സത്യാനന്തരകാലത്തെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

ഹിലാല്‍ സലീം സി പി

2020 മെയ് 02 1441 റമദാന്‍ 09

നുണക്കൂണുകള്‍ക്ക് പഞ്ഞമില്ലാത്ത കാലമാണിത്. ഒരു മാസ്റ്റര്‍ബ്രെയ്‌നും നാല് കമ്പ്യൂട്ടറുകളും സ്വന്തമായുള്ള ഏവര്‍ക്കും തങ്ങളുടെ പ്രൊപഗണ്ട സമൂഹത്തില്‍ അടിച്ചേല്‍പിക്കാന്‍ സാധിക്കും എന്ന സ്ഥിതിയാണുള്ളത്. സത്യവും ധര്‍മവും ചിത്രത്തില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. നുണകള്‍ക്ക് വമ്പിച്ച സ്വീകാര്യത ലഭിക്കുകയും സത്യം അവഗണിക്കപ്പെടുകയും ചെയ്യുന്ന ഈ കാലത്തെയാണ് 'സത്യാനന്തരകാലം' (പോസ്റ്റ് ട്രൂത്ത് ഏജ്) എന്ന് വിശേഷിപ്പിക്കുന്നത്. 2016ലെ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച വാക്യമായി 'പോസ്റ്റ് ട്രൂത്തി'നെ തെരഞ്ഞെടുത്തിരുന്നു. നമ്മുടെ കാലത്തെ നിര്‍വചിക്കുന്ന വാക്യമാണിതെന്ന് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി മേധാവി കാസ്പര്‍ ഗ്രാത്ത്‌പോള്‍ പ്രസ്താവിക്കുകയുണ്ടായി.

അനുസ്യൂതമായ കാലക്കുതിപ്പിന്നിടയില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍ പരിണാമങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 'യുക്തിയുടെയുഗ'മായി പരിചയപ്പെടുത്തുന്ന കാലത്താണ് നാം ജീവിക്കുന്നത്. വൈകാരികതയ്ക്കപ്പുറം വിചാരങ്ങള്‍ക്കും വിചിന്തനങ്ങള്‍ക്കുമാണ് പ്രാധാന്യം എന്ന ആപ്തവാക്യത്തിന്റെ ഉയര്‍ച്ച ഒരു പ്രതീക്ഷയാണ്. എന്നാല്‍ ഈ വസ്തുതകള്‍ നിലനില്‍ക്കുമ്പോഴും സത്യാനന്തരധാര നമ്മുടെ സമൂഹത്തിന്റെ കണ്ണാടിയായി മാറുന്നു എന്നത് വിരോധാഭാസമാണ്. വസ്തുതകളെക്കാള്‍ വികാരങ്ങള്‍ക്കും വ്യക്തിപരമായ തന്നിഷ്ടങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുകയും അതൊരു പൊതുജനാഭിപ്രായമായി രൂപംപ്രാപിക്കുകയും ചെയ്യുകയാണ് ഈ സത്യാനന്തരയുഗത്തില്‍.

ഒരു സേ്വച്ഛാധിപതിയെയും ഫാഷിസ്റ്റ് ഭരണക്രമത്തെയും വാര്‍ത്തെടുക്കുന്നതിന് വ്യാജ നിര്‍മിതികളും പ്രചണ്ഡമായ പ്രചാരണപദ്ധതികളും ഏതു വിധത്തിലായിരിക്കണമെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ജര്‍മനിയിലെ ഹിറ്റ്‌ലറുടെ ഉദയം. ഇതിന്റെ ആസൂത്രകനായിരുന്നത് ഹിറ്റ്‌ലറുടെ ഉറ്റ അനുയായിയും നാസിപാര്‍ട്ടിയുടെ പ്രചാരകനുമായിരുന്ന ജോസഫ് ഗീബല്‍സാണ്. പ്രൊപഗണ്ടയ്ക്ക് വേണ്ട ഉപാധികളെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് എങ്ങനെ ഉപയോഗിക്കാമെന്ന് ജര്‍മന്‍ സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ, സാഹിത്യ നൈപുണ്യവും ഭാഷാചാതുര്യവും ഒത്തിണങ്ങിയ ഡോ. ജോസഫ് ഗീബല്‍സിന് കൃത്യമായ പ്രവര്‍ത്തന പദ്ധതികളുണ്ടായിരുന്നു. ജനങ്ങളെ ഒരു ആശയത്തിലേക്ക് പരിവര്‍ത്തിപ്പിച്ചെടുക്കാനും അതിനെ പ്രവര്‍ത്തനമാക്കി തീര്‍ക്കാനും ഒരുപിടി ആളുകള്‍ മാത്രം മതി എന്നാണ് ഗീബല്‍സിന്റെ മതം!

