സകാത്തിന്റെ സാമൂഹിക പ്രസക്തി

ഉസ്മാന്‍ പാലക്കാഴി

2020 മെയ് 23 1441 റമദാന്‍ 30

സകാത്ത് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് എന്ന കാര്യം കൊച്ചുനാളില്‍ മദ്‌റസയില്‍വച്ച് പഠിക്കുന്നതാണ് ഓരോ സത്യവിശ്വാസിയും. എന്നാല്‍ അത് പ്രായോഗികതലത്തില്‍ കൊണ്ടുവരുന്നതില്‍ മിക്കവരും പരാജയപ്പെടുന്നു. ശ്രമിച്ച് പരാജയപ്പെടുകയല്ല, മറിച്ച് അതില്‍ വിമുഖത കാണിച്ച് പിന്നിലായിപ്പോകുകയാണ് ചെയ്യുന്നത് എന്നതാണ് വാസ്തവം.

 ഇബ്‌നു ഉമര്‍(റ) നിവേദനം. നബി ﷺ  പറഞ്ഞു: ''ഇസ്‌ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ചു കാര്യങ്ങളിന്മേലാണ്. അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി ആരുമില്ല എന്നും മുഹമ്മദ് ﷺ  അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യംവഹിക്കല്‍, നമസ്‌കാരം നിലനിര്‍ത്തല്‍, സകാത്തുനല്‍കല്‍, റമദാനില്‍ നോമ്പ് അനുഷ്ഠിക്കല്‍, സാധിക്കുന്നവര്‍ കഅ്ബയില്‍ പോയി ഹജ്ജ് നിര്‍വഹിക്കല്‍ (എന്നിവയാണവ)'' (ബുഖാരി, മുസ്‌ലിം).

സകാത്ത് വളര്‍ച്ച നല്‍കുന്നു

സകാത്ത് വ്യക്തിയെയും സമ്പത്തിനെയും ശുദ്ധീകരിക്കുന്നു. അല്ലാഹു പറയുന്നു: ''അവരെ ശുദ്ധീകരിക്കുകയും വിശുദ്ധരാക്കുകയും ചെയ്യുന്ന സകാത്ത് നീ അവരുടെ സ്വത്തില്‍ നിന്ന് വാങ്ങുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 9:103).

സകാത്തും ദാനധര്‍മവുമൊക്കെ നല്‍കിയാല്‍ തന്റെ ധനത്തില്‍ കുറവു വരും എന്നാണ് പലരുടെയും ഭയം. ആ ധാരണ അല്ലാഹു തിരുത്തിത്തരികയാണ്. അല്ലാഹു പറയുന്നു:

''ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക് കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍''(ക്വുര്‍ആന്‍ 30:39).

നബി ﷺ  പറഞ്ഞു: ''അനുവദനീയമായ മാര്‍ഗത്തിലൂടെ സമ്പാദിച്ചതില്‍ നിന്നും ഒരു ഈത്തപ്പഴമെങ്കിലും ആരെങ്കിലും ദാനം ചെയ്യുന്നുവെങ്കില്‍ അല്ലാഹു തന്റെ വലതുകൈ കൊണ്ട് അത് സ്വീകരിക്കുകയും നിങ്ങള്‍ നിങ്ങളുടെ കുതിരക്കുട്ടികളെ വളര്‍ത്തുന്നതുപോലെ വളര്‍ത്തി ഒരു മലയോളം വലുപ്പത്തിലാക്കുകയും ചെയ്യും''(ബുഖാരി, മുസ്‌ലിം).

സകാത്ത് നല്‍കാത്തവര്‍ ഭയപ്പെടുക

''അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവര്‍ക്ക് ദോഷകരമാണത്. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു''(ക്വുര്‍ആന്‍ 3:180).

