ഹിന്ദുത്വത്തിന്റെ സംഘടിത രൂപം

ഡോ.സബീല്‍ പട്ടാമ്പി

2020 ഫെബ്രുവരി 29 1441 റജബ്‌ 05

(ഫാഷിസം: ചരിത്രം ആവര്‍ത്തിക്കുന്നുവോ?: 4)

1923ല്‍ സവര്‍ക്കറിന്റെ 'ഹിന്ദുത്വ' എന്ന പുസ്തകം ഇറങ്ങിയതിനെ തുടര്‍ന്ന്  'ഹിന്ദു രാഷ്ട്രം' എന്ന ലക്ഷ്യം നേടാന്‍ ഒരു സംഘടന ആവശ്യമാണെന്ന ഹിന്ദുത്വവാദികളുടെ ചിന്തയില്‍ നിന്നുണ്ടായ ഒന്നാണ് 'രാഷ്ട്രീയ സ്വയം സേവക് സംഘ്' അഥവാ ആര്‍.എസ്.എസ് എന്നത്. 1925ല്‍ ഡോ. ഹെഡ്‌ഗേവാറാണ് തന്റെ ഗുരുവായ ബി.എസ്.മൂഞ്ചെയുടെ നിര്‍ദേശപ്രകാരം ഈ സംഘടനക്ക് രൂപം കൊടുത്തത്. മുസ്‌ലിം ലീഗിനു ബദലായി ഒരു 'ഹിന്ദുത്വ ലീഗ്' എന്ന നിലക്കാണ് ആര്‍.എസ്.എസ് ഉണ്ടായത് എന്നും ചരിത്രം പരിശോധിച്ചാല്‍ കാണാം. എന്നാല്‍ മുസ്‌ലിം ലീഗിന്റെ രൂപീകരണ ലക്ഷ്യം ഒരിക്കലും ഹിന്ദുക്കള്‍ക്കെതിരെ തിരിയലായിരുന്നില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ മുസ്‌ലിംകളെ ബോധവല്‍ക്കരിക്കുകയും ഒന്നിപ്പിക്കുക്കയും ചെയ്യുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. മുസ്‌ലിം ലീഗ് കോണ്‍ഗ്രസ്സുമായി സഹകരിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ നിലകൊണ്ടപ്പോള്‍ ആര്‍.എസ്.എസ് സ്വാതന്ത്ര്യ സമര പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണു ചെയ്തത്. സ്വാതന്ത്ര്യ സമരത്തിന് ആവേശം കാണിച്ച ചില ഹിന്ദു യുവാക്കളെ ഹെഡ്‌ഗേവാര്‍ പിന്തിരിപ്പിക്കുകയും നിങ്ങള്‍ക്കെന്തുകൊണ്ട് നിങ്ങളുടെ പണവും ഊര്‍ജവും 'സംഘത്തിനു' വേണ്ടി ചെലവഴിച്ചുകൂടാ  എന്ന് അവരോട് ചോദിക്കുകയും ചെയ്തതായി ഹെഡ്‌ഗേ വാറിന്റെ ശിഷ്യനായ ഗോള്‍വാള്‍ക്കര്‍ എഴുതുന്നുണ്ട്. കാരണം അവരുടെ ഒന്നാമത്തെ ലക്ഷ്യം ബ്രിട്ടീഷുകാരെ തുടച്ച് നീക്കലായിരുന്നില്ല, മറിച്ച് മുസ്‌ലിം ക്രൈസ്തവ ഉന്മൂലനമായിരുന്നു.

ആര്‍.എസ്.എസിനു ഇന്ന് ഒരുപാട് പോഷക സംഘടനകളുണ്ട്. അതില്‍ പെട്ടതാണ് വിശ്വഹിന്ദു പരിഷത്, ബജ്‌റംഗ്ദള്‍ തുടങ്ങിയവ. ഇവരുടെ വിദ്യാര്‍ഥി സംഘടനയാണ് എ.ബി.വി.പി. ആര്‍.എസ്.എസ് നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയോ മത്സരിക്കുകയോ ചെയ്യാറില്ല. എന്നാല്‍ ആര്‍.എസ്.എസിന്റെ രാഷ്ട്രീയ രൂപമാണ് ബി.ജെ.പി. ആര്‍.എസ്.എസിന്റെ നയങ്ങള്‍ ബി.ജെ.പി നടപ്പിലാക്കുന്നു എന്ന് മാത്രം. ബി.ജെ.പിയുടെ മിക്ക നേതാക്കളും ആര്‍.എസ്.എസ് അംഗങ്ങളാണ് (ഇപ്പോഴത്തെ പ്രധാന മന്ത്രിയുള്‍പെടെ). മാതൃസംഘടനയായ ആര്‍.എസ്.എസിനെയും അതിന്റെ പോഷക സംഘടനകളെയും ചേര്‍ത്ത് മൊത്തത്തില്‍ വിളിക്കുന്ന പേരാണു 'സംഘപരിവാര്‍' (സംഘ കുടുംബം) എന്നത്.