സത്യാനന്തരത്തിന് സമാനമായ മറ്റൊരു പദം സംഭാവന ചെയ്തയാളാണ് ഗീബല്‍സ്. 'വസ്തുനിഷ്ഠ യാഥാര്‍ഥ്യം യുക്തിയുടെയും വാദപ്രതിവാദത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാപിച്ചെടുക്കുന്ന സത്യമാണ്. എന്നാല്‍ കാവ്യസത്യമാകട്ടെ പൊടിപ്പും തൊങ്ങലുംവച്ച് അവതരിപ്പിക്കുന്നതാണ്. സത്യമെന്ന് ജനങ്ങളെ തെറ്റുധരിപ്പിക്കുന്ന വിധത്തില്‍ നിറംപിടിപ്പിച്ച കഥകളോടെ സൃഷ്ടിക്കുന്ന ഇതിന് വസ്തുതകളുമായി നേരിയ ബന്ധം മാത്രമെ ഉണ്ടാവുകയുള്ളൂ. നുണകള്‍ കാവ്യാത്മകമായി അവതരിപ്പിച്ച് വിശ്വസനീയമായ സത്യങ്ങളാക്കി മാറ്റുകയെന്നതാണ് കാവ്യസത്യപ്രയോഗരീതി'-സാമൂഹിക നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

ഒരു കള്ളം നൂറുതവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാണെന്ന് ജനം ധരിക്കുന്നു. സത്യാന്വേഷണങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്നു, അല്ലെങ്കില്‍ അതിന് നിര്‍ബന്ധിതമാകുന്നു. ആഗോള ആനുകാലിക സംഭവങ്ങള്‍ നമുക്കീ സത്യാന്വേഷണത്തില്‍ ഇഴകീറി പരിശോധിക്കാം. ഏഷ്യന്‍ വന്‍കരയില്‍ പ്രധാനമായും രണ്ട് തര്‍ക്കങ്ങളാണ് നിലവിലുള്ളത്. ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലും ഫലസ്തീന്‍-ഇസ്‌റായേല്‍ അതിര്‍ത്തിയിലും. ഇവ രണ്ടിനും വഴിമരുന്നിട്ടത് ബ്രിട്ടീഷ്-സാമ്രാജ്യത്വമാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം വര്‍ധിത പ്രക്ഷോഭങ്ങളുടെ പരിണിതിയായി പതിയെ കൊളോണിയല്‍ തത്ത്വങ്ങളില്‍ നിന്നും പിന്മാറിയപ്പോള്‍ അവരുടെ കുടിലബുദ്ധിയിലുദിച്ച ആശയങ്ങളിലൊന്നായിരുന്നു ഭിന്നിപ്പിച്ച് നശിപ്പിക്കുക എന്നത്. സാമ്രാജ്യത്വത്തിന് ഭീഷണിയായി ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള രാഷ്ട്രങ്ങളില്‍ എന്നെന്നേക്കുമായി യുദ്ധമുഖങ്ങള്‍ സൃഷ്ടിക്കുക വഴി അവര്‍ തങ്ങള്‍ക്ക് നേരെയുള്ള ഭീഷണിയെ ഒതുക്കാന്‍ ശ്രമിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് വെന്നിക്കൊടി പാറിയപ്പോള്‍ ഇന്ത്യയെ വിഭജിച്ച് ഇന്ത്യയും പാക്കിസ്ഥാനുമാക്കിത്തീര്‍ത്താണ് ബ്രിട്ടീഷുകാര്‍ പടിയിറങ്ങിയത്. ഇന്ന് ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഏറ്റവുമധികം പ്രയോഗിക്കപ്പെടുന്ന പദങ്ങളിലൊന്നായി 'പാക്കിസ്ഥാന്‍' മാറിക്കഴിഞ്ഞു. അപരവിദ്വേഷം ആളിക്കത്തിച്ചുകൊണ്ട് രാഷ്ട്രീയകക്ഷികള്‍ അധികാരത്തി ലേറുന്നു. രാവും പകലുമെന്നില്ലാതെ സ്വരാജ്യത്തിനായി പടപൊരുതുന്ന വീരഭടന്മാര്‍ യാതൊരു തത്ത്വദീക്ഷയുമില്ലാതെനിരന്തരം തെരഞ്ഞെടുപ്പ് ഗോദയി ലേക്ക് വലിച്ചിഴക്കപ്പെടുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രംഗങ്ങളില്‍ ഉയരേണ്ട പ്രധാന വിഷയങ്ങള്‍ തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും പട്ടിണിയും കര്‍ഷകപ്രശ്‌നങ്ങളുമാണെന്നിരിക്കെ അവയുടെ സ്ഥാനത്ത് പാക്കിസ്ഥാനും അയോധ്യയും ഹിന്ദുവും മുസ്‌ലിമുമാകുന്നു എന്നത് ഈ സത്യാനന്തര കാലത്ത് അത്യത്ഭുതമല്ല.