അബൂഹുറയ്‌റ(റ) നിവേദനം. നബി ﷺ  പറയുകയുണ്ടായി: ''ആര്‍ക്കെങ്കിലും അല്ലാഹു ധനം നല്‍കുകയും അയാള്‍ അതിന്റെ സകാത്ത് നല്‍കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ അന്ത്യനാളില്‍ ആ സ്വത്ത് ഒരു സര്‍പ്പരൂപം പ്രാപിക്കുകയും അയാളുടെ ശരീരത്തില്‍ വരിഞ്ഞു മുറുക്കുകയും കവിളുകളില്‍ കൊത്തിക്കൊണ്ട് 'ഞാനാകുന്നു നീ കൂമ്പാരമാക്കി വെച്ചിരുന്ന സമ്പാദ്യ'മെന്ന് പറയുകയും ചെയ്യും. ശേഷം നബി ഈ ആയത്ത് ഓതിക്കേള്‍പ്പിക്കുകയും ചെയ്തു: അല്ലാഹു തന്റെ ഔദാര്യത്തില്‍ നിന്നും നല്‍കിയിട്ടുള്ള സ്വത്തില്‍ നിന്ന് ചെലവഴിക്കാതെ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഉത്തമമാകുമെന്ന് വിചാരിക്കേണ്ടതില്ല. അല്ല, അതവര്‍ക്ക് തന്നെ വിനയായി മാറും. അവര്‍ പിശുക്ക് കാണിച്ചിരുന്ന സമ്പത്ത് അന്ത്യനാളില്‍ ഒരു മാലയായി അവര്‍ക്ക് ചാര്‍ത്തപ്പെടും, ആകാശഭൂമികളുടെ അനന്തരവകാശം അല്ലാഹുവിനുള്ളതാകുന്നു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുകയും ചെയ്യുന്നു'' (ബുഖാരി).

''സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. നരകാഗ്‌നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും എന്നിട്ടത് കൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും): നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച് വെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക'' (ക്വുര്‍ആന്‍ 9:34,35).

അബൂഹുറയ്‌റ(റ) നിവേദനം. നബി ﷺ  പറഞ്ഞു: ''സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഉടമസ്ഥര്‍ അതില്‍നിന്നും അര്‍ഹമായ സകാത്ത് നല്‍കുന്നില്ലെങ്കില്‍ അന്ത്യദിനത്തില്‍ പ്രസ്തുത സമ്പത്തുകള്‍ കൊണ്ട് തകിടുകളാക്കുന്നതും അവ പഴുപ്പിച്ച് അവരുടെ മുതുകിലും നെറ്റിയിലും ചൂടുപിടിപ്പിക്കുകയും ചെയ്യും. അത് തണുക്കുമ്പോഴെല്ലാം വീണ്ടും ചൂടുപിടിപ്പിക്കുന്ന പ്രക്രിയ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. എഴുപതിനായിരം വര്‍ഷം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍ അല്ലാഹു തന്റെ അടിമകള്‍ക്കിടയില്‍ വിധി തീര്‍പ്പുകല്‍പിക്കുന്നതുവരെ അതു നീണ്ടുനില്‍ക്കുകയും ചെയ്യും. അവസാനം വിചാരണക്കു ശേഷം അയാള്‍ സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ നയിക്കപ്പെടുകയും ചെയ്യും. അതു കേട്ട് ഒരാള്‍ നബി ﷺ  യോട് ചോദിച്ചു: 'ഒട്ടകമായിരുന്നു അയാളുടെ സമ്പാദ്യമെങ്കിലോ?' നബി ﷺ  പറഞ്ഞു: 'ഒട്ടകമാണെങ്കിലും ശരി, വെള്ളം നല്‍കുന്ന ദിവസം അതിനെ കറന്നെടുക്കുക എന്നതും അതിനോടുള്ള കടമകളില്‍ പെട്ടതാണ്. അതയാള്‍ നിര്‍വഹിച്ചിട്ടില്ലെങ്കില്‍ അവയ്ക്ക് വിശാലമായ ഒരു സമതലം വിട്ടുകൊടുക്കുകയും അതില്‍ ഒരു ചെറിയ ഒട്ടകക്കുട്ടി പോലും കുറവില്ലാതെ അവയുടെ കുളമ്പുകള്‍ കൊണ്ട് അയാളെ ചവിട്ടി മെതിക്കുകയും കടിച്ചു പറിക്കുകയും ചെയ്യും. ഒട്ടകങ്ങളെല്ലാം കടന്നു പോയിക്കഴിഞ്ഞാല്‍ അതിന്റെ ആദ്യം വീണ്ടും മടങ്ങിവന്നുകൊണ്ടിരിക്കും. അമ്പതിനായിരം വര്‍ഷം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍ ആ പ്രക്രിയ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. വിചാരണക്കു ശേഷം അയാളെ സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ നയിക്കുകയും ചെയ്യും'' (മുസ്‌ലിം, അബൂദാവൂദ്).

