ഗുണകാംക്ഷ

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 ഒക്ടോബര്‍ 03 1442 സഫര്‍ 16

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 32 )

ഇസ്‌ലാമില്‍ നസ്വീഹത്തിന് മഹത്തായ സ്ഥാനവും വിശാലമായ വിവക്ഷയുമുണ്ട്. ഇസ്‌ലാമിന്റെ അച്ചുതണ്ട് എന്നു പണ്ഡിതന്മാര്‍ വിശേഷിപ്പിച്ച ഒരു തിരുമൊഴി ഈ വിവരം വിളിച്ചറിയിക്കുന്നു. അബൂറുക്വയ്യഃ തമീം ഇബ്‌നു ഔസ് അദ്ദാരി(റ)യില്‍നിന്നും നിവേദനം. തിരുദൂതര്‍ ﷺ പറഞ്ഞു: 'ഇസ്‌ലാം നസ്വീഹത്താ(ഗുണകാംക്ഷ)ണ്.''ഞങ് ങള്‍ ചോദിച്ചു: 'ആരോട്? നബി ﷺ പറഞ്ഞു: 'അല്ലാഹുവോട്, അല്ലാഹുവിന്റെ കിതാബിനോട്, അല്ലാഹുവിന്റെ റസൂലിനോട്, മുസ്‌ലിം നേതാക്കളോട്, മുസ്‌ലിംകളിലെ സാധാരണക്കാരോട്' (മുസ്‌ലിം).

ഈ ഹദീഥിനെ വിശദീകരിച്ചുകൊണ്ട് ഇമാം അല്‍ഖത്വാബി പറഞ്ഞു: 'അല്ലാഹുവോടുള്ള നസ്വീഹത്ത് എന്നാല്‍ അവന്റെ ഏകത്വത്തിലുള്ള ശരിയായ വിശ്വാസവും ആരാധനയില്‍ നിയ്യത്തിലെ (ഉദ്ദേശ്യത്തിലെ) നിഷ്‌കളങ്കതയുമാകുന്നു. അല്ലാഹുവിന്റെ കിതാബിനോടുള്ള നസ്വീഹത്ത് എന്നാല്‍ അതിലുള്ള വിശ്വാസവും അതിലുള്ളതനുസരിച്ചുള്ള പ്രവര്‍ത്തനവുമാണ്. അല്ലാഹുവിന്റെ റസൂലിനോടുള്ള നസ്വീഹത്ത് എന്നാല്‍ പ്രവാചകത്വത്തെ സത്യപ്പെടുത്തലും കല്‍പിച്ചതിലും വിരോധിച്ചതിലും തിരുദൂതരോടുള്ള വിധേയത്വം വിനിയോഗിക്കലുമാണ്. വിശ്വാസികളുടെ നേതാക്കളോടുള്ള നസ്വീഹത്തെന്നാല്‍ സത്യത്തിന്റെ വിഷയത്തില്‍ അവരെ അനുസരിക്കലും അവര്‍ അന്യായം ചെയ്താലും വാളെടുത്ത് അവര്‍ക്കെതിരില്‍ പുറപ്പെടാതിരിക്കലുമാണ്. മുസ്‌ലിം പൊതുജനത്തോടുള്ള നസ്വീഹത്ത് എന്നാല്‍ അവര്‍ക്കു ഗുണപ്രദമായ കാര്യങ്ങളില്‍ അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കലാണ്.'

മുസ്‌ലിംകള്‍ക്ക് ഗുണപ്രദമായ കാര്യങ്ങളില്‍ അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കലാണ് അവരോടുള്ള നസ്വീഹത്ത്. പ്രസ്തുത നസ്വീഹത്തിന്റെ പ്രാധാന്യവും മഹത്ത്വവുമറിയിക്കുന്ന ഏതാനും തിരുമൊഴികള്‍ ഇവിടെ നല്‍കുന്നു.

ജരീര്‍ ഇബ്‌നുഅബ്ദില്ലാഹ് അല്‍ബജലി(റ) പറഞ്ഞു: ''നമസ്‌കാരം നേരാംവിധം നിലനിര്‍ത്തുക, സകാത്ത് നല്‍കുക, എല്ലാ മുസ്‌ലിമിനോടും നസ്വീഹത്ത് വെച്ചുപുലര്‍ത്തുക എന്നതിന് ഞാന്‍ അല്ലാഹുവിന്റെ റസൂലി ﷺ ന് ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്തു''(ബുഖാരി, മുസ്‌ലിം).

