഇബ്‌നുസെയ്ദി(റ)ല്‍നിന്ന് നിവേദനം: ''നബി ﷺ  അദ്ദേഹത്തെയും ഹസനെയും എടുക്കുമായിരുന്നു. തിരമേനി പറയും: 'അല്ലാഹുവേ, ഞാന്‍ ഇവര്‍ രണ്ടുപേരെയും ഇഷ്ടപ്പെടുന്നു. അതിനാല്‍ നീ ഇവരെ ഇഷ്ടപ്പെടേണമേ''(ബുഖാരി).

മുആദ് ഇബ്‌നു ജബലി(റ)ല്‍നിന്ന് നിവേദനം: ''അല്ലാഹുവിന്റെ റസൂല്‍ അദ്ദേഹത്തിന്റെ കൈപിടിച്ചു. തിരുമേനി പറഞ്ഞു: 'മുആദ്, അല്ലാഹുവാണേ സത്യം! നിശ്ചയം, ഞാന്‍ താങ്കളെ ഇഷ്ടപ്പെടുന്നു. ഞാന്‍ താങ്കളോട് വസ്വിയ്യത്ത് (ഉപദേശം) ചെയ്യുന്നു. മുആദ്, താങ്കള്‍ എല്ലാ നമസ്‌കാരത്തിനൊടുവിലും 'അല്ലാഹുവേ, നിന്നെ സ്മരിക്കുവാനും നിനക്ക് നന്ദിയര്‍പ്പിക്കുവാനും നിനക്കുള്ള ആരാധന നന്നാക്കുവാനും നീ എന്നെ സഹായിക്കേണമേ' എന്നു പറയുന്നത് ഉപേക്ഷിക്കരുത്'' (അല്‍അദബുല്‍മുഫ്‌റദ്, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

അബൂദര്‍റി(റ)നോട് അല്ലാഹുവിന്റെ തിരുദൂതന്‍ ﷺ  പറഞ്ഞതായി ഇപ്രകാരമുണ്ട്: ''അബൂദര്‍റ്, താങ്കളെ ഞാന്‍ ദുര്‍ലബനായി കാണുന്നു. എനിക്ക് ഞാന്‍ ഇഷ്ടപ്പെടുന്നത് താങ്കള്‍ക്കും ഞാന്‍ ഇഷ്ടപ്പെടുന്നു. താങ്കള്‍ രണ്ടാളുകളുടെ നേതൃപദവി ഏറ്റെടുക്കരുത്. യതീമിന്റെ ധനവും ഏറ്റെടുക്കരുത്'' (മുസ്‌ലിം).

അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഈ സ്‌നേഹം ഗുണകാംക്ഷാനിര്‍ഭരമായിരിക്കണം. ഒരു ഉത്തമ മാതൃക തല്‍വിഷയത്തിലുണ്ട്: അബൂദര്‍റ്(റ) ഒരിക്കല്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ എന്നെ ഗവര്‍ണറായി നിശ്ചയിക്കുന്നില്ലേ?' അപ്പോള്‍ തിരുമേനി ﷺ  തന്റെ കൈകൊണ്ട് എന്റെ ഇരുചുമലുകളിലും തട്ടി. ശേഷം തിരുമേനി പറഞ്ഞു: 'അബൂദര്‍റ്, താങ്കള്‍ ദുര്‍ബലനാണ്. നേതൃപദവിയാകട്ടെ അമാനത്താണ്. അത് അന്ത്യനാളില്‍ നിന്ദ്യതയും അപമാനവുമാണ്; നേതൃത്വം യഥാവിധം ഏറ്റെടുക്കുകയും അതില്‍ തന്റെ മേല്‍ ബാധ്യതയായത് നിര്‍വഹിക്കുകയും ചെയ്തവര്‍ക്കൊഴിച്ച്''(മുസ്‌ലിം).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്‌നേഹം പകരുന്നതിന്റെയും പ്രസ്തുത സ്‌നേഹത്താല്‍ സന്ദര്‍ശനം നടത്തുന്നതിന്റെയും മഹനീയ പ്രതിഫലവും ഫലവും അറിയിക്കുന്ന മറ്റൊരു സംഭവം അബൂഹുറയ്‌റ(റ)യില്‍ നിന്നും ഇപ്രകാരം നിവേദനമുണ്ട്. തിരുനബി ﷺ  പറഞ്ഞു:

''ഒരാള്‍ തന്റെ ഒരു സഹോദരനെ മറ്റൊരുനാട്ടില്‍ സന്ദര്‍ശിക്കുവാന്‍ പുറപ്പെട്ടു. അപ്പോള്‍ അല്ലാഹു അയാളുടെ വഴിയെ ഒരു മലക്കിനെ നിരീക്ഷിക്കാനായി അയാളിലേക്കു നിയോഗിച്ചു. മലക്ക് അയാളുടെ അടുക്കല്‍ എത്തിയപ്പോള്‍ ചോദിച്ചു: 'താങ്കള്‍ എവിടേക്കാണ് ഉദ്ദേശിക്കുന്നത്?' അയാള്‍ പറഞ്ഞു: 'ഈ നാട്ടില്‍ എന്റെ ഒരു സഹോദരനെ സന്ദര്‍ശിക്കുവാന്‍.' മലക്ക് ചോദിച്ചു: 'താങ്കള്‍ക്ക് ഉപകാരം ലഭിക്കുന്ന വല്ല അനുഗ്രഹവും താങ്കള്‍ക്കായി അയാളുടെ പക്കലുണ്ടോ?' സന്ദര്‍ശകന്‍ പറഞ്ഞു: 'ഇല്ല, എങ്കിലും ഞാന്‍ അയാളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇഷ്ടപ്പെടുന്നു.' മലക്ക് പറഞ്ഞു: 'ഞാന്‍ താങ്കളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു; താങ്കള്‍ അയാളെ ഇഷ്ടപ്പെട്ടതുപോലെ താങ്കളെ അല്ലാഹു ഇഷ്ടപ്പെട്ടിരിക്കുന്നു' (മുസ്‌ലിം).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ''എന്റെ ആത്മാവ് ആരുടെ കയ്യിലാണോ ആ അല്ലാഹുവാണെ സത്യം, നിങ്ങള്‍ വിശ്വാസികള്‍ ആകുന്നതുവരെ നിങ്ങളാരും സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല. നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുന്നതുവരെ നിങ്ങള്‍ വിശ്വാസികളാവുകയുമില്ല. നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ നിങ്ങള്‍ക്കു പരസ്പരം സ്‌നേഹിക്കാവുന്ന ഒരു സംഗതി ഞാന്‍ അറിയിച്ചുതരട്ടെയൊ? നിങ്ങള്‍ നിങ്ങള്‍ക്കിടയില്‍ സലാം വ്യാപിപ്പിക്കുക'' (മുസ്‌ലിം).

ആഇശ(റ)യില്‍നിന്ന് നിവേദനം; അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  പറഞ്ഞു: ''നിങ്ങള്‍ സമ്മാനങ്ങള്‍ കൈമാറുക, നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുക'' (അല്‍അദബുല്‍മുഫ്‌റദ്, അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).