ജനസംഖ്യാ മാന്ദ്യം: ഒരു ചൈനീസ് മോഡല്‍

ഹിലാല്‍ സലീം സി.പി

2020 മെയ് 30 1441 ശവ്വാല്‍ 06

(ജനസംഖ്യാ വിസ്‌ഫോടനം: സത്യവും മിഥ്യയും, ഭാഗം 2)

അതിസങ്കീര്‍ണമായ സാമൂഹിക സൂത്രവാക്യങ്ങളെ ലാഘവത്തോടെ സമീപിക്കുന്നതിന്റെ ഫലം സമൂലമായ തെറ്റുധാരണകളും നഷ്ടക്കണക്കുകളുമാണ്. എന്നാല്‍ മേല്‍പറഞ്ഞ ലാഘവത്തോടെയുള്ള സമീപനത്തോടൊപ്പം തല്‍ഫലമായി ലഭിച്ച അബദ്ധധാരണകളെ യാതൊരു സങ്കോചവുമില്ലാതെ പ്രചരിപ്പിക്കുക കൂടി ചെയ്യുന്നതോടെ സര്‍വനാശമായിരിക്കും ഫലം. ജനപ്പെരുപ്പത്തെ സംബന്ധിച്ചുള്ള ആഗോളതലത്തിലെ ചര്‍ച്ചകള്‍ നമുക്ക് നല്‍കുന്ന പാഠമിതാണ്. സര്‍വനാശത്തിനുതകുന്ന 'ജനസംഖ്യാ നിയന്ത്രണ' സൂത്രവാക്യം ഏറ്റുചൊല്ലുന്നത് രാഷ്ട്രത്തലവന്മാരാകുന്ന അപൂര്‍വമായ, എന്നാല്‍ ഏറെ ദയനീയമായ കാഴ്ച ഗാലറിയിലിരുന്ന് വീക്ഷിക്കാന്‍ നിയുക്തരാണ് നാം എന്നത് വാസ്തവം.

ജനപ്പെരുപ്പത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ജനശ്രദ്ധയാകര്‍ഷിച്ച സംവാദങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. ഗണിതലോകത്ത് 'എക്‌സ്‌പൊണന്‍ഷ്യല്‍' അഥവാ ക്രമാതീതമായുള്ള വളര്‍ച്ച എന്ന വിശേഷണത്തിന് പര്യാപ്തമായ വിധത്തിലാണ് ജനസംഖ്യ വര്‍ധിച്ചത് എന്നതാണ് ഇതിന്റെ മൂലകാരണം. മാല്‍ത്തൂസ് തുടങ്ങിവച്ച ജനസംഖ്യാഭീതി ഏറ്റെടുക്കാന്‍ ഇക്കാലയളവില്‍ പോള്‍ ഏര്‍ളിച്ച് കടന്നുവന്നതും (1968) ലോകത്തെ ഭീതിയിലാഴ്ത്തിയ ദാരിദ്ര്യത്തിന്റെ കാരണമായി വര്‍ത്തിക്കുന്നത് ജനസംഖ്യാ വളര്‍ച്ചയാണെന്ന പ്രചാരണവും ഇതിന്ന് ഹേതുവായി.

മുറിവൈദ്യം ആളെക്കൊല്ലും

2013ല്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ പുറത്തിറക്കിയ 'പോപ്പുലേഷന്‍ വൈറ്റ് പേപ്പറി'ല്‍ ഗവണ്‍മെന്റ് 6.9 മില്യണ്‍ ജനസംഖ്യയിലേക്കുള്ള ചുവടുവയ്പ് ആരംഭിക്കുകയാണ് എന്ന് പ്രസ്താവിക്കുകയുണ്ടായി. ജനസംഖ്യ വര്‍ധിച്ചാല്‍ രാജ്യം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന പൊതുബോധം നിലനില്‍ക്കെയാണ് ഈ പ്രഖ്യാപനം. പൗരന്മാര്‍ക്കിടയില്‍ ഇത് കോലാഹലങ്ങളും അസ്വാരസ്യങ്ങളും സൃഷ്ടിച്ചു. ഏതുവരെയെന്ന് ചോദിച്ചാല്‍, സിംഗപ്പൂര്‍ നയരൂപകര്‍ത്താക്കള്‍ പോലും ഉയരുന്ന ജനസംഖ്യാ വളര്‍ച്ചാനിരക്കില്‍ പരിഭവമറിയിച്ച് രംഗത്തെത്തി. എന്നാല്‍ ഇതേക്കുറിച്ച് പഠിക്കാന്‍ പ്രഫ. യെന്‍യൂ ക്വാംഗിന്റെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ട വിദഗ്ധസമിതി വസ്തുനിഷ്ഠമായി വിഷയത്തെ മനസ്സിലാക്കിയ ശേഷം ജനസംഖ്യാ വര്‍ധനവിനെതിരെയുള്ള പരിഭവങ്ങള്‍ അസ്ഥാനത്താണ് എന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 'സിംഗപ്പൂരിന്റെ സാമ്പത്തിക വ്യവസ്ഥിതിക്ക് മുന്നിലെ വിലങ്ങുതടിയാണ് കുറഞ്ഞ ജനസംഖ്യ' എന്നതാണ് റിപ്പോര്‍ട്ടിലെ പ്രസക്തമായ വാക്യം. രാജ്യത്തിന്റെ വിപണിക്ക് ഗുണകരമാവുക ഉയര്‍ന്ന ജനസംഖ്യയാണെന്ന് പ്രസ്താവിച്ച സമിതി സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും മുന്നില്‍ ഒരു അഭ്യര്‍ഥന നടത്തി. അത് ഇപ്രകാരമാണ്: 'ജനസംഖ്യാ വര്‍ധനവിനെ സംബന്ധിച്ച തെറ്റുധാരണകള്‍ ജനങ്ങളുടെ മനസ്സില്‍നിന്നും നീക്കാന്‍ ഗവണ്‍മെന്റിന്റെയും മാധ്യമങ്ങളുടെയും ബുദ്ധിജീവികളുടെയും പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമാണ്.' ഇവിടെ വ്യക്തമാകുന്നത് ജനസംഖ്യാ പെരുപ്പത്തെക്കുറിച്ചുള്ള പൊതുബോധത്തിലധിഷ്ഠിതമായ നയം പൂര്‍ണമായും തെറ്റായിരുന്നു എന്നതാണ്.