ഇസ്‌റായേല്‍- ഫലസ്തീന്‍ അതിര്‍ത്തി പ്രശ്‌നം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണെന്ന തെറ്റുധാരണ പലരിലുമുണ്ട്. എന്നാല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഈ പ്രശ്‌നം പതിയെ തലപൊക്കുന്നത്. ഫലസ്തീനില്‍ അതുവരെ അധിവസിച്ചത് അറബ് വംശജരായിരുന്നു. ഇസ്‌ലാമിക് സംസ്‌കാരത്തിന്റെ ഭാഗമായ 'അല്‍ അക്വ്‌സ' പള്ളി സ്ഥിതി ചെയ്യുന്ന ഫലസ്തീനില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ചില വിശേഷാല്‍ പ്രശ്‌നങ്ങള്‍ തലപൊക്കി. ഒന്നാംലോക മഹായുദ്ധത്തിലേക്ക് ലോകം നടന്നടുക്കുകയായിരുന്നു. സഖ്യങ്ങള്‍ ഇരുചേരികളിലായി നിലകൊണ്ടു. ജര്‍മനിയില്‍ ജൂതവംശജരെ അതിഭീകരമായി ഹിറ്റ്‌ലറും അനുയായികളും വേട്ടയാടി. കൂട്ടക്കശാപ്പും നാടുകടത്തലും കാരണം ജൂതന്മാര്‍ അരക്ഷിതരായി. ഈ സമയത്ത് ജൂതന്മാര്‍ക്ക് അധിവസിക്കാന്‍ ഒരു രാജ്യമെന്ന മുറവിളി ഉയര്‍ന്നു. ഇക്കാലത്ത് ഫലസ്തീനില്‍ കുടിയേറിപ്പാര്‍ത്തവരില്‍ വിവിധ വംശജരുണ്ടായിരുന്നു. അഭയാര്‍ഥികളെ അവര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഈ സന്ദര്‍ഭത്തെ ബ്രിട്ടന്‍ തങ്ങളുടെ ലാഭത്തിന് വേണ്ടി സമര്‍ഥമായി വിനിയോഗിച്ചു. ഒന്നാം ലോക മഹായുദ്ധത്തില്‍ തങ്ങളെ സഹായിച്ചാല്‍ ജൂതരാഷ്ട്രം നേടിയെടുക്കാന്‍ തങ്ങള്‍ ജൂതരെ സഹായിക്കാം എന്ന് അവര്‍ വാഗ്ദാനം ചെയ്തു. ഇതിന്റെ ഫലമായി ഫലസ്തീനിലേക്ക് ആസൂത്രിതമായ വമ്പിച്ച ജൂതകുടിയേറ്റം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലുണ്ടായി. തങ്ങള്‍ കൈവശപ്പെടുത്തിയ ഭൂമിയില്‍ അവര്‍ മറ്റുള്ളവരെ പരിഗണിച്ചില്ല. ഇതൊരു സയണിസ്റ്റ് തന്ത്രമായിരുന്നു. പിന്നാലെ 'ഭൂമിയില്ലാത്ത ജനതയ്ക്ക് ജനതയില്ലാത്ത ഭൂമി' എന്ന മുദ്രാവാക്യം ഉയര്‍ന്നു. ജൂതന്മാരായിരുന്നു ഭൂമിയില്ലാത്ത ജനത. ഫലസ്തീനെയാണ് 'ജനതയില്ലാത്ത ഭൂമി' എന്ന് വിശേഷിപ്പിച്ചത്. യഥാര്‍ഥത്തില്‍ ഫലസ്തീന്‍ ജനനിബിഡമായ ഭൂമിയായിരുന്നു. ബ്രിട്ടീഷുകാര്‍ യുദ്ധത്തില്‍ വിജയിച്ചതോടെ ഫലസ്തീന്റെ സിംഹഭാഗവും കൂന്നിച്ചേര്‍ത്ത് ഇസ്‌റായേല്‍ എന്ന രാഷ്ട്രം രൂപീകൃതമായി (1948). ഫലസ്തീന്‍ ജനതയെ അവര്‍ നാടുകടത്തുകയും ചെയ്തു. അങ്ങനെ സ്വന്തം നാട്ടില്‍ നിന്നും കുടിയേറ്റക്കാരാല്‍ ഫലസ്തീന്‍കാര്‍ ആട്ടിയോടിക്കപ്പെട്ടു. മിച്ചം വന്ന ഫലസ്തീന്‍ ജനതയോട് ഇസ്‌റായേല്‍ നടത്തിയത് ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരതയായിരുന്നു. ഫലസ്തീന്‍ പ്രവിശ്യയായി മിച്ചം വന്ന വെസ്റ്റ് ബാങ്കിലും ഗാസയിലും കരളലിയിക്കുന്ന ക്രൂരതകള്‍ അവര്‍ പുറത്തെടുത്തു. കുഞ്ഞുങ്ങളെ നിഷ്‌കരുണം കൊല ചെയ്തു. വിദ്യാലയങ്ങള്‍ക്ക് മുകളിലും യു.എന്‍. നിയമം ലംഘിച്ച് അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് മുകളിലും അവര്‍ മിസൈലുകള്‍ വര്‍ഷിച്ചു. ഇത് കേവലം ഫലസ്തീന്‍ പ്രദേശത്തിന്റെ പ്രശ്‌നമല്ല, പ്രത്യുത, 'ദി ഗ്രേറ്റ് ഇസ്‌റായേല്‍' എന്ന സാമ്രാജ്യത്തിലേക്കുള്ള കാല്‍വെപ്പാണ് എന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. സിറിയയും ലബനനും മക്കയും മദീനയുമടങ്ങുന്ന പ്രദേശങ്ങള്‍ ഗ്രേറ്റ് ഇസ്‌റായേലിന്റെ ഭാഗമാണെന്നും അവിടങ്ങളില്‍ അധിവസിക്കുന്നവര്‍ പുറന്തള്ളപ്പെടേണ്ടവരാണെന്നും ഇക്കൂട്ടര്‍ കരുതുന്നു.

