ദുരന്തങ്ങളില്‍ വിശ്വാസികള്‍ക്കൊരു മാര്‍ഗരേഖ

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

2020 സെപ്തംബര്‍ 19 1442 സഫര്‍ 02

(ദുരന്തങ്ങളില്‍ വിശ്വാസികള്‍ക്കൊരു മാര്‍ഗരേഖ 2)

(4) അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കല്‍

ഏതൊരു സന്ദര്‍ഭത്തിലും അല്ലാഹുവും റസൂലും ﷺ  പഠിപ്പിച്ച അല്ലെങ്കില്‍ കല്‍പിച്ച കാര്യങ്ങള്‍ ചെയ്യല്‍  മഹത്തായ ആരാധനയാണല്ലൊ. മാത്രമല്ല ആ നിലയ്ക്ക് അനുസരിച്ചുകൊണ്ട് ജീവിക്കുകയെന്നത് തന്നെയാണ് നമ്മുടെ ജീവിതലക്ഷ്യവും. അതിനാല്‍ ആപത്തിന്റെ സന്ദര്‍ഭത്തില്‍ മുകളില്‍ വിശദീകരിച്ച പ്രാര്‍ഥനകള്‍ നാം നിര്‍വഹിക്കുമ്പോള്‍ അവിടെ അല്ലാഹുവിന്റെ കല്‍പനയെ അനുസരിക്കുക എന്ന ഇബാദത്ത് വരുന്നു. പ്രവാചകന്‍ ഹദീഥില്‍ പ്രയോഗിച്ച വാചകം അപ്രകാരമാണ്.

ഇവിടെ ഒരു ആപത്ത് ബാധിച്ചാല്‍ 'അല്ലാഹു അവനോട് കല്‍പിച്ചതുപോലെ  അവന്‍ പറഞ്ഞാല്‍' എന്ന നബി ﷺ യുടെ പ്രയോഗം ഇപ്രകാരം പറയല്‍ അല്ലാഹുവിന്റെ കല്‍പനയാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.

അതോടൊപ്പം പ്രവാചകചര്യയെ പിന്തുടരലും ഇതിലുണ്ട്. ആപത്തുകള്‍ (മുസ്വീബത്തുകള്‍) ബാധിക്കുമ്പോഴുള്ള പ്രവാചകചര്യകളെ മുറുകെ പിടിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യവും അവനില്‍ നിന്നുള്ള പ്രതിഫലവും ലഭിക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ല.

'നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക, നിങ്ങള്‍ കരുണ ചെയ്യപ്പെട്ടേക്കാം' (ക്വുര്‍ആന്‍ 3:132).

ചുരുക്കത്തില്‍, ഏതൊരു പരീക്ഷണവും ദുരന്തവും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ നാം വിശദീകരിച്ച അടിസ്ഥാനപരമായ ഈ നാല് കാര്യങ്ങള്‍ നമ്മില്‍ നിന്നും നിര്‍ബന്ധമായും ഉണ്ടാവണം. വിശ്വാസത്തിലെ കൃത്യതയും ദൃഢതയും, പിന്നെ അത് നാവുകൊണ്ട് പ്രഖ്യാപിക്കലും പ്രവൃത്തിയില്‍ അത് തെളിയിക്കലും, ആ വിഷയത്തില്‍ അല്ലാഹുവിനെയും റസൂലിനെയും നിരുപാധികം അനുസരിക്കലും; ഇതാണ് ആ നാലു കാര്യങ്ങള്‍.

ഇതില്‍ നാം വിജയിച്ചാല്‍ 5 കാര്യങ്ങളാണ് തിരിച്ച് അല്ലാഹുവില്‍നിന്ന് നമുക്ക് ലഭിക്കുക. അവ ഏതൊക്കെയാണെന്ന് പ്രാമാണികമായി തന്നെ നമുക്ക് മനസ്സിലാക്കാം.

'അല്ലാഹുവില്‍നിന്നുള്ള സ്വലാത്തുകളും റഹ്മത്തും അവര്‍ക്കുണ്ടാവും, അവര്‍ തന്നെയാണ് സന്മാര്‍ഗികള്‍' (ക്വുര്‍ആന്‍ 2:157).

ഈ വചനത്തിലൂടെ  പരീക്ഷണഘട്ടത്തില്‍ ക്ഷമയവലംബിക്കുന്നവര്‍ക്ക് മൂന്ന് കാര്യങ്ങളാണ് അല്ലാഹു വാഗ്ദത്തം ചെയ്യുന്നത്.

