അവധാനത
അബ്ദുല്‍ ജബ്ബാര്‍ മദീനി
2020 ഫെബ്രുവരി 22 1441 ജുമാദല്‍ ആഖിറ 23
(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 5)
ധൃതി വെടിയലും സാവകാശം കൈക്കൊള്ളലും കാര്യങ്ങള്‍ അവധാനതയോടെ ഉറപ്പാക്കലും തീര്‍പ്പാക്കലും നിയന്ത്രിക്കലും സല്‍സ്വഭാവങ്ങളില്‍ പെട്ടതാണ്. ഒരു വ്യക്തിയുടെ മികച്ച ബുദ്ധിയും ഹൃദയസമാധാനവുമാണ് അയാളുടെ അവധാനത വിളിച്ചറിയിക്കുന്നത്. വഴികേടില്‍ നിന്നും തെറ്റുകളില്‍നിന്നും ദുര്‍ഗുണങ്ങളില്‍ നിന്നും പൈശാചിക തന്ത്രങ്ങള്‍, ആധിപത്യം എന്നിവയില്‍ നിന്നും അത് മനുഷ്യനെ സംരക്ഷിക്കും. അല്ലാഹുവിന്റെ പ്രീതിയും ഇഷ്ടവും അത് മനുഷ്യന് നേടിക്കൊടുക്കുകയും ചെയ്യും.
അബ്ദുല്‍ക്വയ്‌സ് ഗോത്രത്തിലെ അശജ്ജിനോട് തിരുദൂതര്‍ ﷺ പറഞ്ഞു:
''താങ്കളില്‍ രണ്ട് സ്വഭാവങ്ങളുണ്ട്. അവരണ്ടും അല്ലാഹു ഇഷ്ടപ്പെടുന്നു. വിവേകവും അവധാനതയും''(മുസ്‌ലിം). അനസി(റ)ല്‍നിന്ന് നിവേദനം:
''സാവകാശം അല്ലാഹുവില്‍ നിന്നാണ്. ധൃതി പിശാചില്‍ നിന്നുമാണ്'' (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).
സാവകാശം അല്ലാഹുവില്‍ നിന്നാണ് എന്നു പറഞ്ഞാല്‍ അവന്‍ ഇഷ്ടപ്പെടുകയും പ്രതിഫലമേകുകയും ചെയ്യുന്ന കാര്യമാണത് എന്നാണ്. ധൃതി പിശാചില്‍ നിന്നാണ് എന്നാല്‍ വസ്‌വാസിലൂടെ ധൃതി കാണിക്കുവാന്‍ പ്രേരണയേകുന്നത് പിശാചാണെന്നാണ്; കാരണം ധൃതി കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും പര്യവസാനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനും തടയിടുന്നു.
അബൂസഈദില്‍ഖുദ്‌രി(റ)യില്‍ നിന്ന് നിവേദനം: ''സാവകാശം എല്ലാ വിഷയത്തിലും ഉത്തമമാണ്. പരലോകത്തിനായുള്ള കര്‍മങ്ങളിലൊഴികെ'' (സുനനു അബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).
വാര്‍ത്തകള്‍ വരുമ്പോഴും കേര്‍ക്കുമ്പോഴും അവധാനത കാണിക്കലും ഉറപ്പാക്കലും സ്ഥിരീകരിക്കലും വിശ്വാസിയുടെ ബാധ്യതയാണ്. അല്ലാഹു പറയുന്നു:
''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിനു പോയാല്‍ (ശത്രു ആരെന്നും മിത്രം ആരെന്നും) നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം. നിങ്ങള്‍ക്ക് സലാം അര്‍പ്പിച്ചവനോട് നീ വിശ്വാസിയല്ല എന്ന് നിങ്ങള്‍ പറയരുത്. ഇഹലോക ജീവിതത്തിലെ നേട്ടം കൊതിച്ചുകൊണ്ടാണ് (നിങ്ങളങ്ങനെ പറയുന്നത്). എന്നാല്‍ നേടിയെടുക്കാവുന്ന ധാരാളം സ്വത്തുകള്‍ അല്ലാഹുവിന്റെ അടുക്കലുണ്ട്. മുമ്പ് നിങ്ങളും അത് പോലെ (അവിശ്വാസത്തില്‍) ആയിരുന്നല്ലോ. അനന്തരം അല്ലാഹു നിങ്ങള്‍ക്ക് അനുഗ്രഹം ചെയ്തു. അതിനാല്‍ നിങ്ങള്‍ (കാര്യങ്ങള്‍) വ്യക്തമായി (അന്വേഷിച്ച്) മനസ്സിലാക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 4:94).
''സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയുംകൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തു വരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കുവാന്‍ വേണ്ടി'' (ക്വുര്‍ആന്‍ 49:06).
