സ്വര്‍ഗത്തിലേക്കു നയിക്കുന്ന കര്‍മങ്ങള്‍

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2020 ഒക്ടോബര്‍ 31 1442 റബിഉല്‍ അവ്വല്‍ 13

(ഭാഗം: 1)

അല്ലാഹുവിനെ സൂക്ഷിച്ചും ഭയപ്പെട്ടും അവനില്‍ പ്രതീക്ഷയര്‍പ്പിച്ചും ജീവിതം നയിച്ചവര്‍ക്ക് അല്ലാഹു ഒരുക്കിയ വമ്പിച്ച സല്‍ക്കാരവും പ്രതിഫലവുമാണ് സ്വര്‍ഗം. പ്രവിശാലമായ ആ സ്വര്‍ഗം നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതി കാണിക്കുവിന്‍ എന്നതാണ് അല്ലാഹുവിന്റെ ഉപദേശം. അല്ലാഹു പറയുന്നു:

''നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പട്ടതത്രെ അത്'' (ക്വുര്‍ആന്‍ 3:133).

സ്വര്‍ഗം എങ്ങനെയന്നത് വിവരണാതീതമാണ്. ഒരു നബിവചനം കാണുക: അബൂഹൂറയ്‌റ(റ) നിവേദനം; നബി ﷺ  പറഞ്ഞു: 'എന്റെ സദ്‌വൃത്തരായ ദാസന്മാര്‍ക്ക് ഒരു കണ്ണും കാണാത്തത്ര, ഒരു കാതും കേള്‍ക്കാത്തത്ര, ഒരു മനുഷ്യഹൃദയവും ഭാവനയില്‍ കൊണ്ടുവരാത്തത്ര ഒരുക്കിയിരിക്കുന്നു.''ശേഷം നബി ﷺ  പാരായണം ചെയ്തു: 'എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവതല്ല' (ക്വുര്‍ആന്‍ 32:17).(ബുഖാരി: 3244).

ഇബ്‌നു റജബ്(റഹി) പറഞ്ഞു: ''നരകത്തില്‍നിന്നുള്ള മോചനം അല്ലാഹുവിന്റെ വിട്ടുവീഴ്ചകൊണ്ട് ലഭിക്കുന്നതാണ്. സ്വര്‍ഗപ്രവേശം അവന്റെ കാരുണ്യംകൊണ്ട് ലഭിക്കുന്നതാണ്. സ്വര്‍ഗത്തിലെ പദവികളും സ്ഥാനങ്ങളും സല്‍കര്‍മങ്ങള്‍കൊണ്ട് ലഭിക്കുന്നതാണ്.''

അല്ലാഹുവിന്റെ ഉന്നതമായ സ്വര്‍ഗം നേടിയെടുക്കുക എന്നതാണ് ഓരോ വിശ്വാസിയും ആഗ്രഹിക്കുന്നത്. എന്തുകൊണ്ട്? സ്വര്‍ഗത്തില്‍ ഒരു ചാട്ട വെക്കാനുള്ള സ്ഥലം ഒരാള്‍ക്ക് ഈ ലോകവും അതിലുള്ളതും മുഴുവന്‍ ലഭിച്ചു എന്നിരുന്നാലും അതിനെക്കാളൊക്കെ ഉത്തമമാണ് എന്നതുകൊണ്ടുതന്നെ!

സഹ്‌ലുബ്‌നു സഅ്ദിസ്സാഇദിയ്യി(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''സ്വര്‍ഗത്തില്‍ ഒരു ചാട്ടവെക്കുവാനുള്ള സ്ഥലം ഈ ഇഹലോകത്തെക്കാളും അതിലുള്ളതിനെക്കാളും ഉത്തമമാകുന്നു'' (ബുഖാരി:3250).