സിംഗപ്പൂരിലെ വിദഗ്ധസമിതി പൊതുബോധത്തിനെതിരെ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നിലെ ചേതോവികാരം എന്തായിരുന്നു എന്നത് നമ്മെ അലട്ടേണ്ടതുണ്ട്. 2011 മുതല്‍ 2013 വരെയുള്ള വര്‍ഷങ്ങളില്‍ സിംഗപ്പൂര്‍ വിപണിയിലേക്ക് കടന്നുവരുന്നതില്‍ നിന്നും വ്യവസായികളെയും കമ്പനികളെയും തടഞ്ഞത് മനുഷ്യവിഭവശേഷിയുടെ ലഭ്യതക്കുറവായിരുന്നു എന്നതാണ് അവയിലൊന്ന്. 2015 ലെ സിംഗപ്പൂരിന്റെ വളര്‍ച്ചയും ജനസംഖ്യയും ചര്‍ച്ച ചെയ്ത സമിതി മുന്നോട്ടുവച്ച ആശയങ്ങള്‍ ഇങ്ങനെ ചുരുക്കാം:

1. കൂടുതല്‍ വിദേശികളെ സ്വീകരിച്ച് ജനസംഖ്യ വര്‍ധിപ്പിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യും.

2. ജനസംഖ്യ വര്‍ധിക്കുന്നതിലൂടെ കമ്പനികള്‍ക്ക് മാര്‍ക്കറ്റിംഗിന് കൂടുതല്‍ സാധ്യതകള്‍ (ബിഗര്‍ ബേസ്) ലഭിക്കും.(1)

സിംഗപ്പൂരിന്റെ സമീപനത്തില്‍ നിന്നും ഒട്ടേറെ ഗുണപാഠങ്ങള്‍ നമുക്ക് ലഭിക്കും. ഒന്നാമതായി, ജനസംഖ്യാവര്‍ധനവിനെതിരെയുള്ള പൊതുബോധം തെറ്റായിരുന്നുവെന്നും ഇത് ചില സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും വ്യക്തമാണ്. രണ്ടാമതായി, ജനസംഖ്യാ വര്‍ധനവ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തെയും വിപണിയെയും പുഷ്ടിപ്പെടുത്താന്‍ ഉതകുന്നതാണ്. പലപ്പോഴും വളരെക്കുറഞ്ഞ ബൗദ്ധിക തലത്തില്‍ ഇക്കാര്യത്തെ സമീപിക്കുന്നതാണ് തെറ്റായ 'ഇമേജ്' സൃഷ്ടിക്കപ്പെടാന്‍ കാരണം. ഇക്കാര്യത്തെ വളരെ ലളിതമായി പ്രഫ. യെന്‍യൂ ക്വാംഗ് ഉദാഹരിച്ചിട്ടുണ്ട്.

റോഡിലൂടെ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ കൂടുതല്‍ വാഹനങ്ങള്‍ കാരണം യാത്ര തടസ്സപ്പെടുന്നതിന് നാം പഴിക്കുന്നത് ജനസംഖ്യയെയാണ്. ജനസംഖ്യ പകുതിയായിരുന്നെങ്കില്‍ ഇവ്വിധത്തിലുള്ള പ്രയാസങ്ങള്‍ ദൂരീകരിക്കപ്പെടുമെന്നും നാം പറയുന്നു. എന്നാല്‍ ഈ വാദഗതി തെറ്റാണെന്ന് അദ്ദേഹം തെളിയിക്കുന്നത് ഇപ്രകാരമാണ്: 'ജനസംഖ്യ പകുതിയായാല്‍ രാജ്യത്തിന് ലഭിക്കുന്ന നികുതിവരുമാനം പകുതിയായി കുറയും. വാഹനങ്ങള്‍ കുറയും. പക്ഷേ, നാം പ്രതീക്ഷിച്ച യാത്രാക്ലേശത്തില്‍ നിന്നുള്ള വിടുതല്‍ നമുക്ക് ലഭിക്കില്ല. കാരണം നികുതി കുറഞ്ഞാല്‍ റോഡിന്റെ വീതി ഇത്രമാത്രം ഉണ്ടാകുമായിരുന്നില്ല'. പ്രഫസര്‍ ഇവിടെ ചൂണ്ടിക്കാട്ടിയത് വളരെ ലളിതമായ കാര്യമാണ്. യാത്രാക്ലേശമെന്ന സമസ്യക്ക് നമ്മുടെ അല്‍പബുദ്ധിയില്‍ നാം കണ്ടെത്തിയ പ്രതിയാണ് 'ജനസംഖ്യാവര്‍ധനവ്.' എന്നാല്‍ നമ്മുടെ ലളിതമായ ഉത്തരം പൂര്‍ണമായും തെറ്റാണെന്ന് അദ്ദേഹം ഇവിടെ സമര്‍ഥിക്കുന്നു.

