മനുഷ്യമഹത്ത്വത്തിന്റെ 'ത്രിമാനങ്ങള്‍'

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

2020 ജൂണ്‍ 27 1441 ദുല്‍ക്വഅദ് 06

മനുഷ്യമഹത്ത്വത്തെ മൂന്നു അടിത്തറകളുമായി ബന്ധിപ്പിക്കാം.

ഒന്ന്: മനുഷ്യന് അവന്റെ ആസ്തിക്യത്തോടുള്ള ബന്ധം.

രണ്ട്: മനുഷ്യന് അവന്റെ സ്രഷ്ടാവുമായുള്ള ബന്ധം.

മൂന്ന്: മനുഷ്യന് സൃഷ്ടികളുമായുള്ള ബന്ധം.

ഈ മൂന്നു ബന്ധങ്ങളിലും പൂര്‍ണത കൈവരിക്കാനായാല്‍ അവന്‍ മനുഷ്യ മഹത്ത്വത്തിന്റെ ശ്രേണിയിലെത്തി എന്നു പറയാം. ഈ മൂന്നു ബന്ധങ്ങളിലും വരുന്ന പോരായ്മകള്‍ അവന്റെ പൂര്‍ണത പ്രാപിക്കാനുള്ള വഴിയിലെ കടമ്പകളാണ്. സുസ്ഥിരവും സൗഭാഗ്യപൂര്‍ണവുമായ ഒരു ജീവിതം ആഗ്രഹിക്കുന്നുവെങ്കില്‍ മേല്‍പറഞ്ഞ മൂന്നു ബന്ധങ്ങളും മെച്ചപ്പെടുത്താന്‍ അധ്വാനിക്കേണ്ടതുണ്ട്.

ജനങ്ങള്‍ പലതരക്കാരാണ്. ചിലര്‍ പടച്ചവനുമായുള്ള ബന്ധത്തില്‍ വളരെ മുന്നിലായിരിക്കും. അതേ സമയം അവരുടെ പടപ്പുകളുമായുള്ള ബന്ധങ്ങളില്‍ പ്രകടമായ താളപ്പിഴകളുണ്ടാവും. മറ്റുചിലര്‍ സൃഷ്ടിക ള്‍ക്കിടയില്‍ വളരെ നല്ല സ്വീകാര്യനും സ്രഷ്ടാവിനോട് വളരെ അകല്‍ച്ച സംഭവിച്ചവരുമായിരിക്കും. നിര്‍ഭാഗ്യവാന്മാരായ മനുഷ്യര്‍ സ്രഷ്ടാവിനോടും സൃഷ്ടികളോടും ഒരേപോലെ ക്രമക്കേടുകള്‍ വരുത്തുന്ന വരായിരിക്കും. ഇസ്‌ലാം ഈ മൂന്നു ബന്ധങ്ങളെയും പരസ്പരം കോര്‍ത്തിണക്കി മനുഷ്യനെ മഹത്ത്വത്തിലെത്തിക്കാന്‍ അവതരിപ്പിക്കപ്പെട്ട മതമാണ്.

അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഇപ്രകാരം കാണാം; ഒരാള്‍ പ്രവാചക സന്നിധിയില്‍ വന്നുകൊണ്ടു പറഞ്ഞു: 'പ്രവാചകരേ, ഒരു സ്ത്രീ നമസ്‌കാരത്തിലും നോമ്പിലും ദാനധര്‍മങ്ങളിലും വളരെ മുന്നിലാണ്. എന്നാല്‍ തന്റെ നാവുകൊണ്ട് അയല്‍വാസികളെ ഉപദ്രവിക്കും.' പ്രവാചകന്‍ ﷺ  പറഞ്ഞു: 'അവള്‍ നരകത്തിലാണ്.'

