തവക്കുലും കാര്യകാരണ ബന്ധങ്ങളെ സമീപിക്കലും

ശമീര്‍ മദീനി

2020 ജൂലൈ 25 1441 ദുല്‍ഹിജ്ജ 04

ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശമായ ഏകദൈവ വിശ്വാസത്തിന്റെ (തൗഹീദ്) അതിപ്രധാനമായ ഒരു ആശയമാണ്  'തവക്കുല്‍' അഥവാ ഭരമേല്‍പിക്കല്‍. സൃഷ്ടികളായ നമ്മുടെ കഴിവില്‍പെട്ട കാര്യങ്ങള്‍ നാം ചെയ്ത ശേഷം അതിനപ്പുറത്തുള്ളതൊക്കെ ലോകസ്രഷ്ടാവും സംരക്ഷകനും നിയന്താവുമായ അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് മുന്നേറുക എന്നതാണ് തവക്കുലിന്റെ താല്‍പര്യം. അല്ലാഹുവിന്റെ അറിവും തീരുമാനവുമില്ലാതെ ചെറുതും വലുതുമായ യാതൊരു കാര്യവും സംഭവിക്കുകയില്ല എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു സര്‍വശക്തനും അളവറ്റ ദയാപരനുമാണ്. അതുകൊണ്ട് ഏതൊരു ആവശ്യപൂര്‍ത്തീകരണത്തിനും ആഗ്രഹസഫലീകരണത്തിനും അല്ലാഹുവിനെയാണ് ആത്യന്തികമായി നാം ആശ്രയിക്കേണ്ടത്; അല്ലാതെ ദുര്‍ബലരായ സൃഷ്ടികളെയല്ല. നമുക്ക് ഉപകാരമുള്ളത് വരുത്തുവാനും ഉപദ്രവം തടയുവാനും അവന്ന് മാത്രമെ സാധിക്കുകയുള്ളൂ.

അല്ലാഹു പറയുന്നു: ''പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെമേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്'' (ക്വുര്‍ആന്‍ 9:51).

ഒരിക്കല്‍ നബി ﷺ യോടൊപ്പം വാഹനപ്പുറത്ത് സഞ്ചരിക്കേ, കുട്ടിയായിരുന്ന പ്രവാചകാനുചരന്‍ ഇബ്‌നു അബ്ബാസി(റ)നോട് നബി ﷺ  പറഞ്ഞു: ''മോനേ, ഞാന്‍ നിനക്ക് ചില കാര്യങ്ങള്‍ പഠിപ്പിച്ചുതരാം. നീ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക. അല്ലാഹു നിന്നെ കാത്തു സംരക്ഷിക്കും. നീ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിച്ച് ജീവിക്കുക. എങ്കില്‍, അവനെ നിനക്കു മുമ്പില്‍ സമാശ്വാസമായി കണ്ടെത്താം. മോനേ, നീ അറിയണം. ലോകം ഒന്നടങ്കം നിനക്ക് വല്ല ഉപകാരവും ചെയ്തുതരുവാന്‍ വേണ്ടി സംഘടിച്ചു എന്നിരിക്കട്ടെ, എന്നാല്‍ അല്ലാഹു നിശ്ചയിച്ചിട്ടില്ലാത്ത യാതൊരു ഉപകാരവും അവര്‍ക്ക് നിനക്കായി ചെയ്തുതരാന്‍ സാധിക്കുകയില്ല. ഇനി അവരെല്ലാവരും കൂടി നിനക്ക് വല്ല ഉപദ്രവവും വരുത്താന്‍ സംഘടിച്ചു എന്നിരിക്കട്ടെ, അല്ലാഹു നിശ്ചയിച്ചതല്ലാത്ത യാതൊരു ദ്രോഹവും നിനക്ക് വരുത്താന്‍ അവര്‍ക്കാര്‍ക്കും സാധിക്കുകയില്ല'' (അഹ്മദ്, തുര്‍മുദി, ഹാകിം).