(1) അവരുടെമേല്‍ അല്ലാഹുവിങ്കല്‍നിന്നുള്ള സ്വലാത്തുകള്‍ ഉണ്ടാകും: അല്ലാഹുവിങ്കല്‍നിന്നുള്ള സ്വലാത്ത് എന്ന് പറഞ്ഞാല്‍ അതിന്റെ വിവക്ഷ, വലിയ താബിഈ പണ്ഡിതനായ അബുല്‍ ആലിയ പറഞ്ഞത് പോലെ 'ഉന്നതരായ മലക്കുകളുടെ സഭയില്‍' അല്ലാഹു ഒരു അടിമയെ പ്രശംസിച്ചു പറയലാണ്. നാം അനുഭവിക്കുന്ന പരീക്ഷണത്തെക്കാള്‍ എത്രയോ ഉത്തമമായതാണ് പകരം അല്ലാഹുവില്‍ നിന്നും ലഭിക്കുന്നത്. 'സ്വലവാത്ത്' എന്ന് ബഹുവചന രൂപത്തിലാണ് പറഞ്ഞിട്ടുള്ളത്. അഥവാ അല്ലാഹുവില്‍നിന്നുളള ധാരാളം പ്രശംസകള്‍ ആ വ്യക്തിക്ക് ലഭിക്കുന്നു. അതിനെക്കാള്‍ വലിയ എന്ത് നേട്ടമാണ് നമുക്ക് ലഭിക്കാനുള്ളത്? മലക്കുകളുടെ ഉന്നതസഭയില്‍ അല്ലാഹു നമ്മെ പ്രശംസിച്ചുപറയുന്നതിനെക്കാള്‍ വലിയ എന്ത് സന്തോഷമാണ് വിശ്വാസികള്‍ക്ക് ലഭിക്കാനുള്ളത്?അപ്രകാരം വലിയ പരീക്ഷണങ്ങളെയും ദുരന്തങ്ങളെയും ആഹ്ലാദമാക്കി മാറ്റാന്‍ വിശ്വാസികള്‍ക്ക് സാധിക്കുന്നു.

രണ്ടാമത് പറയുന്നത്, അവര്‍ക്ക് റഹ്മത്ത്  അഥവാ കാരുണ്യം ഉണ്ട് എന്നാണ്. അല്ലാഹുവിന്റെ അളവറ്റ കാരുണ്യം ക്ഷമാലുക്കള്‍ക്ക് അല്ലാഹു പ്രത്യേകം രേഖപ്പെടുത്തും.

അതിനാല്‍ ഒരു പരീക്ഷണത്തിലും വിശ്വാസികള്‍ നിരാശരാവാന്‍ പാടില്ല. കടുത്ത ദുഃഖത്തിലും വിഷാദത്തിലും അവര്‍ കഴിയരുത്, നെഗറ്റീവായ ചിന്തകള്‍ ഉണ്ടാവരുത്. എല്ലാം നഷ്ടപ്പെട്ടു എന്നും കരുതരുത്. പകരം, അവര്‍ക്ക് അല്ലാഹുവിന്റെ അധികരിച്ച കാരുണ്യമാണ് ലഭിക്കാന്‍ പോകുന്നത്. അതിനെക്കാള്‍ വലിയ നേട്ടം വേറെയെന്താണ് നമുക്ക് ലഭിക്കാനുള്ളത്. അതുകൊണ്ട് തന്നെ പരീക്ഷണം വിശ്വാസികള്‍ക്ക് കാരുണ്യമായി മാറും. അതിനു പക്ഷേ, നാം തുടക്കത്തില്‍ വിശദീകരിച്ച നാലു കാര്യങ്ങള്‍ നമ്മില്‍നിന്നുണ്ടാവണം എന്ന് മാത്രം.

പിന്നീട് പറയുന്നത്,  'അവര്‍ തന്നെയാവുന്നു സന്മാര്‍ഗികള്‍' എന്നാണ്. അഥവാ 'അവര്‍ തങ്ങളുടെ രക്ഷിതാവില്‍നിന്നുള്ള മാര്‍ഗദര്‍ശനത്തില്‍ ആകുന്നു. അവര്‍ തന്നെയാണ് വിജയികള്‍' ക്വുര്‍ആന്‍ (2:5) പറഞ്ഞതുപോലെ അല്ലാഹുവില്‍നിന്നുള്ള മാര്‍ഗദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ നിലകൊള്ളുകയും അതിനാല്‍ തന്നെ യഥാര്‍ഥ സന്മാര്‍ഗികളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ട് വിജയികളായിത്തീരുകയും ചെയ്തവരാണ് അവര്‍ എന്നാണ്. ഏതു പരീക്ഷണ ഘട്ടത്തിലും നമുക്കാവശ്യമുള്ളത് അതിനെ തരണം ചെയ്യാന്‍ ആവശ്യമായ മാര്‍ഗദര്‍ശനവും ശരിയായ മാര്‍ഗത്തില്‍ നിന്നും തെറ്റിപ്പോകാത്ത അവസ്ഥയുമാണ്. പലരും പരീക്ഷണഘട്ടത്തിലാണ് സന്മാര്‍ഗത്തില്‍ നിന്നും തെറ്റിപ്പോകാറുള്ളത്.