അബൂഹുറയ്‌റ(റ)യില്‍നിന്നു നിവേദനം. തിരുദൂതര്‍ ﷺ പറഞ്ഞു: 'ഒരു മുസ്‌ലിമിനു മറ്റൊരു മുസ്‌ലിമിന്റെ മേല്‍ ബാധ്യതകള്‍ ആറെണ്ണമാകുന്നു.' ചോദിക്കപ്പെട്ടു: 'അല്ലാഹുവിന്റെ തിരുദൂതരേ, അവ ഏതാണ്?' തിരുമേനി ﷺ പറഞ്ഞു: 'നീ അവനെ കണ്ടുമുട്ടിയാല്‍ അവനോട് സലാം പറയുക, അവന്‍ ക്ഷണിച്ചാല്‍ ഉത്തരമേകുക, അവന്‍ നസ്വീഹത്ത് ആവശ്യപ്പെട്ടാല്‍ അവന് നസ്വീഹത്ത് നല്‍കുക, അവന്‍ തുമ്മുകയും അല്‍ഹംദുലില്ലാഹ് ചൊല്ലുകയും ചെയ്താല്‍ അവനെ തശ്മീത് നടത്തുക, അവന്‍ രോഗിയായാല്‍ നീ അവനെ സന്ദര്‍ശിക്കുക, അവന്‍ മരണപ്പെട്ടാല്‍ അവനെ അനുഗമിക്കുക' (മുസ്‌ലിം).

അബൂയസീദി(റ)ല്‍നിന്നു നിവേദനം. തിരുദൂതര്‍ ﷺ പറഞ്ഞു: ''നിങ്ങളിലൊരാള്‍ തന്റെ സഹോദരനോട് നസ്വീഹത്ത് ആവശ്യപ്പെട്ടാല്‍ അവന്‍ സഹോദരന് നസ്വീഹത്ത് നല്‍കട്ടെ''(ബുഖാരി).

ഉത്തമമായ മാര്‍ഗനിര്‍ദേശമരുളലാണല്ലോ നസ്വീഹത്ത്. മാര്‍ഗനിര്‍ദേശം നല്‍കുന്നവന്‍ പ്രവാചകന്മാരുടെ പാതയിലാണ്. അവര്‍ക്ക് മഹത്തായ പ്രതിഫലവുമാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ ചെവിക്കൊള്ളാതിരിക്കുകയും മുഖവിലക്കെടുക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് കടുത്തശിക്ഷയും കനത്ത നഷ്ടവുമാണ്. നബിപുങ്കവന്മാരുടെ വിഷയത്തില്‍ അവതീര്‍ണമായ ഏതാനും വിശുദ്ധ വചനങ്ങള്‍ നോക്കൂ:

നുഹ് നബി(അ) തന്റെ ജനതയോടു പറഞ്ഞതായി വിശുദ്ധ ക്വുര്‍ആനില്‍ ഇപ്രകാരമുണ്ട്: ''അദ്ദേഹത്തിന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ പ്രത്യക്ഷമായ ദുര്‍മാര്‍ഗത്തിലാണെന്ന് ഞങ്ങള്‍ കാണുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്നില്‍ ദുര്‍മാര്‍ഗമൊന്നുമില്ല. പക്ഷേ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍നിന്നുള്ള ദൂതനാകുന്നു'' (ക്വുര്‍ആന്‍ 7:61,62).

ഹൂദ് നബി(അ) തന്റെ ജനതയായ ആദ് ഗോത്രത്തോട് പറഞ്ഞതായി അല്ലാഹു—പറയുന്നു: ''അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്നില്‍ യാതൊരു മൗഢ്യവുമില്ല. പക്ഷേ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാണ്. എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരുന്നു. ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു'' (ക്വുര്‍ആന്‍ 7:67,68).

