സമര്‍പ്പണം, സഹകരണം

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 ഫെബ്രുവരി 29 1441 റജബ്‌ 05

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 7)

മഹനീയവും ഉന്നതവുമായ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനായി അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ട് ശരീരവും സമ്പത്തും സമയവും വിനിയോഗിക്കലാണ് തദ്വ്ഹിയ്യഃ അഥവാ സമര്‍പ്പണം. സ്വാര്‍ഥതകളെ ബലികഴിച്ച്, ആദര്‍ശത്തിന് പ്രാമുഖ്യം നല്‍കി തനിക്ക് വിലപ്പെട്ടതും കനിപ്പെട്ടതുമെല്ലാം അല്ലാഹുവിനായി സമര്‍പ്പിച്ച ഇബ്‌റാഹീം നബി(അ)യുടെ സമര്‍പ്പണ കഥ  സുവിദിതമാണല്ലോ. പുത്രന്‍ ഇസ്മാഈലിനെ ബലിയറുക്കുവാനുള്ള അദ്ദേഹത്തിന്റെ ത്യാഗമനഃസ്ഥിതി ഏവര്‍ക്കും മാതൃകാപരവുമാണ്.

അഹ്‌സാബ് യുദ്ധത്തില്‍ തിരുനബി ﷺ  യുടെ സ്ഥൈര്യവും ക്ഷമയും സമര്‍പ്പണവും ജിഹാദും അനുധാവനം ചെയ്യുവാന്‍ അല്ലാഹു വിശ്വാസികളോട് കല്‍പിച്ചു. നബി ﷺ  യില്‍ നിന്ന് മാതൃക ഉള്‍ക്കൊണ്ട്‌സ്വഹാബികള്‍ ധീരധീരമായ നിലപാടുകള്‍ സ്വീകരിക്കുകയും അല്ലാഹുവിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്തു. അല്ലാഹു– പറയുന്നത് നോക്കൂ:

'''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്. സത്യവിശ്വാസികള്‍ സംഘടിത കക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ധിപ്പിക്കുക മാത്രമെ ചെയ്തുള്ളൂ. സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍(രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്) കാത്തിരിക്കുന്നു. അവര്‍(ഉടമ്പടിക്ക്) യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല'' (ക്വുര്‍ആന്‍ 33: 21-23).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശരീരം സമര്‍പ്പിച്ചുള്ള രക്തസാക്ഷ്യം സമര്‍പ്പണത്തിന്റെ ഏറ്റവും മികച്ച രൂപമാണ്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ   പറഞ്ഞു:

''ജനങ്ങള്‍ക്ക് ഏറ്റവും ഉത്തമമായ ജീവിതം, ഒരു വ്യക്തി; അവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തന്റെ കുതിരയുടെ കടിഞ്ഞാണ്‍പിടിക്കുകയും അതിന്റെ പുറത്ത് കുതിക്കുകയും ചെയ്യുന്നു. യുദ്ധത്തിന്റെ ആരവമോ ഭീതിപ്പെടുത്തുന്ന ശബ്ദമോ കേള്‍ക്കുകയായാല്‍ അവന്‍ അതിന്റെ പുറത്ത് കുതിക്കുകയും അവിടെ മരണമോ കൊലയോ കൊതിക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ ഒരു വ്യക്തി; മലമേട്ടിലോ താഴ്‌വാരത്തോ അയാള്‍ ഗനീമത്ത് (യുദ്ധാര്‍ജിത) സ്വത്തിലാണ്. അയാള്‍ നമസ്‌കാരം നിലനിര്‍ത്തുന്നു. സകാത്ത് നല്‍കുന്നു. മരണം വന്നെത്തും വരെ തന്റെ രക്ഷിതാവിനെ ആരാധിക്കുന്നു. ജനങ്ങളോടുള്ള അയാളുടെ വര്‍ത്തനം നന്മയില്‍ മാത്രമാകുന്നു''(മുസ്‌ലിം).