ഇസ്‌ലാമിക വിശ്വാസത്തിന്റെ വലിയൊരു പാഠമാണ് നബി ﷺ  ഇവിടെ പഠിപ്പിക്കുന്നത്. നിരാശയെയും അഹന്തയെയും അറുത്തുമാറ്റി സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ആശ്രയിച്ചും അവലംബിച്ചും അവനില്‍ പരിപൂര്‍ണമായ വിശ്വാസമര്‍പിച്ചും അല്ലാഹുവിനെക്കുറിച്ചുള്ള സദ്‌വിചാരങ്ങള്‍ കൊണ്ട് മനസ്സ് നിറച്ചും അവന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചും അവന്റെ തീരുമാനങ്ങളില്‍ പരിപൂര്‍ണ സംതൃപ്തിരേഖപ്പെടുത്തിയും കൊണ്ട് ജീവിക്കുന്ന ഒരു യഥാര്‍ഥ വിശ്വാസിക്ക് ലഭിക്കുന്ന നിര്‍ഭയത്വവും സമാധാനവും അനിര്‍വചനീയമാണ്.

എന്റെ ആള്‍ക്കാര്‍, എന്റെ സമ്പത്ത്, എന്റെ അധികാരം തുടങ്ങി അല്ലാഹു അല്ലാത്ത എല്ലാറ്റില്‍ നിന്നും ഒഴിവായി പരമകാരുണികനും അളവറ്റ ദയാപരനും സര്‍വശക്തനുമായ അല്ലാഹുവിലേക്ക് മാത്രം തിരിയാനും അവനെ മാത്രം ആശ്രയിക്കാനും ഈ വിശ്വാസം ഒരാളെ പ്രാപ്തനാക്കുന്നു. സത്യസന്ധമായി അല്ലാഹുവിനെ ആശ്രയിക്കുകയും അവലംബിക്കുകയും ചെയ്യുമ്പോള്‍ നേരായ മാര്‍ഗത്തില്‍ നിലകൊള്ളാനും പടച്ചവന്റെ വിധിവിലക്കുകള്‍ അനുസരിച്ചുകൊണ്ട് നിഷിദ്ധങ്ങളില്‍നിന്നും സര്‍വ തിന്മകളില്‍ നിന്നും വിട്ടുനില്‍ക്കാനും അയാള്‍ക്കത് പ്രചോദനമാകുന്നതാണ്. തന്റെ ബാധ്യതകള്‍ നിറവേറ്റി അതിനപ്പുറമുള്ള നന്മകള്‍ക്കായി പടച്ചവനെ ആശ്രയിച്ചും അവലംബിച്ചും അവനോട് പ്രാര്‍ഥിച്ചും മുന്നേറുന്ന ഒരു യഥാര്‍ഥ വിശ്വാസി ഒരിക്കലും മടിയനോ നിരാശനോ ആവുകയില്ല. സത്യവിശ്വാസത്തിന്റെ കരുത്തനുസരിച്ച് ഈ ഗുണങ്ങളെല്ലാം അയാളില്‍ ശക്തമായിക്കൊണ്ടിരിക്കും. അഥവാ സത്യവിശ്വാസത്തിന്റെ തേട്ടമാണ് ഇതൊക്കെയും.

അല്ലാഹു പറയുന്നു: ''മൂസാ പറഞ്ഞു: എന്റെ ജനങ്ങളേ,നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ അവന്റെമേല്‍ നിങ്ങള്‍ ഭരമേല്‍പിക്കുക-നിങ്ങള്‍ അവന്ന് കീഴ്‌പെട്ടവരാണെങ്കില്‍'' (ക്വുര്‍ആന്‍ 10:84).

അല്ലാഹുവും അവന്റെ ദൂതനും അല്ലാഹുവിനെക്കുറിച്ച് പറഞ്ഞുതന്ന കാര്യങ്ങളിലൂടെ അല്ലാഹുവിനെപ്പറ്റി കൂടുതല്‍ കൂടുതല്‍ അറിയുമ്പോള്‍ ഈ ആശ്രയബോധം അഥവാ 'തവക്കുല്‍' രൂഢമൂലമാകുന്നതാണ്. തവക്കുലുമായി ബന്ധപ്പെട്ട് ക്വുര്‍ആന്‍ പ്രതിപാദിച്ച വചനങ്ങല്‍ ശ്രദ്ധിച്ചാല്‍ ഈ വസ്തുത ബോധ്യപ്പെടുന്നതാണ്. അല്ലാഹുവിന്റെ അതുല്യമായ നാമങ്ങളും വിശേഷണങ്ങളും അവിടങ്ങളിലൊക്കെ ആവര്‍ത്തിച്ചു വന്നിട്ടുള്ളതായി കാണാം.

''ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനില്‍ നീ ഭരമേല്‍പിക്കുക. അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക. തന്റെ ദാസന്‍മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനായിട്ട് അവന്‍ തന്നെ മതി'' (ക്വുര്‍ആന്‍ 25:58).

''എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന്റെ മേല്‍ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നു. യാതൊരു ജന്തുവും അവന്‍ അതിന്റെ നെറുകയില്‍ പിടിക്കുന്ന(നിയന്ത്രിക്കുന്ന)തായിട്ടില്ലാതെയില്ല. തീര്‍ച്ചയായും എന്റെ രക്ഷിതാവ് നേരായ പാതയിലാകുന്നു'' (ക്വുര്‍ആന്‍ 11:56).

ഈ തലത്തില്‍ അല്ലാഹുവിനെ അവലംബിച്ചും അവനില്‍ ഭരമേല്‍പിച്ചും ജീവിക്കുന്നവരെ പ്രത്യേകമായി അല്ലാഹു സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതാണ്.

അല്ലാഹു പറയുന്നു: ''(നബിയേ,) അല്ലാഹുവിങ്കല്‍നിന്നുള്ള കാരുണ്യംകൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞുപോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്. നിങ്ങളെ അല്ലാഹു സഹായിക്കുന്നപക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവന്നുപുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ'' (ക്വുര്‍ആന്‍ 3:159.160).

ഈയൊരു ആദര്‍ശവലയത്തിലാണ് ഒരു വിശ്വാസി വളരുന്നതെങ്കില്‍ മനസ്സമാധാനവും സ്ഥിരോത്സാഹവും വിനയവും മാനസികസംതൃപ്തിയും നിര്‍ഭയത്വവുമെല്ലാം അയാള്‍ക്കുണ്ടാകും. വീട്ടില്‍നിന്നിറങ്ങുന്നതു മുതല്‍ കിടപ്പറയിലേക്ക് പോകുന്നതുവരെ അതിനുതകുന്ന വിധത്തിലുള്ള പ്രാര്‍ഥനകളും കീര്‍ത്തനങ്ങളുമായി  കഴിയുവാനാണ് മുഹമ്മദ് നബി ﷺ  പഠിപ്പിച്ചിട്ടുള്ളത്.

ഇങ്ങനെ എല്ലാ അര്‍ഥത്തിലും തൗഹീദും തവക്കുലുമായി ഇഴചേര്‍ന്നുകൊണ്ടാണ് സത്യവിശ്വാസിയുടെ ഒരോ നിമിഷവും കടന്നുപോകുന്നത്. എന്നാല്‍ ഈ ഭൗതികലോകത്ത് ഓരോ കാര്യത്തിനും പടച്ചവന്‍ വ്യവസ്ഥപ്പെടുത്തിയ കാരണങ്ങളെ സമീപിക്കുന്നത് ഈ വിശ്വാസത്തിനും ആദര്‍ശത്തിനും ഒരിക്കലും എതിരല്ല. പ്രത്യുത അത് തവക്കുലിന്റെ ഭാഗം തന്നെയാണ്.

''ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ നിനക്കുമുമ്പ് ദൂതന്‍മാരില്‍ ആരെയും നാം അയക്കുകയുണ്ടായിട്ടില്ല. നിങ്ങള്‍ ക്ഷമിക്കുമോ എന്ന് നോക്കാനായി നിങ്ങളില്‍ ചിലരെ ചിലര്‍ക്ക് നാം ഒരു പരീക്ഷണമാക്കിയിരിക്കുന്നു. (നിന്റെ രക്ഷിതാവ് (എല്ലാം) കണ്ടറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 25:20).

ക്വുര്‍ആനിലെ ഈ വചനം വിവരിക്കുമ്പോള്‍ ഇമാം ക്വുര്‍ത്വുബി തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്. കാരണങ്ങളെ സമീപിക്കല്‍ അല്ലാഹു നിശ്ചയിച്ച നടപടിക്രമങ്ങളുടെ ഭാഗവും പ്രവാചകചര്യയില്‍ പെട്ടതുമാണ് എന്ന് പറഞ്ഞ ശേഷം അതിന് ഉപോല്‍ബലകമായി ധാരാളം തെളിവുകള്‍ നിരത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ശത്രുക്കളെ നേരിടാനുള്ള സന്നാഹങ്ങളൊരുക്കുവാന്‍ അല്ലാഹു പറഞ്ഞു:

''അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍പെട്ട എല്ലാ ശക്തിയും കെട്ടിനിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതുമുഖേന അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും അവര്‍ക്ക് പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന്‍ വേണ്ടി. നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏതൊരു വസ്തു ചെലവഴിച്ചാലും നിങ്ങള്‍ക്കതിന്റെ പൂര്‍ണമായ പ്രതിഫലം നല്‍കപ്പെടും. നിങ്ങളോട് അനീതി കാണിക്കപ്പെടുന്നതല്ല'' (ക്വുര്‍ആന്‍ 8:60).