ശിക്ഷക്കിരയായ തന്റെ ജനതയുടെ വിഷയത്തില്‍ സ്വാലിഹ് നബി(അ) പറഞ്ഞതായി അല്ലാഹുപറയുന്നു: ''അനന്തരം സ്വാലിഹ് അവരില്‍നിന്ന് പിന്തിരിഞ്ഞുപോയി. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് എന്റെ രക്ഷിതാവിന്റെ സന്ദേശം എത്തിച്ചുതരികയും ആത്മാര്‍ഥമായി ഞാന്‍ നിങ്ങളോട് ഉപദേശിക്കുകയുമുണ്ടായി. പക്ഷേ, സദുപദേശികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല''(ക്വുര്‍ആന്‍ 7:79).

ശിക്ഷക്കിരയായ തന്റെ ജനതയുടെ വിഷയത്തില്‍ ശുഐബ് നബി(അ) പറഞ്ഞതായി അല്ലാഹു— പറയുന്നു: ''അനന്തരം അദ്ദേഹം അവരില്‍നിന്ന് പിന്തിരിഞ്ഞുപോയി. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, തീര്‍ച്ചയായും എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരികയും ഞാന്‍ നിങ്ങളോട് ആത്മാര്‍ഥമായി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ സത്യനിഷേധികളായ ജനതയുടെ പേരില്‍ ഞാന്‍ എന്തിനു ദുഃഖിക്കണം'' (ക്വുര്‍ആന്‍ 7:93).

ഗുണകാംക്ഷാനിര്‍ഭരമായ ഉപദേശനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ നിറഞ്ഞമാതൃകയായിരുന്നു തിരുനബി ﷺ . ഏതേതു വിഷയങ്ങളിലും തികഞ്ഞ മാതൃകകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ചിലത് ഇവിടെ നല്‍കുന്നു:

അനസ് ഇബ്‌നു മാലികി(റ)ല്‍ നിന്നും നിവേദനം: ''അബ്ദുര്‍റഹ്മാന്‍ ഇബ്‌നുഔഫി(റ)ല്‍ തിരുനബി ﷺ കുങ്കുമത്തിന്റെ പാട് കണ്ടു. തിരുനബി ﷺ ചോദിച്ചു: 'എന്താണ് കാര്യം?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ തിരുദൂതരേ, ഞാന്‍ ഒരു മഹതിയെ വിവാഹം കഴിച്ചിരിക്കുന്നു.' തിരുമേനി ചോദിച്ചു: 'താങ്കള്‍ അവര്‍ക്ക് എന്താണ് മഹ്ര്‍ നല്‍കിയത്?' അദ്ദേഹം പറഞ്ഞു: 'ഒരു ഈത്തപ്പനക്കുരുവിന്റെ തൂക്കം സ്വര്‍ണം.' തിരുമേനി ﷺ പ്രതികരിച്ചു: 'താങ്കളില്‍ അല്ലാഹു അനുഗ്രഹം അരുളട്ടെ. ഒരു ആടിനെയെങ്കിലും അറുത്ത് വിവാഹ സല്‍കാരം നടത്തുക' (ബുഖാരി).

അബൂഹുറയ്‌റ(റ)യില്‍നിന്നു നിവേദനം: ''ഞാന്‍ തിരുനബി ﷺ യുടെ അടുക്കലായിരുന്നു. അപ്പോള്‍ തിരുമേനി ﷺ യുടെ അടുക്കല്‍ ഒരാള്‍ വരികയും അന്‍സ്വാരികളില്‍പെട്ട ഒരു സ്ത്രീയെ അദ്ദേഹം വിവാഹം കഴിക്കുവാനുദ്ദേശിക്കുന്നു എന്നുണര്‍ത്തുകയും ചെയ്തു. അപ്പോള്‍ തിരുനബി അദ്ദേഹത്തോടു ചോദിച്ചു: 'താങ്കള്‍ ആ സ്ത്രീയെ കണ്ടുവോ?' അദ്ദേഹം പറഞ്ഞു: 'ഇല്ല.' നബി ﷺ പ്രതിവചിച്ചു: 'എങ്കില്‍ താങ്കള്‍ പോയി അവരെ കാണുക. കാരണം അന്‍സ്വാരികളുടെ കണ്ണിന് അല്‍പം ചെറുപ്പമുണ്ട്'' (ബുഖാരി).

ജാബിറി(റ)ല്‍നിന്നു നിവേദനം: ''താങ്കള്‍ക്ക് ഒരു കന്യകയെ വിവാഹം കഴിക്കാമായിരുന്നില്ലേ; താങ്കള്‍ക്ക് അവളോടും അവള്‍ക്കു താങ്കളോടും വിനോദിക്കുവാന്‍''(ബുഖാരി).

