സാമൂഹ്യമാധ്യമങ്ങളും നീതിബോധവും

നബീല്‍ പയ്യോളി

2020 ഒക്ടോബര്‍ 31 1442 റബിഉല്‍ അവ്വല്‍ 13

ആധുനിക ലോകത്ത് സാമൂഹ്യമാധ്യമങ്ങള്‍ യുദ്ധഭൂമികളാണ്; അക്ഷരങ്ങളും വാക്കുകളുമാണ് ആയുധങ്ങള്‍. അതുണ്ടാക്കുന്ന മുറിവുകള്‍ ചില്ലറയൊന്നുമല്ല. വ്യക്തമായ നിയമനിര്‍മാണത്തിലൂടെയും ബോധവല്‍ക്കരണത്തിലൂടെയും മാത്രമെ ഇതിനെ നിയന്ത്രിക്കാന്‍ കഴിയൂ.

പോയവാരങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളെ ചുറ്റിപ്പറ്റിയുള്ള ധാരാളം വിവാദങ്ങള്‍ ഉണ്ടായി. ആധുനിക ലോകത്ത് സാമൂഹ്യമാധ്യമങ്ങള്‍ യുദ്ധഭൂമികളാണ്; അക്ഷരങ്ങളും വാക്കുകളുമാണ് ആയുധങ്ങള്‍. അതുണ്ടാക്കുന്ന മുറിവുകള്‍ ചില്ലറയൊന്നുമല്ല. എതിരാളികളെ തകര്‍ക്കാനും ഇല്ലായ്മ ചെയ്യാനും പണമോ അധ്വാനമോ  ചെലവില്ല, സൈബര്‍ പോരാളികള്‍ അത് ഭംഗിയായി നിര്‍വഹിക്കുന്നു. മതപരം, രാഷ്ട്രീയം, സാമൂഹികം, സാംസ്‌കാരികം തുടങ്ങി മനുഷ്യന്‍ ഇടപെടുന്ന ഏതു മേഖലകളിലും സൈബര്‍ വെട്ടുകിളികളുടെ ആക്രമങ്ങള്‍ അതിക്രൂരമാണ്.

ആധുനിക കാലത്തിന്റെ കണ്ണാടിയാണ് സോഷ്യല്‍ മീഡിയ. നിലപാടുകള്‍ രൂപീകരിക്കുന്നതില്‍ വലിയ പങ്ക് ഇന്ന് സാമൂഹ്യമാധ്യമങ്ങള്‍ക്കുണ്ട്. ഏത് സാധാരണക്കാരനും സാമൂഹ്യമാധ്യമങ്ങളുമായി ബന്ധിതനാണ്. നമ്മുടെ ചിന്തയെയും പ്രവര്‍ത്തനങ്ങളെയും നിലപാടുകളെയും സോഷ്യല്‍ മീഡിയകള്‍ വലിയതോതില്‍ സ്വാധീനിക്കുന്നു. കൊറോണ നമ്മെ വീട്ടകങ്ങളില്‍ തളച്ചിട്ടെങ്കിലും കയ്യിലുള്ള മൊബൈലും ഇന്റര്‍നെറ്റും ലോകം മുഴുവന്‍ ചെന്നെത്താന്‍ നമ്മെ സഹായിച്ചു. ഓണ്‍ലൈനിലാണ് എല്ലാവരുമിപ്പോള്‍. അത് വലിയ സാമൂഹിക, വൈയക്തിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്.