അല്ലാഹുവിനെ സംബന്ധിച്ചു മോശമായി  കരുതുക, മതത്തില്‍നിന്നും പിറകോട്ട് പോവുക, അല്ലാഹുവിന്റെ വിധിയെ പഴിക്കുക തുടങ്ങി ഗുരുതരമായ വിശ്വാസ വൈകല്യങ്ങളിലേക്ക് പരീക്ഷണ ഘട്ടത്തില്‍ പലരും ചെന്നെത്താറുണ്ട്. എന്നാല്‍ നാം മുമ്പ് വിശദീകരിച്ച നാലു കാര്യങ്ങള്‍ -അതാകട്ടെ അല്ലാഹു നമ്മെ പഠിപ്പിച്ചതുമാണ്- നാം മുറുകെ പിടിച്ചാല്‍ അല്ലാഹു നമുക്ക് നല്‍കുന്ന വാഗ്ദാനം സന്മാര്‍ഗവും അതിലുറച്ചു നില്‍ക്കാനുള്ള അനുഗ്രഹവുമാണ്. അതത്രെ മഹത്തായ വിജയം.

നാലാമത്തെത്, അല്ലാഹുവില്‍നിന്നുളള വമ്പിച്ച പ്രതിഫലമാണ്. പ്രവാചകന്‍ ﷺ  പഠിപ്പിച്ച പ്രാര്‍ഥനയില്‍ നാം കാണുന്നത്, 'അല്ലാഹുവേ! എന്റെ ഈ വിപത്തില്‍ എനിക്കു നീ പ്രതിഫലം നല്‍കേണമേ' എന്നാണ്.

വിശ്വാസികള്‍ അനുഭവിക്കുന്ന ഏതു പ്രയാസങ്ങള്‍ക്കും (അത് മനസ്സിന്റെ ഉത്കണ്ഠയും വ്യഥയും ആണെങ്കില്‍ പോലും) പ്രതിഫലമുണ്ടെന്നും അവരുടെ പാപങ്ങള്‍ അതിലൂടെ പൊറുക്കപ്പെടുമെന്നും നബി ﷺ  നമുക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്. ക്ഷമാലുക്കള്‍ക്ക് കണക്കുനോക്കാതെയാണ് പ്രതിഫലം നല്‍കപ്പെടുക എന്നും വിശുദ്ധ ക്വുര്‍ആനില്‍ നമുക്ക് കാണാം. മാത്രമല്ല മുസ്വീബത്തില്‍ ക്ഷമയവലംബിക്കുന്നവര്‍ക്ക് വമ്പിച്ച പ്രതിഫലം ഒരുക്കിവച്ചതു കൊണ്ടാണല്ലോ അങ്ങനെ പ്രാര്‍ഥിക്കാന്‍ അല്ലാഹുവും റസൂലും നമ്മെ പഠിപ്പിച്ചത്.

അനുഭവിക്കുന്ന വേദനകളെയും പരീക്ഷണങ്ങളെയും പ്രതിഫലമാക്കിമാറ്റാന്‍ സാധിക്കുന്ന ഒരു വിശ്വാസി എത്രമാത്രം അനുഗൃഹീതനാണെന്ന് ചിന്തിച്ചു നോക്കൂ!

അഞ്ചാമത്തെത് ദുരന്തത്തിലും പരീക്ഷണത്തിലും നമുക്ക് നഷ്ടപ്പെട്ടതിനെക്കാള്‍  ഉത്തമമായത് അല്ലാഹു പകരം നല്‍കും എന്നതാണ്. പ്രവാചകന്‍ ﷺ  പഠിപ്പിച്ച പ്രാര്‍ഥനയിലും നമുക്കതാണ് കാണാന്‍ സാധിക്കുന്നത്:

'ഞങ്ങള്‍ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ മടക്കവും അവന്റെ അടുത്തേക്കാണ്. അല്ലാഹുവേ! എന്റെ ഈ വിപത്തില്‍ എനിക്ക് പ്രതിഫലം (പാരിതോഷികം) നല്‍കേണമേ. അതിനു പകരം അതിലും ഉത്തമമായത് എനിക്ക് നല്‍കേണമേ' എന്നു പ്രാര്‍ഥിച്ചാല്‍അതിനെക്കാള്‍ ഉത്തമമായത് അല്ലാഹു അവന്ന് നല്‍കാതിരിക്കുകയില്ല'