 ആഇശ(റ) ഒരിക്കല്‍ പ്രവാചകനോട് ജാഹിലിയ്യാ കാലത്തെ ഉദാരമനസ്‌കനായ അബ്ദുല്ലാഹിബ്‌നു ജദആനെക്കുറിച്ചു ചോദിച്ചു. പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കുന്ന, കുടുംബ ബന്ധങ്ങളെ ഇണക്കി ച്ചേര്‍ക്കുന്ന  ഇബ്‌നു ജദആന്‍ സൃഷ്ടികളോട് വളരെ നല്ലപെരുമാറ്റമുള്ളവനാണ്. പരലോകത്ത് ഈ സല്‍ക ര്‍മങ്ങള്‍ അദ്ദേഹത്തെ സഹായിക്കുമോ എന്നാണ് ചോദ്യത്തിന്റെ പൊരുള്‍. പ്രവാചകന്‍ ﷺ  പറഞ്ഞു: 'പരലോകത്ത് അയാള്‍ രക്ഷപ്പെടില്ല. കാരണം എന്റെ രക്ഷിതാവേ, പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുതരേണമേ എന്ന് ഒരിക്കല്‍ പോലും അയാള്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍, പടപ്പുകളോട് നല്ല ബന്ധമുണ്ടെങ്കിലും പടച്ചവനോടുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിനാല്‍ അയാള്‍ വിജയിക്കില്ല.'

ഇപ്രകാരം തന്നെയാണ് മനുഷ്യന് അവന്റെ വ്യക്തിത്വത്തോടുള്ള സമീപനങ്ങളുടെ സ്ഥിതിയും. സല്‍മാ നുല്‍ഫാരിസി(റ) തന്റെ കൂട്ടുകാരന്‍ അബുദ്ദര്‍ദാഇനോട് പറഞ്ഞത് പ്രസിദ്ധമാണ്: 'നിനിക്ക് നിന്റെ ശരീര ത്തോടും ചില കടമകളുണ്ട്.' ഇത് ശ്രദ്ധിച്ച റസൂല്‍ ﷺ  പറഞ്ഞത്, 'സല്‍മാന്‍ പറഞ്ഞത് നേരാണ്' എന്നാ ണ്. ഈ മൂന്നു അടിത്തറകളെയും ഉറപ്പില്‍ കെട്ടിപ്പടുത്തു മനുഷ്യ മഹത്ത്വത്തിലെത്താനുള്ള മാര്‍ഗങ്ങള്‍ ഏതൊക്കെ എന്നന്വേഷിക്കാം.

സ്രഷ്ടാവിനോടുള്ള ബന്ധത്തില്‍ പരിപൂര്‍ണതയിലെത്താനുള്ള ഗോവണി 'ഇഹ്‌സാന്‍' ആണ്. പ്രവാചകനോട് ഇഹ്‌സാനെന്താണെന്ന ജിബ്‌രീലിന്റെ ചോദ്യത്തിന് പ്രവാചകന്‍ നല്‍കുന്ന മറുപടി; 'നീ നിന്റെ രക്ഷിതാവിനെ കാണുന്നു എന്ന വിചാരത്തോടെ അവനെ ആരാധിക്കലാണ്. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്' എന്നായിരുന്നു.

ഇനി സൃഷ്ടികളോടുള്ള ബന്ധത്തിലേക്ക് വന്നാല്‍, അതിന്റെ പരിപൂര്‍ത്തി സ്വഭാവ ഗുണങ്ങളിലാണെന്നു കാണാം. മനുഷ്യരോടുള്ള ഇടപാടുകളില്‍ സ്വഭാവശുദ്ധിയും സത്യസന്ധതയും കാത്തുസൂക്ഷിക്കണം.