അനസ്(റ) പറയുന്നു: അദ്ദേഹത്തിന്റെ പിതൃവ്യന്‍ അനസ് ഇബ്‌നുന്നദ്വ്ര്‍(റ) ബദ്‌റില്‍ പങ്കെടുത്തിരുന്നില്ല. അതിനാല്‍ അദ്ദേഹം പറഞ്ഞു: ''നബി ﷺ  യോടൊത്തുള്ള ആദ്യയുദ്ധത്തില്‍ ഞാന്‍ പങ്കെടുത്തില്ല. നബി ﷺ  യോടൊത്ത് ഒരു യുദ്ധത്തില്‍ അല്ലാഹു എന്നെ പങ്കെടുപ്പിച്ചാല്‍ എന്റെ ത്യാഗം അല്ലാഹു കാണുകതന്നെ ചെയ്യും.'' അങ്ങനെ അദ്ദേഹം ഉഹ്ദില്‍ പങ്കെടുത്തു. ജനങ്ങള്‍ തോറ്റോടി. അദ്ദേഹം പറഞ്ഞു: ''അല്ലാഹുവേ, മുസ്‌ലിംകള്‍ ചെയ്തതില്‍ ഞാന്‍ നിന്നോട് മാപ്പിരിക്കുന്നു. മുശ്‌രിക്കുകള്‍ കൊണ്ടെത്തിച്ചതില്‍ എന്റെ നിരപരാധിത്വം ഞാന്‍ നിന്നോട് ബോധിപ്പിക്കുന്നു.'' അങ്ങനെ അദ്ദേഹം തന്റെ വാളുമായി മുന്നോട്ടായുകയും സഅ്ദ് ഇബ്‌നുമുആദിനെ കണ്ടുമുട്ടുകയും ചെയ്തു. അദ്ദേഹം ചോദിച്ചു: ''സഅ്ദ്, എങ്ങോട്ടാണ്? ഉഹ്ദിന്നിപ്പുറത്ത് ഞാന്‍ സ്വര്‍ഗം അനുഭവിക്കുന്നു.' അങ്ങനെ അദ്ദേഹം മുന്നേറുകയും രക്തസാക്ഷിയാവുകയും ചെയ്തു. തിരച്ചറിയാനാവാത്ത വിധം അദ്ദേഹം വികൃതമാക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സഹോദരിയാണ് ഒരു കാക്കപ്പുള്ളി കൊണ്ട് അല്ലെങ്കില്‍ വിരലറ്റം കൊണ്ട് അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. എണ്‍പതില്‍പരം കുത്തുകളും വെട്ടുകളും അമ്പുകൊണ്ടുള്ള ഏറുകളും അദ്ദേഹത്തിലുായിരുന്നു''(ബുഖാരി).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമ്പത്ത് ചെലവഴിക്കുന്നത് സമര്‍പ്പണത്തിന്റെ മേന്മയാര്‍ന്ന മറ്റൊരു രൂപമാണ്. സമ്പത്ത് ചെലവഴിക്കുവാനുള്ള ആഹ്വാനവും പ്രോത്സാഹനവും പൊരുളുമായി അല്ലാഹു പറയുന്നു:

''ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനുള്ളതായിരിക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ന്യായം? നിങ്ങളുടെ കൂട്ടത്തില്‍ നിന്നു(മക്കാ) വിജയത്തിനു മുമ്പുള്ള കാലത്ത് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തവരും (അല്ലാത്തവരും) സമമാകുകയില്ല. അക്കൂട്ടര്‍ പിന്നീടു ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കുവഹിക്കുകയും ചെയ്തവരെക്കാള്‍ മഹത്തായ പദവിയുള്ളവരാകുന്നു. എല്ലാവര്‍ക്കും ഏറ്റവും നല്ല പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാണ് അല്ലാഹു. ആരുണ്ട് അല്ലാഹുവിന് ഒരു നല്ല കടം കൊടുക്കുവാന്‍? എങ്കില്‍ അവനത് അയാള്‍ക്ക് വേണ്ടിഇരട്ടിപ്പിക്കുന്നതാണ്. അയാള്‍ക്കാണ് മാന്യമായ പ്രതിഫലമുള്ളത്'' (ക്വുര്‍ആന്‍ 57:10,11).

