ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍; വിവാദങ്ങള്‍ സൂക്ഷിക്കണം

ടി.കെ.അശ്‌റഫ്

2020 ജൂലൈ 25 1441 ദുല്‍ഹിജ്ജ 04

സമൂഹത്തില്‍ പലകാരണങ്ങളാല്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടവരും പ്രയാസമനുഭവിക്കുന്നവരും ധാരാളമുണ്ട്. എത്രയെത്ര നീറുന്ന പ്രശ്‌നങ്ങളാണ് നമുക്ക് ചുറ്റുമുള്ള അനേകര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്! ആകാശത്ത് മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ ചോര്‍ന്നൊലിക്കുന്ന അനേകം കൂരകൡ ആശങ്കയുടെ കാര്‍മേഘം കനത്തുനില്‍ക്കുന്നുണ്ട്. പുറത്തു കാറ്റടിക്കുമ്പോള്‍ പിഞ്ചോമനകളെയോര്‍ത്ത് എത്രയോ മാതാപിതാക്കളുടെ മനസ്സിനകത്ത് കൊടുങ്കാറ്റ് ഉയരുന്നുണ്ട്. ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടി അതിനകത്ത് ചുരുണ്ടുകൂടിക്കഴിയുന്ന പാവപ്പെട്ട മനുഷ്യര്‍ക്ക് ശക്തമായ മഴയും കാറ്റും വരുമ്പോള്‍ എങ്ങനെ മനസ്സമാധാനം ലഭിക്കും?

മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ട് ജോലിചെയ്യാനാവാതെ കഴിഞ്ഞുകൂടുന്നവര്‍, പരിചരിക്കാന്‍ ആരുമില്ലാതെ പ്രയാസപ്പെടുന്ന വൃദ്ധജനങ്ങള്‍; കിഡ്‌നി, കരള്‍ രോഗങ്ങളാലും കാന്‍സന്റെ പിടിയിലമര്‍ന്നും വേദനതിന്നും ചികിത്സാചെലവിനു വകകാണാതെ പകച്ചുനില്‍ക്കുന്നവര്‍... ഇങ്ങനെ നിസ്സഹായതയുടെ എത്രയെത്ര നെടുവീര്‍പ്പുകളാണ് സമൂഹത്തില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്! ഇത്തരം പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി മുന്നിട്ടിറങ്ങുന്നവര്‍ ജീവകാരുണ്യത്തിന്റെ ജ്വലിക്കുന്ന ഏടുകളാണ്. അവര്‍ ചെയ്യുന്ന സേവനത്തെ ഒട്ടും വിലകുറച്ചു കണ്ടുകൂടാ.

ചാരിറ്റിപ്രവര്‍ത്തനം സോഷ്യല്‍ മീഡിയയിലൂടെ വന്‍തോതില്‍ നടക്കുന്നതിനാല്‍ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നാണ് വര്‍ത്തമാനകാലം നമ്മോട് ആവശ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നതിലൂടെ പരിഹാരം അസാധ്യമെന്നു കരുതുന്ന പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരമുണ്ടാക്കാന്‍ പലര്‍ക്കും സാധിക്കുന്നുണ്ട്. തകര്‍ന്നുപോയ പലരെയും ജീവിതത്തിലേക്കു തിരിച്ചുനടത്താന്‍ ഇതു കാരണമായിട്ടുണ്ട്. ഈ സല്‍പ്രവര്‍ത്തനം അഭംഗുരം തുടരേണ്ടതുണ്ട്. അതോടൊപ്പം ചില മുന്‍കരുതലുകള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുകയും വേണം.

സ്വയംകൃതാനര്‍ഥങ്ങളുടെ ഫലമായി സാമ്പത്തികമായി തകര്‍ന്നുപോകുന്ന ചിലര്‍ സമൂഹത്തിലുണ്ട്;ആര്‍ഭാടജീവിതം നയിച്ചും ധൂര്‍ത്തടിച്ചും കടക്കെണിയിലകപ്പെടുന്നവര്‍. അനാവശ്യ ചെലവുകള്‍ക്കായി പലിശക്ക് കടംവാങ്ങി ജീവിതം വഴിമുട്ടി നില്‍ക്കുന്നവരുടെ എണ്ണവും കുറവല്ല. ഉള്ളതെല്ലാം വിറ്റുതുലച്ച്, യാതൊരു തത്ത്വദീക്ഷയുമില്ലാതെ ജീവിച്ച് ദുരന്തങ്ങള്‍ സ്വയം ഏറ്റുവാങ്ങുന്നവരും ഏറെയുണ്ട്. ഇത്തരക്കാര്‍ അവരുടെ മനോഭാവത്തിലും ജീവിത കാഴ്ചപ്പാടിലും മാറ്റംവരുത്താത്തപക്ഷം ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിലൂടെ പ്രശ്‌നപരിഹാരം സാധ്യമാകില്ല. അത് അവരുടെ വഴിവിട്ട ജീവിതത്തിന് വളം വെക്കലാവുകയും ചെയ്യും.