സാമൂഹ്യമാധ്യമങ്ങളും നമ്മളോരോരുത്തരും തമ്മിലും അഭേദ്യമായ ബന്ധമുണ്ട്. അത് നമ്മുടെ ജീവിതത്തിന്റെ അനിവാര്യമായ ഘടകമായി മാറിക്കഴിഞ്ഞു. സാധാരണക്കാര്‍ മുതല്‍ ഭരണാധികാരികള്‍ വരെ തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്ന ഇടങ്ങളായി സാമൂഹ്യമാധ്യമങ്ങള്‍ മാറിയത് അടുത്തകാലത്താണ്. സോഷ്യല്‍ മീഡിയ സോഷ്യല്‍ ഓഡിറ്റിംഗിന്റെ നല്ലൊരു ഉപകരണം കൂടിയാണ്. ജനപ്രതിനിധികളും ഉദേ്യാഗസ്ഥരും ഭരണാധികാരികളും തെറ്റുചെയ്താലും അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന പ്രബന്ധങ്ങള്‍ തിരുത്താനും സോഷ്യല്‍ മീഡിയക്ക് പലപ്പോഴും സാധിച്ചിട്ടുണ്ട്. സര്‍ക്കാരുകള്‍ എടുത്ത തെറ്റായ തീരുമാനങ്ങളും നിലപാടുകളും തിരുത്താനും ഇത്തരം ഇടപെടലുകള്‍ സഹായകമായിട്ടുണ്ട് എന്നത് സന്തോഷകരമാണ്. ഇത്തരം ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുക എന്നത് ജനാധിപത്യത്തെ സക്രിയമാക്കാനും ജനപ്രതിനിധികളെയും ഉദേ്യാഗസ്ഥരെയും ഭരണകൂടത്തെയും കൂടുതല്‍ ജാഗരൂകരും ഉത്തരവാദിത്തമുള്ളവരും ആക്കിത്തീര്‍ക്കാനും കാരണമായിട്ടുണ്ട്.

എന്നാല്‍ ഇരുതലമൂര്‍ച്ചയുള്ള ആയുധം എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങള്‍ അനഭിലഷണീയ പ്രവണതകളുടെ കേദാരം കൂടിയാണ് എന്നു കാണാം. സക്രിയമായ ആശയസംവാദങ്ങ ള്‍ക്കപ്പുറം അന്യനെ അപരവല്‍ക്കരിക്കാനും ഇല്ലാതാക്കാനും വ്യക്തിഹത്യ നടത്താനും സ്വാര്‍ഥ താല്‍പര്യക്കാര്‍ ഇന്ന് സോഷ്യല്‍ മീഡിയയെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.

പോയ വാരങ്ങളില്‍ കേരളം ചര്‍ച്ചചെയ്ത സാമൂഹ്യമാധ്യമങ്ങളിലെ അധാര്‍മിക ഇടപെടലുകള്‍ ഗൗരവത്തോടെ നോക്കിക്കാണേണ്ടതു തന്നെയാണ്. തങ്ങള്‍ക്കെതിരെ അഭിപ്രായം പറയുന്ന, വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തുകയും അശ്ലീല പോസ്റ്റുകള്‍ ഇടുകയും ചെയ്തത്, തന്റെ യൂട്യൂബ് ചാനലില്‍ അശ്ലീലം കലര്‍ന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്ത യൂട്യൂബറെ കയ്യേറ്റം ചെയ്തത്, മന്ത്രി കെ.ടി ജലീല്‍ പ്രവാസിയെ ഡീപോര്‍ട് ചെയ്യാന്‍ നീക്കങ്ങള്‍ നടത്തി എന്ന വിവാദത്തിലെ പ്രവാസിയുടെ കമന്റ് തുടങ്ങിയവയില്‍ പ്രതിയോഗികളെ നേരിടാന്‍ വളരെ മോശമായ ശൈലി ഉപയോഗിക്കുന്ന പ്രവണതയാണ് നാം കണ്ടത്.