മൂസാ നബി(അ)യോട് അല്ലാഹു പറഞ്ഞു: ''അപ്പോള്‍ നാം മൂസായ്ക്ക് ബോധനം നല്‍കി; നീ നിന്റെ വടികൊണ്ട് കടലില്‍ അടിക്കൂ എന്ന്. അങ്ങനെ അത് (കടല്‍) പിളരുകയും എന്നിട്ട് (വെള്ളത്തിന്റെ) ഓരോ പൊളിയും വലിയ പര്‍വതം പോലെ ആയിത്തീരുകയും ചെയ്തു'' (ക്വുര്‍ആന്‍ 26:63).

മൂസാ നബി(അ) വടികൊണ്ട് അടിക്കാതെ തന്നെ ചെങ്കടല്‍ പിളര്‍ത്താന്‍ കഴിവുള്ളവനാണല്ലോ അല്ലാഹു. എന്നിട്ടും അദ്ദേഹത്തോട് വടികൊണ്ട് അടിക്കുവാന്‍ അല്ലാഹു പറഞ്ഞു.

അപ്രകാരം തന്നെ മര്‍യം ബീവിയോട് പറഞ്ഞു: ''നീ ഈന്തപ്പനമരം നിന്റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്'' (ക്വുര്‍ആന്‍ 19:25).

മറിയം ഈത്തപ്പന കുലുക്കാതെ തന്നെ പാകമായ ഈത്തപ്പഴം വീഴ്ത്തിക്കൊടുക്കാന്‍ അല്ലാഹുവിന് കഴിയുന്നതാണ്. എന്നിട്ടും അവരോട് അങ്ങനെ ചെയ്യുവാന്‍ പ്രത്യേകം നിര്‍ദേശിച്ചതും ശ്രദ്ധേയമാണ്.

ഇതോടൊപ്പം തന്നെ ഏതെങ്കിലും വ്യക്തികളെ അവരുടെ സ്വന്തം കാര്യത്തിലോ അവര്‍ മുഖേന മറ്റുള്ളവരുടെ കാര്യത്തിലോ അല്ലാഹു ആദരിക്കുകയോ സഹായിക്കുകയോ ചെയ്യുന്നതും നിഷേധിക്കാനാവുന്നതല്ല. എന്നാല്‍ അതിന്റെ പേരില്‍ മതം പഠിപ്പിച്ച ഈ പൊതുതത്ത്വങ്ങളെയോ മാന്യമായ നിര്‍ദേശങ്ങളെയോ നിരാകരിക്കാന്‍ ഒരിക്കലും സാധിക്കുകയില്ല.

ആകാശത്തുനിന്ന് അല്ലാഹു 'രിസ്‌ക്വ്' ഇറക്കിത്തരും എന്നു പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞ് വെറുതെയിരിക്കാന്‍ പറ്റുമോ? വിശുദ്ധ ക്വുര്‍ആന്‍ 51:22ല്‍ പറഞ്ഞതിന്റെ വിവക്ഷ ('ആകാശത്തുനിന്ന് നിങ്ങള്‍ക്കുള്ള ഉപജീവനവും നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യങ്ങളുമുണ്ട്') മഴയാണെന്നതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ വിയോജിപ്പില്ല. കാരണം അല്ലാഹു തന്നെ മറ്റ് വചനങ്ങളിലൂടെ അത് വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു:

''അവനാണ് നിങ്ങള്‍ക്ക് തന്റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതരുന്നത്. ആകാശത്തുനിന്ന് അവന്‍ നിങ്ങള്‍ക്ക്ഉപജീവനം ഇറക്കിത്തരികയും ചെയ്യുന്നു. (അവങ്കലേക്ക്) മടങ്ങുന്നവര്‍ മാത്രമെ ആലോചിച്ച് ഗ്രഹിക്കുകയുള്ളൂ'' (ക്വുര്‍ആന്‍ 40:13)

''ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും എന്നിട്ട് അതുമൂലം പലതരം തോട്ടങ്ങളും കൊയ്‌തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു. അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും. (നമ്മുടെ) ദാസന്‍മാര്‍ക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അതുമൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു (ക്വബ്‌റുകളില്‍നിന്നുള്ള) പുറപ്പാട്'' (ക്വുര്‍ആന്‍ 50:9-11).