ഇബ്‌നു അബ്ബാസി(റ)ല്‍നിന്നു നിവേദനം: ''ഥാബിത് ഇബ്‌നുക്വയ്‌സിന്റെ ഭാര്യ തിരുനബി ﷺ യുടെ അടുക്കല്‍ ചെന്നുകൊണ്ട് പറഞ്ഞു: 'അല്ലാഹുവിന്റെ തിരുദൂതരേ, ഥാബിത് ഇബ്‌നുക്വയ്‌സിന്റെ സ്വഭാവത്തെയോ മതനിഷ്ഠയെയോ കുറിച്ച് എനിക്ക് യാതൊരു ആക്ഷേപവുമില്ല. പക്ഷേ, ഇസ്‌ലാമില്‍ കുഫ്‌റിനെ (ഭര്‍ത്താവിന്റെ സല്‍പെരുമാറ്റത്തെ നിഷേധിക്കുന്നതിനെ) ഞാന്‍ ഇഷ്ടപ്പെടുന്നില്ല.' തിരുനബി പറഞ്ഞു: 'അദ്ദേഹം (നിങ്ങള്‍ക്കു മഹ്ര്‍) നല്‍കിയ തോട്ടം അദ്ദേഹത്തിനു നിങ്ങള്‍ തിരിച്ചുനല്‍കുമോ?' അവര്‍ പറഞ്ഞു: 'അതെ.' അപ്പോള്‍ തിരുദൂതര്‍ ﷺ (ഥാബിതിനോടു) പറഞ്ഞു: 'തോട്ടം തിരിച്ചു വാങ്ങി അവരെ ത്വലാക്വ് ചൊല്ലുക'' (ബുഖാരി).

ജാബിറി(റ)ല്‍നിന്നു നിവേദനം. അദ്ദേഹം പറഞ്ഞു: ''എന്റെ മാതൃസഹോദരി വിവാഹമോചിതയായി. അവര്‍ ഒരു ഈത്തപ്പന മുറിക്കുവാന്‍ (പുറത്തിറങ്ങുവാന്‍) ഉദ്ദേശിച്ചു. അപ്പോള്‍ അവര്‍ പുറത്തിറങ്ങുന്നത് ഒരു വ്യക്തി തടഞ്ഞു. അവര്‍ തിരുദൂതരു ﷺ ടെ അടുക്കല്‍ ചെന്നു (വിഷയം ആരാഞ്ഞു). തിരുനബി പറഞ്ഞു: 'നിങ്ങള്‍ നിങ്ങളുടെ ഈത്തപ്പന മുറിച്ചുകൊള്ളൂ. ഒരുവേള നിങ്ങള്‍ അതു ദാനം ചെയ്യുമായിരിക്കും. അല്ലെങ്കില്‍ വല്ല നല്ല കാര്യവും ചെയ്യുമായിരിക്കും'' (മുസ്‌ലിം).

ആഇശ(റ)യില്‍നിന്നു നിവേദനം; ഹിന്ദ്(റ) പറഞ്ഞു: ''അല്ലാഹുവിന്റെ തിരുദൂതരേ, നിശ്ചയം അബൂസുഫ്‌യാന്‍ പിശുക്കനായ മനുഷ്യനാണ്. എന്റെയും എന്റെ മക്കളുടെയും ചെലവിന് പര്യാപ്തമായത് അദ്ദേഹം തരുന്നില്ല. അദ്ദേഹം അറിയാതെ ഞാന്‍ എടുത്തതല്ലാതെ തികയുന്നില്ല.' നബി ﷺ പറഞ്ഞു: 'നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും ന്യായമായ നിലയ്ക്ക് എടുത്തുകൊള്ളുക'' (ബുഖാരി).