ദൈവികദര്‍ശനങ്ങള്‍ക്കെതിരായുള്ള മനുഷ്യനിര്‍മിത പരിഹാരമാര്‍ഗങ്ങളുടെ അവസ്ഥ ഇങ്ങനെയായിരിക്കും. ഈ പരിഹാരമാര്‍ഗം തങ്ങളുടെ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ട് ദയനീയമായി പരാജയപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. അതെ, 1979ല്‍ സാമ്രാജ്യത്വ മേലാളന്മാരുടെ ചതിയിലകപ്പെട്ട് രാജ്യത്തുടനീളം ജനസംഖ്യാനിയന്ത്രണ നിയമനിര്‍മാണം നടത്തി 400 മില്യണ്‍ കുഞ്ഞുങ്ങളെ 'വധിച്ച്' ഒടുവില്‍ ദാര്‍ശനികമായി പരാജയപ്പെട്ട് നിയന്ത്രണങ്ങളെടുത്തുമാറ്റിയ ചൈനയുടെ ചരിത്രം.

നാമൊന്ന്, നമുക്കൊന്ന്

1979ലാണ് ചൈനയില്‍ നിര്‍ബന്ധിത ജനസംഖ്യാനിയന്ത്രണത്തെ സംബന്ധിച്ച രാഷ്ട്രീയ തീരുമാനവുമായി അന്നത്തെ ഡന്‍ ഷോപ്പിന്‍ ഭരണകൂടം രംഗപ്രവേശം ചെയ്യുന്നത്. ജനസംഖ്യാ വര്‍ധനവു സംബന്ധിച്ച് തെറ്റുധാരണാജനകമായി പ്രചരിപ്പിക്കപ്പെട്ട സാമൂഹിക സമവാക്യങ്ങളാണ് ഇത്തരമാരു തീരുമാനമെടുക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്. 1958ലെ പട്ടിണിയാണ് കാരണമെന്ന വാദത്തിനാണ് കൂടുതല്‍ പിന്തുണ ലഭ്യമായത്. ഭക്ഷലഭ്യതക്കുറവായിരുന്നു പട്ടിണിക്ക് കാരണം. 1960 ഓടെ ഫാമിലി പ്ലാനിംഗുമായി ചൈനീസ് സര്‍ക്കാര്‍ രംഗത്തെത്തി. പട്ടിണിക്ക് കാരണം ജനസംഖ്യാ വര്‍ധനവാണെന്ന മാല്‍ത്തൂസിയന്‍ സിദ്ധാന്തവും ഇതിന്റെ വാലാട്ടിയായി ശാസ്ത്രജ്ഞനായ പോള്‍ ഏര്‍ളിച്ച് വന്നതും പ്രസ്തുത തീരുമാനം കൈക്കൊണ്ടതില്‍ ഭാഗഭാക്കായിരിക്കാം. 1970കളില്‍ സര്‍ക്കാരിന്റെ മുദ്രാവാക്യം 'ലേറ്റ്, ലോംഗ് ആന്‍ഡ് ഫ്യൂ' എന്നതായിരുന്നു. 1979ല്‍ നിയന്ത്രണം കൊണ്ടുവരുന്ന സമയത്ത് ചൈനയിലെ ജനസംഖ്യ 97 കോടിയായിരുന്നു.

ചൈനയിലെ വംശീയ ഭൂരിപക്ഷമായ ഹാന്‍ ചൈനീസ് വിഭാഗത്തിലെ മാതാപിതാക്കള്‍ക്ക് ഒറ്റക്കുട്ടി എന്ന രീതിയിലാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണം കൊണ്ടുവന്നത്. ഗ്രാമപ്രാന്തങ്ങളില്‍ വസിക്കുന്നവര്‍ക്കും വംശീയ ന്യൂനപക്ഷങ്ങള്‍ക്കും നിയന്ത്രണത്തില്‍ നിന്ന് ഈ ഘട്ടത്തില്‍ ഇളവുകള്‍ ലഭ്യമായിരുന്നു. പതിയെ നിയന്ത്രണം എല്ലാ വിഭാഗങ്ങള്‍ക്കും ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ നിര്‍ബന്ധിത ജനനനിയന്ത്രണ വിഷയത്തില്‍ യൂനിഫോമിറ്റി നടപ്പാക്കി. ഇവിടെ എടുത്തുപറയേണ്ട മറ്റു ചില വസ്തുതകളുമുണ്ട്. 'നാമൊന്ന്, നമുക്കൊന്ന്' പോളിസി അംഗീകരിച്ചവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ പാരിതോഷികങ്ങളാണവ. മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍, വമ്പിച്ച സാലറി, മറ്റു പലവിധ സര്‍ക്കാര്‍ സഹായങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. പോളിസി അംഗീകരിക്കാത്തവരുടെ മേല്‍ പിഴ ചുമത്തുകയും അവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളുടെ ലഭ്യത ദുഷ്‌കരമാക്കുകയും അവരെ തൊഴിലിടങ്ങളില്‍ നിന്നും തരംതാഴ്ത്തുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ വളരെ 'ആത്മാര്‍ഥമായി' മാല്‍ത്തൂസിയന്‍ ശൈലിയെ പുണര്‍ന്ന് ചൈന രംഗത്തുവന്നു. ഈ പോളിസി കാരണം ചൈന തടഞ്ഞത് 400 മില്യണ്‍ ജനനങ്ങളെയാണെന്ന് പഠനങ്ങള്‍ നമ്മോട് പറയുന്നു.