ആകാശത്തുനിന്ന് സൃഷ്ടികള്‍ക്ക് ഭക്ഷണമായി റൊട്ടിയും മാംസവും വര്‍ഷിക്കപ്പെടുന്നത് നാമാരും കാണാറുമില്ല. മറിച്ച് അതിനുള്ള കാരണങ്ങളെ സമീപിക്കുവാനാണ് മതം പഠിപ്പിച്ചിട്ടുള്ളത്. നബി ﷺ  പറഞ്ഞു: ''ഭൂമിയുടെ മടക്കുകളിലൂടെ നിങ്ങള്‍ ഉപജീവനം തേടുക'' (ത്വബ്‌റാനി). ഇത് നബിവചനമായി സ്ഥിരപ്പെട്ടിട്ടില്ലെന്ന് ശൈഖ് അല്‍ബാനി സ്ഥിരീകരിക്കുന്നുണ്ട് (സില്‍സില-2489). ഇനി സ്ഥിരപ്പെട്ടാല്‍ തന്നെ  'കൃഷിചെയ്തും നിലംപാകപ്പെടുത്തിയും മറ്റുമൊക്കെ ഉപജീവനം കണ്ടെത്തുക' എന്നാണ് ഇതിലൂടെ നബി ﷺ  നിര്‍ദേശിക്കുന്നത് എന്ന് മനസ്സിലാക്കാം.

അവിടുന്ന് പറഞ്ഞു: ''നിങ്ങളിലൊരാള്‍ തന്റെ കയറെടുത്ത് വിറക് ശേഖരിച്ച് ഉപജീവനം കണ്ടെത്തലാണ് ആളുകളോട് യാചിക്കുന്നതിനെക്കാള്‍ ഉത്തമം. അവര്‍ തരട്ടെ, തരാതിരിക്കട്ടെ'' (ബുഖാരി).

ചില സ്വഫീചിന്താഗതിക്കാര്‍ ധരിച്ചതുപോലെ ജനങ്ങളില്‍നിന്ന് അകന്ന് വല്ല മലമുകളിലും കഴിഞ്ഞുകൂടലാണ് നല്ലതെങ്കില്‍ ഇങ്ങനെ പറയുമായിരുന്നില്ല. നബി ﷺ  പറഞ്ഞു:

''നിങ്ങള്‍ അല്ലാഹുവില്‍ തവക്കുലാക്കേണ്ട പോലെ തവക്കുലാക്കുകയാണെങ്കില്‍ പക്ഷികള്‍ക്ക് ഉപജീവനം നല്‍കപ്പെടുന്നപോലെ നിങ്ങള്‍ക്കും നല്‍കപ്പെടുമായിരുന്നു. അവ പ്രഭാതത്തില്‍ ഒട്ടിയ വയറുമായി കൂടുവിട്ട് പോകുന്നു. പ്രദോഷത്തില്‍ നിറഞ്ഞ വയറുമായി കൂടണയുന്നു'' (അഹ്മദ്, തുര്‍മുദി). അവയുടെ കൂടുവിട്ടുള്ള പ്രയാണം ഒരു കാരണമാണ്; അല്ലാതെ അവ സ്വന്തം കൂടുകളില്‍ മടിയന്മാരായി ചടഞ്ഞുകൂടുകയല്ല ചെയ്യുന്നത്.

എന്നാല്‍ തൗഹീദിന്റെയും തവക്കുലിന്റെയും പേരില്‍ ഇത്തരം കാര്യകാരണ ബന്ധങ്ങളില്‍നിന്നെല്ലാം വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നവരുടെ കാര്യമാണ് ഏറെ ആശ്ചര്യകരം! അവരില്‍ പലരും നേരായ തെളിഞ്ഞ മാര്‍ഗം വിട്ട് വളഞ്ഞവഴികള്‍ പുല്‍കുന്നവരാണ്.

ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞതായി ഇപ്രകാരം സ്വഹീഹുല്‍ ബുഖാരിയില്‍ സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്: ''യമനുകാരായ ചിലര്‍ യാത്രയക്കാവശ്യമായ പാഥേയമൊരുക്കാതെ തങ്ങള്‍ തവക്കുലാക്കുകയാണെന്നും പറഞ്ഞ് ഹജ്ജിന് പോകുമായിരുന്നു. അപ്പോഴാണ് 'നിങ്ങള്‍ പാഥേയമൊരുക്കുക'' (2:197) എന്ന വചനം അല്ലാഹു അവതരിപ്പിച്ചത്'' (സ്വഹീഹുല്‍ ബുഖാരി: 1523).

നബി ﷺ യോ അനുചരന്മാരോ പാഥേയമില്ലാതെ തങ്ങളുടെ യാത്രപുറപ്പെട്ടതായി യാതൊരു സംഭവവും ഉദ്ധരിക്കപ്പെട്ടുന്നില്ല. അവരാകട്ടെ യഥാര്‍ഥ 'തവക്കുലി'ന്റെ വക്താക്കളാണെന്നതില്‍ ഒരാള്‍ക്കും സംശയമുണ്ടാവുകയുമില്ല. അപ്പോള്‍ 'തവക്കുല്‍' എന്നത് അല്ലാഹു പ്രകൃതിയില്‍ നിശ്ചയിച്ച കാരണങ്ങലെയും ലക്ഷ്യത്തിലേക്കുള്ള മാധ്യമങ്ങളെയും പാടെ നിരാകരിക്കലല്ല. പ്രത്യുത ആവശ്യനിര്‍വഹണത്തിനും ആഗ്രഹസഫലീകരണത്തിന്നും പരിപൂര്‍ണമായും അല്ലാഹുവിനെ ആശ്രയിക്കുകയും ഹൃദയം അവനുമായി ആത്മാര്‍ഥമായി ബന്ധിക്കലുമാണ് തവക്കുല്‍. (കടപ്പാട്: തഫ്‌സീര്‍ ക്വുര്‍ത്വുബി-25:20. വാ.13, പേ.15).

അല്ലാഹു നിശ്ചയിച്ച പ്രകൃതിയിലെ കാരണങ്ങളെ ഉപയോഗപ്പെടുത്തല്‍ ഇസ്‌ലാം പഠിപ്പിക്കുന്ന തൗഹീദിനും തവക്കുലിനും എതിരല്ല എന്നതിന് നബി ﷺ  ജീവിതം തന്നെ തെളിവാണ്. പ്രസ്തുത കാരണങ്ങള്‍ സ്വീകരിക്കാന്‍ അവിടുന്ന് പലപ്പോഴും ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്.

നബി ﷺ  മക്കയില്‍നിന്ന് മദീനയിലേക്ക് ദേശപരിത്യാഗം ചെയ്ത് (ഹിജ്‌റ) യാത്രപുറപ്പെട്ടപ്പോള്‍ ശത്രുക്കളുടെ കയ്യില്‍ പെടാതിരിക്കാന്‍ ഊടുവഴികള്‍ അറിയുന്ന വിശ്വസ്തനായ അബ്ദുല്ലാഹിബ്‌നുല്‍ ഉറൈക്വിത്വ് എന്ന അമുസ്‌ലിമായ വഴികാട്ടിയെ ഉപയോഗപ്പെടുത്തി. യാത്രക്കിടയില്‍ 'ഥൗര്‍' ഗുഹയില്‍ ഒളിച്ചിരുന്നു. അന്നപാനീയങ്ങള്‍ ഉപയോഗിച്ചു. രോഗംവന്നാല്‍ ചികിത്സിക്കുകയും ചികിത്സിക്കാനുപദേശിക്കുകയും ചെയ്തിട്ടുണ്ട്.

സ്വഹാബികള്‍ നബി ﷺ യോട് ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ ചികിത്സിക്കട്ടെയോ?  അവിടുന്ന് പറഞ്ഞു: 'അതെ, അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങള്‍ ചികിത്സിച്ചോളൂ. തീര്‍ച്ചയായും ശമനം നിശ്ചയിച്ചിട്ടില്ലാത്ത ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല'' (ബുഖാരി-അദ്ബുല്‍ മുഫ്‌റദ്, അബൂദാവൂദ്, തുര്‍മുദി).