തന്റെ പിതാവ് സ്വത്ത് മുടിപ്പിക്കുന്നു എന്ന് ആവലാതിപ്പെട്ട വ്യക്തിയോട് തിരുനബി ﷺ പറഞ്ഞതായി അംറ് ഇബ്‌നുല്‍ആസ്വി(റ)ല്‍നിന്നുള്ള ഹദീഥില്‍ ഇപ്രകാരമുണ്ട്: ''നീയും നിന്റെ സ്വത്തും നിന്റെ പിതാവിനുള്ളതാണ്. നിങ്ങളുടെ സന്തതികള്‍ നിങ്ങളുടെ മഹത്തരമായ സമ്പാദ്യത്തില്‍ പെട്ടതാണ്. അതിനാല്‍ നിങ്ങളുടെ സന്തതികളുടെ സമ്പാദ്യത്തില്‍നിന്ന് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക''  (സുനനുഅബീദാവൂദ്. അല്‍ബാനി സ്വഹീഹെന്നു വിശേഷിപ്പിച്ചു).

ഇബ്‌നുഅബ്ബാസി(റ)ല്‍നിന്നു നിവേദനം: ''തിരുനബി ﷺ ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ അതാ ഒരു വ്യക്തി നില്‍ക്കുന്നു! തിരുമേനി അയാളെക്കുറിച്ച് ചോദിച്ചു. അവര്‍ പ്രതികരിച്ചു: 'അബൂ ഇസ്‌റാഈല്‍ എന്ന വ്യക്തിയാണ്. സൂര്യനു താഴെ ചൂടേറ്റുനില്‍ക്കുവാനും തണലേല്‍ക്കാതിരിക്കുവാനും സംസാരിക്കാതിരിക്കുവാനും നോമ്പെടുക്കുവാനും അയാള്‍ പ്രതിജ്ഞയെടുത്തിരിക്കുന്നു.' തിരുനബി പറഞ്ഞു: 'സംസാരിക്കുവാനും തണല്‍കൊള്ളുവാനും ഇരിക്കുവാനും നോമ്പ് പൂര്‍ത്തിയാക്കുവാനും അയാളോട് കല്‍പിക്കുക.''(ബുഖാരി)

ഉമര്‍ ഇബ്‌നു അബീസലമ(റ)യില്‍ നിന്നുള്ള ഹദീഥില്‍ ഇപ്രകാരമുണ്ട്: ''അല്ലാഹുവിന്റെ തിരുദൂതരുടെ മടിയില്‍ ഞാന്‍ ഒരു കുഞ്ഞായിരുന്നു. എന്റെ കൈ ഭക്ഷണത്തളികയുടെ ചുറ്റുഭാഗത്തുനിന്നും വാരിവലിക്കുവാന്‍ തുടങ്ങി. അപ്പോള്‍ തിരുദൂതന്‍ എന്നോട് പറഞ്ഞു: 'കുട്ടീ, (ഭക്ഷണം കഴിക്കുവാന്‍ തുടങ്ങുമ്പോള്‍) ബിസ്മില്ലാഹ് ചൊല്ലുകയും വലതുകൈകൊണ്ട് എടുത്തുതിന്നുകയും നിന്റെ തൊട്ടുള്ളതില്‍നിന്നു മാത്രം കഴിക്കുകയും ചെയ്യുക.' അതില്‍ പിന്നെ അതായിരുന്നു എന്റെ ഭക്ഷണരീതി''(ബുഖാരി).

ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം: മുആദി(റ)നെ അല്ലാഹുവിന്റെ റസൂല്‍ യമനിലേക്ക് അയച്ചപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞു: ''താങ്കള്‍ പോകുന്നത് വേദക്കാരില്‍ ഒരു വിഭാഗത്തിന്റെ അടുക്കലേക്കാണ്. അതിനാല്‍ അവരെ നിങ്ങള്‍ ആദ്യമായി ക്ഷണിക്കേണ്ടത് 'ലാ ഇലാഹ ഇല്ലല്ലാഹു' എന്നതിലേക്കാണ്. (മറ്റൊരു റിപ്പോര്‍ട്ടില്‍: അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുന്നതിലേക്കാണ്). അതിന് അവര്‍ താങ്കളെ അനുസരിച്ചാല്‍ ഓരോ രാപകലുകളിലുമായി അഞ്ചുനേരത്തെ നമസ്‌കാരങ്ങള്‍ അല്ലാഹു അവരുടെമേല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നുവെ ന്ന് അവരെ നിങ്ങള്‍ അറിയിക്കുക. അതിലും താങ്കളെ അവര്‍ അനുസരിച്ചാല്‍ അല്ലാഹു അവരുടെമേല്‍ സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നുവെ ന്നും അത് അവരിലെ ധനികരില്‍നിന്ന് സ്വീകരിക്കപ്പെടുകയും അവരിലെ ദരിദ്രര്‍ക്ക് വിതരണം ചെയ്യപ്പെടുകയും ചെയ്യണമെന്ന് അവരെ പഠിപ്പിക്കുക. ഇക്കാര്യത്തിലും അവര്‍ താങ്കളെ അനുസരിച്ചാല്‍, അവരുടെ ധനത്തിലെ ഉത്തമമായതിനെ (മാത്രം സകാത്തായി) പിടിച്ചെടുക്കുന്നത് താങ്കള്‍ സൂക്ഷിക്കുക. മര്‍ദിതന്റെ പ്രാര്‍ഥനയെ താങ്കള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥനക്കും അല്ലാഹുവിനുമിടയില്‍ മറയില്ല'' (ബുഖാരി, മുസ്‌ലിം).