അഭിമാനക്ഷതമോര്‍ത്ത് സ്വന്തം പ്രയാസങ്ങള്‍ ഉള്ളിലൊതുക്കി കഴിയുന്നവരാണ് മറ്റൊരു വിഭാഗം. ഇവര്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സിച്ചിട്ടും അസുഖം ഭേദമാകാത്ത, ലക്ഷങ്ങള്‍ ഇനിയും ചെലവഴിക്കുകയാണെങ്കില്‍ ഭേദം പ്രതീക്ഷിക്കുന്നവര്‍; കിടപ്പാടമില്ലാതെ കഷ്ടപ്പെടുന്നവര്‍... ഇങ്ങനെ ന്യായമായും സമൂഹത്തിന്റെ ശ്രദ്ധയും സഹായവും അര്‍ഹിക്കുന്നവരെ കണ്ടെത്തുകയും വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യല്‍ അനിവാര്യമാണ്. ഇങ്ങനെയുള്ള ധാരാളം പേരുടെ പ്രയാസങ്ങള്‍ പരിഹരിക്കുവാന്‍ ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അടുത്തകാലത്തായി കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്.

പാവങ്ങളെ സഹായിക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ ലൈവ് ചെയ്യുന്നവര്‍ ഏറെ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ തുടങ്ങിയ ചാരിറ്റി പ്രവര്‍ത്തനം പിന്നീട് സ്വന്തം താല്‍പര്യസംരക്ഷണത്തിന് ഉപയോഗിക്കുന്ന സാഹചര്യത്തിലേക്ക് വഴിതിരിഞ്ഞുപോകരുത്. സാമ്പത്തിക വിനിമയം നിലവിലുള്ള നിയമം പാലിച്ചുകൊണ്ടാണെന്ന് ഉറപ്പുവരുത്തണം. അങ്ങാടികളില്‍ പാട്ടുപാടിയും അനൗണ്‍സ്‌മെന്റ് ചെയ്തുമുള്ള പിരിവുകള്‍ വ്യാജന്‍മാര്‍ക്ക് കയറിവരാന്‍ പഴുതുകള്‍ തുറന്നുവെക്കുന്നതാണ്. വാഹനം തടഞ്ഞുനിര്‍ത്തിയുള്ള പിരിവ് പിടിച്ചുപറിയുടെ മറ്റൊരു മുഖമാണ് എന്നു പറയേണ്ടിയിരിക്കുന്നു.

യാതൊരു തത്ത്വദീക്ഷയുമില്ലാതെ സോഷ്യല്‍ മീഡിയയില്‍ ലൈവ് നല്‍കിയുള്ള പിരിവ് വര്‍ധിക്കുമ്പോള്‍ സത്യസന്ധമായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നവര്‍ കൂടി സംശയത്തിലാകുമെന്നത് ഓര്‍ക്കണം. അര്‍ഹരായ നിരവധിയാളുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ പോകാന്‍ ഈ രംഗത്തുണ്ടാകുന്ന ഒരൊറ്റ വിവാദം മതിയാകും. ചാരിറ്റിരംഗത്ത് നിസ്വാര്‍ഥമായും സുതാര്യമായും ഇടപെടുന്നവരെ സംരക്ഷിക്കാനും അവരുടെ ആത്മവിശ്വാസം ചോര്‍ത്തുന്നവര്‍ക്കെതിരെ നിലകൊള്ളാനും ശ്രമിക്കുന്നതോടൊപ്പം, ചാരിറ്റിയെ മറയാക്കി സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരെ തിരിച്ചറിയാനും സമൂഹത്തിനു സാധിക്കണം.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നിയതമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. യഥാസമയം സഹായമെത്തിക്കാന്‍ നിയമങ്ങളുടെ സാങ്കേതിക കുരുക്കുകള്‍ തടസ്സമാവുകയും ചെയ്യരുത്. ചികിത്സ തീരുമാനിക്കുന്ന വിഷയത്തിലും സമൂഹത്തിന് കൃത്യമായ ബോധവല്‍ക്കരണം അനിവാര്യമാണ്. ഗവണ്‍മെന്റ് ആശുപത്രികളില്‍നിന്ന് വലിയ ചെലവില്ലാതെ നിര്‍വഹിക്കാവുന്ന ചികിത്സകള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു വമ്പിച്ച സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന സാഹചര്യമുണ്ടാകരുത്. വലിയ ചെലവുള്ള ഓപ്പറേഷന്‍ തീരുമാനിക്കുന്നതിനും തികഞ്ഞ ആലോചന ആവശ്യമാണ്.