അപ്രകാരം തന്നെ നബി ﷺ  യുദ്ധത്തില്‍ പടയങ്കി ധരിച്ചിട്ടുണ്ട്. ജീവിതാവശ്യങ്ങള്‍ക്ക് കച്ചവടം ചെയ്തിട്ടുണ്ട്.

എന്നാല്‍ പ്രസ്തുത കാരണങ്ങളെ എല്ലാമെല്ലാമായിക്കണ്ട് ആശ്രയവും അവലംബവുമാക്കി പ്രാര്‍ഥനകളും മതത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും ഒഴിവാക്കുന്നത് അത്യന്തം ഗുരുതരവും ഇസ്‌ലാമിക വിശ്വാസ ആദര്‍ശങ്ങള്‍ക്ക് എതിരുമാണ്.

നമ്മുടെ ആശ്രയവും അവലംബവും അല്ലാഹു മാത്രമാണ്. അവനോടാണ് നാം ആവലാതികള്‍ ബോധിപ്പിക്കേണ്ടതും പ്രാര്‍ഥിക്കേണ്ടതും. ബാക്കിയുള്ളവരെല്ലാം ദുര്‍ബലരും അശക്തനുമാണ്.

അല്ലാഹു പറയുന്നു: ''മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു'' (35:15).

ഇതിന് വിരുദ്ധമായി വന്നുപോകുന്ന വാക്കുകള്‍ വരെ സൂക്ഷിക്കണമെന്നാണ് നബി ﷺ  പഠിപ്പിച്ചത്. ചെറിയ ശിര്‍ക്കിന്റെ ഉദാഹരണങ്ങളായി പണ്ഡിതന്മാര്‍ വിശദീകരിച്ച; 'നിങ്ങളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ രക്ഷപ്പെടില്ലായിരുന്നു,' 'നിങ്ങള്‍ വിചാരിച്ചാല്‍ കാര്യം നടക്കും' എന്നീത്യാദി സംസാരങ്ങള്‍ പോലും നാം സൂക്ഷിക്കേണ്ടതുണ്ട്.

തവക്കുലിന്റെയും കാര്യകാരണങ്ങളുടെയും വിഷയത്തില്‍ മനുഷ്യര്‍ക്ക് പലതരം പിഴവുകളുണ്ടായിട്ടുണ്ട്. ചിലര്‍ അത്തരം കാരണങ്ങളെ പരമമായ ആശ്രയമായിക്കണ്ട് പ്രാര്‍ഥനയും തവക്കുലുമെല്ലാം നിരാകരിക്കുന്നു. ഭൗതികവാദികളും നിരീശ്വരനിര്‍മതവാദക്കാരുമൊക്കെ ഇത്തരം രീതിയാണ് സ്വീകരിക്കാറുള്ളത്.

വേറെ ചിലര്‍ പ്രപഞ്ചത്തിലെ കാര്യകാരണബന്ധങ്ങളെ പാടെ അവഗണിച്ചുകൊണ്ട് പോകുന്നു. തീവ്ര സ്വൂഫികള്‍ ആ രീതി കൈക്കൊള്ളുന്നവരാണ്. പ്രാര്‍ഥനയും തവക്കുലും ഒന്നുമില്ലാതെ സൃഷ്ടികളുടെ കഴിവുകളിലും സംവിധാനങ്ങളിലും അമിതവിശ്വാസം പുലര്‍ത്തി അവയെ മാത്രം ആശ്രയമായി കണ്ടുകൊണ്ടുള്ള പോക്ക് ഒരു തരം നിഷേധവും അഹങ്കാരവുമാണ്. അപ്രകാരം തന്നെ  അധ്വാനങ്ങളും പരിശ്രമങ്ങളും മുന്‍കരുതലുകളുമില്ലാതെ എല്ലാം 'ദൈവവിധി' എന്ന് പറഞ്ഞ് അലസന്മാരായി കഴിഞ്ഞുകൂടുന്നതും മതത്തിന്റെ അധ്യാപനങ്ങളെ കുറിച്ചുള്ള അജ്ഞതയും വഴികേടുമാണ്.