മനുഷ്യന്‍ അവന്റെ വ്യക്തിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തിത്വത്തിലെ ബാലന്‍സിംഗ് ആണെന്ന് കാണാം. അഥവാ ആരാധനകളില്‍ ഇഹ്‌സാനും മനുഷ്യബന്ധങ്ങളില്‍ സല്‍സ്വഭാവവും വ്യക്തിത്വത്തില്‍ സന്തുലിതത്വവും കാത്തുസൂക്ഷിക്കുക. ഈ മൂന്നിലും പൂര്‍ണതയിലെത്താന്‍ എന്തുണ്ട് വഴി?

'ഇഹ്‌സാനിലേക്ക്' എത്തണമെങ്കില്‍ നാലു കാര്യങ്ങള്‍ അനിവാര്യമാണ്. ഒന്നാമത്തേത് ഹൃദയ കര്‍മങ്ങളാണ്. ഇഖ്‌ലാസ്, മഹബ്ബത്ത്, റജാഅ്, ഖൗഫ് (ആത്മാര്‍ഥത, ദൈവസ്‌നേഹം, ആശ, ഭയം) തുടങ്ങിയവ ഹൃദയത്തില്‍ വേരുപിടിക്കേണ്ട ഗുണങ്ങളാണ്. ഹൃദയത്തെ മലിനപ്പെടുത്തുന്ന സ്വഭാവങ്ങളില്‍ നിന്നുള്ള പിന്മാറ്റം ഉറപ്പു വരുത്തണം. അഥവാ അഹങ്കാരം, സ്വാര്‍ഥത, താന്‍പോരിമ, ലോകമാന്യത തുടങ്ങിയവ വെടിയണം. രണ്ടാമത്തേത് നിര്‍ബന്ധകാര്യങ്ങളിലുള്ള കൃത്യനിഷ്ഠയും ഹറാമുകള്‍ ത്യജിക്കലും ഇഹ് സാന്‍ പ്രാപിക്കാന്‍ അനിവാര്യമാണ് എന്നതാണ്. മൂന്നാമത്തേത് ക്വുര്‍ആന്‍ പരിചിന്തനമാണ്. ക്വുര്‍ആന്‍ ആശയഗ്രാഹ്യതയോടെ പാരായണം ചെയ്യണം. ക്വുര്‍ആന്‍ പഠനവും പാരായണവും ഹൃദയത്തില്‍ ദൈവഭയമുണ്ടാക്കും. നാലാമത്തേത് നിരന്തര പശ്ചാത്താപമാണ്. കുറ്റങ്ങളില്‍ ചെന്നുചാടുമ്പോഴെല്ലാം പശ്ചാത്തപിക്കുകയും പാപമോചനത്തിന് തേടുകയും വേണം. മേല്‍ പ്രതിപാതിച്ച നാലുകാര്യങ്ങള്‍ കാത്തുസൂ ക്ഷിച്ചാല്‍ സ്രഷ്ടാവിനോടുള്ള ബന്ധം കുറ്റമറ്റതാക്കാനാകും.

സൃഷ്ടികളോടുള്ള വ്യവഹാരങ്ങള്‍ നന്നാക്കാനും നാലു കാര്യങ്ങള്‍ സ്വായത്തമാക്കണം. ഒന്ന് അപരനോടുള്ള ആദരവാണ്. ജനം അവരെ ആദരിക്കുന്നവരെ തിരിച്ചും ആദരിക്കും. രണ്ടാമത്തേത് ഉദാര മനസ്‌ക തയാണ്. നിര്‍ലോഭം പണം ചെലവാക്കലല്ല ഉദാരദ. വൈകാരികതയിലും സമീപനങ്ങളിലും മാന്യത വേണം. മൂന്നാമത്തേത് വിട്ടുവീഴ്ചയാണ്, മറ്റുള്ളവര്‍ക്കു മാപ്പുകൊടുക്കലാണ്. ഇമാം അഹ്മദ്(റഹി) പറയുന്നു: 'സല്‍സ്വഭാവത്തിന്റെ പത്തില്‍ ഒമ്പതു ഭാഗവും'അത്തഗാഫുല്‍' അഥവാ മറ്റുള്ളവരുടെ കുറ്റങ്ങള്‍ നോക്കി നടക്കാതിരിക്കലാണ്.' നാലാമത്തെത് വിവേകമാണ്. ഏറ്റവും സവിശേഷമായ സ്വഭാവഗുണമാണത്. അശജ്ജ് ബിന്‍ അബ്ദുല്‍ഖൈസിനോട് നബി ﷺ  പറഞ്ഞു: 'നിന്നിലുള്ള രണ്ടു കാര്യങ്ങള്‍ അല്ലാഹു ഇഷ്ടപ്പെടുന്നു; അവധാനതയും വിവേകവും.'