സമ്പത്ത് സ്വദകഃയാക്കിക്കൊണ്ടുള്ള സ്വഹാബികളുടെ സമര്‍പ്പണ മനഃസ്ഥിതിയുടെ ചരിത്രവും ഏറെ ശ്രദ്ധേയമാണ്. ഒരു ഉദാഹരണം ഇവിടെ നല്‍കുന്നു. ഉമര്‍(റ) പറയുന്നു:

''ദാനധര്‍മം നിര്‍വഹിക്കുവാന്‍ ഒരു ദിനം തിരുദൂതര്‍ ﷺ   ഞങ്ങളോട് കല്‍പിച്ചു. എന്റെ അടുക്കല്‍ സ്വത്തുള്ള ഒരു ദിവസമായിരുന്നു അത്. ഞാന്‍ പറഞ്ഞു: 'ഇന്ന് അബൂബക്‌റിനെ ഞാന്‍ മുന്‍കടക്കും. ഒരു ദിവസം എനിക്ക് അദ്ദേഹത്തെ മുന്‍കടക്കാനായെങ്കില്‍.' അങ്ങനെ ഞാന്‍ എന്റെ പകുതിസ്വത്ത് കൊണ്ടുവന്നു. തിരുദൂതര്‍ ﷺ   ചോദിച്ചു: 'താങ്കള്‍ എന്താണ് കുടുംബത്തിന് ശേഷിപ്പിച്ചത്?' ഞാന്‍ പറഞ്ഞു: 'അതിനു തുല്യം.' അബൂബക്ര്‍(റ) തന്റെ അടുക്കലുള്ള മുഴുവന്‍ സ്വത്തുമായി വന്നു. തിരുദൂതര്‍ ﷺ   അദ്ദേഹത്തോട് ചോദിച്ചു: 'താങ്കള്‍ എന്താണ് കുടുംബത്തിന് ശേഷിപ്പിച്ചത്?' അദ്ദേഹം പറഞ്ഞു: 'ഞാന്‍ അവര്‍ക്കായി അല്ലാഹുവെയും തിരുദൂതനെയും ശേഷിപ്പിച്ചിട്ടുണ്ട്.' ഞാന്‍ പറഞ്ഞു: 'ഒരു കാര്യത്തിലേക്കും ഒരിക്കലും ഞാന്‍ താങ്കളോട് മത്സരിക്കില്ല'' (സുനനു അബീദാവൂദ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

സഹകരണം

സൃഷ്ടികളില്‍ ഊട്ടപ്പെട്ട പ്രകൃതിയാണ് പരസ്പര സഹകരണവും സഹായവും. മനുഷ്യന്‍ വിശിഷ്യാ സാമൂഹ്യ ജീവിയാണ്. വിശുദ്ധ ക്വുര്‍ആനില്‍ 'സത്യവിശ്വാസികളേ' എന്ന് എണ്‍പത്തി ഒന്‍പത് തവണയും 'മനുഷ്യരേ' എന്ന് ഇരുപത് തവണയും 'ആദം സന്തതികളേ' എന്ന് അഞ്ച് തവണയും അഭിസംബോധന ചെയ്തത് കാണാം. സംഘടിക്കുന്നതിന്റെയും സഹകരിക്കുന്നതിന്റെയും പ്രധാന്യം ഇത് വിളിച്ച റിയിക്കുന്നുെന്ന് പണ്ഡിതന്മാര്‍ ഉണര്‍ത്തി.

സഹകരിക്കാനുള്ള ആജ്ഞകള്‍ പ്രമാണങ്ങളില്‍ ഏറെയാണ്. സൂറത്തുല്‍ അസ്വ്‌റില്‍ സത്യം അന്യോന്യം ഉപദേശിക്കുവാന്‍ അല്ലാഹു കല്‍പിച്ചു. അതത്രെ പുണ്യം കൊണ്ടും തക്വ്‌വകൊണ്ടുമുള്ള സഹകരണം. അല്ലാഹു–പറയുന്നു:

''കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം കൈക്കൊള്ളുവാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളുവാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ'' (ക്വുര്‍ആന്‍ 103:1-3).

സല്‍പ്രവര്‍ത്തനങ്ങൡ സഹകരിക്കുവാന്‍ അനുശാസിച്ചുകൊണ്ട് അല്ലാഹു വിശ്വാസികളോട് കല്‍പിക്കുന്നത് നോക്കൂ: ''...പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്'' (ക്വുര്‍ആന്‍ 5:2).