കുടുംബത്തില്‍ മരണം സംഭവിച്ചാല്‍ 'എനിക്കിനി ആരുമില്ല,' വല്ല നഷ്ടവും സംഭവിച്ചാല്‍ 'എനിക്കിനി ഒന്നുമില്ല' എന്നെല്ലാം പറഞ്ഞ് വാവിട്ടുകരയുന്നവരെയും, ചിലപ്പോള്‍ ആത്മഹത്യവരെ ചെയ്യുന്നവരെയും നമുക്ക് ചുറ്റിലും കാണാം. തെളിമയാര്‍ന്ന വിശ്വാസത്തിന്റെ അഭാവം തന്നെയാണ് കാരണം. എന്നാല്‍ വിശ്വാസികള്‍ അങ്ങനെയല്ല. തനിക്കു നഷ്ടപ്പെട്ടത് അല്ലാഹു നല്‍കിയതായിരുന്നു എന്നും, അതിനെക്കാള്‍ മുന്തിയത് തിരിച്ചുനല്‍കാന്‍ കഴിവുള്ളവനും കാരുണ്യവാനുമാണ് എന്റെ നാഥനെന്നും മനസ്സിലാക്കുന്ന വിശ്വാസി ആത്മവിശ്വാസത്തിന്റെ പരമോന്നത പീഠത്തിലായിരിക്കും.

ഒരു പരീക്ഷണവും ദുരന്തവും  അവനെ തളര്‍ത്തുകയോ തകര്‍ക്കുകയോ ഇല്ല. അവന് അല്ലാഹുവില്‍ നിന്ന് കൂടുതല്‍ ഉത്തമമായത് ലഭിക്കുകയും ചെയ്യും.

ചുരുക്കത്തില്‍, പരീക്ഷണങ്ങളും ദുരന്തങ്ങളും അനുഭവിക്കുന്നവര്‍ക്ക് വമ്പിച്ച ആശ്വാസവാക്കുകളാണ് അല്ലാഹുവില്‍നിന്നും ലഭിച്ചിട്ടുള്ളത്. ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ ആശ്വാസമായി പ്രഖ്യാപിക്കുന്നതിനെക്കാള്‍ വിലയേറിയ, അഥവാ വിലമതിക്കാനാവാത്ത അഞ്ചുകാര്യങ്ങളാണ് അല്ലാഹു ആശ്വാസവാക്കുകളായി, വാഗ്ദാനങ്ങളായി പറഞ്ഞിട്ടുള്ളത്.

അതിനു പുറമെ ഏതു പ്രതിസന്ധിയിലും പോസിറ്റീവ് ആയി ചിന്തിക്കാന്‍ അല്ലാഹു പഠിപ്പിക്കുന്നു.

നാം പലപ്പോഴും പരീക്ഷണങ്ങളെ ദുഃഖവാര്‍ത്തകളായിട്ടാണ് കാണാറുള്ളതെങ്കില്‍ ഇവിടെ അല്ലാഹു പരീക്ഷണത്തില്‍ അകപ്പെട്ടവര്‍ക്ക്, ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയാണ് നല്‍കുന്നത്!

'ക്ഷമാലുക്കള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക' എന്നു പറഞ്ഞാണ് അല്ലാഹു ക്ഷമാലുക്കള്‍ക്കുള്ള നേട്ടങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.

പ്രവാചകന്റെ നിലപാടുകളും അധ്യാപനങ്ങളും നെഗറ്റീവ് ആയി ചിന്തിക്കാനല്ല, മറിച്ച് കാരുണ്യവാനായ അല്ലാഹു കൂടെയുണ്ടെന്നും അവന്‍ മഹത്തായ നന്മകള്‍ ഒരുക്കിവച്ചിട്ടുണ്ടെന്നും ഏറ്റവും ഉത്തമമായത് പകരം നല്‍കുമെന്നുമുള്ള പോസിറ്റീവായ ചിന്തയാണ് നമുക്കു നല്‍കുന്നത്.

ഇസ്‌ലാം പഠിപ്പിക്കുന്ന ഇത്തരം ഉന്നതമായ കാര്യങ്ങള്‍ മനസ്സിലാക്കി ഏതു പരീക്ഷണഘട്ടത്തിലും  പ്രതീക്ഷയോടെ, പ്രാര്‍ഥനയോടെ, സമചിത്തത കൈവിടാതെ, വമ്പിച്ച ആത്മവിശ്വാസത്തോടെയും സമാധാനത്തോടെയും നിലകൊള്ളാന്‍ പരിശ്രമിക്കുക.  സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.