ഇന്ത്യയില്‍ അയോധ്യ-ബാബരി മസ്ജിദ് തര്‍ക്കം ഉടലെടുത്തത് തന്നെ ഇസ്‌റായേലിനെ മാതൃകയാക്കിയാണ്. മുന്‍ ഇസ്‌റായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെ നേതൃത്വത്തില്‍ 'മസ്ജിദുല്‍ അക്വ്‌സ'യെയും 'വിശുദ്ധ ഡോമി'നെയും തകര്‍ത്ത് ജൂതാലയം പണിയണം എന്നവര്‍ തീരുമാനിച്ചത് നാമറിഞ്ഞതാണ്. ഈയിടെ ലോകത്ത് വളര്‍ന്നുവന്ന ഐ.എസിന് പിന്നിലെ ശക്തിയായത് ഇസ്‌റായേല്‍ ചാരസംഘടനയായ മൊസാദാണ്. ഇത്രയധികം ക്രൂരതയുടെ ഭാണ്ഡക്കെട്ടുകള്‍ പേറുന്ന ഈ രാഷ്ട്രത്തെ വെള്ളപൂശുന്ന നടപടികള്‍ ഇന്ന് അതിവേഗം പുരോഗമിക്കുകയാണ്. ഇന്ത്യയും നെഹ്‌റുവും എന്നും നിലകൊണ്ടത് പീഡിതരായ ഫലസ്തീന്‍ ജനതയോടൊപ്പമാണ്. എന്നാല്‍ നിലവിലെ കേന്ദ്ര സര്‍ക്കാര്‍ ഇസ്‌റായേലിന്റെ ഉറ്റ ചങ്ങാത്തത്തിലാണ്. കേരളത്തിലടക്കം ഇസ്‌റായേല്‍ അനുകൂല ഭാഷ്യങ്ങള്‍ 'സ്വതന്ത്ര ചിന്ത'യുടെ മറപറ്റി പുറത്ത് വരുന്നു. ഫലസ്തീന്‍ അനുകൂല സെമിനാറുകള്‍ കേരളത്തില്‍ സംഘടിപ്പിക്കപ്പെടുന്നതെന്ത് കൊണ്ട് എന്ന മില്യണ്‍ ഡോളര്‍ ചോദ്യവുമായാണ് ഇത്തരക്കാരുടെ രംഗപ്രവേശം! ഇസ്‌റായേല്‍ സൈനിക ടാങ്കിന് മുന്നില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും ധീരതയോടെ നില്‍ക്കുന്ന ബാലനെ തീവ്രവാദത്തിന്റെ ഉല്‍പന്നമായി ചൂണ്ടിക്കാട്ടുന്നതിന് പിന്നിലെ ചേതോവികാരം സുവ്യക്തമാണ്. തീര്‍ച്ചയായും ഇതൊരു അജണ്ടയുടെ ഭാഗമാണ്. സത്യാനന്തരകാലത്ത് നുണകളുടെ അതിപ്രസരം അവ സത്യമാണെന്ന വ്യാഖ്യാനത്തിലേക്ക് വഴിമാറും എന്ന തത്ത്വം കൃത്യമായി അനുധാവനം ചെയ്യുകയാണ് ഇതിനു പിന്നിലെ മാസ്റ്റര്‍ ബ്രെയ്ന്‍.