നമസ്‌കാരത്തിലേക്ക് പോകുമ്പോള്‍ സാവകാശവും സമാധാനവും പാലിക്കല്‍ കല്‍പിക്കപ്പെട്ട കാര്യമാണ്. ധൃതിയും തിരക്കുകൂട്ടലും വിരോധിക്കപ്പെട്ടതുമാണ്. അബൂക്വത്വാദ(റ) പറയുന്നു:
''നബിയോടൊപ്പം ഞങ്ങള്‍ നമസ്‌കരിച്ചുകൊണ്ടിരിക്കവെ ആളുകളുടെ കോലാഹലം നബി ﷺ കേട്ടു. നബി ﷺ നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ചോദിച്ചു: 'നിങ്ങളുടെ കാര്യം എന്താണ്?' അവര്‍ പ്രതികരിച്ചു: 'നമസ്‌കാരത്തിലേക്ക് ധൃതികാണിച്ചതാണ്.' തിരുമേനി ﷺ പറഞ്ഞു: 'നിങ്ങള്‍ ധൃതി കാണിക്കരുത്. നിങ്ങള്‍ നമസ്‌കാരത്തിലേക്ക് വരികയായാല്‍ നിങ്ങളില്‍ സമാധാനമുണ്ടാകണം. നിങ്ങള്‍ക്ക് ലഭിച്ചത് നിങ്ങള്‍ നമസ്‌കരിക്കുക. നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് നിങ്ങള്‍ പൂര്‍ത്തിയാക്കുക''(മുസ്‌നദു അഹ്മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).
അബൂഹുറയ്‌റ(റ) പറയുന്നു: ''നിങ്ങള്‍ ഇക്വാമത്ത് കേട്ടാല്‍ സമാധാനവും ഒതുക്കവുമുള്ളവരായി നമസ്‌കാരത്തിലേക്ക് നടന്നുചെല്ലുക. നിങ്ങള്‍ ധൃതികാണിക്കരുത്. നിങ്ങള്‍ക്ക് ലഭിച്ചത് നിങ്ങള്‍ നമസ് കരിക്കുക. നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് നിങ്ങള്‍ പൂര്‍ത്തിയാക്കുക'' (ബുഖാരി).
വിജ്ഞാനം നുകരുമ്പോഴും അറിവ് അഭ്യസിക്കുമ്പോഴും ധൃതി വെടിയലും സാവകാശം കൈക്കൊള്ളലും അനിവാര്യമാണ്. തിരുദൂതരോട് അല്ലാഹു പറയുന്നു:
''നീ അത്(ക്വുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ടു നിന്റെ നാവ് ചലിപ്പിക്കേണ്ട'' (ക്വുര്‍ആന്‍ 75:16).
സംസാരിക്കുമ്പോള്‍ മനസ്സിലാകുംവിധം സാവകാശത്തിലും വ്യക്തതയിലും സംസാരിക്കണം. നബി ﷺ യുടെ സംസാര മര്യാദയെ കുറിച്ച് ആഇശ(റ) പറയുന്നു:
''തിരുമേനി സംസാരിക്കുമായിരുന്നു. എണ്ണുന്ന ഒരാള്‍ അത് എണ്ണിയിരുന്നുവെങ്കില്‍ അതിനെ തിട്ടപ്പെടുത്താമായിരുന്നു''(സുനനു അബൂദാവൂദ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).
അനസി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ ﷺ ഒരു വചനം പറഞ്ഞാല്‍ അത് തിരുമേനിയില്‍ നിന്ന് മനസ്സിലാക്കപ്പെടുവാന്‍ മൂന്നു തവണ ആവര്‍ത്തിക്കുമായിരുന്നു...'' (ബുഖാരി).
നിരപരാധിയായിട്ടും ജയില്‍ജീവിതം നയിക്കേണ്ടിവന്നു യൂസുഫ് നബി(അ)ക്ക്. തന്നെ ജയിലിലടച്ച ഭരണാധികാരി അദ്ദേഹത്തെ മോചിപ്പിക്കുവാന്‍ തീരുമാനിക്കുകയും പ്രസ്തുത വിവരം വിളിച്ചറിയിക്കുവാന്‍ ആളെ നിയോഗിക്കുകയും ചെയ്തപ്പോള്‍ യൂസുഫ് നബി(അ) ധൃതി കാണിക്കുകയോ എടുത്ത് ചാടുകയോ ചെയ്തില്ല. പ്രത്യുത അദ്ദേഹത്തിന്റെ പ്രതികരണം,
നീ നിന്റെ യജമാനന്റെ അടുത്തേക്ക് തിരിച്ചുപോയിട്ട് സ്വന്തംകൈകള്‍ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ നിലപാടെന്താണെന്ന് അദ്ദേഹത്തോട് ചോദിച്ച് നോക്കുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് അവരുടെ തന്ത്രത്തെപ്പറ്റി നന്നായി അറിയുന്നവനാകുന്നു. (ക്വുര്‍ആന്‍ 12:50)
യൂസുഫ് നബി കാണിച്ച അവധാനതയെ ഒരിക്കല്‍ തിരുദൂതര്‍ പറഞ്ഞു:
''യൂസുഫ് കഴിച്ചു കൂട്ടിയ കാലം ഞാന്‍ ജയിലില്‍ കഴിച്ചു കൂട്ടുകയും എന്നെ വിളിക്കുവാന്‍ രാജദൂതന്‍ വരുകയും ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ക്ഷണത്തിന് ഞാന്‍ ഉത്തരമേകുമായിരുന്നു.''(ബുഖാരി)