രോഗിയുടെ ദൈന്യതയില്‍ മനംനൊന്ത് ആര്‍ദ്രതയുള്ള മനസ്സുകള്‍ നല്‍കുന്ന സംഭാവനകള്‍ ആരോഗ്യമേഖലയിലെ കച്ചവടതാല്‍പര്യത്തിന്റെ റിക്രൂട്ടിങ് ഏജന്‍സികളായി മാറാന്‍ അനുവദിച്ചുകൂടാ.ചാരിറ്റിരംഗത്ത് പ്രാദേശികമായ ഉണര്‍വും കൃത്യമായ ബോധവല്‍ക്കരണവും നടക്കേണ്ടതുണ്ട്. ഒരു പ്രദേശത്തെ പ്രശ്‌നം അവിടുത്തുകാര്‍ തന്നെ പരിഹരിക്കുന്ന സാഹചര്യം ഉണ്ടാകണം. മാധ്യമങ്ങളില്‍ ദയനീയമായ വാര്‍ത്തകളുമായി പടം പ്രത്യക്ഷപ്പെടുമ്പോള്‍ മാത്രമാണ് തങ്ങളുടെ പ്രദേശത്ത് ഇങ്ങനെയൊരു കുടുംബമുണ്ടെന്ന തിരിച്ചറിവ് പലര്‍ക്കും ഉണ്ടാകുന്നത്. സന്നദ്ധസംഘടനകളുടെയും മഹല്ല് കമ്മിറ്റിയുടെയുമെല്ലാം സജീവ സാന്നിധ്യമുള്ള ഒരു പ്രദേശത്തെ പ്രശ്‌നം ദൂരദേശത്തുള്ള ഒരാള്‍ ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടാകുന്നത് ആ പ്രദേശത്തുകാര്‍ക്ക് അപമാനമാണ്. അവര്‍ക്ക് ചെയ്യാവുന്നത് ചെയ്തിട്ടും എത്തിക്കൂടാത്തതാണെങ്കില്‍ മാത്രം പുറമെനിന്നുള്ള സഹായം തേടുന്നതായിരിക്കും നല്ലത്. സ്വന്തം പ്രദേശത്തുകാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അനര്‍ഹരുടെ കടന്നുകയറ്റം ചെറുക്കാന്‍ സാധിക്കുകയും ചെയ്യും.

സഹായം സ്വീകരിക്കുന്നവര്‍ തങ്ങളുടെ കാര്യം സാധിച്ചുകഴിഞ്ഞാല്‍ സഹായിച്ചവരെയും അതിനു കഠിനാധ്വാനം ചെയ്ത ചാരിറ്റി പ്രവര്‍ത്തകരെയും തള്ളിപ്പറയുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത മിതമായി പറഞ്ഞാല്‍ നന്ദികേടാണ്. തന്റെ ആവശ്യത്തില്‍ കവിഞ്ഞ പണം അക്കൗണ്ടില്‍ എത്തിയാല്‍ സമാന പ്രശ്‌നമുള്ളവര്‍ക്ക് നല്‍കാന്‍ മനസ്സ് പാകപ്പെടാതെ പോകുന്നത് നല്ല പ്രവണതയല്ല. പണംകണ്ട് പാറിവരുന്ന, ഇതുവരെയും തിരിഞ്ഞുനോക്കാത്ത''ബന്ധുക്കള്‍' ബാങ്ക് ബാലന്‍സിന്റെ രക്ഷാധികാരികളായി രംഗത്തുവരികയും ഉപദേശികളായി മാറുകയും ഉപജാപകവൃന്ദം രൂപപ്പെടുകയും ചെയ്യുന്നതിലെ 'ഉദ്ദേശ്യശുദ്ധി' സഹായം സ്വീകരിച്ചവര്‍ തിരിച്ചറിയേണ്ടതുണ്ട്. രാഷ്ട്രീയ പകപോക്കലുകള്‍ക്കായി ചാരിറ്റി പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നതും പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതും ലജ്ജാകരമാണ്. അതീവ ജാഗ്രതയോടെയാകട്ടെ ജീവകാരുണ്യ പ്രവര്‍ത്തനം.