2016ല്‍ 'സത്യാനന്തര'ത്തിന് കൂടുതല്‍ പ്രചാരം നേടിക്കൊടുത്ത രണ്ടു സംഭവങ്ങള്‍ നിരീക്ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും അടര്‍ന്നുപോകാനുള്ള ബ്രിട്ടന്റെ തീരുമാനമായിരുന്ന 'ബ്രെക്‌സിറ്റാ'യിരുന്നു ഒന്നാമത്തേത്. ഒരു ഏകീകൃത രാഷ്ട്രീയ ഘടനയും സമ്പദ് വ്യവസ്ഥയും ആവശ്യമാണെന്നതിലേക്കുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ ചുവടുവെപ്പിന്റെ ഉല്‍പന്നമായിരുന്നു യൂറോപ്യന്‍ യൂണിയന്‍ (ഇ.യു.). എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതും മറ്റു രാജ്യങ്ങളുമായി ഇടപഴകുന്നതും ബ്രിട്ടന്റെ അസ്തിത്വത്തിന് വിഘാതമാണെന്ന കള്ളപ്രചാരണവുമായി തീവ്ര വലതുപക്ഷ അതിദേശീയവാദികള്‍ രംഗത്തെത്തി. അതാണ് 'ദി എക്‌സിറ്റ് ഓഫ് ബ്രിട്ടന്‍' അഥവാ ബ്രെക്‌സിറ്റിലേക്ക് നയിച്ചത്. എന്നാല്‍ ജനഹിതം ഇതിന് അനുകൂലമായിട്ടും ബ്രെക്‌സിറ്റ് നടന്നില്ല. ഇതിന്നിടയില്‍ രണ്ടു വട്ടം വീണ്ടും ജനം പോളിംഗ് ബൂത്തുകള്‍ കയറിയിറങ്ങി. വ്യാജദേശീയത ആളിക്കത്തിച്ച് അധികാരത്തില്‍ പിടിമുറുക്കുക എന്ന തന്ത്രം അവിടെ വിജയിച്ചു.

2016 നവംബറില്‍ നടന്ന അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പായിരുന്നു മറ്റൊന്ന്. അബദ്ധജടിലവും അശ്ലീലത നിറഞ്ഞതുമായ പ്രചാരണതന്ത്രം പയറ്റിയ ഡോണള്‍ഡ് ട്രംപ് ഏവരെയും ഞെട്ടിച്ചുകൊണ്ട് അധികാരത്തിലേറി. ഇതോടെ സത്യത്തിനു യാതൊരു വിലയും കല്‍പിക്കാത്ത കാലമെന്ന പ്രതീതി ഉയര്‍ന്നുവന്നു. 2010ല്‍ ഡേവിഡ് റോബര്‍ട്‌സാണ് 'സത്യാനന്തര രാഷ്ട്രീയം' എന്ന വാക്യം ആദ്യമായി ഉപയോഗിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ലിബറലിസം കടുത്ത തകര്‍ച്ചയാണ് നേരിട്ടത്. ഫാഷിസം അതിന്റെ ഉഗ്രരൂപം പുറത്തെടുത്തു. അതോടെ ഇനി ഫാഷിസവും കമ്യൂണിസവും തമ്മിലാകും പ്രത്യയശാസ്ത്രയുദ്ധമെന്ന് കരുതിയ സന്ദര്‍ഭത്തില്‍ നിന്നാണ് അവിശ്വസനീയമാം വിധം സോവിയറ്റ് യൂണിയന്‍ തകര്‍ന്നതും കമ്യൂണിസം തരിപ്പണമായതും. നിരീശ്വര-നിര്‍മത ഭീകരവാദം അടിച്ചമര്‍ത്തപ്പെട്ടതും നാസ്തികതയുടെ പ്രത്യയശാസ്ത്രാപചയവുമാണ് ഇതിന് നിദാനമായി വര്‍ത്തിച്ചത്.