അതിനാല്‍ സ്വര്‍ഗപ്രവേശം മഹത്തായ വിജയമാകുന്നു. നരകമോചനം ഉന്നതമായ രക്ഷയും സൗഭാഗ്യവുമാകുന്നു. വര്‍ണങ്ങളാല്‍ കണ്‍കുളിര്‍മ നല്‍കുന്ന, വ്യത്യസ്ത പേരുകളുള്ള, ഉപരിലോകത്ത് സ്ഥിതി ചെയ്യുന്ന, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇഷ്ടികകളാല്‍ നിര്‍മിക്കപ്പെട്ട, തൂവെള്ളനിറമുള്ള നേര്‍മയുള്ള പൊടിയും കലര്‍പ്പില്ലാത്ത കസ്തൂരിയുടെ വാസനയുമുള്ള മണ്ണിനാല്‍ സംവിധാനിക്കപ്പെട്ട, ആകാശഭൂമികളോളം വിശാലമായ, മക്കക്കും ഹിംയറിനും ഇടയ്ക്കുള്ള അത്രയും വിശാലമായ വീതിയില്‍ എട്ട് കവാടങ്ങള്‍ തുറന്നുവെക്കപ്പെട്ട, ഉന്നത പദവികളുള്ള, മണിമേടകളും കൊട്ടാരങ്ങളും തലയിണകളും മെത്തകളും പരവതാനികളും ചാരുമഞ്ചങ്ങളും കട്ടിലുകളും പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും വൃക്ഷങ്ങളും തണലുകളും തോട്ടങ്ങളും ഫലങ്ങളും നദികളും പാനീയങ്ങളും സേവകന്മാരും സ്വര്‍ഗീയ മദ്യവും സ്വര്‍ഗീയ ഇണകളുമുള്ള, എന്നെന്നും നിലനില്‍ക്കുന്ന, ഇഹലോകത്തില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു ലോകമാണ് സ്വര്‍ഗം. അത് നേടിയെടുക്കാനുള്ള വഴികള്‍ അല്ലാഹുവും അവന്റെ ദൂതനും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അവ ഏതെന്ന് പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുവാന്‍ നാം പരിശ്രമിക്കേണ്ടതുണ്ട്.  

1. സത്യവിശ്വാസവും സല്‍കര്‍മവും

അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങൡലും അവന്റെ പ്രവാചകന്മാരിലും അന്ത്യദിനത്തിലും അല്ലാഹുവിന്റെ വിധിയിലും വിശ്വസിക്കല്‍ അതിപ്രധാനമാണ്. അല്ലാഹു പറയുന്നു:

''തന്റെ രക്ഷിതാവിങ്കല്‍നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു...'' (ക്വുര്‍ആന്‍ 2:285).

സത്യവിശ്വാസം സ്വീകരിച്ചാല്‍ പിന്നീടങ്ങോട്ടുള്ള ജീവിതം സല്‍കര്‍മങ്ങള്‍ അനുഷ്ഠിച്ചാവണം. രണ്ടും ഒന്നിച്ചു കൊണ്ടുപോയാല്‍ സ്വര്‍ഗം ലഭിക്കും.

അല്ലാഹു പറയുന്നു: ''വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും'' (ക്വുര്‍ആന്‍ 2:82).

''ആണാകട്ടെ പെണ്ണാകട്ടെ, ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല'' (ക്വുര്‍ആന്‍ 4:124).

''തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍'' (ക്വുര്‍ആന്‍ 18:107).

''ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക'' (ക്വുര്‍ആന്‍ 41:30).

''ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്'' (ക്വുര്‍ആന്‍ 46:13,14).

ജാബിര്‍(റ) നിവേദനം: ''ഒരാള്‍ നബി ﷺ ക്ക് അരികില്‍വന്ന് ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, എന്താണ് നിര്‍ബന്ധമായ രണ്ട് കാര്യങ്ങള്‍?' നബി ﷺ  പറഞ്ഞു: 'അല്ലാഹുവില്‍ പങ്കുചേര്‍ക്കാതെയാണ് ആരെങ്കിലും മരണമടഞ്ഞത് എങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ആരെങ്കിലും അല്ലാഹുവില്‍ വല്ലതിനെയും പങ്കുചേര്‍ത്താണ് മരണമടഞ്ഞത് എങ്കില്‍ അവന്‍ നരകത്തിലും പ്രവേശിച്ചു'' (മുസ്‌ലിം: 92).