ഫലം ജനസംഖ്യാമാന്ദ്യം

ജനസംഖ്യയെ പിടിച്ചുകെട്ടിക്കൊണ്ട് ചൈന കണ്ട സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടില്ല എന്നതിലുപരി ഈ നിയന്ത്രണം ഒടുവില്‍ 'ജനസംഖ്യാ മാന്ദ്യ'ത്തിന്റെ രൂപത്തിലൊരു ബൂമറാങ്ങായി ചൈനയുടെ മണ്ടക്ക് തന്നെ വന്ന് പതിച്ചു എന്നതാണ് പിന്നീടുണ്ടായ സംഭവവികാസങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരാന്‍ ചൈനീസ് സര്‍ക്കാര്‍ പറഞ്ഞിരുന്ന ന്യായങ്ങള്‍ ഇങ്ങനെ ചുരുക്കാം:  

1. ജനസംഖ്യ സമ്പദ് വ്യവസ്ഥയ്ക്ക് വിലങ്ങുതടിയായി മാറരുത്.

2. പ്രകൃതി വിഭവങ്ങളുടെ മേലുള്ള പാരിമാണികമായുള്ള വെല്ലുവിളിയില്‍ നിന്നുമുള്ള മോചനം.

എന്നാല്‍ സംഭവിച്ചതെന്താണ്? ആധുനികവല്‍ക്കരണത്തിന്റെ പുതുമയാര്‍ന്ന സങ്കേതങ്ങളുടെ സഹായത്താല്‍ പ്രകൃതിവിഭവങ്ങളുടെ ലഭ്യതക്കുറവ് കേവലമായ മാല്‍ത്തൂസിയന്‍ വാദമെന്ന നിലയില്‍ ഒരു മൂലയിലൊതുങ്ങി. മനുഷ്യവിഭവ സാധ്യതകള്‍ മറ്റു രാഷ്ട്രങ്ങള്‍ വളരെ ക്രിയാത്മകമായി ഫലപ്രദമായ ഔട്ട്പുട്ടിന് വേണ്ടി ഉപയോഗിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഇക്കാലമത്രയും കൊട്ടിഘോഷിക്കപ്പെട്ട 'നിര്‍ബന്ധിത ജനസംഖ്യാ നിയന്ത്രണം  മെയ്ഡ് ഇന്‍ ചൈന' പതിയെ മാര്‍ക്കറ്റ് വിട്ടുതുടങ്ങി. ഇന്നും ചൈനീസ് മോഡലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യന്‍ ജനതയോട് സ്വയം പരിവര്‍ത്തനത്തിന് വിധേയമാകാന്‍ പടപ്പാട്ട് പാടുന്ന നേതാക്കള്‍ നമുക്കുണ്ടെന്നത് എത്രമേല്‍ ലജ്ജാവഹമാണ്! ഒന്നുറപ്പിക്കാം, നിര്‍ബന്ധിത ജനസംഖ്യാ നിയന്ത്രണ നിയമത്തിനായുള്ള ഇന്ത്യയിലെ അട്ടഹാസങ്ങള്‍ രാജ്യതാല്‍പര്യം മാനിച്ചുള്ളതല്ല. വംശീയവെറിയാലുള്ള അല്‍പജ്ഞാനത്തിന്റെ മേല്‍ പടുത്തുയര്‍ത്തപ്പെട്ട ചീട്ടുകൊട്ടാരത്തിന് സമാനമാണത്.

ചൈനയുടെ 'തല'വേദന

നിര്‍ബന്ധിത ജനസംഖ്യാ നിയന്ത്രണം കൊണ്ടുവന്ന് വിപ്ലവം സൃഷ്ടിച്ച ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന് രാജ്യത്തെ ബുദ്ധിജീവികള്‍ നല്‍കിയ മുന്നറിയിപ്പ് ഇപ്രകാരമാണ്: 'ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനസംഖ്യാ പതനത്തിന് അടുത്ത് തന്നെ സാക്ഷിയാകും. ഇത് ഡെമോഗ്രാഫിക്, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ വന്‍ പ്രതിസന്ധിക്ക് തന്നെ കളമൊരുക്കും.' വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന രൂക്ഷമായ വിമര്‍ശനങ്ങളുടെയും കണക്കുകളുടെയും ഫലമായി 2013 മുതല്‍ ചൈന കര്‍ക്കശ നയങ്ങളില്‍ പതിയെ വെള്ളംചേര്‍ക്കാന്‍ ആരംഭിച്ചു. ഒടുവില്‍ 2015 ഒക്ടോബര്‍ 29ന് ചൈന പൂര്‍ണമായും തങ്ങളുടെ 'നാമൊന്ന് നമുക്കൊന്ന്' പോളിസി ഉപേക്ഷിച്ചു. 2016 ല്‍ 'നമ്മള്‍ രണ്ട്, നമുക്ക് രണ്ട്' പോളിസി രാജ്യം അംഗീകരിക്കുകയാണുണ്ടായത്. എന്നാല്‍ രണ്ടാമത്തെ പോളിസിയും വന്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാണെന്ന് ബുദ്ധിജീവികളുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്.