സഹകരണത്തിന്റെ വിഷയത്തില്‍ പ്രോത്സാഹനമേകുന്ന തിരുമൊഴികളും ധാരാളമാണ്. അബൂമൂസ(റ)യില്‍ നിന്ന് നിവേദനം: ''നബി ﷺ   പറഞ്ഞു: 'നിശ്ചയം ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിക്ക് ഒരു എടുപ്പുപോലെയാണ്; അതില്‍ ചിലത് ചിലതിനെ ശക്തിപ്പെടുത്തുന്നു.' നബി തന്റെ വിരലുകള്‍ കോര്‍ത്തുപിടിച്ചു''(ബുഖാരി).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി ﷺ   പറഞ്ഞു: ''...ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവന്‍ തന്റെ സഹോദരനെ അക്രമിക്കുകയോ അധിക്ഷിപ്തനാക്കുകയോ നിന്ദിക്കുകയോ ഇല്ല'' (മുസ്‌ലിം).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് തന്നെയുള്ള മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കൂടിയുണ്ട്: ''...അല്ലാഹുവിന്റെ അടിയാറുകളേ, നിങ്ങള്‍ സഹോദരങ്ങളാവുക...'' (ബുഖാരി).

നുഅ്മാന്‍ ഇബ്‌നുബശീറി(റ)ല്‍നിന്ന് നിവേദനം. തിരുദൂതര്‍ ﷺ   പറഞ്ഞു: ''പരസ്പര സ്‌നേഹത്തിലും വാത്സല്യത്തിലും കാരുണ്യത്തിലും മുസ്‌ലിംകളുടെ ഉപമ ഒരു ശരീരത്തിന്റെ ഉപമയാണ്. ശരീരത്തിലെ ഒരു അവയവം രോഗബാധിതമായി വേവലാതിപ്പെടുമ്പോള്‍ മറ്റു ശരീരാവയവങ്ങള്‍ പനിപിടിച്ചും ഉറക്കമൊഴിഞ്ഞും രോഗബാധിതമായ അവയവത്തിനു വേണ്ടി പരസ്പരം നിലകൊള്ളും'' (മുസ്‌ലിം).

അബ്ദുല്ലാഹ് ഇബ്‌നുഉമറി(റ)ല്‍നിന്ന് നിവേദനം. തിരുദൂതര്‍ ﷺ   പറഞ്ഞു: ''...ഒരു സഹോദരനോടൊപ്പം ഒരു ആവശ്യം വീട്ടുന്നതുവരെ അതിനുവേണ്ടി ഞാന്‍ നടക്കലാണ്, എനിക്ക് ഈ പള്ളി(മസ്ജിദുന്നബവി)യില്‍ ഒരു മാസം ഇഅ്തികാഫ് ഇരിക്കുന്നതിനെക്കാള്‍ ഏറെ ഇഷ്ടം... ഒരാള്‍ മുസ്‌ലിമായ തന്റെ സഹോദരനോടൊപ്പം അയാളുടെ ഒരു ആവശ്യം നിര്‍വഹിച്ചുകൊടുക്കുന്നതുവരെ നടന്നുപോവുകയാണെങ്കില്‍ അയാളുടെ കാല്‍പാദങ്ങളെ അല്ലാഹു, കാലുകള്‍ പതറുന്ന നാളില്‍ (അന്ത്യനാളില്‍) ഉറപ്പിച്ചു നിര്‍ത്തും'' (ത്വബ്‌റാനി. അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു).

അബൂദര്‍റി(റ)ല്‍ നിന്നും നിവേദനം. അദ്ദേഹം തന്റെ ഒരു അടിമയെ ശകാരിച്ചപ്പോള്‍ അദ്ദേഹത്തെ ഗുണദോഷിച്ചുകൊണ്ട് തിരുനബി ﷺ   പറഞ്ഞു: ''അബൂദര്‍റ്! താങ്കള്‍ ജാഹിലിയ്യത്തുള്ള ഒരു വ്യക്തി തന്നെ. അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്. അവരെ അല്ലാഹു നിങ്ങളുടെ കീഴിലാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഭക്ഷിക്കുന്നതില്‍നിന്ന് നിങ്ങളവരെ ഭക്ഷിപ്പിക്കുക. നിങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് നിങ്ങള്‍ അവരെ ധരിപ്പിക്കുക. അവര്‍ക്കു കഴിയാത്തത് നങ്ങള്‍ അവരോട് കല്‍പിക്കരുത്. നിങ്ങള്‍ അവരോട് കല്‍പിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരെ സഹായിക്കുക'' (മുസ്‌ലിം).