സകാത്ത് നല്‍കാതിരിക്കുന്നതിന്റെ വിധി

സകാത്ത് നിര്‍ബന്ധമാണെന്ന വിഷയത്തില്‍ മുസ്‌ലിം ലോകത്തിന്റെ ഏകകണ്ഠമായ അഭിപ്രായമുണ്ട്. സകാത്ത് നിര്‍ബന്ധമില്ലെന്നു പറയുന്നവന്‍ ഇസ്‌ലാമില്‍നിന്നു പുറത്തു പോയതായി ഗണിക്കപ്പെടുക പോലും ചെയ്യും! എന്നാല്‍ സകാത്ത് നിര്‍ബന്ധമാണെന്ന വിശ്വാസത്തോടെ അത് നല്‍കാതിരിക്കുന്നവര്‍ ഇസ്‌ലാമില്‍നിന്നു പുറത്ത് പോവുകയില്ല. അത്തരക്കാരുടെ സമ്പത്തില്‍ നിന്നും ബലപ്രയോഗത്തിലൂടെ തന്നെ സകാത്ത് വാങ്ങല്‍ ഇസ്‌ലാമിക ഭരണാധികാരിയുടെ ബാധ്യതയാണ്. അങ്ങനെ ചെയ്യുമ്പോള്‍ ശിക്ഷയെന്നോണം അയാളുടെ സ്വത്തില്‍ നിന്നും പകുതി പിടിച്ചെടുക്കാവുന്നതുമാണ്.

ബഹസ്ഇബ്‌നു ഹകീം(റ) തന്റെ പിതാമഹനില്‍ നിന്നും അദ്ദേഹം നബി ﷺ യില്‍ നിന്നും ഉദ്ധരിക്കുന്നു. നബി ﷺ  പറഞ്ഞു: ''മേഞ്ഞുനടക്കുന്ന ഒട്ടകങ്ങള്‍ നാല്‍പതെണ്ണം തികഞ്ഞാല്‍ അതില്‍ നിന്ന് രണ്ടാം വയസ്സിലേക്കു കടന്ന ഒരു ഒട്ടകക്കുട്ടിയെ സകാത്തായി നല്‍കേണ്ടതാണ്. അതിന്റെ കണക്കുകള്‍ക്കിടയില്‍ വേര്‍തിരിവു കാണിക്കാന്‍ പാടില്ല. അല്ലാഹുവിന്റെ പ്രീതിയുദ്ദേശിച്ച് ആരെങ്കിലും അത് നല്‍കുന്നുവെങ്കില്‍ അയാള്‍ക്ക് അതിന്റെ പ്രതിഫലമുണ്ട്. ആരെങ്കിലും അതു നല്‍കാന്‍ വിസമ്മതിച്ചാല്‍ അതു നാം പിടിച്ചെടുക്കുകയും പിഴയെന്നോണം അയാളുടെ പകുതി സ്വത്ത് കൂടി പിടിച്ചെടുക്കുന്നതുമാണ്. മുഹമ്മദിനോ തന്റെ കുടുംബത്തിനോ അതില്‍ നിന്നും യാതൊന്നും ഉപയോഗിക്കുവാന്‍ പാടുള്ളതല്ല'' (അബൂദാവൂദ്).

സകാത്ത് നല്‍കുന്നതില്‍നിന്നു വിട്ടുനില്‍ക്കുന്നവര്‍ ആയുധ ബലമുള്ളവരാണെങ്കില്‍ അതു പിടിച്ചെടുക്കാന്‍ യുദ്ധം വരെ വേണ്ടി വന്നാല്‍ ആകാവുന്നതാണ് എന്നാണ് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്.