ഖയ്ബര്‍ യുദ്ധദിനം അലിയ്യി(റ)ന് പതാക നല്‍കിയശേഷം അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ പറഞ്ഞതായി സഹ്ല്‍ ഇബ്‌നുസഅ്ദി(റ)ല്‍നിന്ന് നിവേദനം: ''സമാധാനത്തിലും മര്യാദയിലും താങ്കള്‍ മുന്നോട്ട് ഗമിക്കുക; താങ്കള്‍ ജൂതരുടെ (കോട്ട)മുറ്റത്ത് ചെന്നിറങ്ങിയാല്‍ താങ്കള്‍ അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക. ഇസ്‌ലാമില്‍ അവരുടെമേല്‍ നിര്‍ബന്ധമായ അല്ലാഹുവിന്റെ അവകാശങ്ങള്‍ താങ്കള്‍ അവരെ അറിയിക്കുക. അല്ലാഹുവാണെ സത്യം! താങ്കളിലൂടെ ഒരാള്‍ക്ക് അല്ലാഹു ഹിദായത്ത് നല്‍കലാണ് താങ്കള്‍ക്ക് ഒരു ചുവന്ന ഒട്ടകം ഉണ്ടാകുന്നതിനെക്കാള്‍ ഉത്തമം'' (ബുഖാരി, മുസ്‌ലിം)

തിരുദൂതര്‍ അബൂദര്‍റി(റ)നു നല്‍കിയ ഹൃദ്യമായ ഒരു നസ്വീഹത്ത് ഇപ്രകാരമുണ്ട്: ''അബൂദര്‍റ്, ഉഹുദ് മലയോളം സ്വര്‍ണം എനിക്ക് ഉണ്ടാവുകയും അതില്‍ ഒരു ദീനാര്‍ എന്റെ കയ്യില്‍ ബാക്കിയുണ്ടാവുകയും അല്ലാഹുവിന്റെ അടിയാറുകള്‍ക്കിടയില്‍ അത് ഇപ്രകാരം വീതിച്ചുനല്‍കാതെ (തിരുമേനി തന്റെ കൈകൊണ്ട് ഞങ്ങള്‍ക്കത് കാണിച്ചുതന്നു) ഒന്നോ അല്ലെങ്കില്‍ മൂന്നോ രാത്രി എനിക്ക് വരുകയും ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല; ഞാന്‍ കടം വീട്ടുവാന്‍ എടുത്തുവെക്കുന്ന ദീനാര്‍ ഒഴികെ.' എന്നിട്ട് (തിരുമേനി) പറഞ്ഞു: 'അബൂദര്‍റ്!' ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, ഞാനിതാ അങ്ങേക്ക് ഉത്തരം ചെയ്യുന്നു. അതില്‍ ഞാന്‍ സൗഭാഗ്യം കാണുകയും ചെയ്യുന്നു.' തിരുമേനി ﷺ പറഞ്ഞു: '(സമ്പത്ത്) കൂടിയവര്‍, അവരാണ് അന്ത്യനാളില്‍ (നന്മകള്‍) കുറഞ്ഞവര്‍; തന്റെ കൈകള്‍കൊണ്ട് ഇപ്രകാരം നല്‍കിയവര്‍ ഒഴിച്ച്'' (ബുഖാരി, മുസ്‌ലിം).