 ആഗോളതലത്തില്‍ ഭീകരപ്രവര്‍ത്തനങ്ങളുമായി ഐ.എസ്. (ദാഇഷ്) എന്ന കാപാലികര്‍ കടന്നുവരുന്നത് ആറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. സ്വയം പ്രഖ്യാപിത ഖലീഫയായ അബൂബക്കര്‍ അല്‍ബാഗ്ദാദി ഇറാഖിലും സിറിയന്‍ പ്രവിശ്യയിലും വന്‍ നാശനഷ്ടങ്ങള്‍ വരുത്തിവച്ചു. ഇസ്‌ലാമിക രാജ്യമായ സുഉൗദി അറേബ്യയിലെ മദീനയില്‍ പോലും അവരുടെ ചാവേറുകള്‍ പൊട്ടിത്തെറിച്ചു. ലോകത്തെ മിക്ക രാജ്യങ്ങളില്‍നിന്നുമുള്ള ആളുകള്‍ പങ്കെടുക്കുന്ന 'ഹജ്ജി'ന്റെ വേളയില്‍ 'ഐ.എസിനെതിരെ ഓരോ മുസ്‌ലിമുംതന്നാലാകുന്നത് ചെയ്യണം' എന്ന് സുഊദി ഗ്രാന്‍ഡ് മുഫ്തി ആഹ്വാനം ചെയ്തു. എന്നാല്‍ ഈ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമ ഏജന്‍സികള്‍ മൂടിവച്ചു. സാമ്രാജ്യത്വത്തിന്റെ പാലുകുടിച്ച് വളര്‍ന്നവര്‍ എങ്ങനെ അവര്‍ക്കെതിരെ കൈ ചൂണ്ടും? യു.എസ് ആര്‍മി കേണലായ ലോറന്‍സ് വില്‍കിന്‍സണ്‍ തങ്ങളാണ് ഐസിസിനെ സൃഷ്ടിച്ചത് എന്ന കുറ്റസമ്മതം നടത്തിയതും ബാഗ്ദാദിയുടെ ഉയിര്‍പ്പ് അമേരിക്കന്‍ ജയിലില്‍ നിന്നും മൊസാദിന്റെ പരിശീലനത്തിലൂടെയാണ് എന്ന് യു. എസ് രഹസ്യാന്വേഷണ ഏജന്‍സി മുന്‍ തലവനായ എഡ്വേര്‍ഡ് സ്‌നോഡന്‍ പ്രസ്താവിച്ചതും സത്യം മറനീക്കി പുറത്തുവന്നതിന്റെ തെളിവാണ്. ഇന്ന് ഐ.എസ് എന്ന തെമ്മാടിക്കൂട്ടം പതിയെ പിന്‍വലിഞ്ഞിരിക്കുന്നു. ഇവിടെയാണ് മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നവരെ മാധ്യമ ഭീകരതയും മാധ്യമ വിധേയത്വവും പഠിപ്പിക്കേണ്ടി വരുന്നത്. സത്യത്തെ എത്രകാലം പൂഴ്ത്തിവയ്ക്കാന്‍ ശ്രമിച്ചാലും ഒടുവില്‍ സത്യത്തിന്റെ ഉയിര്‍പ്പ് നിശ്ചയമാണ് എന്നത് സത്യാനന്തരകാലത്തെ ഒരു താക്കീതാണ്.