ഉസ്മാന്‍(റ) നിവേദനം; നബി  ﷺ  പറഞ്ഞു: ''ആരെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് മനസ്സിലാക്കിയിട്ടാണ് മരണപ്പെട്ടത് എങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു'' (മുസ്‌ലിം:26).

അബൂഹുറയ്‌റ(റ) നിവേദനം: ''നബി ﷺ  തന്റെ രണ്ട് ചെരിപ്പുകള്‍ എനിക്ക് നല്‍കി. എന്നിട്ടെന്നോട് പറഞ്ഞു: 'എന്റെ ഈ ചെരിപ്പുകളുമായി നീ പോകുക. എന്നിട്ട് ഈ മതിലിന്നപ്പുറത്ത് ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന് സാക്ഷ്യം വഹിക്കുന്ന വല്ലവനെയും നീ കണ്ടുമുട്ടിയാല്‍ സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുക'' (മുസ്‌ലിം: 31).

മേല്‍സൂചിപ്പിച്ച ഹദീസുകളെല്ലാം അറിയിക്കുന്നത് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതിലുള്ള അടിയുറച്ച വിശ്വാസവും അതില്‍ ഊന്നിനിന്നുള്ള പ്രവര്‍ത്തനവും മുഖേന മാത്രമെ സ്വര്‍ഗം ലഭിക്കൂ എന്നതാണ്.

2. ഇസ്‌ലാം കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കല്‍

ഇസ്‌ലാമിലെ അതിപ്രധാനമായ നിര്‍ബന്ധ കര്‍മാനുഷ്ഠാനങ്ങള്‍ അഞ്ചെണ്ണമാണ്. സത്യസാക്ഷ്യം, നമസ്‌കാരം, സകാത്ത്, വ്രതാനുഷ്ഠാനം, ഹജ്ജ് എന്നിവയാണവ.

സത്യസാക്ഷ്യം: 'ആരാധനക്ക് അല്ലാഹുവല്ലാതെ ആരുംതന്നെ അര്‍ഹനല്ലെന്നും മുഹമ്മദ് ﷺ  അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു'വെന്ന പ്രതിജ്ഞാവാചകത്തിനാണ് കലിമതുശ്ശാഹദഃ അഥവാ സാക്ഷ്യവാക്യം എന്നു പറയുന്നത്. ഏകനായ സ്രഷ്ടാവിനല്ലാതെ മറ്റാര്‍ക്കും ഞാന്‍ യാതൊരു ആരാധനയും അര്‍പ്പിക്കുകയില്ലെന്നും മുഹമ്മദ് നബി ﷺ യുടെ ജീവിതത്തെ മാതൃകയാക്കി സ്വന്തം ജീവിതത്തെ മുന്നോട്ടുനയിച്ചുകൊള്ളാമെന്നും പ്രതിജ്ഞയെടുക്കുകയാണ് ഈ സാക്ഷ്യവചനം ചൊല്ലുന്നയാള്‍ ചെയ്യുന്നത്.

നമസ്‌കാരം: വിശ്വാസികള്‍ക്ക് ദിവസത്തില്‍ അഞ്ചുനേരത്തെ നമസ്‌കാരം നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു: ''...തീര്‍ച്ചയായും നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധബാധ്യതയാകുന്നു'' (ക്വുര്‍ആന്‍ 4:103).

നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കേണ്ടതുണ്ട്: ''പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയുടെ അന്ത്യയാമങ്ങളിലും നീ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുക...'' (ക്വുര്‍ആന്‍ 11:114).