നബി ﷺ  പറഞ്ഞു: ''ജനങ്ങള്‍ തൗഹീദ് അംഗീകരിക്കുകയും നമസ്‌കാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്നതുവരെ അവരോട് യുദ്ധം ചെയ്യാന്‍ എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നു. അത്രയും നിര്‍വഹിക്കാന്‍ അവര്‍ സന്നദ്ധമായാല്‍ അവരുടെ സ്വത്തും ശരീരവും വിശുദ്ധമായി ഗണിക്കപ്പെടും. ഇസ്‌ലാം അനുവദിച്ച കാരണം കൂടാതെ അവര്‍ക്കെതിരെ യാതൊരുവിധ കയ്യേറ്റവുമുണ്ടാകില്ല. എന്നാല്‍ അവരെ (മാനസികമായ നിലപാടുകള്‍ക്കനുസരിച്ച് അന്ത്യനാളില്‍) വിചാരണ ചെയ്യുന്നതും ശിക്ഷ-രക്ഷ നടപടികള്‍ കൈക്കൊള്ളുന്നതും അല്ലാഹുവായിരിക്കും''(ബുഖാരി, മുസ്‌ലിം).

അബൂഹുറയ്‌റ(റ) നിവേദനം: ''നബി ﷺ  ഇഹലോകവാസം വെടിയുകയും അബൂബക്ര്‍(റ) ഭരണം ഏറ്റെടുക്കുകയും ചെയ്തപ്പോള്‍ അറബികളില്‍ നിന്ന് ഒരുപാടാളുകള്‍ മതപരിത്യാഗികളായി മാറുകയുണ്ടായി. (അബൂബക്ര്‍(റ) അവരോട് യുദ്ധം ചെയ്യാന്‍ സന്നദ്ധമാവുകയും ചെയ്തു). അതിനെ വിമര്‍ശിച്ചുകൊണ്ട് 'ജനങ്ങള്‍ തൗഹീദ് അംഗീകരിച്ചാല്‍ അവരോട് യുദ്ധം ചെയ്യാന്‍ പാടില്ലെന്ന് നബി ﷺ  പറഞ്ഞിരിക്കെ താങ്കള്‍ എങ്ങനെയാണ് അവരോട് പോരാടുക' എന്നു ഉമര്‍(റ) ചോദിച്ചു. അപ്പോള്‍ അബൂബക്ര്‍(റ) പറഞ്ഞു: 'അല്ലാഹുവാണെ സത്യം! നമസ്‌കാരവും സകാത്തും വേര്‍തിരിക്കുന്നവരോട് ഞാന്‍ യുദ്ധം ചെയ്യുക തന്നെ ചെയ്യും. അവര്‍ നബി ﷺ യുടെ കാലഘട്ടത്തില്‍ സകാത്തായി നല്‍കിയിരുന്നത് ഒരു ഒട്ടകക്കുട്ടിയെയായിരുന്നെങ്കില്‍ അത് നല്‍കുന്നതു വരെ ഞാന്‍ അവരോട് പോരാടും. കാരണം ശരീരത്തിന്റെ മേല്‍ നമസ്‌കാരം ബാധ്യതയായ പോലെ സമ്പത്തില്‍ നിന്നു സകാത്ത് നല്‍കലും ബാധ്യതയാണ്.' അതോടെ എനിക്കും അബൂബക്ര്‍(റ)വിനെ പോലെ ആ കാര്യം ശരിയാണെന്ന് ബോധ്യമായി'' (ബുഖാരി, മുസ്‌ലിം).

സകാത്തിന്റെ സാമൂഹിക പ്രസക്തി

എല്ലാ മനുഷ്യര്‍ക്കും അല്ലാഹു ഒരേ സാമ്പത്തികാവസ്ഥയല്ല നല്‍കിയിരിക്കുന്നത്. മനുഷ്യരുടെ ഉപജീവനമാര്‍ഗവും വ്യത്യസ്തമാണ്. അല്ലാഹു പറയുന്നു: ''ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്റെ അധീനത്തിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം അവന്‍ വിശാലമാക്കുന്നു. (മറ്റുള്ളവര്‍ക്ക്) അവന്‍ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഏതുകാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 42:12).

സമ്പത്താകുന്ന ദൈവികാനുഗ്രഹം സഹജീവികള്‍ക്കുവേണ്ടി പങ്കുവയ്ക്കാനുള്ള സന്മനസ്സുണ്ടാവുക എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു. എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും സൂക്ഷ്മത പാലിക്കുകയും ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തി കൊടുക്കുന്നതാണ്. എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും സ്വയം പര്യാപ്തത നടിക്കുകയും ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചുതള്ളുകയും ചെയ്തുവോ അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കി കൊടുക്കുന്നതാണ്. അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല'' (ക്വുര്‍ആന്‍ 92:4-11).