നിര്‍ബന്ധിത ജനസംഖ്യാ നിയന്ത്രണത്തിലൂടെ ചൈന എന്ന വമ്പന്‍ രാഷ്ട്രത്തിന് പ്രതിഫലമായി ലഭിച്ചത് ജനമാന്ദ്യം മുതല്‍ ക്രൈം റേറ്റിലെ (അക്രമസംഭവങ്ങളുടെ തോത്) വര്‍ധനവ് വരെയുള്ളവയാണ്. തല്‍ഫലമായുണ്ടായ സാമ്പത്തിക നഷ്ടങ്ങളെ ഒറ്റനൂലില്‍ കോര്‍ക്കുക സാധ്യമല്ല. കാരണം ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സ്വാധീനിച്ചുകൊണ്ട് അനവധി ഘടകങ്ങളും ഗുണകങ്ങളുമുണ്ടാകും. ജനസംഖ്യാ മാന്ദ്യം കാരണം സൃഷ്ടിക്കപ്പെട്ട സാമ്പത്തിക നഷ്ടങ്ങള്‍ തൊഴില്‍ മേഖല മുതല്‍ ആരോഗ്യ മേഖല വരെ ബന്ധപ്പെട്ടിട്ടുണ്ട്. ജനസംഖ്യാമാന്ദ്യം കാരണം മേല്‍പറഞ്ഞ വിവിധ മേഖലകളില്‍ സൃഷ്ടിക്കപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ മറച്ചുവെക്കാന്‍ ഒരുപക്ഷേ, മറ്റു മണ്ഡലങ്ങളിലെ ഉന്നതിയിലൂടെ ഒരു രാജ്യത്തിന് സാധിക്കും. പക്ഷേ, ജനസംഖ്യാ വളര്‍ച്ചയുടെ ആനുകൂല്യത്തിലൂടെ ലഭിക്കുന്ന വളര്‍ച്ചയില്‍നിന്നും രാജ്യത്തിന് യാതൊന്നും നേടാന്‍ സാധിക്കില്ല എന്നതാണ് ഇവിടെ പ്രസക്തം. ചൈനയുടെ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച 2027 ആകുമ്പോഴേക്കും പൂര്‍ണമാകുമെന്ന വാദവും ഇപ്പോള്‍ത്തന്നെ ചൈന സാമ്പത്തിക പരാധീനതയിലേക്ക് മാറിക്കഴിഞ്ഞു എന്ന വാദവും ഉയരുമ്പോള്‍തന്നെ മേല്‍പറഞ്ഞ വിധത്തിലാണ് ഈ സാമ്പത്തിക മാന്ദ്യത്തെ നാം മനസ്സിലാക്കേണ്ടത്. ചൈനയുടെ നഷ്ടക്കണക്കുകളില്‍ പ്രകടമായവയില്‍ പ്രസക്തമായവ ഇവിടെ പ്രതിപാദിക്കാം.

1. വൃദ്ധനായ ചൈന

ജനസംഖ്യ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന പൊള്ളവാദത്തിന്റെ ഫലമായാണ് ജനനനിയന്ത്രണം ചൈനയില്‍ മൊട്ടിട്ടത്. മൊട്ട് വിടരുമ്പോഴുള്ള സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥാന്തരങ്ങളില്‍ ഒന്ന് ജനനതോതിലുള്ള കുറവ് മൂലം സൃഷ്ടിക്കപ്പെട്ട വര്‍ക്ക് ഫോഴ്‌സിന്റെ ലഭ്യതക്കുറവായിരുന്നു. താരതമ്യേന വളരെക്കുറച്ച് പേരാണ് വലിയ ഒരു വൃദ്ധസമൂഹത്തെ തീറ്റിപ്പോറ്റാന്‍ കാലക്രമേണ ചൈനയില്‍ ഉല്‍പാദിപ്പിക്കപ്പെട്ടത്.  ഇതോടെ തൊഴില്‍ ചെയ്ത് സാമ്പത്തികമായി രാജ്യത്തിന് സംഭാവന നല്‍കാന്‍ സാധിക്കാത്ത വൃദ്ധജനങ്ങള്‍ ചൈനയില്‍ വര്‍ധിച്ചുവന്നു. വൃദ്ധജനങ്ങള്‍ക്കുള്ള പെന്‍ഷനടക്കമുള്ളവ സര്‍ക്കാര്‍ നല്‍കുമ്പോള്‍ അവരില്‍ നിന്ന് സൃഷ്ടിപരമായി യാതൊന്നും തിരിച്ചുപ്രതീക്ഷിക്കാന്‍ വകയില്ല എന്നതും കാണാം. ഇന്ന് ചൈനയിലെ 30% പേര്‍ 50ന് മുകളില്‍ പ്രായമുള്ളവരാണ്. 2030ല്‍ തല്‍സ്ഥിതി തുടര്‍ന്നാല്‍ ജനസംഖ്യയുടെ നാലിലൊന്ന് 60ന് മുകളില്‍ പ്രായമുള്ളവരായി മാറും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