ഓരോ നമസ്‌കാരവും അതിനിടയില്‍ സംഭവിക്കുന്ന പാപങ്ങള്‍ പൊറുക്കപ്പെടാന്‍ കാരണമായിത്തീരുന്നു; അതിനിടയില്‍ വന്‍പാപങ്ങള്‍ ചെയ്യാത്തവര്‍ക്ക്. വന്‍പാപം സംഭവിച്ചുകഴിഞ്ഞാല്‍ തൗബ(പശ്ചാത്താപം)ചെയ്യല്‍ അനിവാര്യമായിത്തീരും.

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''അഞ്ചുനേര നമസ്‌കാരങ്ങളും ഒരു ജുമുഅ മുതല്‍ അടുത്ത ജുമുഅവരെയും, ഒരു റമദാന്‍ മുതല്‍ അടുത്ത റമദാന്‍ വരെയും അതിനിടക്ക് സംഭവിച്ച പാപങ്ങള്‍ പൊറുപ്പിക്കുന്നവയാണ്; വന്‍പാപങ്ങള്‍ വര്‍ജിക്കപ്പെട്ടാല്‍'' (മുസ്‌ലിം: 233).

മറ്റൊരു നബിവചനം കാണുക; ''അബീബക്കറുബ്‌നു അബീമൂസ(റ) തന്റെ പിതാവില്‍നിന്നും നിവേദനം; നബി ﷺ  പറഞ്ഞു: 'ആരെങ്കിലും ബര്‍ദയ്ന്‍ നമസ്‌കരിച്ചാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു.''

ബര്‍ദയ്ന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്വുബ്ഹി നമസ്‌കാരവും അസ്വ്ര്‍ നമസ്‌കാരവുമാണ്. സ്വുബ്ഹി നമസ്‌കാരം രാത്രിയുറക്കത്തിലും അസ്വ്ര്‍ നമസ്‌കാരം ഉച്ചയുറക്കത്തിലും പെട്ട് നഷ്ടപ്പെടാന്‍ സാധ്യതയുള്ളതാണ്. അലസന്‍മാരല്ലാത്തവര്‍ക്കും സ്വര്‍ഗം ആഗ്രഹിക്കുന്നവര്‍ക്കും മാത്രമെ ഉറക്കത്തെക്കാള്‍ ഉത്തമമാണ് നമസ്‌കാരം എന്ന ബോധത്തോടെ എഴുന്നേറ്റ് നമസ്‌കരിക്കുവാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടായിരിക്കാം ഈ നമസ്‌കാരങ്ങളെ പ്രത്യേകം എടുത്തുപറഞ്ഞത്. (അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവന്‍).

നിര്‍ബന്ധ നമസ്‌കാരം നിര്‍വഹച്ചവര്‍ക്കേ സ്വര്‍ഗപ്രവേശം സാധ്യമാകൂ എന്ന് ക്വുര്‍ആന്‍ വ്യക്തമായി മനസ്സിലാക്കിത്തരുന്നുണ്ട്: ''ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചുവെച്ചതിന് പണയപ്പെട്ടവനാകുന്നു; വലതുപക്ഷക്കാരൊഴികെ. ചില സ്വര്‍ഗത്തോപ്പുകളിലായിരിക്കും അവര്‍. അവര്‍ അന്വേഷിക്കും; കുറ്റവാളികളെപ്പറ്റി, നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്. അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്‌കരിക്കുന്നവരുടെ കൂട്ടത്തിലായില്ല. ഞങ്ങള്‍ അഗതിക്ക് ആഹാരം നല്‍കുമായിരുന്നില്ല. തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു. പ്രതിഫലത്തിന്റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചുകളയുമായിരുന്നു'' (ക്വുര്‍ആന്‍ 74:38:46).

''എന്നിട്ട് അവര്‍ക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്‌കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്'' (ക്വുര്‍ആന്‍ 19:59).