സഹകരണം ഫലം കൊയ്യുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ദുല്‍ക്വര്‍നയ്‌നിയുടെയും അദ്ദേഹത്തോട് സഹായമര്‍ഥിച്ച ജനതയുടെയും ചരിത്രം. അക്രമികളായ ഒരു ജനവിഭാഗത്തിന് മറികടക്കുവാനും ദ്വാരമുണ്ടാക്കുവാനും കഴിയാത്ത വിധം ശക്തിമത്തായ ഒരു അണ നിര്‍മിക്കുവാന്‍ സാധിച്ചുവെന്നതാണ് ഈ സഹകരണത്തിന്റെ പ്രകടമായ മേന്മയും ഫലവും.

അല്ലാഹു—പറയുന്നു: ''അവര്‍ നിന്നോട് ദുല്‍ഖര്‍നൈനിയെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പിച്ച് തരാം'' (ക്വുര്‍ആന്‍ 18:83).

 ''അങ്ങനെ അദ്ദേഹം രണ്ട് പര്‍വതനിരകള്‍ക്കിടയിലെത്തിയപ്പോള്‍ അവയുടെ ഇപ്പുറത്തുണ്ടായിരുന്ന ഒരു ജനതയെ അദ്ദേഹം കാണുകയുണ്ടായി. പറയുന്നതൊന്നും മിക്കവാറും അവര്‍ക്ക് മനസ്സിലാക്കാനാവുന്നില്ല. അവര്‍ പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, തീര്‍ച്ചയായും യഅ്ജൂജ്-മഅ്ജൂജ് വിഭാഗങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാകുന്നു. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ താങ്കള്‍ ഒരു മതില്‍കെട്ട് ഉണ്ടാക്കിത്തരണമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഒരു കരം നിശ്ചയിച്ച് തരട്ടെയോ? അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് അധീനപ്പെടുത്തിത്തന്നിട്ടുള്ളത് (അധികാരവും ഐശ്വര്യവും) (നിങ്ങള്‍ നല്‍കുന്നതിനെക്കാളും) ഉത്തമമത്രെ. എന്നാല്‍ (നിങ്ങളുടെ ശാരീരിക) ശക്തികൊണ്ട് നിങ്ങളെന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം. നിങ്ങള്‍ എനിക്ക് ഇരുമ്പുകട്ടികള്‍ കൊണ്ടുവന്ന് തരൂ. അങ്ങനെ ആ രണ്ട് പര്‍വതപാര്‍ശ്വങ്ങളുടെ ഇട സമമാക്കിത്തീര്‍ത്തിട്ട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കാറ്റൂതുക. അങ്ങനെ അത് (പഴുപ്പിച്ച്) തീപോലെയാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പ് കൊണ്ട് വന്നു തരൂ. ഞാനത് അതിന്‍മേല്‍ ഒഴിക്കട്ടെ. പിന്നെ, ആ മതില്‍ക്കെട്ട് കയറിമറിയുവാന്‍ അവര്‍ക്ക് (യഅ്ജൂജ്-മഅ്ജൂജിന്ന്) സാധിച്ചില്ല. അതിന്ന് തുളയുണ്ടാക്കുവാനും അവര്‍ക്ക് സാധിച്ചില്ല'' (ക്വുര്‍ആന്‍ 18:93-97).

തിരുനബി ﷺ   തന്റെ കുടുംബത്തോട് സഹകരിക്കാറുള്ളത് ഹദീഥുകളില്‍ വന്നിട്ടുണ്ട്. ഏതാനും ഉദാഹരണങ്ങള്‍ ഇവിടെ നല്‍കാം. അല്‍അസ്‌വദി(റ)ല്‍ നിന്ന് നിവേദനം: ''ഞാന്‍ ആഇശ(റ)യോടു ചോദിച്ചു: 'നബി ﷺ   തന്റെ വീട്ടില്‍ എന്താണ് ചെയ്തിരുന്നത്?' അവര്‍ പറഞ്ഞു: 'തിരുമേനി വീട്ടുകാരെ ഖിദ്മത്ത് (വീട്ടുജോലികളില്‍ സഹായിക്കുക) ചെയ്യുകയായിരിക്കും. നമസ്‌കാര സമയമായാല്‍ അദ്ദേഹം നമസ്‌കാരത്തിനു പുറപ്പെടും''(ബുഖാരി).