2. തൊഴിലാളികളുടെ ലഭ്യതക്കുറവ്

2018ല്‍ ചൈനയിലെ ലേബര്‍ ഫോഴ്‌സിന്റെ മൊത്തം സംഖ്യ 897.29 മില്യണിലേക്ക് പതിച്ചു. തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് ഈ തകര്‍ച്ച (നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കനുസരിച്ച്). ഈ കുറഞ്ഞ വര്‍ക്ക് ഫോഴ്‌സിനെ മുന്‍നിര്‍ത്തി വര്‍ധിക്കുന്ന വൃദ്ധസമൂഹത്തെ പരിപാലിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് നഷ്ടക്കണക്കായി മാറുന്നു. വര്‍ക്ക് ഫോഴ്‌സിലെ ജനസംഖ്യ കുറഞ്ഞതിനാല്‍ ഉപഭോക്തൃ വരവുചെലവുകള്‍ ഗണ്യമായി കുറയുന്നു. ഇത് വിപണിയെ പ്രതികൂലമായി ബാധിക്കുന്നു.

3. ആരോഗ്യരംഗത്തെ അമിതഭാരം

വൃദ്ധ ജനസംഖ്യ കുത്തനെ ഉയരുന്നതിന്റെ ഫലമായി അവര്‍ക്കുള്ള പരിചരണ, പരിപാലന രംഗത്ത് സര്‍ക്കാരിന് കൂടുതല്‍ മുതല്‍മുടക്കേണ്ടി വരുന്നു. വൃദ്ധജനങ്ങള്‍ക്ക് ആവശ്യമായ ആശുപത്രി സൗകര്യങ്ങള്‍, മരുന്നുകള്‍ എന്നിത്യാദി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് ജനസംഖ്യാ നിയന്ത്രണം കാരണമാകുമെന്ന് കാണാം. ഇത്തരം മേഖലകളില്‍ മുതല്‍മുടക്കുന്നതിലൂടെ മറ്റു മേഖലകളില്‍ സൃഷ്ടിപരമായുള്ള നവീകരണങ്ങള്‍ക്കുള്ള സാധ്യത വിരളമാകുന്നു. ഇത് നിലവിലുള്ള വര്‍ക്ക് ഫോഴ്‌സിന്റെ പ്രതിസന്ധി രൂക്ഷമായി മാറാന്‍ ഹേതുവാകും.

രാജ്യം/വന്‍കര 65ന് മുകളില്‍ പ്രായമുള്ളവര്‍  അവന്ധ്യതാ നിരക്ക്

ഇവിടെ ചൂണ്ടിക്കാട്ടിയ കാരണങ്ങളുടെയടക്കം ഫലമായി ചൈനയുടെ സമ്പദ്‌വ്യവസ്ഥ 40 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ആപതിച്ചു എന്ന് കണക്കുകള്‍ പറയുന്നു.

ജനസംഖ്യാ നിയന്ത്രണം ജനനനിരക്കില്‍ വലിയ അളവില്‍ തന്നെ മാന്ദ്യംസൃഷ്ടിച്ചു. 2013ല്‍ ഉപാധികളോടെ ജനനനിയന്ത്രണം എടുത്തുമാറ്റാന്‍ തീരുമാനിച്ച ചൈനീസ് ഭരണകൂടം 2016 ആദ്യത്തിലെ 'നാം രണ്ട്, നമുക്ക് രണ്ട്' പോളിസിയിലൂടെ പ്രതീക്ഷിച്ചത് ഒരുഗ്രന്‍ 'ബേബി ബൂമാ'യിരുന്നു. 2016 മുതല്‍ തന്നെ കൂടുതല്‍ ദമ്പതികള്‍ക്ക് കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാകുമെന്നും അതുവഴി തകര്‍ന്നുകിടക്കുന്ന മേഖലകളെ വീണ്ടെടുക്കാമെന്നും അവര്‍ കണക്കുകൂട്ടി. എന്നാല്‍ ഭരണകൂടത്തിന്റെ എല്ലാ കണക്കുകളും തെറ്റാണെന്ന് യഥാര്‍ഥ കണക്കുകള്‍ കാട്ടിത്തരുന്നു.

വര്‍ഷം പുതിയ കുഞ്ഞുങ്ങള്‍

അഥവാ, 2016ല്‍ നിന്നും ഒരുവര്‍ഷം കഴിയുമ്പോഴേക്കും ജനനനിരക്കില്‍ 12% കുറവ് കാണാന്‍ കഴിഞ്ഞു. ചില പ്രദേശങ്ങളില്‍ ഈ തകര്‍ച്ച 35%ത്തിലേക്ക് കൂപ്പുകുത്തി. കുഞ്ഞുങ്ങളുടെ വര്‍ധനവ് കണക്കുകൂട്ടിയവര്‍ക്ക് മുന്നിലെത്തിയത് കുഞ്ഞുങ്ങള്‍ കമ്മിയായതിന്റെ കണക്കുകള്‍!