മനുഷ്യരെ സംബന്ധിച്ചിടത്തോളം ഐഹികജീവിതം പരീക്ഷണ ഘട്ടമാണ്. തനിക്ക് സര്‍വശക്തന്‍ കനിഞ്ഞുനല്‍കിയ ജീവന്‍, ആരോഗ്യം, സമ്പത്ത് തുടങ്ങിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും പകരമായി ആ സ്രഷ്ടാവിനോട് നന്ദി കാണിക്കുക എന്നത് അവന്റെ കടമയാണ്. ചിലരെ സമ്പന്നരും മറ്റു ചിലരെ ദരിദ്രരുമായി മാറ്റിയതും അവര്‍ക്കുള്ള പരീക്ഷണമാണ്. ഏത് അവസ്ഥയിലും സ്രഷ്ടാവിനെ മറക്കാതിരിക്കുക എന്നത് സത്യവിശ്വാസികള്‍ക്കുണ്ടായിരിക്കേണ്ട സദ്ഗുണമാണ്.

ഉള്ളവന്‍ ഇല്ലാത്തവനെ സഹായിക്കണം. അത് മനുഷ്യത്വത്തിന്റെ അടയാളമാണ്. സമ്പന്നരുടെമേല്‍ നിര്‍ബന്ധദാനം അഥവാ സകാത്ത് ഇസ്‌ലാം നിര്‍ബന്ധമാക്കിയിരിക്കുന്നത് ഈ മാനുഷികഗുണം ഊട്ടിയുറപ്പിക്കുവാന്‍ വേണ്ടി കൂടിയാണ്.  

യാചിക്കേണ്ട അവസ്ഥയുണ്ടായിട്ടും മാന്യത കാത്തുസൂക്ഷിച്ചുകൊണ്ട് യാചനയുടെ മാര്‍ഗം സ്വീകരിക്കാത്തവരും സമൂഹത്തിലുണ്ടായിരിക്കും. അത്തരക്കാരെ കണ്ടെത്തുവാനും അവരെ സഹായിക്കുവാനും സത്യവിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്.

സകാത്തിന്റെ അവകാശികള്‍ ആരെന്ന് അല്ലാഹു തന്നെ വ്യക്തമാക്കിത്തരുന്നത് കാണുക: ''ദാനധര്‍മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും അഗതികള്‍ക്കും അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്‌ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും കടംകൊണ്ട് വിഷമിക്കുന്നവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലും വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്'' (ക്വുര്‍ആന്‍ 9:60).

സകാത്ത് ഔദാര്യമല്ല

സമ്പത്ത് അല്ലാഹു നല്‍കുന്നതാണ്. അതിന്റെ പേരില്‍ അഹങ്കരിക്കുവാന്‍ ഒരാള്‍ക്കും അവകാശമില്ല. ഏതൊരു സമ്പന്നനെയും നിമിഷങ്ങള്‍ക്കകം ദരിദ്രനാക്കി മാറ്റുവാന്‍ അല്ലാഹുവിന് കഴിയുമെന്ന് ഓര്‍ക്കണം. നിശ്ചിത സമ്പത്തുള്ളവന്‍ അതില്‍നിന്ന് സകാത്തായി ഒരു നിശ്ചിത ഓഹരി നല്‍കണമെന്ന് അല്ലാഹുവാണ് കല്‍പിക്കുന്നത്. അത് നല്‍കുന്നവന്‍ തന്റെ ഔദാര്യമാണെന്ന് വിചാരിക്കുവാനും പാടില്ല. പാവങ്ങളുടെ അവകാശമാണ് അതെന്ന തിരിച്ചറിവാണ് വേണ്ടത്. ആ തിരിച്ചറിവുള്ളവന്‍ സമയമായാല്‍ എത്രയും െപട്ടെന്ന് തന്റെ നിര്‍ബന്ധ ബാധ്യത കൊടുത്തുതീര്‍ക്കുവാനും അതുവഴി തന്റെ സമ്പത്തിനെ ശുദ്ധീകരിക്കുവാനും ശ്രദ്ധ പുലര്‍ത്തുമെന്നതില്‍ സംശയമില്ല.