ആശയസംവാദത്തില്‍ തങ്ങളുടെ ന്യായങ്ങള്‍ അവതരിപ്പിക്കുന്നതിനും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും പകരം കേട്ടാലറക്കുന്ന അശ്ലീലവും തെറിയഭിഷേകങ്ങളും നടത്തി സ്വയം സായൂജ്യമടയുന്ന മാനസികാവസ്ഥയിലേക്ക് ആളുകള്‍ അധഃപതിക്കുന്നുവോ? ധാര്‍മികത എന്നത് സാമൂഹ്യമാധ്യമങ്ങളില്‍ അന്യമാകുന്നു എന്നത് ഗൗരവതരമായ കാര്യമാണ്. തങ്ങളുടെ കാഴ്ചപ്പാടുകളും നിലപാടുകളും ആര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കാനും അത് സമര്‍ഥിക്കാനും ശ്രമിക്കുന്നതിന് പകരം അധാര്‍മിക മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ഇത്തരം ആളുകളുടെ വ്യക്തിത്വത്തെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. അവരുടെ മാനസികാവസ്ഥയാണ് ഇത്തരം പ്രയോഗങ്ങളിലൂടെയും ഇടപെടലുകളിലൂടെയും അനാവരണം ചെയ്യപ്പെടുന്നത്. സ്വന്തത്തെ വികൃതമാക്കുന്ന ഇത്തരം ഇടപെടലുകളില്‍ നിന്ന് മാറിനില്‍ക്കാനുള്ള വിവേകം ഇക്കൂട്ടര്‍ക്ക് ഇനിയെങ്കിലും ഉണ്ടാവണം.

സാമൂഹ്യമാധ്യമങ്ങള്‍ ആധുനിക ലോകത്തെ ഏറ്റവും വലിയ ആശയവിനിമയ മാധ്യമമാണ്. അതുകൊണ്ട് തന്നെ അതിന്റെ അനന്തസാധ്യതകളെ ഉപയോഗിക്കാന്‍ എല്ലാവരും പരമാവധി ശ്രമിക്കുന്നുണ്ട്. ശക്തമായ ആശയസംവാദങ്ങള്‍ നടക്കട്ടെ, അത് നല്ല നാളെയുടെ പ്രതീക്ഷകൂടിയാണ്. എന്നാല്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ അതിലംഘിക്കുന്ന പ്രവണത ഒരിക്കലും ഉണ്ടാകാവതല്ല. ഉന്നത സംസ്‌കാരത്തിന്റെ ഉടമകളായ മലയാളി സമൂഹം ഇത്തരം അനാരോഗ്യ പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ നിയമപാലകരും ഭരണാധികാരികളും തയ്യാറാവുക. എങ്കില്‍ ഇത്തരക്കാരെ ഒരു പരിധിവരെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കും.

മറ്റൊരു തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ് നാം. കഴിഞ്ഞ രണ്ട് പാര്‍ലിമെന്റ് ഇലക്ഷനുകളിലും സംഘപരിവാര്‍ ഐടി സെല്‍ പുറത്തുവിട്ട വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുകയും അതുവഴി തങ്ങള്‍ക്കനുകൂലമായ ഒരു പൊതുബോധം സൃഷ്ടിക്കാന്‍ അവര്‍ ശ്രമിച്ചിക്കുകയും ചെയ്തിട്ടുണ്ട്. ഇത് തികച്ചും അനാരോഗ്യകരമായ പ്രവണതയാണ്. കള്ളങ്ങള്‍ക്ക് മുകളില്‍ പണിയുന്ന സൗധങ്ങള്‍ക്ക് അല്‍പായുസ്സ് മാത്രമേയുണ്ടാവൂ. ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുമ്പോള്‍ പ്രബുദ്ധ കേരളത്തെയും ഈ മാലിന്യങ്ങള്‍ മൂടുന്ന അവസ്ഥ ഉണ്ടാകരുത്. രാഷ്ട്രീയ കാഴ്ചപ്പാടും നിലപാടുകളും ഉള്ളവരാണ് മലയാളികള്‍. അതുകൊണ്ട് തന്നെ ഇത്തരം ഊഹാപോഹങ്ങളും കള്ളവാര്‍ത്തകളും തങ്ങളുടെ നിലപാടുകളെ സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പാക്കണം.

കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതുവില്‍ സൈബര്‍ ഇടങ്ങളിലെ അനാരോഗ്യ പ്രവണതകളെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇത് ആത്മാര്‍ഥമായി നടപ്പിലാക്കാനും തങ്ങളുടെ അണികളെ അത് ബോധ്യപ്പെടുത്താനും ബോധപൂര്‍വമായ ഇടപെടലുകള്‍ ഉണ്ടാവണം. എല്ലാ സംഘങ്ങള്‍ക്കും ഔദേ്യാഗിക ഐടി സംവിധാനങ്ങള്‍ ഉണ്ട്. അത് മാത്രം ഉപയോഗപ്പെടുത്തിയാവണം നിലപാടുകള്‍ സമൂഹത്തിന് കൈമാറേണ്ടത്. സുചിന്തിതവും ക്രിയാത്മകവുമായ ഇടപെടലാണ് അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. കരുതലോടെ, വൈകാരികതകളെ പാടെ മാറ്റിനിര്‍ത്തി തികച്ചും വിവേകപൂര്‍ണമായ ഇടപെടലുകള്‍ മാത്രമെ ഉത്തരവാദപ്പെട്ട സംഘടനകളില്‍നിന്നും ഉണ്ടാവാന്‍ പാടുള്ളൂ.

സ്വയം പടച്ചട്ടയണിഞ്ഞ സൈബര്‍ പോരാളിയാണ് സംഘടനകളുടെ ഔദേ്യാഗിക വക്താവ് എന്ന നിലയാണുള്ളത്. അവര്‍ കാണിക്കുന്ന അരുതായ്മക്ക് മറുപടി നല്‍കാനാവാതെ നേതൃത്വങ്ങള്‍ വിയര്‍ക്കുന്നത് കാണാം; അവസാനം അവരെ തള്ളിപ്പറയുന്ന അവസ്ഥയും. സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ തങ്ങളുടെ സമയവും അധ്വാനവും ചിന്തയുമെല്ലാം താന്‍ പ്രതിനിധാനം ചെയ്യുന്ന ആശയധാരക്ക് മൂതല്‍ക്കൂട്ടാവുന്നവിധം ഉപയോഗപ്പെടുത്തണം. അന്യരെ അവഹേളിക്കലും അപമാനിക്കലുമാകരുത് ലക്ഷ്യം.

സൈബര്‍ ഇടങ്ങളില്‍ തമ്മില്‍തല്ലി ആയുസ്സ് തീര്‍ക്കുന്ന അവിവേകികളായി സൈബര്‍ ആക്ടിവിസ്റ്റുകള്‍ മാറരുത്. നാടിന്റെ സമാധാനവും സംസ്‌കാരവും കളഞ്ഞുകുളിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന അല്‍പന്മാര്‍ക്ക് മരുന്നിട്ട് കൊടുക്കുന്ന പ്രവണത ആരില്‍നിന്നും ഉണ്ടായിക്കൂടാ. അനീതിയോട് പൊരുതുമ്പോള്‍ നീതിയിലധിഷ്ഠിതമായ പോരാട്ടമാവണം നമ്മില്‍ നിന്നും ഉണ്ടാവേണ്ടത്. ലക്ഷ്യം മാത്രം നന്നായാല്‍ പോരാ അതിനവലംബിക്കുന്ന മാര്‍ഗവും നന്നാവേണ്ടത് അനിവാര്യമാണ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ അനീതിയുടെ കറപുരളുന്നത് നീതിയുടെ ശോഭകെടുത്തും. അത് ഒരിക്കലും ഉണ്ടാകാവതല്ല. അധര്‍മത്തിനും അനീതിക്കും അന്യായങ്ങള്‍ക്കുമെതിരില്‍ പൊരുതുമ്പോള്‍ ധര്‍മവും നീതിയും ന്യായവുമാണ് നമ്മെ നയിക്കേണ്ടത്. അല്ലെങ്കില്‍ നമ്മുടെ ശ്രമങ്ങള്‍ പാഴ്‌വേലകളായി മാറും. ജാഗ്രത കൈവിടാതെ മുന്നേറാന്‍ നമുക്ക് കണ്ണും കാതും മനസ്സും ഒരുപോലെ വിവേകത്തോടെ ഉപയോഗപ്പെടുത്താം.