ചൈനയുടെ കള്ളക്കണക്കുകള്‍

അവന്ധ്യതാ നിരക്ക് 2.1 വേണ്ട സന്ദര്‍ഭത്തില്‍ ചൈനയുടെത് കേവലം 1.6 മാത്രമാണ് എന്നതാണ് ഔദേ്യാഗിക കണക്കുകള്‍ നമ്മോട് പറയുന്നത്.(3) എന്നാല്‍ വിസ്‌കോണ്‍സിന്‍ മാഡിസണ്‍ യൂനിവേഴ്‌സിറ്റി പ്രഫസറായ യി ഫസിയന്‍  പറയുന്നത് പ്രകാരം, 'നാമൊന്ന്, നമുക്കൊന്ന്' എന്ന ജനസംഖ്യാ നിയന്ത്രണ നിയമനിര്‍മാണം കാരണം തങ്ങള്‍ക്കുണ്ടായ തകര്‍ച്ച മറച്ചുവയ്ക്കാന്‍ ചൈനീസ് ഭരണകൂടം കണക്കില്‍ വെള്ളം ചേര്‍ത്തുവെന്നാണ്. യഥാര്‍ഥത്തില്‍ ചൈനയുടെ അവന്ധ്യതാ നിരക്ക് 1.18 ലേക്ക് 2010 മുതല്‍ 2018 വരെയുള്ള കണക്കുപ്രകാരം ആപതിച്ചിരിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൊട്ടിഘോഷിച്ച പരിപാടിയുടെ നഷ്ടം മറച്ചുവെക്കാന്‍ കണക്കില്‍ പോലും വെള്ളം ചേര്‍ക്കേണ്ട അവസ്ഥ!

യി ഫസിയന്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നം സൃഷ്ടിക്കപ്പെട്ടത് ജനനനിയന്ത്രണത്തെ തുടര്‍ന്നാണ് എന്നത് വാസ്തവമാണ്. 'ഒറ്റക്കുട്ടി' പോളിസിക്ക് ശേഷം, ആധുനികവത്കരണത്തിന്റെ കൂടി സഹായത്തോടെ കൂടുതല്‍ നല്ല ജീവിത സാഹചര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായതോടെ ചൈനീസ് ദമ്പതികളില്‍ 'തങ്ങള്‍ക്ക് കുഞ്ഞുങ്ങളുടെ ആവശ്യമില്ല' എന്ന പ്രവണത പരക്കെ പടര്‍ന്നതാണ് ഇതിന്റെ മൂലകാരണം. ഈ സമയത്ത് ജനിച്ച പെണ്‍കുഞ്ഞുങ്ങള്‍ക്കാവട്ടെ, പുതിയ സാഹചര്യത്തില്‍ ചൈനീസ് ജനസംഖ്യയെ ത്വരിതപ്പെടുത്താന്‍ മാത്രം കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനും സാധിക്കുന്നില്ല. ഇതുമൂലം ഉയര്‍ന്നുവന്ന മറ്റൊരു പ്രശ്‌നം ലിംഗാനുപാതത്തില്‍ വന്ന മാറ്റവും അതുവഴി അക്രമ സംഭവങ്ങളില്‍ വന്ന ഉയര്‍ച്ചയുമാണ്.

അക്രമങ്ങള്‍ വര്‍ധിക്കുന്നു

കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി മുമ്പുള്ളതിനെ അപേക്ഷിച്ച് ചൈനയില്‍ ആറിരട്ടി വര്‍ധനവാണ് അക്രമസംഭവങ്ങളില്‍ കാണാവുന്നത്. ഇത് ജനസംഖ്യാ നിയന്ത്രണ നിയമത്തിന്റെ അനന്തരഫലമാണ് എന്ന് കാണാം. അതായത്, ഒറ്റക്കുട്ടി പോളിസി നടപ്പിലാക്കിയതോടെ ചൈനീസ് ദമ്പതികള്‍ ഒരുകുട്ടിയെങ്കില്‍ അത് ആണാകട്ടെ എന്ന ചിന്തയില്‍ ആംനിയോസെന്റെസിസ് ടെസ്റ്റിലൂടെയടക്കം കുഞ്ഞിന്റെ ലിംഗം മനസ്സിലാക്കുകയും പെണ്‍ഭ്രൂണഹത്യകള്‍ വര്‍ധിക്കുകയും ചെയ്തു. അതോടെ ജനിക്കുന്നവയില്‍ വലിയൊരളവ് ആണ്‍കുട്ടികളായി മാറി. 120 ആണ്‍കുട്ടികള്‍ക്ക് 100 പെണ്‍കുട്ടികള്‍ എന്ന നിലയിലേക്ക് ലിംഗാനുപാതം വര്‍ധിച്ചു.

ഇതോടെ രാജ്യത്ത് 30 മില്യണ്‍ (3 കോടി) 'സര്‍പ്ലസ്' ആണ്‍കുട്ടികളുണ്ടായി. ഇത്രയും യുവാക്കള്‍ക്ക് വിവാഹത്തിന് പെണ്‍കുട്ടികളില്ലാത്ത അവസ്ഥ! നാം മുമ്പ് മനസ്സിലാക്കിയത് പോലെത്തന്നെ 1979ല്‍ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരുമ്പോള്‍ ആദ്യഘട്ടത്തില്‍ ഗ്രാമപ്രദേശങ്ങള്‍ക്ക് ഇതില്‍നിന്നും ഇളവനുവദിച്ചിരുന്നു. അതോടൊപ്പം ഗ്രാമങ്ങളില്‍ ആദ്യകുഞ്ഞ് പെണ്ണാണെങ്കില്‍ രണ്ടാമതൊരു കുഞ്ഞിന് അനുമതിയുണ്ടായിരുന്നു. എന്നാല്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള നിരവധി യുവാക്കള്‍ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് ജോലിയാവശ്യാര്‍ഥം കുടിയേറുകയും പിന്നീടുള്ള ജീവിതത്തില്‍ നഗരങ്ങളിലെ ലിംഗാനുപാതത്തിന്റെ വര്‍ധനവ് കാരണം ഭാര്യമാരെ സ്വന്തമാക്കാന്‍ സാധിക്കാതെയും വരുന്ന അവസ്ഥ സംജാതമായി.