ഇമാം അഹ്മദ് ഇബ്‌നു ഹമ്പലി(റഹി)നോട് ഒരാള്‍ പറഞ്ഞു: 'ഞാന്‍ തവക്കുലാക്കിക്കൊണ്ട് കാല്‍നടയായി ഹജ്ജിന് പോകുവാന്‍ ഉദേശിക്കുന്നു.' ഇമാം അവര്‍കള്‍ അയാളോട് ചോദിച്ചു: 'നീ തനിച്ചാണോ പോകുന്നത്?' അയാള്‍ പറഞ്ഞു: 'അല്ല, ആളുകളുണ്ട്.' അപ്പോള്‍ ഇമാം അഹ്മദ് പറഞ്ഞുവത്രെ: 'എങ്കില്‍ ആളുകളുടെ ഭക്ഷണപ്പൊതിയിലാണ് ഭരമേല്‍പിച്ചിരിക്കുന്നത്' (തഫ്‌സീര്‍ ക്വുര്‍ത്വുബിയില്‍ നിന്ന് 15/13).

ഇത്തരം അലസതയെയും അജ്ഞതയെയും തിരുത്തിക്കൊണ്ട് ഉമര്‍(റ) ഇപ്രകാരം പറയാറുണ്ടായിരുന്നുവത്രെ: ''നിങ്ങളാരും (അധ്വാനിച്ച്) ഉപജീവനം തേടാതെ 'അല്ലാഹുവേ, എനിക്ക് രിസ്‌ക്വ് നല്‍കണേ' എന്നു പറഞ്ഞ് ചടഞ്ഞിരിക്കരുത്. ആകാശം സ്വര്‍ണമോ വെള്ളിയോ വര്‍ഷിക്കാറില്ല എന്നത് നിങ്ങള്‍ക്കറിയാമല്ലോ'' (ഇഹ്‌യാ ഉലൂമുദ്ദിന്‍).

തന്റെ ഒട്ടകത്തെ മേയാന്‍വിടാന്‍ ഭാവിച്ചുകൊണ്ട് നബി ﷺ യോട് ഒരാള്‍ ചോദിച്ചു: 'ഞാനിതിനെ കെട്ടിയിടുകയും തവക്കുലാക്കുകയും ചെയ്യണോ? അതല്ല, ഇതിനെ കെട്ടിയിടാതെ തവക്കുല്‍ ആക്കണോ?' അപ്പോള്‍ നബി ﷺ  പറഞ്ഞു: 'നീ അതിനെ കെട്ടിയിടുകയും തവക്കുലാക്കുകയും ചെയ്യുക' (തുര്‍മുദി, ഇബ്‌നുഹിബ്ബാന്‍).

നമ്മുടെ കഴിവില്‍പെട്ടത് നാം ചെയ്തുകൊണ്ടായിരിക്കണം തവക്കുല്‍ ചെയ്യേണ്ടതെന്ന് ഈ സംഭവവും നമ്മെ പഠിപ്പിക്കുന്നു. ഈ വിഷയമായി അല്ലാമാ ഇബ്‌നുല്‍ ക്വയ്യിം(റഹി) പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയവും വ്യക്തവുമാണ്:

''അല്ലാഹു നിശ്ചയിച്ച കാരണങ്ങളുമായി ബന്ധപ്പെടാതെ തൗഹീദിന്റെ യാഥാര്‍ഥ്യം പൂര്‍ണമാവുകയില്ല. അവയെ നിരാകരിക്കല്‍ തൗഹീദിന്റെ കാര്യത്തില്‍തന്നെ ന്യൂനതവരുത്തുന്നുണ്ട്. അവയെ സമീപിക്കാതിരിക്കല്‍ തവക്കുലിന് എതിരായ അശക്തതയാണ്. വാസ്തവത്തില്‍ 'തവക്കുല്‍' എന്നത് ഒരു അടിമ തന്റെ ദീനിന്റെയും ദുന്‍യാവിന്റെയും കാര്യത്തില്‍ ഉപകാരപ്രദമായത് നേടിയെടുക്കാനും ഉപദ്രവകരമായത് തടയാനുമായി ഹൃദയംകൊണ്ട് അല്ലാഹുവിനെ ആശ്രയിക്കുകയും അവലംബിക്കുകയും ചെയ്യലാണ്. ഈ അവലംബിക്കലില്‍ അനിവാര്യമായും കാരണങ്ങളുമായി ബന്ധപ്പെടേണ്ടതുണ്ട്. അല്ലായെങ്കില്‍ ഒരാള്‍ തന്റെ ശേഷിയില്ലായ്മയെ തവക്കുലും തവക്കുലിനെ കഴിവുകേടും ആയി ഗണിക്കേണ്ടതില്ല'' (സാദുല്‍ മആദ്, വാ: 4, പേജ്: 14).