സകാത്ത്: സ്വന്തം സ്വത്തില്‍നിന്ന് ഒരു വിഹിതം സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്കുവേണ്ടി നീക്കിവെക്കുവാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. ഇൗ നിര്‍ബന്ധദാനമാണ് സകാത്ത്. സമ്പത്തില്‍ ഇസ്‌ലാം നിശ്ചയിച്ച നിര്‍ണിത അളവ് എത്തിയവര്‍ക്കാണ് സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമായിട്ടുള്ളത്.

അബൂഅയ്യൂബില്‍ ഖാലിദുബ്‌നു സെയ്ദില്‍അന്‍സ്വാരി(റ) നിവേദനം: ''ഒരാള്‍ നബി ﷺ യോട് ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന കര്‍മങ്ങള്‍ എനിക്ക് അറിയിച്ചുതന്നാലും.' അപ്പോള്‍ നബി ﷺ  പറഞ്ഞു: 'നീ അല്ലാഹുവില്‍ യാതൊന്നിനേയും പങ്കുചേര്‍ക്കാത്ത വിധം അവനെ ആരാധിക്കുക. നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുക. സകാത്ത് നല്‍കുക. കുടുംബബന്ധം ചേര്‍ക്കുക.''(ബുഖാരി: 1396, 5983).

നോമ്പ്: റമദാന്‍ മാസം മുഴുവന്‍ പ്രഭാതം മുതല്‍ പ്രദോഷംവരെ അന്നപാനീയങ്ങളും ലൈംഗികാസ്വാദനവും വെടിഞ്ഞുകൊണ്ടുള്ള വ്രതാനുഷ്ഠാനം സ്വര്‍ഗം നേടിത്തരുന്ന മഹത്തായ ആരാധനയാണ്. അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്'' (ക്വുര്‍ആന്‍ 2:183).

ആത്മാര്‍ഥമായുള്ള വ്രതാനുഷ്ഠാനം പാപങ്ങള്‍ പൊറുക്കപ്പെടാനും സ്വര്‍ഗപ്രവേശനത്തിനും നമ്മെ അര്‍ഹരാക്കുന്നു. അബൂഹുറയ്‌റ(റ) നിവേദനം, നബി ﷺ  പറഞ്ഞു: ''ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടും കൂടി റമദാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും'' (ബുഖാരി: 38, മുസ്‌ലിം: 760).

അബൂഹുറയ്‌റ(റ) നിവേദനം, നബി ﷺ  പറഞ്ഞു: ''റമദാനിലെ ഓരോ ദിനരാത്രങ്ങളിലും അല്ലാഹു കുറേ പേരെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്നതാണ്. ഓരോ മുസ്‌ലിമിനും റമദാനില്‍ ഉത്തരം ഉറപ്പായും ലഭിക്കപ്പെടുന്ന ഒരു പ്രാര്‍ഥനയുണ്ട്.'' (അഹ്മദ്: 7450)

ഹജ്ജ്: ശാരീരികമായും സാമ്പത്തികമായും ശേഷിയുള്ളവര്‍ക്കാണ് ജീവിതത്തില്‍ ഒരിക്കല്‍ ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമുള്ളത്. പാപങ്ങള്‍ പൊറുക്കപ്പെട്ട് സംശുദ്ധിനേടാനും സ്വര്‍ഗം ലഭിക്കാനും സഹായിക്കുന്ന മഹത്തായ ഒരു കര്‍മമാണ് ഹജ്ജ്.

അബൂഹുറയ്‌റ(റ) നിവേദനം, നബി ﷺ  പറഞ്ഞു: ''ചീത്ത സംസാരവും അധര്‍മവും ഇല്ലാതെ ആരെങ്കിലും ഹജ്ജ് നിര്‍വഹിച്ചാല്‍ അവന്‍ അവന്റെ ഉമ്മ പ്രസവിച്ചദിവസത്തിലെ പോലെ (പാപരഹിതനായി) മടങ്ങുന്നതാണ്'' (ബുഖാരി: 1521).

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''പുണ്യംനിറഞ്ഞ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല'' (അഹ്മദ്: 9941). (തുടരും)