ചെറുപ്പക്കാര്‍ക്കും യുവാക്കള്‍ക്കും മാനസിക, ശാരീരിക പരിശീലനങ്ങള്‍ നല്‍കുവാനായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 'ശാഖകള്‍' ഉണ്ട്. 1925ല്‍ കേവലം 100 പേരെകൊണ്ട് തുടങ്ങിയ ആര്‍.എസ്.എസിനു 2016ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ 56,859 ശാഖകളും 70 ലക്ഷത്തോളം സന്നദ്ധ പ്രവര്‍ത്തകരുമുണ്ട്.

1925 മുതല്‍ ഇതുവരെ ആര്‍.എസ്.എസ് 4 തവണ നിരോധിക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തെത് സ്വാതന്ത്ര്യത്തിനു (1930-40) മുമ്പായിരുന്നു. ഗാന്ധിജിയെ വധിച്ചപ്പോള്‍ (1948) രണ്ടാമതും. അടിയന്തരാവസ്ഥ കാലത്ത് (1975) മൂന്നാം തവണയും ബാബരി മസ്ജിദ് തകര്‍ത്തത്തിന്റെ പേരില്‍ (1992) നാലാം തവണയും നിരോധിക്കപ്പെട്ടു.

ഹിറ്റ്‌ലറോടും മുസ്സോളിനിയുമോടുള്ള ആര്‍.എസ്.എസിന്റെ പ്രേമം

സംഘം രൂപപ്പെട്ടതിന്റെ ഒന്നാം തീയതി മുതല്‍ തന്നെ ഹിറ്റ്‌ലറോടും മുസ്സോളിനിയോടുമുള്ള അടങ്ങാത്ത പ്രേമം അവരുടെ ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും കാണാം. ഹിറ്റ്‌ലറും മുസ്സോളിനിയും ജര്‍മനിയിലും ഇറ്റലിയിലും ചെയ്തത് വലിയ കാര്യമാണെന്നും സംഘം അവരെ മാതൃകയാക്കണമെ ന്നുമാണിവര്‍ അനുയായികളോട് പറയുന്നത്. ഈ പ്രേമബന്ധത്തിനുള്ള ചില തെളിവുകള്‍ കാണാം:

ഒന്ന്: ലോകത്തുള്ള വിവിധ തീവ്രവാദ സംഘടനകളുടെ വിവരങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ Encyclopedia of Modern Worldwide Etxremists and Etxremist Groups എന്ന ഗ്രന്ഥത്തില്‍ RSS എന്ന തലക്കെട്ടിന്റെ കീഴില്‍ എഴുതുന്നത് കാണുക:"...Inspiration for this new group came from the Italian fascist patry with its uniform and mass demonstrations. British authorities soon banned RSS because of its militant activities and the group went underground. During World War 2, leaders of RSS were open admirers of Adolf Hitler ....(contd)"

''...ഈ സംഘടനക്കുള്ള പ്രചോദനം കിട്ടിയത് ഇറ്റലിയിലെ ഫാഷിസ്റ്റ് പാര്‍ട്ടിയില്‍ നിന്നാണ്. അതിന്റെ യുണിഫോമിന്റെ കാര്യത്തിലും പ്രകടനത്തിന്റെ കാര്യത്തിലും. ഇതിന്റെ മിലിറ്ററി രൂപം കണ്ടപ്പോള്‍ അന്നു തന്നെ ബ്രിട്ടീഷുകാര്‍ ആര്‍.എസ്.എസിനെ നിരോധിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോയി. രണ്ടാം ലോകമഹായുദ്ധ കാലത്ത് ആര്‍.എസ്.എസ് ഹിറ്റ്‌ലറുടെ ഭക്തരായിരുന്നു...''