ഒടുവിലത്തേത് സ്വന്തം വ്യക്തിത്വത്തിലെ സന്തുലിതാവസ്ഥയാണ്. നാലു കാര്യങ്ങള്‍ ഈ വിഷയത്തില്‍ പ്രസക്തമാണ്. നിന്റെ കാര്യപ്രാപ്തിയും പ്രതീക്ഷകളും സന്തുലിതമാവണം. നിനക്ക് സാധിക്കുന്നതും നീ പ്രതീക്ഷിക്കുന്നതും തമ്മില്‍ പൊരുത്തപ്പെടണം. നിന്റെ കഴിവുകള്‍ മികച്ചതും ആശകള്‍ പരിമിതവുമാണെങ്കില്‍ നിന്നെ അലസത പിടികൂടും. പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നതും വിഭവങ്ങള്‍ പരിമിതവുമാണെങ്കില്‍ നീ നിരാശയുടെ കയത്തില്‍ വീഴും. രണ്ടാമത്തേത് നിന്റെ വിവേകവും വികാരവും തമ്മില്‍ തുലനപ്പെടണം എന്നതാണ്. നീ പ്രത്യുല്‍പാദനശേഷിയില്ലാത്ത ബുദ്ധിജീവിയോ വികാരങ്ങളുടെ തടവറയി ല്‍ അകപ്പെട്ട ദുര്‍ബലനോ ആവരുത്. മൂന്നാമത്തേത് അറിവും കര്‍മവും തമ്മിലുള്ള ചേര്‍ച്ചയാണ്. നീ കര്‍മരഹിതനായ പണ്ഡിതനാണെങ്കില്‍ ഗ്രന്ഥം ചുമക്കുന്ന കഴുതയായിത്തീരും. അറിവില്ലാത്ത കര്‍മയോഗി യാണെങ്കില്‍ ചെയ്തുകൂട്ടുന്നതൊക്കെ അബദ്ധമായിരിക്കും. നാലാമത്തേത് കൊള്ളുന്നതിന്റെയും കൊടു ക്കുന്നതിന്റെയും ഇടയിലുള്ള സന്തുലിതത്വമാണ്. കിട്ടുന്നതൊക്കെ വാരിക്കൂട്ടുന്ന സ്വഭാവക്കാരനാണെ ങ്കില്‍ നീ വലിയ സ്വാര്‍ഥനാവും. ഉള്ളതൊക്കെ കൊടുത്തു കാലിയാക്കുന്നവനാണെങ്കില്‍ മെഴുകുതിരി പോലെ നീ മറ്റുള്ളവര്‍ക്ക് വേണ്ടി ഉരുകിത്തീരും. നിനക്കായി ഒന്നുമുണ്ടാവില്ല.

മുകളില്‍ വിശദീകരിച്ച ത്രിമാന മഹത്ത്വങ്ങളില്‍ നിനക്കെത്താനായാല്‍ നിന്റെ അഭ്യുന്നതി ഒരിക്കലും അപ്രാപ്യമല്ല. നിനക്ക് സൗഖ്യവും സൗഭാഗ്യവും ഇരുലോകത്തും വന്നുചേരും. മനശ്ശാന്തിയോടെ മരണം വരിക്കും; പരലോകം സുഖപ്രദവും സുഭദ്രവും.