ഗാന്ധിയുടെ ഇന്ത്യയില്‍ നിന്നും ഗോഡ്‌സയെുടെ ഗോദയിലേക്കുള്ള ദൂരം ചര്‍ച്ചചെയ്യപ്പെടുകയാണ്. അതിദേശീയതയുടെ വക്താക്കള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗവും തൊഴില്‍ രംഗവും നശിപ്പിക്കുക മാത്രമല്ല, ഇന്ത്യയുടെ 'നാനാത്വത്തില്‍ ഏകത്വ'മെന്ന ആശയമുള്‍ക്കൊള്ളുന്ന സംസ്‌കാരത്തെയും നിഷ്‌കാസനം ചെയ്തു. മുമ്പ് അമേരിക്കയോടും റഷ്യയോടും മത്സരിച്ചിരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇന്ന് ബംഗ്ലാദേശിനോടാണ് ഏറ്റുമുട്ടുന്നത് എന്നത് എത്രമേല്‍ പരിതാപകരമാണ്! ഇന്ത്യന്‍ ഭരണഘടനയെ പോലും തള്ളിക്കളയുന്ന, ഇന്ത്യന്‍ ദേശീയ പതാകയെ, ദേശീയ ഗാനത്തെ, രാഷ്ട്രപിതാവിനെ അംഗീകരിക്കാത്തവരാണ് ഇന്ന് ഇന്ത്യന്‍ പൈതൃകത്തിന്റെ കുത്തകാവകാശവുമായി രംഗത്തെത്തുന്നത്. ചിലരുടെ അധികാരമോഹത്തിന്റെയും സ്വാര്‍ഥതാല്‍പര്യത്തിന്റെയും ഫലമായാണ് ഇന്ന് ഇന്ത്യയില്‍ ഹോള്‍സയെില്‍ നിരക്കില്‍ വര്‍ഗീയതയും വംശീയതയും വിഭാഗീയതയും വില്‍പനച്ചരക്കാവുന്നത്. സംഘപരിവാര്‍ ഐ ടി സെല്‍ കൈകാര്യം ചെയ്ത് പിന്നീട് മനംമടുത്ത് അവിടെ നടക്കുന്ന അരുതായ്മകളെ തുറന്നുകാട്ടുന്ന പുസ്തകമെഴുതിയവര്‍ തീര്‍ത്തുപറഞ്ഞത് നുണക്കൂമ്പാരങ്ങളുടെ സൃഷ്ടിപ്പിനെക്കുറിച്ചാണ്. മലപ്പുറത്ത് നോമ്പുകാലത്ത് വഴിവക്കിലിരുന്ന് പകല്‍സമയത്ത് ചായ കുടിക്കാന്‍ സാധിക്കില്ല എന്നത് പോലുള്ള കള്ളപ്രചാരണങ്ങള്‍ ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്.

സത്യാനന്തര രാഷ്ട്രീയത്തിന്റെ മകുടോദാഹരണമാണ് 'ആധുനിക' ഇന്ത്യ. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാന്‍ തങ്ങള്‍ ഇപ്പോള്‍ ഉദ്ദേശിച്ചിട്ടില്ല എന്നാണ് അധികാരികള്‍ പറഞ്ഞത്. ഓണ്‍ലൈന്‍ സൊസൈറ്റിയുടെ ഇക്കാലത്ത് ഈ കള്ളം നിമിഷ നേരം കൊണ്ട് പിടിക്കപ്പെട്ടു. ഇന്ത്യയില്‍ ഉടനീളം എന്‍.ആര്‍.സി നടപ്പാക്കും എന്നാണ് രാജ്യസഭയില്‍ അഭ്യന്തരമന്ത്രി പറഞ്ഞത്. എന്നാല്‍ ഇത്തരമൊരു ആശയം തന്നെ തങ്ങളുടെ തലയിലുദിച്ചിരുന്നില്ല എന്നാണ് പ്രധാനമന്ത്രി പൊതുസദസ്സില്‍ ആണയിട്ടത്! ഇന്ത്യയില്‍ എവിടെയും തടങ്കല്‍ പാളയങ്ങള്‍ സൃഷ്ടിച്ചിട്ടില്ല എന്നാണ് പ്രധാനമാന്ത്രി ആണയിട്ട് പറഞ്ഞത്. എന്നാല്‍ അസമില്‍ പണിത തടങ്കല്‍ പാളയത്തിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഉടനെ പൊങ്ങിവന്നു. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയെ പത്രപ്രവര്‍ത്തകന്‍ ഇന്റര്‍വ്യൂ ചെയ്യുന്നതിനിടയില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ കുറിച്ച് ചോദിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മറുപടി ഞെട്ടിക്കുന്നതായിരുന്നു: ''അപ്പറഞ്ഞതൊക്കെ തെരഞ്ഞെടുപ്പ് ജയിക്കുവാനുള്ള വെറും 'ജൂംല'കളല്ലേ?''-കേരളത്തിന്റെ മുന്‍ ഡി.ജി.പിയായിരുന്ന ഒരു വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചാല്‍ അദ്ദേഹം എത്ര സമര്‍ഥമായി സത്യാനന്തരധാരയെ ഉപയോഗപ്പെടുത്തുന്നു എന്ന് മനസ്സിലാക്കാം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എയ്ഡഡ് ഹൈസ്‌കൂളുകളിലേക്കും യു.പി സ്‌കൂളുകളിലേക്കും അധ്യാപകരെ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് തെറ്റുധരിപ്പിക്കുന്ന, 'അറബി പഠിച്ചാലേ ഇനി അമ്പലത്തില്‍ ജോലി കിട്ടൂ' എന്ന തലക്കെട്ടോടെ ഇദ്ദേഹം പോസ്റ്റ് ചെയ്തത്!