ആഇശ(റ)യില്‍ നിന്നുള്ള മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമുണ്ട്: ''അല്ലാഹുവിന്റെ തിരുദൂതര്‍ രാത്രിയില്‍ നമസ്‌കരിക്കുമായിരുന്നു. തിരുമേനി വിത്‌റാക്കിയാല്‍ പറയും: ആഇശാ, എഴുന്നേറ്റ് വിത്ര്‍ നമസ്‌കരിക്കൂ'' (മുസ്‌ലിം).

മദീനയിലേക്കുള്ള ഹിജ്‌റക്കു ശേഷം മസ്ജിദുന്നബവി നിര്‍മിക്കുവാന്‍ തന്റെ അനുചരന്മാരോടൊത്ത് തിരുമേനി സഹകരിച്ചതും അഹ്‌സാബ് യുദ്ധത്തില്‍ തന്റെ അനുചരന്മാരോടൊത്ത് കിടങ്ങു കുഴിച്ചതും ചരിത്രത്തില്‍ പ്രസിദ്ധമാണ്. അന്‍സ്വാരികളുടെയും മുഹാജിറുകളുടെയും സഹകരണവും സഹകരണത്തില്‍ അന്‍സ്വാരികളുടെ വിശാല മനസ്‌കതയും വിശ്രുതമാണ്.

അബ്ദുര്‍റഹ്മാന്‍ ഇബ്‌നുഔഫ്(റ) പറഞ്ഞു: ''ഞങ്ങള്‍ മദീനയിലേക്ക് വന്നപ്പോള്‍ തിരുദൂതര്‍ ﷺ   എന്റെയും സഅ്ദ് ഇബ്‌നു റബിഇന്റെയും ഇടയില്‍ സാഹോദര്യമുണ്ടാക്കി. അപ്പാള്‍ എന്നോട് സഅ്ദ് പറഞ്ഞു: 'അന്‍സ്വാരികളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ളവനാണ്. എന്റെ സ്വത്തിന്റെ പകുതി ഞാന്‍ നിങ്ങള്‍ക്ക് ഭാഗിച്ചുതരുന്നു. എന്റെ രണ്ടു ഭാര്യമാരില്‍ താങ്കള്‍ ഇച്ഛിക്കുന്നവളെ നിങ്ങള്‍ കാണുക. അവളെ ഞാന്‍ താങ്കള്‍ക്കായി ഒഴിഞ്ഞുതരാം. അവളുടെ ദീക്ഷാകാലം കഴിഞ്ഞാല്‍ താങ്കള്‍ക്കവരെ വിവാഹം കഴിക്കാമല്ലോ.' അപ്പോള്‍ അബ്ദുര്‍റഹ്മാന്‍(റ) പറഞ്ഞു: 'അതില്‍ എനിക്ക് ആവശ്യമില്ല. കച്ചവടമുള്ള വല്ല അങ്ങാടിയുമുേണ്ടാ?' അദ്ദേഹം പറഞ്ഞു: 'ക്വയ്‌നുക്വാഅ് അങ്ങാടിയുണ്ട്...''(ബുഖാരി).

യജമാനനുമായി മോചന കരാറിലേര്‍പ്പെട്ട സല്‍മാനുല്‍ഫാരിസി(റ) കരാറനുസരിച്ച് മോചനസംഖ്യ ഉടമപ്പെടുത്തിയിരുന്നില്ല. അദ്ദേഹം ദരിദ്രനായിരുന്നു. അപ്പോള്‍ തിരുനബി ﷺ   സ്വഹാബത്തിനോട് പറഞ്ഞു: ''നിങ്ങള്‍ നിങ്ങളുടെ സഹോദരനെ സഹായിക്കുക.'' അവര്‍ അദ്ദേഹത്തെ സഹായിക്കുകയും അടിമത്തത്തില്‍ നിന്ന് മോചിതനായി അദ്ദേഹം സ്വതന്ത്രനാവുകയും ചെയ്തു.