ഇത്തരത്തില്‍ നിര്‍ബന്ധിത ജനസംഖ്യാ നിയന്ത്രണത്തിന്റെ ഫലമായി അവിവാഹിതരായ യുവാക്കളാണ് വലിയ തോതില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നിലെന്ന് പഠനങ്ങള്‍ പറയുന്നു. ഇതോടെ ചൈനയുടെ അക്രമസംഭവങ്ങളുടെ തോത് 34% വര്‍ധിച്ചു. ഇതോടൊപ്പം ചൈനയില്‍ യുവതികളുടെ മൂല്യം(?) വര്‍ധിക്കുകയും പെണ്ണ് കിട്ടാന്‍ അപ്പാര്‍ട്ട്‌മെന്റുകളും മറ്റു പാരിതോഷികങ്ങളും കൊടുക്കേണ്ടിവന്നു. പുറമെ 15000 ഡോളറിനെക്കാള്‍ (11.3 ലക്ഷം ഇന്ത്യന്‍ രൂപ) വിലയുടെ കൈമാറ്റവും നടക്കുന്നു. ഇത് സാധ്യമാവുക സാമ്പത്തികമായി ഉയര്‍ന്നവര്‍ക്ക് മാത്രമാണല്ലോ. തല്‍ഫലമായി പല പ്രദേശങ്ങളിലും പണത്തിനായി കൊള്ളകള്‍ നടക്കുന്നു.

പുരുഷന്മാരുടെ ആധിക്യമുള്ള സാമൂഹിക സാഹചര്യത്തില്‍ ചൈനയിലെ ആണ്‍കുട്ടികളുടെ മാനസിക-ബൗദ്ധിക കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.(4) കൂടുതല്‍ അസ്വസ്ഥതയുള്ളവരും ഞരമ്പുരോഗികളുമായി, പുരുഷന്മാര്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഇവിടെ ആണ്‍കുട്ടികള്‍ മാറുന്നു എന്നതും ക്രൈം കേസുകള്‍ വര്‍ധിക്കുന്നതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 'നാം രണ്ട്, നമുക്ക് രണ്ട്' പോളിസിയിലൂടെ കൂടുതല്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ദൈവികതത്ത്വം, നിത്യപ്രസക്തം

മനുഷ്യനിര്‍മിതമായ സാമൂഹിക സമവാക്യങ്ങളുടെ വിജയസാധ്യതകള്‍ തുറന്നുകാട്ടാന്‍ വെമ്പുന്ന അല്‍പജ്ഞാനികളായ ആധുനികസമൂഹത്തിന്റെ 'ഹുങ്കി'ന്റെയും സാമൂഹികമായ സന്തുലിതത്വം എക്കാര്യത്തിലും സ്വബുദ്ധിയില്‍ സൃഷ്ടിക്കാമെന്ന മനുഷ്യന്റെ കടന്നചിന്തയുടെയും തലക്കേറ്റ തിരിച്ചടികള്‍ ചരിത്രത്താളുകളില്‍ പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന ഉദാഹരണങ്ങളില്‍ പ്രസക്തമാണ് നിര്‍ബന്ധിത ജനസംഖ്യാ നിയന്ത്രണവുമായി കൊട്ടിഘോഷിക്കപ്പെട്ട് ഒടുവില്‍ നഷ്ടക്കണക്കുകളുടെ പാപഭാരവും പേറി വിസ്മൃതിയിലാണ്ട ഈ ചൈനീസ് മോഡല്‍. ഇത് ഒരു ഉദാഹരണം മാത്രമാണ്. മികച്ച വിദ്യാലയങ്ങള്‍ക്ക് വേണ്ടി മത്സരിക്കുന്ന വിദ്യാര്‍ഥികളുള്ള സമൂഹത്തില്‍ നിന്നുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പരസ്പരം മത്സരിക്കുന്ന വിദ്യാലയങ്ങളുള്ള റഷ്യയെ നമുക്ക് സങ്കല്‍പിക്കാന്‍ സാധ്യമാണോ?

സത്യമതം എന്നും പ്രസക്തമാണ്. രാജ്യതാല്‍പര്യത്തിന് വേണ്ടി ആത്മാര്‍ഥമായി ചൈന കൂട്ടിയ കണക്കുകളെല്ലാം നിലംപൊത്തി. 40 കോടി കുഞ്ഞുങ്ങളെ നിര്‍ബന്ധിത ജനനനിയന്ത്രണത്തിലൂടെ 'കൊന്നുതള്ളി'യിട്ടും തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ പുഷ്ടിപ്പെടുത്താന്‍ ചൈനക്ക് സാധിച്ചില്ലെന്ന് മാത്രമല്ല, സാമ്പത്തികരംഗം മുതല്‍ സാമൂഹികരംഗത്ത് വരെ പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കി എന്നതാണ് ബാക്കിപത്രം.

''...അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍'' (വിശുദ്ധ ക്വുര്‍ആന്‍ 8:30).

(അടുത്ത ഭാഗം: ജനസംഖ്യ, സാമ്രാജ്യത്വം, ഇസ്‌ലാംഭീതി)