സംഘ്പരിവാറിനെതിരെ നിരന്തരം ബൗദ്ധിക സംവാദത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന മുന്‍ ഐ.എ. എസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ പങ്കുവച്ച ആശയം ഇവിടെ പ്രസക്തമാണ്. നോട്ടുനിരോധനത്തിന്റെ കാലത്ത് ഇന്ത്യയിലെ ജനങ്ങളോട് അധികാരികള്‍ ചോദിച്ചത് 'നമുക്ക് കള്ളപ്പണം പിടിച്ചെടുക്കേണ്ടേ' എന്നാണ്. ഇന്ത്യന്‍ ജനതയൊന്നാകെ വേണമെന്ന് ഏറ്റുപിടിച്ചു. 'എന്താണ് കള്ളപ്പണം' എന്ന മറുചോദ്യം എവിടെ നിന്നും അപസ്വരമായി പോലും പുറത്ത് ചാടിയില്ല. നമ്മുടെ അലമാരകളില്‍ സൂക്ഷിക്കുന്നതും നാം കടയില്‍നിന്നും സാധനം വാങ്ങാന്‍ ഉപയോഗിക്കുന്നതുമായ പണം തത്ത്വത്തില്‍ ഗവണ്‍മെന്റുമായി നേരിട്ട് ബന്ധമില്ലാത്തതാണ്. ഇവ കള്ളപ്പണത്തിന്റെ പരിധിയിലാണ് വരിക. ഇത് തിരിച്ചറിയാതെ വീണ്ടും നാം സത്യാനന്തരധാരയുടെ അടിയൊഴുക്കില്‍ ആടിയുലഞ്ഞു. പലര്‍ക്കും ജീവന്‍ നഷ്ടമായി.

പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുള്ള പ്രക്ഷോഭങ്ങളില്‍ പ്രതിപക്ഷം ഐക്യപ്പെട്ടു. ഭരണപക്ഷത്തുള്ളവര്‍ പോലും രംഗത്തെത്തി. ഇത് കേവലം മുസ്‌ലിംകളുടെ പ്രശ്‌നമല്ല, മറിച്ച് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്. പതിനാലാം അനുച്ഛേദത്തില്‍ പറഞ്ഞത് പ്രകാരം ഇന്ത്യയിലെ നിയമങ്ങള്‍ക്ക് മതം ഒരു മാനദണ്ഡമാകരുത് എന്ന് ഭരണഘടന അനുശാസിക്കുന്നു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്ന് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ഒരു വിഭാഗമൊഴിച്ചുള്ളവര്‍ക്ക് പൗരത്വം എന്നത് ഭരണഘടനാ ലംഘനമാണ്. ഇതിനു പിന്നാലെ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കും എന്നും പ്രഖ്യാപിക്കപ്പെട്ടു. യഥാര്‍ഥത്തില്‍ ഒരാള്‍ രാജ്യത്തിന്റെ പൗരനാണ് എന്ന് തെളിയിക്കേണ്ട ബാധ്യത രാജ്യത്തിന്റെതാണ്. ഈ ഉത്തരവാദിത്തം പൗരന്റെമേല്‍ അടിച്ചേല്‍പിക്കുകയാണിവിടെ.

ചരിത്രം 'മാറ്റിയെഴുതും' എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നവര്‍ അധികാരമേറുമ്പോള്‍ എതിര്‍സ്വരങ്ങള്‍ മുഴങ്ങണം. ഈ സത്യാനന്തര രാഷ്ട്രീയബീജത്തെ നശിപ്പിക്കുവാന്‍ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ളവര്‍ തലപൊക്കുന്നു എന്നത് ആശ്വാസകാരമാണ്. സത്യാനന്തര ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും 'സത്യമേവ ജയതേ' എന്ന ഉള്‍ക്കരുത്ത് നമ്മെ ഊര്‍ജസ്വലരാക്കുന്നു.

'സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏ തെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി'' (വിശുദ്ധ ക്വുര്‍ആന്‍: 49:6).