Encyclopedia of Modern World wide Etxremists and Etxremist Groups എന്ന ഗ്രന്ഥം, പേജ് 264)

രണ്ട്: ആര്‍.എസ്.എസിന്റെ രണ്ടാമത്തെ സര്‍സംഘ് ചാലക് ആയിരുന്ന ഗോള്‍വാള്‍ക്കര്‍ പറയുന്നു: ''വംശശുദ്ധിയും സംസ്‌കാര ശുദ്ധിയും നിലനിര്‍ത്തുന്നതിനു വേണ്ടി ജര്‍മനി അതിലെ സെമിറ്റിക് വിഭാഗങ്ങളെ അഥവവ ജൂതന്മാരെ ലോകത്തെ ഞെട്ടിക്കും വിധം തുടച്ചുനീക്കി. വംശാഭിമാനം അതിന്റെ ഉന്നത രൂപത്തില്‍ ഇവിടെ നാം കാണുന്നു. വ്യത്യസ്ത വേരുകളുള്ള സംസ്‌കാരങ്ങള്‍ക്കും വംശങ്ങള്‍ക്കും ഒരുമിച്ച് നിലനില്‍ക്കാന്‍ കഴിയില്ല എന്നത് ജര്‍മനി നമുക്ക് കാണിച്ച് തന്നു. ഹിന്ദുസ്ഥാനിനു ഇതില്‍ നിന്ന് വലിയ പാഠങ്ങള്‍ പഠിക്കാനുണ്ട്'' (ഗോള്‍വാള്‍ക്കറിന്റെ 1939ല്‍ പ്രസിദ്ധീകരിച്ച We or Our Nationhood defined എന്ന പുസ്തകത്തില്‍ നിന്ന്).

മൂന്ന്: സവര്‍ക്കര്‍ പറയുന്നത് കാണുക: ''നാസിസം ജര്‍മനിയുടെ രക്ഷകനാണെന്ന് തെളിയിച്ചു തരുന്നു'' (സവര്‍ക്കറിന്റെ 1949ല്‍ പ്രസിദ്ധീകരിച്ച'ഹിന്ദു രാഷ്ട്ര ദര്‍ശന്‍ (ഹിന്ദു രാഷ്ട്ര വീക്ഷണം) എന്ന പുസ്തകത്തില്‍ നിന്ന്).

ഇറ്റലിയില്‍ പോയി മുസ്സോളിനിയെ നേരിട്ട് കണ്ട് ശിഷ്യത്വം സ്വീകരിക്കുന്നു!

ഈ ഫാഷിസ്റ്റ് പ്രേമം ചെറുതൊന്നുമല്ല. മുസ്സോളിനി ഇറ്റലിയില്‍ ഫാഷിസ സംവിധാനം തുടങ്ങിയ കാലത്ത് തന്നെ അദ്ദേഹത്തില്‍ നിന്ന് നേരിട്ട് ഫാഷിസം പഠിക്കാന്‍ ഇന്ത്യയില്‍ നിന്ന് ഒരാള്‍ പോയിട്ടുണ്ട്. മറ്റാരുമല്ല ആര്‍.എസ്.എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിന്റെ ഗുരുവായ ബി.എസ്.മൂഞ്ചെ(B.S. Moonje). ഈ സംഭവം നടന്നത് 1931ലാണ്. മൂഞ്ചെ തന്നെ ഇക്കാര്യം തന്റെ ഡയറിയില്‍ കുറിച്ചിട്ടിട്ടുണ്ട്. 1931, മാര്‍ച്ച് 19, ഉച്ചതിരിഞ്ഞ് 3 മണിക്ക് താന്‍ മുസ്സോളിനിയെ ഫാഷിസ്റ്റ് പാര്‍ട്ടിയുടെ ഇറ്റലിയിലെ ഹെഡ് ഓഫീസില്‍ വെച്ച് കണ്ടു എന്ന് അടുത്ത ദിവസം (മാര്‍ച്ച് 20) എഴുതിയ കുറിപ്പില്‍ എഴുതിയത് കാണാം, തുടര്‍ന്നുള്ള കാര്യങ്ങള്‍ മൂഞ്ചെ തന്നെ ഡയറിയില്‍ എഴുതുന്നു:

''...ഞാന്‍ അദ്ദേഹത്തിനു (മുസ്സോളിനിക്ക്) കൈ കൊടുത്തുകൊണ്ട് ഞാന്‍ ഇന്ത്യയില്‍ നിന്നുള്ള ഡോ. മൂഞ്ചെ ആണെന്ന് പരിചയപ്പെടുത്തി. അദ്ദേഹത്തിന് എന്നെക്കുറിച്ച് അറിയാമെന്നും ഇന്ത്യയിലെ സ്വാതന്ത്ര്യ സമരങ്ങളെ കുറിച്ചൊക്കെ ഞാന്‍ അറിയുന്നുണ്ടെന്നും പറഞ്ഞു. അദ്ദേഹം എന്നോട് യുണിവേഴ്‌സിറ്റി സന്ദര്‍ശിച്ചോ എന്ന് ചോദിച്ചു. ഞാന്‍ ബ്രിട്ടണിലെയും ജര്‍മനിയിലെയും ഫ്രാന്‍സിലെയും സൈനിക കാമ്പുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അതേ ഉദ്ദേശത്തിലാണ് ഇവിടെയും വന്നതെന്നും ഇവിടെയുള്ള ആളുകള്‍ എന്നെ നല്ല രീതിയില്‍ സ്വീകരിക്കുന്നുവെന്നും സൗകര്യങ്ങള്‍ ചെയ്ത് തന്നിട്ടുണ്ടെന്നും ഞാന്‍ പറഞ്ഞു. ഇന്ന് രാവിലെ ഞാന്‍ നിങ്ങളുടെ ഫാഷിസ്റ്റ് സൈന്യത്തെ കണ്ടിരുന്നു. ഞാന്‍ അതില്‍ വളരെ ആകൃഷ്ടനാണ്. ഇറ്റലിയുടെ വളര്‍ച്ചക്ക് അവരെ ആവശ്യമാണ്. അവരെ (ഫാഷ്‌സിസ്റ്റ് സൈന്യം) കുറിച്ചും താങ്കളെ കുറിച്ചും ഞാന്‍ പത്രങ്ങളിലൊക്കെ ധാരാളം വായിച്ചറിഞ്ഞിട്ടുണ്ട്. മുസ്സോളിനി എന്നോട് ചോദിച്ചു: 'അവരെ (സൈന്യത്തെ) പറ്റി എന്താണ് താങ്കളുടെ അഭിപ്രായം?'

ഞാന്‍ പറഞ്ഞു: 'ഞാന്‍ വളരെ സംതൃപ്തനാണ്. ഇറ്റലിക്ക് അവരെ ആവശ്യമാണ്.

ഇത് കേട്ട മുസ്സോളിനിയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞു: 'പക്ഷേ, നിങ്ങളുടെ ദൗത്യം (ഇന്ത്യയിലേത്) വളരെ ശ്രമകരമാണ്. എന്നാലും ഞാന്‍ എല്ലാ ആശംസകളും നേരുന്നു.' ഇത്രയും പറഞ്ഞു ചര്‍ച്ച അവസാനിപ്പിച്ച് മുസ്സോളിനി പോകാന്‍ എഴുന്നേറ്റു. ഞാനും എഴുന്നേറ്റു''

(ഈ കാര്യങ്ങള്‍ മൂഞ്ചെ തന്റെ ഡയറിയില്‍ എഴുതിയതാണ്. ഈ ഡയറിയുടെ കോപ്പി ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ലൈബ്രറിയില്‍ ലഭ്യമാണ്. ഇന്ത്യന്‍ പൊളിറ്റിക്‌സ് വിഷയത്തില്‍ ഗവേഷണം നടത്തിയ ഇറ്റലിക്കാരിയായ  Marzia Casolari AhcpsS Hindutva's foreign tieups in 1930's Archival Evidences  എന്ന പുസ്തകത്തില്‍ ആര്‍.എസ്.എസും ഫാഷിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകള്‍ ഉദ്ധരിക്കുന്നുണ്ട്. അതില്‍ മൂഞ്ചെയുടെ ഈ സംഭാഷണം എടുത്ത് കൊടുക്കുന്നുണ്ട്).

ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ ജൂതന്മാരോട് ചെയ്തതിനെ സവര്‍ക്കര്‍ ന്യായീകരിക്കാറുണ്ടായിരുന്നു. 1938 ഒക്‌റ്റോബര്‍ 1ന് സവര്‍ക്കര്‍ പറഞ്ഞു:

''ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ ജൂതന്മാരോട് ചെയ്തത് തന്നെയാണു മുസ്‌ലിംകളുടെ കാര്യത്തില്‍ ഇന്ത്യയില്‍ നമുക്കും ചെയ്യാനുള്ളത്'' (Indian annual register, JulyDec. 1939, Volume 2, page 329, Culcutta).

ആര്‍.എസ്.എസുകാര്‍ സ്വാമി വിവേകാനന്ദന്റെ ഉപദേശം കേള്‍ക്കുമോ?

''...നമ്മുടെ മാതൃരാജ്യം രണ്ട് ചിന്താധാരകളുടെ സംഗമഭൂമിയാണു ഹിന്ദുമതവും ഇസ്‌ലാമും. വേദാന്തം (ഇന്ത്യയുടെ) തലയാണെങ്കില്‍ ഇസ്‌ലാം അതിന്റെ ശരീരമാണ്. ഇപ്പോഴുള്ള ഈ അശാന്തികളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും ഇന്ത്യ പ്രതാപത്തിലേക്ക് ഉയര്‍ന്ന് വരുമെന്ന് എന്റെ മനസ്സ് പറയുന്നു, വേദാന്തം തലയും ഇസ്‌ലാം ശരീരവുമാണെങ്കില്‍'' (Quoted from: Complete Works of Swami Vivekananda, Volume 6, Epistles)